'ഖസാക്കിലെ രവിയുടെ പ്രായമെത്രയായിട്ടുണ്ടാകും ഇപ്പോള്‍?' I അക്ഷരംപ്രതി 


കരുണാകരന്‍'ഖസാക്കിലെ രവിയുടെ പ്രായമെത്രയാണ്, ഇപ്പോള്‍?' വിജയന്‍ ഒരു നിമിഷം എന്നെ നോക്കി. കുറച്ചു നേരം നിശ്ശബ്ദനായി. പിന്നെ ഇങ്ങനെ ചോദിച്ചു:'രവി മരിച്ചതല്ലേ?'

ഒ.വി വിജയൻ

കരുണാകരന്‍ എഴുതുന്ന പ്രതിവാരപംക്തി 'അക്ഷരംപ്രതി'യില്‍ 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ നായകന്‍ രവിയെ വായിക്കാം.
വിയുടെ പ്രായം എത്രയായിരിക്കും, ഇപ്പോള്‍? മലയാള നോവല്‍ ചരിത്രത്തിലെ പ്രശസ്തനായ ആ നായകന്റെ പ്രായം എങ്ങനെ ഊഹിക്കും? അതോ, നമ്മുക്കെല്ലാം അറിയുന്നപോലെ, അയാള്‍, മരിച്ചുവോ?

നമ്മുടെ നോവലെഴുത്തിലെ ആധുനികങ്ങളായ രണ്ട് സങ്കല്‍പ്പങ്ങള്‍ 'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിന്റെ അന്ത്യത്തിലുള്ളതായി ഞാന്‍ ഇപ്പോഴും വിശ്വസിയ്ക്കുന്നു: ഒരാള്‍ക്ക് അയാളുടെ മരണത്തെ തിരഞ്ഞെടുക്കാനുള്ള അവസരവും അര്‍ഹതയും 'ആധുനിക ഭാവന'' നല്‍കുന്നു എന്നതാണ് ഒന്ന്. ഈ കാലത്ത് അതൊരു ചര്‍ച്ചാവിഷയമല്ല. മറ്റൊന്ന്, സ്വയം ഒരു റിപ്പബ്ലിക്ക് ആയി പരിണമിക്കുന്ന 'പൗരന്റെ'ഏകാന്തത ലോകത്തിന്റെ എന്നപോലെ സാഹിത്യത്തിന്റെയും വിഷയമാകുന്നു എന്നതാണ്. ഇതില്‍ എപ്പോഴും തര്‍ക്കമുണ്ട്. ആധുനികതയ്ക്ക് മുമ്പും ആധുനികതയ്ക്ക് പിമ്പും.രവിയുടെ കാര്യത്തില്‍, വിജയന്‍, മേപ്പറഞ്ഞ രണ്ടും കണ്ടെത്തുന്നു: രവി, ചെറുപ്പത്തിലേ തന്റെ അന്ത്യത്തെ കണ്ടെത്തുകയും, ചെറുപ്പത്തിലേ തന്റെ ഏകാന്തതയുടെ അമരക്കാരനാവുകയും ചെയ്യുകയായിരുന്നു. പിന്നീട് ജനിച്ചവരെല്ലാം, 'ഇതിഹാസ'ത്തിന്റെ വായനക്കാരെല്ലാം, അര്‍പ്പണോന്മുഖരായതിനാല്‍ ഈ രണ്ട് വിഷദംശനങ്ങള്‍ക്കും വിധേയരായി എന്നും ഞാന്‍ കരുതുന്നു.
സാഹിത്യം നാം ചോദിച്ചു വാങ്ങിക്കുന്ന പകര്‍ച്ചവ്യാധിയത്രെ!

ഈ ലേഖനം, ഇപ്പോള്‍ എന്തായാലും, 'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിനെക്കുറിച്ചല്ല; എത്രയോ ആളുകള്‍ എത്രയോ പ്രാവശ്യം അതിനെപ്പറ്റി എഴുതിയിട്ടുണ്ട്. 'ഖസാക്കിലെ കഥാപാത്രങ്ങളെപ്പറ്റി''ഞാനും എഴുതിയിട്ടുണ്ട്. എന്നാല്‍, ഈ അവസരത്തില്‍, രവിയും ഒ വി വിജയനും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ് ഞാന്‍ ഓര്‍ക്കുന്നത്. (തന്റെ നോവലിലെ തന്റെ ഇഷ്ട കഥാപാത്രം നൈസാമലിയാണെന്ന് വിജയന്‍ പറഞ്ഞിട്ടുമുണ്ട്.) എങ്കില്‍, അങ്ങനെയൊരു സംഭാഷണം തുടങ്ങാന്‍ ഞാന്‍ വിജയനോട് രവിയുടെ പ്രായം ചോദിയ്ക്കുന്നു.

'ഖസാക്കിലെ രവിയുടെ പ്രായമെത്രയാണ്, ഇപ്പോള്‍?'
വിജയന്‍ ഒരു നിമിഷം എന്നെ നോക്കി. കുറച്ചു നേരം നിശ്ശബ്ദനായി. പിന്നെ ഇങ്ങനെ ചോദിച്ചു:'രവി മരിച്ചതല്ലേ?'

'ആര് പറഞ്ഞു?' ഞാന്‍ ചോദിച്ചു. 'പാമ്പ് കടിയേറ്റ ശേഷം രവി മരിക്കാനായി കാത്ത് കിടക്കുന്നതായല്ലേ, അപ്പോള്‍ത്തന്നെ മരിച്ചിട്ടുണ്ടാവുമല്ലോ...ശരി, എങ്കില്‍ അങ്ങനെ ചോദിക്കുന്നില്ല, മരിക്കുമ്പോള്‍ രവിയുടെ പ്രായമെത്രയാണ്?'

ജീവിച്ചിരുന്നുവെങ്കില്‍ എന്ന ഓര്‍മ്മയോടെയാണ് നമ്മള്‍ മരിച്ചവരുടെ വിശേഷങ്ങളില്‍ പ്രവേശിക്കുന്നത്.

വിജയന്‍ വീണ്ടും നിശ്ശബ്ദനായി. പിന്നെ ഇങ്ങനെ ചോദിച്ചു:'അത് കഥയല്ലേ, അനിയാ!'

നോവല്‍, എല്ലാ നല്ല അര്‍ത്ഥത്തിലും, കെട്ടുകഥകള്‍ കെട്ടുകഥകളാവാതിരിക്കാന്‍ നടത്തുന്ന ശ്രമമാണ്. നോവലിന്റെ ഊര്‍ജ്ജം ദേശത്തിന്റെയും വാമൊഴിയുടെയും ഒരു ഭാഷയെ ഓര്‍മ്മിച്ചും മറന്നും തുടരുന്നു. അതിനാല്‍, ഒരു നോവലിന്റെ കഥാസാരം, അതിന്റെ ഏതെങ്കിലുമൊരു വേഷപ്പകര്‍ച്ചയെ മാത്രം അവതരിപ്പിക്കുന്നു. വീണ്ടും, സ്വസ്ഥമാകാന്‍, കെട്ടുകഥകളുടെ ലോകത്തേയ്ക്ക് പിന്‍വാങ്ങുന്നു.

ആധുനിക മലയാള നോവല്‍ കണ്ട ഏറ്റവും ആധുനികമായ കൃതിയായി 'ഖസാക്കിന്റെ ഇതിഹാസം' അതിനെ സ്വയം വിവരിക്കുന്നു.

(സുഹൃത്തും പ്രിയ എഴുത്തുകാരിയുമായ ചന്ദ്രമതി ഒരിക്കല്‍ എന്നെ പക്ഷെ ഈ വാദത്തില്‍ തിരുത്തി. ചന്ദ്രമതി അവരുടെ ആധുനിക മലയാള നോവലായി, അല്ലെങ്കില്‍ ആ കൂട്ടത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട നോവലായി, മേതില്‍ രാധാകൃഷ്ണന്റെ 'സൂര്യവംശം' തിരഞ്ഞെടുക്കുന്നു. എന്റെ ഇഷ്ടകൃതി 'സൂര്യവംശ'മാണ്. ചന്ദ്രമതി പറയുന്നു. കുറേ വര്‍ഷത്തിന് ശേഷം, ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച്ചയില്‍, മേതില്‍ എന്നെ ഇങ്ങനെ ഓര്‍മ്മിപ്പിക്കുന്നു: നീ 'സൂര്യവംശം' വായിച്ചിട്ടില്ലെങ്കില്‍ ഇനി അത് വായിക്കേണ്ട!)

ആര്‍ടിസ്റ്റ് നമ്പൂതിരിയുടെ വരയില്‍ ഖസാക്കിലെ നായകന്‍ രവിയും സര്‍പ്പവും

അല്ലെങ്കില്‍, നാം ഇഷ്ടങ്ങളുടെ കൂടപ്പിറവിയിലാണ്. സാഹിത്യാഭിരുചിയില്‍ പക്ഷെ, ഓരോ കാലത്തെയും ഫാഷനോട് സ്വയം തീര്‍പ്പാവുന്ന പോലെ, ഒരു സംഘര്‍ഷം നാം അനുഭവിക്കുന്നു. മലയാളത്തില്‍ അങ്ങനെയൊരു അനുഭവം കൊണ്ടുവരുന്നത് വിജയന്‍ തന്റെ ആദ്യ നോവലിലൂടെയാണ്. വിജയന്റെ നോവലിനോളം പ്രായമുള്ള ആ നോവലിന്റെ വായനക്കാരിയുടെ ഇങ്ങേ അറ്റത്തും അങ്ങേ അറ്റത്തും 'ഇതിഹാസ'ത്തിന്റെ വായനക്കാരെ നിരത്തി നിര്‍ത്തുക, നമ്മള്‍ ഞെട്ടിപ്പോകും: 'വെറുങ്ങലിച്ചു നില്‍ക്കുന്ന' ഒരു യുവത്വത്തെ എല്ലാവരും പ്രതിനിധീകരിക്കുന്നപോലെ തോന്നും. എങ്കില്‍, രവിയുടെ പ്രായം അതാണ്. അയാള്‍ക്കിപ്പോള്‍ 77 വയസ്സാണെങ്കിലും. (77, ആ നമ്പര്‍ എങ്ങനെ കിട്ടി? ഞാന്‍ വെറുതെ ഊഹിച്ചതാണ്).

വാസ്തവത്തില്‍, തന്റെ അവിസ്മരണീയമായ യുവത്വത്തെ മരിക്കാന്‍ അനുവദിച്ചുകൊണ്ട്, രവി, ആ ബസ്സ്‌റ്റോപ്പില്‍ത്തന്നെ വൃദ്ധനാവാന്‍ തുടങ്ങുകയായിരുന്നു. അഥവാ, സ്വയം റിപ്പബ്ലിക്ക് ആയി പരിണമിക്കുന്ന ഏകാന്തതയില്‍ അയാള്‍ തന്നെത്തന്നെ പാര്‍ക്കാന്‍ വിടുകയായിരുന്നു.
വിജയന്‍ എന്നോട് വിയോജിക്കുന്നു.

'നിങ്ങള്‍ വായനക്കാര്‍ എന്റെ എളിയ ഓര്‍മ്മയെപ്പോലും മഹത്തായ ഒരു ഭൂഖണ്ഡമാക്കുന്നു. നിങ്ങളുടെ സ്വന്തം പൗരത്വ നിയമം നടപ്പാക്കുന്നു.''

ഒരിക്കല്‍ മാത്രമേ ഞാന്‍ ഒ വി വിജയനെ കണ്ടിട്ടുള്ളൂ. പാലക്കാട്ടെ ഒരു പഴയ വീടിന്റെ കോലായില്‍വെച്ച്. മൂടിക്കെട്ടിയ ഒരാകാശത്തിന് താഴെ വെച്ച്. പിറകെ വരാനിരിക്കുന്ന ഒരു മഴയക്ക് മുമ്പ്. പക്ഷെ, അന്ന്, ഞാന്‍ രവിയെക്കുറിച്ചോ 'ഖസാക്കിന്റെ ഇതിഹാസ'ത്തെക്കുറിച്ചോ ഒന്നും വിജയനോട് ചോദിച്ചില്ല. എന്തുകൊണ്ടോ ആ സമയം അതൊന്നും തോന്നിയില്ല. ഒരുപക്ഷെ, രവിയുടെ മരണപ്രായം, ആ ദിവസം, അതിന്റെ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍, മറച്ചുവെച്ചിരുന്നു. എങ്കിലും, എന്റെ ഒരു ചങ്ങാതി, വിജയന്റെ അനശ്വരനായ വായനക്കാരന്‍, എന്നെ എപ്പോഴും രവിയെ ഓര്‍മ്മിപ്പിച്ചു. പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന ആ ആളില്‍, അയാളുടെ പ്രായമാകലില്‍, ഞാന്‍ രവിയുടെ പ്രായവും കണ്ടു. കെട്ടുകഥയുണ്ടാക്കുന്ന ഒരാള്‍ എന്ന നിലയക്ക് ആ കാഴ്ച്ചയോ ഓര്‍മ്മയോ എന്നെ 'സമാധാനത്തോടെ ഇരിക്കാന്‍' പ്രാപ്തനാക്കി. വയസ്സാകുന്ന വായനക്കാരനാണ് ഖസാക്കിലെ രവി എന്ന് ഓര്‍മ്മപ്പെടുത്തി. അയാളുടെ ലൈബ്രറി ഓര്‍മ്മപ്പെടുത്തി. ഒപ്പം, കഥയില്‍, സര്‍പ്പദംശനം ഏറ്റു മരിക്കാനായി കിടക്കുന്ന യുവത്വം, അതേപോലെ, ഏകാന്തതയുടെ ചിതറാത്ത റിപ്പബ്ലിക്കായി, തുടരുകയും ചെയ്തു. എനിക്ക് സന്തോഷം തോന്നി.

ഏറ്റവും നല്ല വായനക്കാരി ഭാവനയുടെ വളര്‍ത്തമ്മയാണ് എന്ന്, ഇത്രയും എഴുതിയപ്പോള്‍, എനിക്ക് തോന്നുന്നു ആ ഒരു വരിയിലെ പ്രതീകം ഒരു ചമ്മല്‍ പ്രകടിപ്പിയ്ക്കുമ്പോഴും. തന്റെ പേറ്റുനോവിലല്ല, തന്റെ കൗതുകത്തിലാണ് ആ ഭാവന ലാളിക്കപ്പെടുന്നത്. അതിന് വിജയം ആശംസിക്കുമ്പോഴും, അതിന് വഴി മുടങ്ങുമ്പോഴും, അവള്‍ തന്റെ കൗതുകം കെടാതെ നിരത്തുന്നു. രവിയുടെ പ്രായം, അവള്‍ക്ക്, ആ കൗതുകമാകുന്നു. നോവല്‍, ആധുനികമായ അതിന്റെ ജന്മവാസനയെ, ഭാഷയുടെയും ദേശത്തിന്റെയും പൗരന്റെയും, പ്രാതിനിധ്യമാവുന്നതില്‍, അവള്‍ ഇപ്പോഴും സന്തുഷ്ടയാകുന്നു.

വിജയന്‍ വീണ്ടും എന്നോട് വിയോജിക്കുന്നു.

'നിങ്ങള്‍ വായനക്കാര്‍ എന്റെ എളിയ ഓര്‍മ്മയെപ്പോലും മഹത്തായ ഒരു ഭൂഖണ്ഡമാക്കുന്നു. നിങ്ങളുടെ സ്വന്തം പൗരത്വ നിയമം നടപ്പാക്കുന്നു.''

ഞാന്‍ വിജയനെ നോക്കി പുഞ്ചിരിക്കുന്നു.

വയസ്സാകുന്ന വായനക്കാര്‍, ഒരൊറ്റ വയസ്സില്‍ മരവിച്ചുപോയ വായനക്കാര്‍, തങ്ങളുടെ ഓര്‍മ്മയില്‍ത്തന്നെ നിസ്സംഗരായ അസംഖ്യം വായനക്കാര്‍, പിന്നെ ഒന്നും വായിക്കാത്ത വായനക്കാര്‍ - ഒരു കൃതിയുടെ വായനക്കാര്‍ ഉള്ളംകൈകളില്‍ എടുത്ത വെള്ളംപോലെയാണ്, നനഞ്ഞ കൈത്തലം ബാക്കിയാക്കി, ഒരിക്കല്‍, അവരും പിന്‍വാങ്ങുന്നു. കൃതിയുടെ നശ്വരതയെ തടയാനുള്ള മാര്‍ഗ്ഗം വീണ്ടും വീണ്ടും തിരയുന്നു.

Content Highlights: Khasakhinte Ithihasam, O.V Vijayan, Karunakaran, Aksharamprathi, Ravi the Protagonist


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented