നന്ദാദേവി... ഋഷി ഗംഗയുടെയും ഗോരി ഗംഗയുടെയും ഇടയില്‍ ഇന്ത്യയുടെ ഗഡ്‌വാള്‍ പ്രവിശ്യയിലെ 25600 ല്‍ പരം അടി ഉയരമുള്ള നയന മനോഹരിയായ ഹിമഗിരിശൃംഗം. ഉത്തരാഖണ്ടുകാരുടെ ഉപാസനാ മൂര്‍ത്തി.... പരമാനന്ദ ദായിനിയായ ദേവി... പര്‍വതരോഹകരുടെയും യാത്രികരുടെയും സ്വപ്നഭൂമി.
1963 മെയ്ദിനത്തിലാണ് അമേരിക്കന്‍ പാര്‍വതാരോഹകരുടെ ഇതിഹാസ പുരുഷനായ വില്ലി അന്‍സള്‍ട്, ടോം ഹോണ്‍ബേയിന്‍ എന്ന സഹയാത്രികനൊപ്പം എവെറസ്റ്റ് കൊടുമുടി അതുവരെ ആരും കയറിപ്പോയിട്ടില്ലാത്ത പടിഞ്ഞാറന്‍ പാതയിലൂടെ പരിക്രമിച്ച് കീഴടക്കി ചരിത്രം കുറിച്ചത്. അലയടിച്ചു ചീറിപ്പാഞ്ഞു വരുന്ന ഹിമക്കാറ്റില്‍ ഒരു രാത്രി മുഴുവന്‍ അചഞ്ചലരായി നിന്നുകൊണ്ട് അടങ്ങാത്ത ആവേശത്തിന്റെയും മനോവാഞ്ചയുടെയും ഉള്‍ക്കരുത്തില്‍ നടന്നുകയറിയത് മഹാമേരുവിനെ കീഴടക്കാനുള്ള പുതിയപാത ലോകത്തിനു മുന്‍പില്‍ വരച്ചുനല്‍കികൊണ്ടാണ്. ഉത്തുംഗശൃഗത്തിന്റ നെറുകയിലെ വെള്ളിവെളിച്ചത്തിന്റെ ഗരിമയില്‍ നിന്ന് നാട്ടുവെളിച്ചത്തിന്റെ വെറും പൊലിമയിലേക്ക് തിരിച്ചിറങ്ങിയ വില്ലിക്ക് നഷ്ടമായത് മഹാമൗനത്തിന്റെ സ്വച്ഛന്തമായ സ്വാസ്ഥ്യം മാത്രമായിരുന്നില്ല ഒപ്പം ശീതാധിക്യത്താല്‍ (frostbite) തന്റെ പാദത്തിലെ ഒന്‍പത് വിരലുകള്‍ കൂടിയായിരുന്നു.
നേപ്പാളില്‍ അമേരിക്കന്‍ സമാധാന സേനയുടെ ഡയറക്ടര്‍ ആയിരിക്കെ ഹിമാലയ താഴ്വാരങ്ങളിലൂടെ നടത്തിയ സഞ്ചാരത്തിനിടയില്‍ 1948 ല്‍ ആണ് ആദ്യമായി വില്ലിക്ക് നന്ദാദേവിയുടെ ദിവ്യദര്‍ശനം സാധ്യമായത്. അലൗകികസൗന്ദര്യത്തില്‍ കുളിച്ചുനില്‍കുന്ന പര്‍വ്വതറാണി വില്ലിയുടെ മനസ്സിനെ എന്തെന്നില്ലാതെ ആകര്‍ഷി ച്ചു. തനിക്കൊരു പെണ്‍കുഞ്ഞ് പിറന്നാല്‍ അവള്‍ക്ക് നന്ദാദേവി എന്ന ശ്രേഷ്ഠമായ പേര് നല്‍കുമെന്നും, എന്നെങ്കിലുമൊരിക്കല്‍ ദേവിയുടെ സമക്ഷത്തേക്ക് വരുമെന്നും തീരുമാനിച്ചുറച്ചു. മനോഗതം പോലെ വില്ലിക്ക് പെണ്‍കുഞ്ഞു പിറക്കുകയും അവള്‍ക്കു നന്ദാദേവിയെന്നു നാമകരണം ചെയ്യുകയും ചെയ്തു. വില്ലിയുടെ ഉള്ളില്‍ അടങ്ങാത്ത ഒരു ജ്വാലയായി നന്ദാദേവി തുടര്‍ന്നു. എവെറസ്റ്റ് കീഴടക്കിയിട്ടു പോലും ആ ആത്മബന്ധത്തിന് ഇളക്കം തട്ടിയില്ല. പര്‍വ്വതനാമധാരിയായ തന്റെ മകളെ വില്ലി വിദ്യാഭ്യാസത്തോടൊപ്പം പാര്‍വതാരോഹണവും അഭ്യസിപ്പിച്ചു. ഹിമഗിരിയുടെ പേരിലറിയപ്പെട്ട അവള്‍തന്നെയാവാം ഒരുപക്ഷെ അച്ഛനോട് മലകയറ്റത്തോടുള്ള തന്റെ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നത്. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ നന്ദാദേവി വന്യജീവി ശാസ്ത്രത്തില്‍ പഠനം പൂര്‍ത്തിയാക്കി. ബിരുദദാന ചടങ്ങിന് തൊപ്പിയും ഗൗണും അണിഞ്ഞു നിരയൊപ്പിച്ചു നിന്ന കുട്ടികളുടെ കൂട്ടത്തില്‍ അന്ന് നന്ദാദേവി ഉണ്ടായിരുന്നില്ല. ജീവിതത്തിലെ ഏറ്റവും പ്രധാന ദിനങ്ങളിലൊന്നായി എല്ലാവരും കണക്കാക്കുന്ന ആ ദിനത്തില്‍ സാഹസികനായ അച്ഛന്റെ കൈകളില്‍ കോര്‍ത്ത് പിടിച്ച് സമുദ്രനിരപ്പില്‍നിന്നും 14411 അടി മുകളില്‍ അമേരിക്കയിലെ പ്രശസ്തമായ കൊടുമുടി മൌണ്ട് റൈനീര്‍ കീഴടക്കികൊണ്ട് അവള്‍ വിജയശ്രീലാളിതയായി നില്‍ക്കുകയായിരുന്നു.
1976 ജൂലൈ മാസത്തില്‍ വില്ലിയും, നന്ദാദേവിയും ഉള്‍പ്പെടയുള്ള 13 അംഗ സംഘം ലാടാ എന്ന താഴ്വാര ഗ്രാമത്തില്‍ നിന്നും സ്വപ്ന ഭൂമിയായ നന്ദപര്‍വ്വത സന്നിധിയിലേക്ക് യാത്രയാരംഭിച്ചു. ആഡംസ് കാര്‍ട്ടര്‍, ജോണ്‍ റോസ്‌കെല്ലി, പീറ്റര്‍ ലെവ്, ലൂ റിച്ചാര്‍ഡ്, മാര്‍ട്ടി ഹോയ്യ് തുടങ്ങിയ പ്രസിദ്ധരായ പര്‍വ്വതാരോഹകരുടെ ഒരു സംഘ മായിരുന്നു അത.് ഒപ്പം കിരണ്‍ കുമാര്‍, സുരേന്ദ്ര എന്നീ ഇന്ത്യന്‍ പര്‍വ്വതാരോഹകരും. അങ്ങിനെ 1976 ജൂലൈ 14ാം തീയ്യതി തന്റെ പേരിന്നാധാരമായ നന്ദദേവിയുടെ ചരണങ്ങളില്‍ അവള്‍ അച്ഛനോടൊപ്പം എത്തിച്ചേര്‍ന്നു. ആദ്യമായി ഈ കൊടുമുടി കീഴടക്കിയതിന്റെ നാല്‍പ്പതാമത്തെ വാര്‍ഷികത്തിലായിരുന്നു ഇത്തരമൊരു യാത്ര സംഘടിക്കപ്പെട്ടത.് അതോടൊപ്പം തന്നെ നന്ദാദേവിയുടെ നെറുകയില്‍ ചുംബിക്കണമെന്ന വില്ലിയുടെയും മകളുടെയും ഉല്‍ക്കടമായ തൃഷ്ണയും ഈ യാത്രയുടെ മറ്റൊരു ചാലക ശക്തിയായി.
പര്‍വ്വതത്തിന്റെ താഴ്വാരത്തുള്ള നന്ദാദേവി ക്ഷേത്രദര്‍ശനം നടത്തി അവര്‍ നടന്നു കയറാന്‍ തുടങ്ങി. ബേസ് ക്യാമ്പിലേക്കും അവിടെ നിന്ന് അഡ്വാന്‍സ്ഡ് ബേസ് ക്യാമ്പി ലേക്കും ജൂലൈ മാസാവസാനത്തോടെ അവര്‍ കിതച്ചും പുതച്ചുമെത്തിച്ചേര്‍ന്നു. അത്യുത്സാഹവതിയായി ഓരോ ചുവടും കയറിപ്പോവുന്ന തന്റെ മകളെ നോക്കി വില്ലി അവളെ അഭിമാനത്തോടെ അനുഗമിച്ചു. ലൂ റിച്ചാര്‍ഡ്, ജിം സ്റ്റേറ്റ്‌സ്, ജോണ്‍ റോസ്‌കെല്ലി എന്നിവരുടെ ആദ്യ സംഘം ഒന്നാമത്തെ ക്യാംപിലേക്കും അവിടെനിന്നു രണ്ടാമത്തെയും മൂന്നാമത്തെയും ക്യാമ്പുകളിലേക്കും അരിച്ച് അരിച്ച് നീങ്ങി. ഏതാണ്ട് മുപ്പത് ദിവസം കൊണ്ട് മൂന്നാമത്തെ ക്യാമ്പില്‍ എത്തിച്ചേര്‍ന്നു. തൊട്ടുപിറകെ ആന്‍ഡിയും നന്ദാദേവിയും പീറ്ററുമടങ്ങുന്ന രണ്ടാം സംഘവും അവിടെ എത്തിച്ചേര്‍ന്നു.
അതിനിടെ മഞ്ഞണിഞ്ഞ ഏകാന്തവീഥികളിലെവിടെയോവച്ച് ആന്‍ഡി ഹാര്‍വാര്‍ഡിന് സ്വര്‍ണ്ണ തലമുടിക്കാരിയായ സഹയാത്രിക നന്ദാദേവിയോട് പ്രണയം തോന്നി. അവളോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ഇക്കാര്യം അച്ഛനായ വില്ലിയോ ട് സംസാരിക്കുകയും ചെയ്തു. ഉയരങ്ങള്‍ കൊതിക്കുന്ന ഒരുവനൊപ്പം മകളെ പറഞ്ഞയക്കുന്നതില്‍ പരിപൂര്‍ണ സമ്മതമായിരുന്നു അദ്ദേഹത്തിന്. പര്‍വ്വതാരോഹണം കഴിഞ്ഞു നാട്ടിലെത്തിയാല്‍ വിവാഹം എന്ന കിനാവും പേറി വെണ്‍പട്ടുപുതച്ച സ്വപ്നലോകത്തിലൂടെ അവര്‍ അടി വെച്ചു മുന്നേറി. 1976 ഓഗസ്റ്റ് 31ന് മൂന്നുപേരടങ്ങുന്ന ആദ്യസംഘം കൊടുമുടിയുടെ ഉച്ചിയില്‍ നിന്ന് 1500വാര താഴെയായി നാലാമത്തെ ക്യാമ്പ് നിര്‍മിക്കുകയും അവിടെനിന്ന് സെപ്തംബര്‍ ഒന്നിന് ഈ മൂവര്‍ സംഘം നന്ദാദേവിയുടെ മൂര്‍ദ്ധാവില്‍ ചുംബിക്കുകയും ദേവിയുടെ നെറുകയിലേക്ക് അഞ്ചാമതായി എത്തിച്ചേര്‍ന്ന പര്‍വ്വതാരോഹകരാവുകയും ചെയ്തു.

എന്നിവര്‍ക്കൊപ്പം നന്ദാദേവി. Photo Courtesy: John Roskelley
സെപ്റ്റംബര്‍ മൂന്നാം തിയ്യതിയോടെ ദേവിയുള്‍പ്പെടെയുള്ള രണ്ടാം സംഘം നാലാമത്തെ ക്യാമ്പിലെത്തി. പിറ്റേന്ന് തന്നെ മുകളിലേക്ക് തിരിക്കാം എന്ന് തീരുമാനിച്ചു. എന്നാല്‍ പൊടുന്നനെ കാലാവസ്ഥ മോശമാവുകയും ടെന്റിനു പുറത്തേക്കിറങ്ങാന്‍ പോലുമാവാതെ അവിടെത്തന്നെ കൂടേണ്ടിയും വന്നു. മൂന്നു ദിവസം കഴിഞ്ഞിട്ടും കാലാവസ്ഥയ്ക്ക് കാര്യമായ മാറ്റം വരാത്തതിനാല്‍ തുടര്‍ന്നും നാലാമത്തെ ക്യാമ്പിലെ ടെന്റിനകത്ത് തന്നെ കഴിയേ വന്നു. അതിനിടെ ദേവിക്ക് ശാരീരികമായ ചില അസ്വസ്ഥതകള്‍ വന്നുചേര്‍ന്നു. ഹെര്‍ണിയ കാരണം ദേവിയുടെ അടിവയറ്റില്‍ വേദനതുടങ്ങി. ഇക്കാര്യം മൂന്നാമത്തെ ക്യാമ്പിലുള്ള വില്ലിയെ അറിയിക്കുകയും അടുത്ത ദിവസം തന്നെ അദ്ദേഹം മകളുടെ അടുത്ത എത്തിച്ചേരുകയും ചെയ്തു. പിറ്റേദിവസം മാനം തെളിയുകയും വെയിലിന്റെ കിരണങ്ങള്‍ നടമാടുകയും ചെയ്‌തെങ്കിലും ദേവിയുടെ അസുഖത്തിന് കുറവൊന്നുമുണ്ടായില്ല. ഇനിയും മുകളിലേക്ക് മകളെ കൊണ്ടുപോകാതെ തിരിച്ച് കൊണ്ടുപോകാന്‍ തയ്യാറായി വില്ലി ടെന്റിനു പുറത്തു അക്ഷമനായി നില്‍ക്കവേ ടെന്റില്‍ നിന്നും ആന്‍ഡി ഹാര്‍വാര്‍ഡ് 'വില്ലീ...' എന്ന് നീട്ടി വിളിച്ചു.
ടെന്റിലേക്ക് ഓടിയെത്തിയ വില്ലിയോട് അരുമയായ മകള്‍ പറഞ്ഞു. 'ഞാന്‍ മരിക്കാന്‍ പോകുകയാണ് ' തന്റെ വാത്സല്യനിധിയായ മകളെ മടിയില്‍ കിടത്തി വില്ലി എന്ത് ചെയ്യണമെന്നറിയാതെ അവളുടെ മുഖത്തേക്ക് നോക്കിനിന്നു. അവളുടെ മുഖമപ്പോള്‍ ഹിമകണങ്ങളെ പോലെ വിളറിവെളുത്തിരുന്നു. ശ്വാസം നിലച്ചു തുടങ്ങിയ അവള്‍ക്കു കൃത്രിമമായി വില്ലി തന്റെ വായ്‌കൊണ്ടു ശ്വാസം നല്‍കാന്‍ ശ്രമിച്ചുകൊണ്ടിരിന്നു. ഏതാണ്ട് പതിനഞ്ചു മിനിറ്റ് നേരത്ത പ്രയത്‌നത്തിന് ശേഷം അന്തരീക്ഷത്തിലെ മരംകോച്ചുന്ന തണുപ്പിനെ പോലും ഭേദിച്ച് കൊണ്ട് തന്റെ മകളുടെ ചേതനയറ്റ ശരീരത്തിന്റെ, മരണത്തിന്റെ അതിഭയാനകമായ തണുപ്പ് തന്റെ ചുണ്ടുകളിലൂടെ അരിച്ച് കയറുന്നത് വില്ലി അനുഭവിച്ചറിഞ്ഞു.
ജീവിത സാക്ഷാത്കാരത്തിനായി കൂടെ ഇറങ്ങിതിരിച്ച തന്റെ പ്രിയപ്പെട്ട മകളെ, നന്ദാദേവിയെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം വില്ലി പൊട്ടിക്കരഞ്ഞു. പ്രിയതമയെ നഷ്ടപ്പെട്ട ആന്‍ഡിയും ദേവിയുടെ കൈകള്‍ചേര്‍ത്ത് പിടിച്ച് കടുത്ത വേദനയുടെയും, നൈരാശ്യത്തോടെയും കരഞ്ഞു തളര്‍ന്നിരുന്നു. വില്ലിയും, ആന്‍ഡിയും പീറ്ററും മാത്രമേ അപ്പോള്‍ അവിടെയുണ്ടായിരുന്നുള്ളൂ. നന്ദാ ദേവിയുടെ മൃതശരീരം ടെന്റിനകത്തു തന്നെ മറവുചെയ്യാം എന്ന പീറ്ററിന്റെ നിര്‍ദ്ദേശത്തോട് വില്ലിക്ക് എന്തുകൊണ്ടോ യോജിക്കാനായില്ല നീറുന്ന ഹൃദയവുമായി തേങ്ങിക്കൊണ്ട് തന്റെ മകളെ ഈ ഗിരിനിരകള്‍ക്ക് അര്‍പ്പിക്കാം എന്ന് വില്ലി പറഞ്ഞു. ഭൗതികാവശിഷ്ടങ്ങള്‍ സമുദ്രത്തിനു നല്‍കും പോലെ.
നന്ദാദേവിയുടെ ചേതനയറ്റ ശരീരം സ്ലീപ്പിങ് ബാഗില്‍ കിടത്തി മുഖം മാത്രം കാണും വിധം ഒരുക്കി ടെന്റിനു പുറത്തെ ആഞ്ഞു വീശുന്ന ഹിമക്കാറ്റിലേക്ക് അവര്‍ താങ്ങി എടുത്തു. അടുത്ത് കണ്ട പര്‍വതശിഖരത്തിലേക്ക് അവളെ കിടത്തി. അവര്‍ മൂവരും പരസ്പരം കൈകള്‍ കോര്‍ത്ത് നന്ദാദേവിക്ക് ചുറ്റും മുട്ടുകുത്തി നിന്ന് വിങ്ങിപ്പൊട്ടി ക്കൊണ്ടു യാത്രാമൊഴിയേകി. ധാരയായി ഒഴുകി വന്ന കണ്ണുനീര്‍ പോലും അതി ശൈത്യത്താല്‍ ഹിമകണങ്ങളായ് ഉറഞ്ഞു തെറിച്ചു. ഏങ്ങലുകള്‍ ശീതക്കാറ്റ് പൊതിഞ്ഞുകെട്ടി താഴ്വരയില്‍ ശോക സംഗീതമൊരുക്കി. വില്ലി അന്തിമോപചാര മര്‍പ്പിച്ചു 'നമ്മള്‍ ജീവിക്കുന്ന ലോകമേ നന്ദി...' കുറച്ചുകൂടെ കീഴക്കാംതൂക്കായ മലയുടെ അഗ്രത്തെക്ക് നന്ദയുടെ നിശ്ചലദേഹത്തെ മാറ്റികിടത്തവെ എവിടെനിന്നോ ചൂളം വിളിച്ച് ഉഗ്രരൂപിണിയായെത്തിയ ശീതക്കാറ്റ് നന്ദപര്‍വ്വതദേവിയുടെ അന്തരാത്മാവിലേക്കു അവളെയും വഹിച്ചു കൊണ്ട് വീശിയകന്നു.

നിത്യവിസ്മയയായ നന്ദാദേവിയുടെ ഹിമകുടീരത്തില്‍ വിലയം പ്രാപിക്കാന്‍ തന്റെ മകളെ നല്‍കിയതായും ഹിമാലയമെന്ന അത്ഭുതപ്രപഞ്ചത്തോടുള്ള അടങ്ങാത്ത അഭിനിവേശവും തന്റെ സ്വപ്നങ്ങളും സാക്ഷാത്കരിച്ചു കൊണ്ടാണ് അവള്‍ പോയതെന്നും വില്ലി പിന്നീട് പറഞ്ഞു. മനസ്സില്‍ മായാത്ത മുറിവുമായി വില്ലി വീണ്ടും പര്‍വ്വതാരോഹണം തുടര്‍ന്നു. സമതലത്തിലെ മനുഷ്യരുമായുള്ള സഹവാസം തന്റെ നീറുന്ന മനസ്സിന് അസഹ്യ മായതിനാലാവാം ഏകാന്ത പഥികനായി അദ്ദേഹം മഞ്ഞുമലകളില്‍ അഭയം തേടിയലഞ്ഞത്. നന്ദാദേവിയെ നഷ്ടപ്പെട്ട് രണ്ടുവര്‍ഷത്തിനു ശേഷം അവളെ മലകയറ്റം പഠിപ്പിക്കുകയും, രണ്ടുപേരും ചേര്‍ന്നുല്ലസിച്ച് കയറുകയും ചെയ്ത മൗണ്ട് റൈനീറില്‍ വച്ച് 1979 ല്‍ ഒരു ഹിമപാതത്തില്‍ ഇതിഹാസകാരനായ നന്ദാദേവിയുടെ പ്രിയപ്പെട്ട അച്ഛന്‍ വില്ലിയും അവളുടെ അരികിലേക്ക് മരവിക്കുന്ന മരണത്തിന്റെ തണുപ്പിലേക്ക് യാത്രയായി.

എഴുതിയത്: ജോണ്‍ റോസ്‌കെല്ലി (Nandadevi The Tragic Expedition by John Roskelley) ഈ പുസ്തകത്തെ ആധാരമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയത്. ഇതില്‍ ഉപയോഗിച്ചിട്ടുള്ള ചിത്രങ്ങള്‍ പുസ്തകത്തിന്റെ രചയിതാവും 1976 -ലെ നന്ദാദേവി യാത്രയില്‍ പങ്കെടുക്കുകയും കൊടുമുടി കീഴടക്കുകയും ചെയ്ത ജോണ്‍ റോസ്‌കെല്ലി അയച്ചുതന്നതാണ്. 2013 ല്‍ ഇദ്ദേഹവും (ജോണ്‍ റോസ്‌കെല്ലി) മകളും (ജോര്‍ഡന്‍) ലാട്ട താഴ്വര വീണ്ടും സന്ദര്‍ശിക്കുകയും അവിടെ വച്ച് 1976 -ലെ യാത്രയില്‍ അവരെ അനുഗമിച്ച പോര്‍ട്ടര്മാരായ ഡാന്‍സിങ്ങിനെയും ബല്‍ബീര്‍ സിങ്ങിനെയും കണ്ടുമുട്ടുകയും ചെയ്തു. നീണ്ട മുപ്പത്തിയേഴു വര്‍ഷങ്ങള്‍ക്കൊടുവില്‍ വീണ്ടും ലാട്ടാ എന്ന ഹിമാലയ താഴ്വാരത്ത് എത്തിയപ്പോള്‍ ആ ഗ്രാമം മുഴുവന്‍ അദ്ദേഹത്തെ സ്വീകരിക്കുകയും ഗംഭീരമായ വരവേല്‍പ് ഒരുക്കുകയും ചെയ്തു. ഒരു നീണ്ട ഇടവേളക്കു ശേഷം സ്വഗൃഹത്തിലേക്കു തിരിച്ചെത്തിയ പോലുള്ള ഒരനുഭൂതി തനിക്കനുഭവപ്പെട്ടതായി അദ്ദേഹമോര്‍ക്കുന്നു.

Content Highlights: Nanda Devi: The Tragic Expedition
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..