മദനനും മധുരംഗായതിയും മറ്റു ചിലരും...


സജയ് കെ.വി

2 min read
Read later
Print
Share

അവൻ, ഒരിളം പ്രാവിനെയെന്നോണം , അവളെ അണച്ചുപിടിച്ചിരിക്കുന്നു! അവരുടെ പവിത്രമായ , അന്നേരത്തെ, നീരവനിശ്വാസം പോലും നമ്മെ സ്പർശിക്കുന്നുണ്ടെന്നു തോന്നും ആ ചിത്രത്തിൽ നമ്മളറിയാതെ മുഴുകുമ്പോൾ.

മദനൻ, ഒ.വി വിജയൻ

എന്റെ പ്രിയ ചിത്രകാരന്മാരിലൊരാളാണ് ആർട്ടിസ്റ്റ് മദനൻ. കുട്ടിക്കാലം മുതൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയും പിൽക്കാലത്ത് നേരിട്ടും സുപരിചിതനായ ഇളനീരു പോലുള്ള കലാകാരൻ, മനുഷ്യൻ. എങ്കിലും വരകളിലൂടെയറിഞ്ഞ മദനനെയാണ് കൂടുതൽ നന്നായറിയാവുന്നത് എന്നുപറയുന്നതാവും ശരി.

പറഞ്ഞു വരുന്നത് ഒ വി വിജയന്റെ 'മധുരം ഗായതി'ക്കു വേണ്ടി മദനൻ വരച്ച ചിത്രങ്ങളെപ്പറ്റിയാണ്. നോവലിന്റെ അവസാനത്തോടടുത്ത് 'ആസന്നമായ സംഗീതം' എന്ന പേരിൽ ഒരധ്യായമുണ്ട്, വിജയൻ തന്റെ കവിത്വമപ്പടി ധൂർത്തടിച്ചാണ് ആ നോവൽഭാഗം എഴുതിയിരിക്കുന്നത്. സുകന്യയും ആൽമരവും തമ്മിലുള്ള വിശുദ്ധരതിയാണ് നോവലിസ്റ്റ് വിവരിക്കുന്നത്; വാക്കുകളാൽ പോലും ദൃശ്യവൽക്കരിക്കാൻ പ്രയാസമുള്ളത്. ഇത്തരത്തിലൊരു രംഗം ഭാവനയിൽ നിന്ന് വെണ്ണക്കല്ലിൽ പകരുകയായിരുന്നു ഇറ്റാലിയൻ ശില്പിയായ ബെർനീനി, 'അപ്പോളോയും ദാഫ്നെയും' എന്ന ശില്പം രചിച്ചപ്പോൾ. സൂര്യദേവനായ അപ്പോളോ തൊടാനടുത്ത മാത്രയിൽ ഒരു ലോറൽച്ചെടിയായി രൂപാന്തരപ്പെടുകയാണ് 'ദാഫ്നേ' എന്ന പെൺകുട്ടി. അവളുടെ മുടിയും വിരലറ്റങ്ങളും ലതാഗ്രങ്ങൾ പോലെ പരിണമിക്കുന്നു ,ഉടൽ സസ്യപ്പെടുന്നു. ഓവിഡിന്റെ (കോവിഡല്ല!) മെറ്റമോർഫോസിസിലെ അനശ്വരരൂപാന്തരണമുഹൂർത്തം.

Madanan
മദനൻ

ബെർനീനി ശിലയാൽ ചെയ്തത് രേഖകളാൽ ചെയ്യുകയായിരുന്നു മദനൻ. രൂപ - രേഖകൾ സംഗീതം പോലെ ദ്രവപ്രായമായി മാറുന്ന അനുഭവം സൃഷ്ടിച്ചു കൊണ്ടാണ് ചിത്രകാരൻ ആ മനുഷ്യ - പ്രകൃതി ലയത്തെ ദൃശ്യപ്പെടുത്തിയത്. ഞാനാദ്യമായി വില കൊടുത്തു വാങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പുകളിലൊന്ന് അതായിരുന്നു. നിസ്വകൗമരം പിന്നിട്ട് ഇപ്പോഴും അതെന്റെ ശേഖരത്തിലുണ്ട്, രേഖാചിത്രകലയുടെ മാന്ത്രിക ശോഭയെന്തെന്ന് എനിക്കാദ്യമായി വെളിപ്പെടുത്തിത്തന്ന ആ ചിത്രത്താളോടെ, ചിതലരിക്കാതെ.

ഇത്തരത്തിൽ എന്റെ സ്വകാര്യചിത്രശാലയിൽ ( സ്വകാര്യവൈകാരികതയുടെ ചിത്രശാലയിലും) മുദ്രിതമായ ചിത്രങ്ങളിലൊന്ന് ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച സൈരന്ധ്രിയായ പാഞ്ചാലിയുടേതാണ്. വാരികയുടെ താളുകളിൽ മാത്രം ഒന്നുമിന്നി മറഞ്ഞ ആ മാദകമേദുരഗാത്രി പിന്നീട് 'രണ്ടാമൂഴം' പുസ്തകമായപ്പോൾ , നമ്പൂതിരിയുടെ തന്നെ, അത്രയൊന്നും മേദസ്വിനിയല്ലാത്ത മറ്റൊരു സൈരന്ധ്രിയാൽ പകരം വയ്ക്കപ്പെട്ടിരുന്നു! ആ രേഖാചിത്രമായിരുന്നു , കൗമാരാരംഭത്തിനും മുമ്പ് , എന്നെ പെണ്ണുടലിന്റെ വശീകരിക്കുന്ന വിസ്മയനീയതയിലേയ്ക്കുണർത്തിയത്, ആദ്യമായി. അന്നത്തെയാവേലിയേറ്റം, നമ്പൂതിരിച്ചിത്രവടിവുകളിൽ മിഴിവാർന്നു വിടർന്ന ആ 'മേദിനീവെണ്ണിലാവ്' എന്റെ കൈശോരരക്തത്തിന്റെ സമുദ്രത്തിൽ സൃഷ്ടിച്ചത്, ഇനിയും അടങ്ങിയിട്ടില്ല.

Art by Madanan
മധുരം ഗായതിയ്ക്കുവേണ്ടി ആര്‍ടിസ്റ്റ് മദനന്‍ വരച്ച ചിത്രം

സി.വി.ബാലകൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തക'ത്തിനു വേണ്ടി എ.എസ്. വരച്ച സാറയാണ് ഈ പരമ്പരയിലെ അടുത്തവൾ. പൂർണ്ണദിഗംബര. ഒരു പക്ഷേ, ഞാൻ ആദ്യമായിക്കണ്ട പൂർണ്ണദിഗംബര എന്നും പറയാം. കാരണം ടിഷ്യന്റെ വീനസിനു പോലുമുണ്ടായിരുന്നു അർദ്ധനഗ്നതയുടെ അല്‌പം നിഗൂഢത!

എന്നാൽ ഞാൻ ദസ്തയേവ്സ്കിയുടെ സോണിയയും റസ്കോൾ നിക്കോവുമായിക്കണ്ടത് പിക്കാസോയുടെ 'ലവേഴ്സ്' എന്ന ചിത്രത്തിലെ അനഘലാവണ്യം ('അനഘാചാരയെനിക്കു സാക്ഷി ഞാൻ!' എന്നാണല്ലോ സോണിയയും പറയുന്നത്) തുളുമ്പുന്ന ആ തരുണയുഗ്മത്തെയായിരുന്നു. അവൻ, ഒരിളം പ്രാവിനെയെന്നോണം , അവളെ അണച്ചുപിടിച്ചിരിക്കുന്നു! അവരുടെ പവിത്രമായ , അന്നേരത്തെ, നീരവനിശ്വാസം പോലും നമ്മെ സ്പർശിക്കുന്നുണ്ടെന്നു തോന്നും ആ ചിത്രത്തിൽ നമ്മളറിയാതെ മുഴുകുമ്പോൾ.

അങ്ങനെ നമ്മൾ മദനനിൽ തുടങ്ങി , മദോനയെപ്പോലെ അനാഘ്രാതലാവണ്യം തുളുമ്പുന്ന പിക്കാസോയുടെ , ശ്യാമഋതുവിലെ, ആ പേരില്ലാപ്പെൺകൊടിയിലെത്തിയിരിക്കുന്നു. ഇനി ഞാൻ എന്റെയാ സ്വകാര്യചിത്രശാലയുടെ വാതിൽ ചാരാൻ പോകുന്നു. ക്ഷമിക്കുക.

മുൻഭാഗങ്ങൾ വായിക്കാം

Content Highlights: mashpiacha sajay kv madanan madhuram gayathi o v vijayan

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
madhuraj

6 min

ഒരു തരം അമറല്‍; ചിന്നതമ്പി വിളിച്ചു പറഞ്ഞു.. 'ആന'! കാടിനകത്ത് കലിയോടെ ചില്ലകള്‍ ഒടിയുന്നു...

Nov 10, 2022


M.T Vasudevan Nair

2 min

കഞ്ഞി, കാശ്, കുപ്പായം, കാമം... അടിസ്ഥാന ജീവിതാവശ്യങ്ങളും എം.ടിയുടെ ഓര്‍മക്കുറിപ്പുകളും

Sep 13, 2023


Changampuzha and MT Vasudevan Nair

3 min

'രമണന്‍' പകര്‍ത്തിയെഴുതാന്‍ കൈയെഴുത്തുവേഗം സമ്മതിക്കാതിരുന്ന ആ പത്തുവയസ്സുകാരനും കവിയും!

Jun 16, 2023

Most Commented