'നെടുമോഹനിദ്ര',' സ്വച്ഛഭാരതം: വാക്കുകളെ ധ്വന്യാത്മകമാക്കിയ രാവുണ്ണിക്കവിത


സജയ് കെ.വി.

അവിടെയാണ് രാവുണ്ണിയുടെ കവിത തികവുറ്റ ഒരു രാഷ്ട്രീയപ്രസ്താവനയായി മാറുന്നത്. വ്യഞ്ജകമായ ഒരൊറ്റ വാക്കു കൊണ്ട് കവി അതു സാധിക്കുന്നു -' സ്വച്ഛഭാരതം'.

രാവുണ്ണി| ഫോട്ടോ: മനീഷ് ചേമഞ്ചേരി

ഗ്രാമീണ വായനശാലകളില്‍ ചെലവഴിച്ച ഒരു ചെറുപ്പം, ഇപ്പോള്‍ മധ്യവയസ്‌കരും വൃദ്ധരുമായിക്കഴിഞ്ഞ മലയാളികള്‍ക്കുണ്ടായിരുന്നു. പില്‍ക്കാലം വലിയ വായനക്കാരൊന്നുമായി മാറിയില്ലെങ്കിലും ആ വായനക്കാലം അവരില്‍ എക്കാലവും ശേഷിക്കുന്ന ചില മുദ്രകള്‍ പതിച്ചിട്ടുണ്ടാവും. പലര്‍ വായിച്ച പുസ്തകങ്ങളാണ് വായനശാലയിലേത്.ഏതൊക്കെയോ അജ്ഞാതരുടെ കയ്യിലിരുന്നു മിടിച്ച അതേ താളുകളാണ് ഞാനുമിപ്പോള്‍ വായിക്കുന്നത്. അയാളുടെ കുറുമ്പും കുസൃതിയുമെല്ലാം ചിലപ്പോള്‍ അതില്‍ കുറിയ്ക്കപ്പെട്ടിട്ടുമുണ്ടാവും.

ഇത്തരം വായനശാലകളാണ് അന്നത്തെ യൗവ്വനത്തെ സമരസന്നദ്ധവും പ്രണയസന്നദ്ധവുമാക്കിയിരുന്നത്. അവരുടെ ഏകാന്തതകളെ അത് അക്ഷരവെളിച്ചത്താല്‍ ദീപാലംകൃതമാക്കി. പുസ്തകത്തെ പ്രണയിക്കുന്നതോടൊപ്പം പുസ്തകത്തിലൂടെയും അവര്‍ പ്രണയിച്ചു. വിശാലതരമായ പുതിയ ലോകങ്ങള്‍ കണ്ടു.മാര്‍ക്‌സിന്റെയും മഹാത്മാവിന്റെയും നാരായണഗുരുവിന്റെയും ആശയങ്ങളാല്‍ പ്രചോദിതരായി. മറ്റു ചിലര്‍ക്കാകട്ടെ കോട്ടയം പുഷ്പനാഥിലൊതുങ്ങി തങ്ങളുടെ വായനയുടെ അഭിനിവേശങ്ങള്‍.വായിച്ച് കവികളായവരും വലിയ എഴുത്തുകാരായവരുമുണ്ടാവാം കൂട്ടത്തില്‍.

ഇത്തരം വായനശാലയോര്‍മ്മകളെയാണ് സംബോധന ചെയ്യുന്നത് രാവുണ്ണിയുടെ 'മഹാത്മാ ഗ്രന്ഥശാല,മാറ്റുദേശം' എന്ന കവിത, ഒന്നാമതായി. ലൈബ്രേറിയനാണ് വായനശാലയിലെ ദൈവം. അവിടത്തെ പുസ്തകങ്ങളുടെ ഏറ്റവുമടുത്ത ചങ്ങാതി. പുസ്തകങ്ങളുടെ ഉദ്യാനപാലകന്‍. അത്തരമൊരാളെ, 'അവണൂര്‍ ജയപ്രകാശ്' എന്ന അക്ഷരാനുരാഗിയും കവിയും സഹൃദയനുമായ മഹാത്മാ ഗ്രന്ഥാലയത്തിലെ ലൈബ്രേറിയനെ, രാവുണ്ണിയുടെ കവിതയും കാണിച്ചു തരുന്നുണ്ട്.

ഒടുവില്‍, മാറിയ കാലം വിജനമാക്കിയ ലൈബ്രറിയെയും വായനക്കാരില്ലാതായ പുസ്തകങ്ങളെയും കമ്പ്യൂട്ടറിനു മുന്നിലിരുന്ന് പുസ്തകക്കണക്കു നോക്കുന്ന പുതിയ ലൈബ്രേറിയനെയും കവിത കാണിച്ചു തരുന്നു. ഇത് കേവലമായ ഒരു ഗൃഹാതുരത്വത്തിന്റെ മാത്രം ആഖ്യാനമല്ല എന്നിടത്താണ് ഈ കവിത വ്യത്യസ്തമാകുന്നത്. കേരള സമൂഹത്തിനു സംഭവിച്ച (വി)പരിണാമങ്ങളുടെയും പരിക്കുകളുടെയും ഒരു സൂക്ഷ്മചിത്രം കൂടിയാണിത്. പുസ്തകങ്ങളില്‍ നിന്നകന്ന് ഒറ്റപ്പെട്ട തുരുത്തുകളാവുകയാണ് മനുഷ്യര്‍. ആശയലഹരിയും സൗന്ദര്യലഹരിയും ഒഴിഞ്ഞു പോവുകയാല്‍ സ്വകാര്യതയുടെ ഹീനമായ ആനന്ദങ്ങളില്‍ മുഴുകി അവനും ഒരു കമ്പ്യൂട്ടറിനു മുന്നില്‍, അതിന്റെ മാരീചവര്‍ണ്ണത്തിളക്കങ്ങള്‍ക്കു മുന്നില്‍,ചടഞ്ഞിരിക്കുന്നു. ഈ സന്ദര്‍ഭത്തിലേയ്ക്ക് കവി കൗശലപൂര്‍വ്വം കടത്തിവിടുന്ന ഒരു വാക്കുണ്ട്.' നെടുമോഹനിദ്ര' എന്ന വാക്കാണത്. ആശാന്റെ ലീലാകാവ്യത്തിന്റെ തുടക്കശ്ലോകത്തിലാണ് നമ്മള്‍ അത് ആദ്യമായിക്കണ്ടത്. ആശാന്റെ നായിക നെടുമോഹനിദ്രയില്‍ നിന്നുണര്‍ന്നതോടൊപ്പം മലയാളിയും ഉണര്‍ന്നു.കേരളീയനവോത്ഥാനം എന്ന വമ്പിച്ച ഉണര്‍ച്ചയായിരുന്നു അത്. ഇപ്പോഴിതാ ആ നെടുമോഹ നിദ്രയുടെ കെടുനേരം വീണ്ടുമെത്തിയിരിക്കുന്നു. മനുഷ്യസ്പര്‍ശമേശാത്ത പുസ്തകങ്ങള്‍ മാത്രമല്ല പുസ്തകബന്ധം നഷ്ടപ്പെട്ട മനുഷ്യരും അതേ മോഹനിദ്രയില്‍.

പുതുകാലത്തിന്റെ വായനശാലയിലെ പുസ്തകങ്ങളില്‍ വായനക്കാരുടെ കൈകളില്‍ നിന്നു പകര്‍ന്ന ഭംഗിയുള്ള അഴുക്കോ അവരുടെ കുറിക്കലുകളോ ഇല്ല. അസുഖകരമായ ഒരു തരം വൃത്തി, പുസ്തകത്തിന്. ഇവിടെയാണ് രാവുണ്ണിയുടെ കവിത തികവുറ്റ ഒരു രാഷ്ട്രീയപ്രസ്താവനയായി മാറുന്നത്. വ്യഞ്ജകമായ ഒരൊറ്റ വാക്കു കൊണ്ട് കവി അതു സാധിക്കുന്നു -' സ്വച്ഛഭാരതം'. പലമയുടെ സൗന്ദര്യം പുലരാത്ത,വിയോജിപ്പുകള്‍ രാജ്യദ്രോഹമാകുന്ന കാലത്തിന്റേതാണ് ഈ സ്വച്ഛത. അങ്ങനെ മാറ്റു ദേശവും അവിടത്തെ വായനശാലയും ഒരു രാഷ്ട്രത്തിന്റെ മുഴുവന്‍ ചരിത്രസംഗ്രഹമായി മാറുന്നു;'മഹാത്മാ' എന്നത് വെറുമൊരു വായനശാലയുടെ പേരു മാത്രമല്ലാതായും.(വായനശാലയുടെ കരുതലുള്ള കാവല്‍ക്കാരനായിരുന്ന ലൈബ്രേറിയനും രാഷ്ട്രത്തിന്റെ കാവല്‍ക്കാരനായിരുന്ന മഹാത്മാവും തമ്മില്‍ ഈ കവിതയില്‍ എവിടെയൊക്കെയോ വച്ച് പരസ്പരം അന്വയിക്കപ്പെടുന്നുണ്ട്).

'നെടുമോഹനിദ്ര',' സ്വച്ഛഭാരതം' എന്നീ വാക്കുകളെ അത്രമേല്‍ സ്വാഭാവികമായും, അത്യന്തം ധ്വന്യാത്മകമായും, കവിതയില്‍ സന്നിവേശിപ്പിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന ഈ രാഷ്ട്രീയാര്‍ത്ഥമാണ് രാവുണ്ണിയുടെ കവിതയെ ഒരു പുതിയ വിതാനത്തിലേയ്ക്കുയര്‍ത്തുന്നത്;കവിത, പ്രാഥമികമായും, വാക്കുകളുടെ കലയാണെന്നോര്‍മ്മിപ്പിക്കുന്ന ഒരു മികച്ച രാഷ്ട്രീയരചനയാക്കി അതിനെ മാറ്റുന്നതും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented