'മാംസനിബദ്ധമല്ല രാഗം' എന്ന മേഘഗര്‍ജ്ജനം കേട്ട് നടുങ്ങി ദഹിച്ചു പോയ കൗമാരവനം


സജയ് കെ.വിഈ ഉജ്ജ്വലകാവ്യാനുഭവമാത്ര പിന്നിട്ടതിനു ശേഷമാണ് ഞാന്‍ പത്താം ക്ലാസ്സില്‍ 'ലീല' പഠിക്കുന്നത്. ലീലയിലെ ആ സ്വപ്നസമാഗമ സര്‍ഗ്ഗത്തിലെ ഏതാനും ശ്ലോകങ്ങളായിരുന്നു പാഠപുസ്തകത്തില്‍;' മാംസനിബദ്ധമല്ല രാഗം' എന്ന പേരില്‍. മാംസവും രാഗവും തമ്മിലുള്ള പോര് എന്റെയുള്ളിലും നടക്കുന്നുണ്ടായിരുന്നു.

ആർടിസ്റ്റ് മദനൻ വരച്ച കുമാരനാശാൻ

ന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യ കവിതാക്ലാസ്സില്‍, അക്കൊല്ലം ഞങ്ങളുടെ അധ്യാപികയായി വന്ന, ശാരദ ടീച്ചര്‍ ചൊല്ലിത്തന്ന ഒരു ശ്ലോകമായിരുന്നു 'സൗന്ദര്യലഹരി' എന്ന മുന്തിയ പദം കൊണ്ടു വിശേഷിപ്പിക്കാവുന്ന എന്റെ ആദ്യ കാവ്യാനുഭവം. കവിതയെന്ത് എന്ന് എന്തല്ല എന്നും, നിര്‍വ്വചനങ്ങള്‍ക്കു പകരം രണ്ട് ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കിത്തരികയായിരുന്നു ടീച്ചര്‍. വിരസമായ പദ്യത്തിന് ഉദാഹരണമായി ടീച്ചര്‍ ഉദ്ധരിച്ചത് തീപ്പെട്ടിയെപ്പറ്റിയുള്ള ഒരു നാലു വരിയായിരുന്നു; 'തീപ്പെട്ടിയില്ലാത്തതിനാല്‍ ജനങ്ങള്‍ -/ ക്കേര്‍പ്പെട്ട ദുഃഖം പറയാവതല്ലേ!' എന്നോ മറ്റോ അവസാനിക്കുന്നത്. കവിതയുടെ നനഞ്ഞ കൊള്ളിയായിരുന്നു അത്. കത്താതെ, ഉരച്ചിട്ടൊടുവില്‍ അതിന്റെ തല തെറിച്ചതു മാത്രം മെച്ചം! തുടര്‍ന്ന് ടീച്ചര്‍ അസ്സല്‍ കവിതയെ ഉദാഹരിക്കുകയായി.

ഇതായിരുന്നു ആ ശ്ലോകം -
'ചുവന്നു ചന്ദ്രക്കല പോല്‍ വളഞ്ഞും
വിളങ്ങി പൂമൊട്ടുടനേ പിലാശില്‍,
വനാന്തലക്ഷ്മിക്കു നഖക്ഷതങ്ങള്‍
വസന്തയോഗത്തിലുദിച്ച പോലെ!'

എനിക്കും ഒരു വസന്തയോഗമുഹൂര്‍ത്തമായിരുന്നു അത്.

കവിതയുടെ 'ഈറന്‍ നീറല്‍' ഉണര്‍ത്തുന്ന നഖക്ഷതമുദ്രകള്‍ ഉള്ളിലെങ്ങോ തെളിഞ്ഞു. ചുവന്ന ചന്ദ്രക്കലകളുടെ വടിവായിരുന്നു അവയ്ക്ക്. പ്ലാശിന്‍പൂക്കള്‍ ഞാന്‍ കണ്ടിരുന്നില്ല, ഇപ്പോഴും കണ്ടിട്ടില്ല. എങ്കിലും അവയെ, നമുക്ക് ചിരപരിചിതമായ മുരിക്കിന്‍ പൂവിന്റെയോ ഇലവിന്‍പൂവിന്റെയോ സാദൃശ്യത്തില്‍ സങ്കല്പിച്ചുനോക്കാന്‍ എളുപ്പമായിരുന്നു. ഈ കവിതാവരികളില്‍ ഒരിടത്ത്,' ഉടനേ' എന്നൊരു വാക്കുണ്ട്. അത്ര ആകസ്മികമാണ് വസന്തമെന്നോണമാണ് കവി എഴുതുന്നത്. കവിതയുടെ ആകസ്മികവസന്തയോഗം സംഭവിക്കുകയായിരുന്നു എന്റെ കൗമാരഹൃദയത്തില്‍ അപ്പോള്‍. എം.ടിയുടെ 'നഖക്ഷതങ്ങള്‍' എന്ന സിനിമ വന്നു കഴിഞ്ഞിരുന്നു. 'നഖക്ഷതങ്ങളു'ടെ കാമശാസ്ത്രം കുറച്ചൊക്കെ അവ്യക്തമായിരുന്നുവെങ്കിലും ആ വസന്തത്തിന്റെ പ്രണയത്തരിപ്പ് ഞാനറിയുന്നുണ്ടായിരുന്നു. പ്ലാശിന്‍പൂക്കള്‍, ചുവന്ന ചന്ദ്രക്കല, വസന്തയോഗം, വനാന്തലക്ഷ്മി- കല്പനയുടെ ഒരപൂര്‍വ്വയോഗമുണ്ടായിരുന്നു ആ ചതുഷ്പ്പദിയില്‍. അമൂര്‍ത്തമായ രതിവ്യംഗ്യങ്ങള്‍, നിറങ്ങളും രൂപങ്ങളും പ്രണയിക്കുന്ന ഉടലുകളുമാകുന്നു.

പിന്നീടെപ്പോഴോ ഒരു കാളിദാസശ്ലോകമാണതെന്ന് മനസ്സിലാക്കുമ്പോഴേയ്ക്ക് ഞാന്‍ തെല്ല് മുതിര്‍ന്നു കഴിഞ്ഞിരുന്നു. കൗമാരത്തിലെ ഋശ്യശൃംഗന് മീശ കുരുത്തുകഴിഞ്ഞിരുന്നു. 'കുമാരസംഭവ'ത്തില്‍ വൈരാഗിയായ ശിവന്റെ തപസ്സിളക്കാന്‍ വന്ന ആകസ്മികവസന്തത്തെ വര്‍ണ്ണിക്കുകയാണ് കാളിദാസന്‍ -
'ബാലേന്ദുവക്രാണ്യവികാസഭാവാത്
ബഭു: പലാശാന്യതിലോഹിതാനി
സദ്യോ വസന്തേന സമാഗതാനാം
നഖക്ഷതാനീവ വനസ്ഥലീനാം'

എ.ആറിന്റെ പരിഭാഷയായിരുന്നു ടീച്ചര്‍ ചൊല്ലിത്തന്നത്. അതൊന്നും ടീച്ചര്‍ പറഞ്ഞില്ല. കവിതയുടെ ചമല്‍ക്കാരദ്യുതി കണ്ട്, കണ്ണഞ്ചിപ്പോയ അന്നത്തെയാബാലന്‍ അതൊട്ടാലോചിച്ചതുമില്ല. അവന് കാലം കാത്തുവച്ച കാവ്യപാരിതോഷികമായിരുന്നു അത്.

ഈ ഉജ്ജ്വലകാവ്യാനുഭവമാത്ര പിന്നിട്ടതിനു ശേഷമാണ് ഞാന്‍ പത്താം ക്ലാസ്സില്‍ 'ലീല' പഠിക്കുന്നത്. ലീലയിലെ ആ സ്വപ്നസമാഗമ സര്‍ഗ്ഗത്തിലെ ഏതാനും ശ്ലോകങ്ങളായിരുന്നു പാഠപുസ്തകത്തില്‍;' മാംസനിബദ്ധമല്ല രാഗം' എന്ന പേരില്‍. മാംസവും രാഗവും തമ്മിലുള്ള പോര് എന്റെയുള്ളിലും നടക്കുന്നുണ്ടായിരുന്നു. കസന്‍ദ്‌സാക്കീസ് കണ്ട ആതോസ് ആശ്രമത്തിലെ സന്ന്യാസിമാരുടേതിനു തുല്യമായിരുന്നു, അക്കാലം, എന്റെ ഏകാന്തവും ഏറെക്കുറെ, അനാഥവുമായ, സ്വകാര്യവൈകാരികജീവിതം. ഒരു മെലിഞ്ഞ പതിനഞ്ചുകാരന്റെ മാംസത്തെ വല്ലാതെ പ്രീണിപ്പിക്കുകയും, അത്ര തന്നെ, പീഡിപ്പിക്കുകയും ചെയ്തിരുന്നു അത്. അപ്പോഴാണ് ആശാന്റെ 'മാംസനിബദ്ധമല്ല രാഗം' എന്ന മേഘഗര്‍ജ്ജനംകേട്ട്, എന്റെ കൗമാരവനം നടുങ്ങി ദഹിച്ചത്! ആ ചാമ്പലിലിരുന്നാണ് ഞാന്‍ 'ലീല' വായിച്ചത്. ആ 'അസ്ഥിമാത്രശേഷ'ന് എന്റെ തന്നെ ഛായയായിരുന്നു.

ലീലയാകട്ടെ, സഖി മാധവിയെപ്പോലും ഭ്രാന്തുപിടിപ്പിക്കാന്‍ പോന്നവണ്ണം അതീവസുന്ദരിയും ('അരുളും ഭ്രമ,മൊന്നു കാണ്‍കില്‍ നിന്‍ തിരുമെയ്, സുന്ദരി, നാരിമാര്‍ക്കുമേ')! ലീലയാവണം, ആശാന്റെ നായികമാരില്‍ വച്ചേറ്റവും സുന്ദരി. അപ്പോള്‍ വാസവദത്തയോ, എന്ന ചോദ്യമുയരാം. വാസവദത്തയുടെയത്ര മാദകത്വമില്ല ലീലയ്ക്ക്. തീനാളമാണ് അവളുടെ ഉപമാനം ('അതിമോഹലോഹിതാംഗി' എന്നും 'അനലശിഖോജ്ജ്വലമാകുമേകഹസ്തം' എന്നും,' ഘനമനലപുടം വെടിഞ്ഞു കാളും കനകശലാക കണക്ക് ' എന്നും ആശാന്‍ തന്റെ നായികയെപ്പറ്റി). ലീലയുടെ ശരീരവര്‍ണ്ണന ആശാന്‍ നടത്തുന്നേയില്ല എന്നോര്‍ക്കണം. എങ്കിലും ആപ്രണയജ്വാലയോടൊപ്പം, ആ സൗന്ദര്യദീപ്തിയും നമ്മള്‍ കാണുന്നു. ലീലയാണ് എന്റെ ആദ്യ, ആശാന്‍നായിക. മാതംഗിയും വാസവദത്തയും നളിനിയും സീതയുമെല്ലാം പിന്നാലെയാണ് വന്നത്.

'ലീല'യിലാണ് കാല്പനികപ്രണയത്തിന്റെ തീക്ഷ്ണവര്‍ണ്ണങ്ങളും തീക്ഷ്ണഗന്ധങ്ങളുമറിഞ്ഞത് എന്റെ കൗമാരഭാവന. ഉദയപുരിയും വിന്ധ്യാടവിയും രേവയും ചമ്പകപ്പൂമണവും മരുഭൂമിയും രാപ്പകലുകളും വേനലും വസന്തവും വര്‍ത്തകരും കാമുകരുമൊക്കെച്ചേരുന്ന ശബളതയും ചടുലതയുമുണ്ടായിരുന്നു ആ പ്രണയചിത്രത്തിന്. ഡോ.എം.ലീലാവതിയുടെ അവതാരികയോടു കൂടിയ, തവിട്ടു കവറുള്ള 'ലീല'യുടെ എന്‍.ബി.എസ്. പതിപ്പാണ് അന്നെന്റെ കയ്യിലെത്തിയത്. ആ അവതാരികയില്‍ ലീലാവതിട്ടീച്ചര്‍, ഹൈനേ(Heine)യുടെ ഒരു കവിത പരാമര്‍ശിക്കുന്നുണ്ടായിരുന്നു, കീറ്റ്‌സിന്റെ യവനകലശത്തിനു മേല്‍ ചിത്രണം ചെയ്യപ്പെട്ട നിത്യനിശ്ചലരും നിത്യപ്രണയികളുമായ കമിതാക്കളെയും. ഹൈനേയുടെ കവിത, ഏകാകികളും വിദൂരസ്ഥരുമായ രണ്ട് പ്രണയികളെക്കുറിച്ചാണ്. മരുഭൂമിയിലെ പനമരം, ഹിമസാനുവിലെ ഫര്‍മരത്തെ കനവു കാണുന്നു, അതോ മറിച്ചോ? ഏതായാലും എന്നില്‍ ചിരസ്ഥായിയായി മുദ്രണം ചെയ്യപ്പെട്ട പ്രണയചിത്രങ്ങളില്‍ ആദ്യത്തേതായിരുന്നു അത്. പില്‍ക്കാലം, ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ വായിക്കാനിടയായപ്പോള്‍ ചിരകാലമിത്രത്തെ, ദീര്‍ഘകാലത്തിനുശേഷം, കണ്ടുമുട്ടിയ പ്രതീതിയായിരുന്നു എനിക്ക് അഥവാ ജന്മാന്തരത്തിലെ കാമുകിയെ!

പിന്നീട് കീറ്റ്‌സിന്റെ കവിത, വായിക്കുകയും പഠിപ്പിക്കുകയും ചെയ്തു, പലവട്ടം. അസാധ്യപ്രണയത്തെക്കുറിച്ചുള്ള കാല്പനികഭാവനാപാരമ്യങ്ങളായിരുന്നു അവ രണ്ടും. ചിത്രത്തിലെ കമിതാക്കാള്‍ ഒരിക്കലും ചുംബിക്കുന്നില്ല, മോഹാതുരരായി പരസ്പരം ചുണ്ടുചേര്‍ക്കാന്‍ ദാഹിക്കുന്നതല്ലാതെ! അത്രമേല്‍ അകറ്റിനട്ട മരങ്ങളാണ് ഹൈനേയുടെ കവിതയിലെ പ്രേമികള്‍, വേരുകള്‍ കൊണ്ടുപോലും പരസ്പരാശ്ലേഷം സാധ്യമല്ലാത്തവര്‍. മറിച്ച്,' സദനനികടവര്‍ത്തി'യായിരുന്നു, മദനന്‍ ലീലയ്ക്ക്. എന്നിട്ടും അവര്‍ അകന്നു. വീണ്ടും അടുത്തെങ്കിലും നൈമിഷികമായ ചേര്‍ച്ചയോ മൂര്‍ച്ഛയോ മാത്രമായിരുന്നു അത്. മരണത്താല്‍ പൂര്‍ണ്ണതയുടെ' വിരാമതിലക'മണിഞ്ഞ പ്രണയമായിരുന്നു ലീലാമദനന്മാരുടേത്. പ്രണയികളുടെ അനുമരണം എന്ന ആദ്യാനുഭവമായിരുന്നു മലയാളിക്കത് - 'മേളം ഝടുതി നിറുത്തിയ രംഗഭൂമി'യുടെ സ്തബ്ധതയോടു കൂടിയ പ്രണയപര്യവസാനം.

ഈ കുറിപ്പിന്റെ തുടക്കത്തില്‍ പരാമര്‍ശിച്ച കുമാരസംഭവപദ്യത്തില്‍ വനാന്തലക്ഷ്മിയാണ് വസന്തയോഗത്താല്‍ പുഷ്പിക്കുന്നതെങ്കില്‍ 'ലീല'യാണ് മദന സാമീപ്യത്താല്‍ ചുവന്ന പൂക്കളുടെ പൂമരമായി മാറുന്നത്, ആശാന്റെ കവിതയില്‍. കാമന്‍ പുറത്തല്ല, അകത്താണ് കാല്പനികകവിതയില്‍; അതിനാല്‍ പ്രണയമെന്ന വസന്തം ഉടലിനെ പുഷ്പിപ്പിക്കുന്നു-

'ഉടനെയുടല്‍ നടുങ്ങിയങ്ങു പൊന്‍ പൂ -
വിടപികള്‍ കണ്ടതിമോഹലോഹിതാംഗി
തടവി പുളകപാളിയംഗമെങ്ങും
സ്ഫുടമവള്‍ പൂക്കുമശോകശാഖി പോലെ'.

പക്ഷേ, സുകുമാര്‍ അഴീക്കോടിന്റെ അഭിപ്രായത്തില്‍, ഇതിന്റെയും ആദ്യമാതൃക കിടക്കുന്നത് കാളിദാസനിലാണ്.
'വിവൃണ്വതീ ശൈലസുതാപി ഭാവ-/
മംഗൈ: സ്ഫുരദ് ബാലകദംബകല്‍പൈ:' എന്ന കുമാരസംഭവപദ്യത്തില്‍!

Content Highlights: Mashipacha, Sajay K.V , Kumaranasan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented