സുഭാഷ് ചന്ദ്രൻ, വാൻഗോഗിന്റേതെന്നുകരുതപ്പെടുന്ന ഫോട്ടോയുടെ കോപ്പിയുടെ കോപ്പി(കടപ്പാട്:ന്യൂ ഹേവൻ യുണിവേഴ്‌സിറ്റി)
ചിത്രത്താലോ ശില്പത്താലോ പ്രചോദിതമായ കവിതയാണ് 'എക്ഫ്രാസ്റ്റിക് പൊയട്രി'. ചിത്രം, കഥനനിദാനമാവുമ്പോള്‍ അതിനൊരു പേരുണ്ടോ എന്നറിയില്ല. അത്തരമൊരു ഭാവനാസഞ്ചാരമാണ് സുഭാഷ് ചന്ദ്രന്റെ 'ഉരുളക്കിഴങ്ങ് തിന്നുന്നവര്‍'. ചിത്രത്തിലെ മ്ലാനമനുഷ്യരൂപങ്ങളെ സുഭാഷ് കഥനത്തിലേയ്ക്ക് മോചിപ്പിക്കുന്നു. അതോടെ അവര്‍ക്ക് പേരും ഊരും കൈവരുന്നു. കഥയുടെ ഖനി തുറക്കപ്പെടുന്നു. ദുഃഖത്തിന്റെ ഒരാകരമാണ് അവരിലോരോരുത്തരും എന്ന് വെളിപ്പെടുന്നു. കിഴവന്‍ മിറലിന്റെ പുത്രവധുവും അവളുടെ അച്ഛനമ്മമാരും എട്ടു വയസ്സുകാരി അന്നയുമായി അതോടെ ആ അത്താഴമേശയ്ക്കു ചുറ്റുമിരിക്കുന്നവര്‍ മനുഷ്യപ്പെടുന്നു. അവര്‍ തിന്നുന്ന ഉരുളക്കിഴങ്ങിന് മൃത്യുവിന്റെ ദുഃസ്വാദാണെന്നും, അതോടെ, കഥയുടെ വായനക്കാര്‍ മനസ്സിലാക്കുന്നു.
ഇതൊന്നുമല്ല 'ഉരുളക്കിഴങ്ങു തിന്നുന്നവ'രുടെ കഥനകാന്തിയെ നിര്‍ണ്ണയിക്കുന്നത്. വാന്‍ഗോഗിനെ ഭാഷപ്പെടുത്തുന്ന കഥാകാരന്‍ അതിനനുഗുണമായ ഒരു ദൃശ്യഭാഷ കണ്ടെത്തുന്നു എന്നതാണ് പ്രധാനം. കാണുകയും കാഴ്ച്ചപ്പെടുത്തുകയാണ് ചെയ്യുന്നത് കഥാകാരന്‍. 'അസ്തമയം കഴിഞ്ഞുള്ള മരവിച്ച വെളിച്ചത്തിലൂടെ കിഴവന്‍ മിറല്‍ വേച്ചുവേച്ചു നടന്നു' എന്ന പ്രാരംഭവാക്യം ഒരു ചലനചിത്രമാണ്. മടങ്ങിയെത്തുന്ന അയാള്‍ വീട്ടിനുള്ളില്‍ നിന്നു കാണുന്ന വെളിച്ചം, ആ ഏകരശ്മി, ഇങ്ങനെയാണ് വിവരിക്കപ്പെട്ടിരിക്കുന്നത്, കഥയില്‍ -'മഞ്ഞും തിമിരവും ചേര്‍ന്ന് ഇതളുകള്‍ നല്‍കിയ വെളിച്ചത്തിന്റെ ഒറ്റ ബിന്ദു, ഒരേയൊരു വെളുത്ത പൂവെച്ച ഏകാന്തമായ ശവകുടീരമാക്കി വീടിനെ മാറ്റിക്കാണിച്ചു.' തിമിരം ബാധിച്ച വൃദ്ധദൃഷ്ടികളുടെ കാഴ്ചയാണത്, ഒപ്പം മരണം ബാധിച്ച ഒരു ദരിദ്രഭവനത്തിന്റെയും. അതിനുമേല്‍, ഏകാന്തമായ ശവകുടീരത്തിനു മേലെന്നപോലെ, കഥാകൃത്ത് തന്റെ ഹൃദയത്തിന്റെ ഒറ്റപ്പൂ വച്ചു പിന്‍വാങ്ങുന്നു. ഇത്തരമൊരു പവിത്രമായ അര്‍ച്ചനയുടെ സ്വഭാവമുണ്ട് ഇക്കഥയുടെ രചനാശില്പത്തിന്; ഓരോ വാക്യവും ഹൃദയത്തില്‍ നിന്നിറുത്തെടുത്ത, മരിച്ചവര്‍ക്കുള്ള പൂ പോലെ വിശുദ്ധവും ധ്യാനഭരിതവും.

(കടപ്പാട് വിക്കിമീഡിയ കോമണ്‍സ്)
ചമല്‍കൃതഭാഷയില്‍ രമിക്കുന്ന കഥാകാരനാണ് സുഭാഷ്. ഗദ്യസൗന്ദര്യത്തിനായുള്ള അത്തരം ആരായലുകള്‍, ഇവിടെ, കഥയുടെ ഭാവഘനമിരട്ടിപ്പിക്കുന്ന ലാവണ്യധന്യതയായി മാറുന്നു.അടച്ചിട്ട, നാലു പാളികളുള്ള വാതിലിന്റെ ചേര്‍പ്പുകള്‍ ഒരു മെലിഞ്ഞ കുരിശായി മിറലിനു മുന്നില്‍ കാഴ്ച്ചപ്പെടുന്നതും മിറല്‍ തന്റെ ദേഹത്തു നിന്ന് തൂത്തുമാറ്റുന്ന മഞ്ഞിന്‍ തരികള്‍ പാല്‍പ്പൊടി പോലെ എന്ന് അന്നയ്ക്ക് തോന്നുന്നതുമെല്ലാം ഇത്തരം ഭാവഘനമുള്ള വാക്യങ്ങള്‍. ജൂലിയാനയുടെ പീഡാഭരിതമായ മുഖത്തിനുമേല്‍ മണ്ണണ്ണ വിളക്കിന്റെ വെളിച്ചം,' ചെളി പോലെ'യാണ് പുരളുന്നത്; പുഴുങ്ങിയ ഉരുളക്കിഴങ്ങുകളാവട്ടെ ഖനിയപകടത്തില്‍പ്പെട്ട ഒരാളുടെ മൃതശിരസ്സു പോലെയും. ഈ അത്താഴത്തിന്, ആകെക്കൂടി, ഒരു തിരുവത്താഴച്ഛായയുണ്ട്. മിറലിന്റെ, കാണാതാവുകയോ മരിച്ചുപോവുകയോ ചെയ്ത, മകന്‍ സുവിശേഷത്തിലെ കാണാതെ പോയ കുഞ്ഞാടിനു സമം. വൃദ്ധനായ ആ ഇടയന്‍ തന്റെ മകനെയും കുഞ്ഞാടിനെയും തിരഞ്ഞു പോകുന്നു. 'റാന്തലിന്റെ മഞ്ഞവിഷാദം' എന്ന് കഥയില്‍ നമ്മള്‍ വായിക്കുന്നു. ഈ മഞ്ഞവിഷാദം വാന്‍ഗോഗിന്റേതാണ്, മരണത്തിന്റെയും നിസ്വതയുടെയും അനാഥത്വത്തിന്റെയും.
കാഴ്ച്ചകള്‍ മാത്രമല്ല, അപൂര്‍വ്വമായി മൗനഭഞ്ജനം ചെയ്യുന്ന ചില തീവ്രശബ്ദങ്ങളും, സര്‍വ്വോപരി, സമയമിറ്റുന്ന ഭാരിച്ച ശബ്ദവും കൂടി ചേര്‍ന്നതാണ് 'ഉരുളക്കിഴങ്ങ് തിന്നുന്നവര്‍' എന്ന കഥ. വ്യാകുലമാതാവിന്റെ മടിത്തട്ടിലേയ്ക്ക് പുത്രജഡത്തില്‍ നിന്ന് തിരുരക്തമെന്ന പോലെ അദൃശ്യമായും വര്‍ണ്ണരഹിതമായും കാലശോണിതം വീണു തളം കെട്ടുന്ന ആഖ്യാനസ്ഥലിയാകുന്നു കഥയിലേത്; വാക്കുകള്‍ കൊണ്ടും മൗനം കൊണ്ടും മ്ലാനചിത്രങ്ങള്‍ കൊണ്ടും പടുത്ത ഭൂമിയിലെ ഏറ്റവും ഏകാന്തമായ മരണവീട്.
കഥാകാരനായ സുഭാഷ്ചന്ദ്രന്‍ തന്റെ കുട്ടിക്കാലത്ത് ഒരു ചിത്രകാരനാവാന്‍ ആഗ്രഹിച്ചുകാണും. ആ വിശുദ്ധസ്വപ്നത്തിന്റെ കാലാന്തരസാഫല്യം പോലെ 'ഉരുളക്കിഴങ്ങു തിന്നുന്നവര്‍' എന്ന കഥ. സമാനമായ ആഗ്രഹവുമായി കുട്ടിക്കാലം ചെലവഴിക്കുകയും ആ മോഹം പാതി വഴിയിലുപേക്ഷിച്ചു പോരുകയും ചെയ്ത ഒരാള്‍, മധ്യവയസ്സിന്റെ മഞ്ഞവിഷാദത്തിലിരുന്നു കൊണ്ട് ഇപ്പോള്‍ മകളുടെ പാഠപുസ്തകത്തില്‍ ആ കഥ വായിക്കുന്നു.
Content Highlights: Mashipacha, Sajay K.V, Thr Potato eaters, SubhashChandran, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..