അഴീക്കോടും കാളിദാസനും ഇമ്മിണി വലിയ ഒന്നും!


By സജയ് കെ.വി

2 min read
Read later
Print
Share

ടാഗോറും കാളിദാസനുമായിരുന്നു അഴീക്കോടിനെ ഏറ്റവും ഗാഢമായി സ്പര്‍ശിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത രണ്ട് ഭാരതീയമഹാകവികള്‍.

സുകുമാർ അഴീക്കോട്‌

പ്രഭാഷണകലയിലും വിമര്‍ശനകലയിലും മലയാളഗദ്യത്തിന്റെ ഉദാത്തതയും ലാവണ്യവും, ഒരുപോലെ, പ്രദര്‍ശിപ്പിച്ച ഭാഷാശില്പിയായിരുന്നു ഡോ. സുകുമാര്‍ അഴീക്കോട്. ഭാരതീയത ഒരു സാംസ്‌കാരികപരിമളമായി ആ എഴുത്തിലും പ്രഭാഷണത്തിലും നിറഞ്ഞുനിന്നു. അഴീക്കോടിന്റെ സാംസ്‌കാരികവും സൗന്ദര്യാത്മകവും ദാര്‍ശനികവുമായ ഭാരതീയതയ്ക്ക് വലിയ പ്രസക്തിയുണ്ട്, നമ്മുടെ സമകാലത്തില്‍. നാലുപാടു നിന്നും നമ്മെ വന്നു ചൂഴുന്ന മലിനഹിന്ദുത്വവാദപ്രവണതകള്‍ക്കെതിരായ ഒരു വമ്പിച്ച സാംസ്‌കാരികശക്തിയായിരുന്നു അത്.

ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മലയാളികളില്‍ നാരായണഗുരുവിനോടും വാഗ്ഭടാനന്ദനോടുമായിരുന്നു അഴീക്കോടിന്റെ സാംസ്‌കാരികമനസ്സ് ഏറ്റവും സചേതനമായി പ്രതിസ്പന്ദിച്ചിരുന്നത്; കവികളില്‍ കുമാരനാശാനോടും. 'ആശാന്റെ സീതാകാവ്യ'മെഴുതിക്കൊണ്ടായിരുന്നു വിമര്‍ശനകലയില്‍ ആ യുവാവിന്റെ അരങ്ങേറ്റം എന്നതും പ്രഭാഷണങ്ങളില്‍ ആശാന്‍കവിത എന്ന ആവനാഴിയില്‍ നിന്നാണ് അദ്ദേഹം തന്റെ സൗന്ദര്യശസ്ത്രങ്ങള്‍ കണ്ടെത്തിയിരുന്നത് എന്നതും ഈ ആഭിമുഖ്യത്തിന്റെ മികച്ച ഫലങ്ങളില്‍ ചിലത്. ആശാന്റെ നളിനീകാവ്യം പാഠപുസ്തകമായിരുന്നപ്പോള്‍ അതിലെ ആദ്യശ്ലോകത്തിലെ ആദ്യപദമായ 'നല്ല' എന്നതിനെക്കുറിച്ച് ആഴ്ച്ചകളോളം ക്ലാസ്സെടുക്കുമായിരുന്നു അഴീക്കോട് എന്നു കേട്ടിട്ടുണ്ട്. വാ​ഗ് വിലാസിയും വാഗ്ഭടനുമായ ഇത്തരമൊരധ്യാപകന്‍ എന്തൊരനുഭവമായിരുന്നിരിക്കും തന്റെ ക്ലാസ്സ്മുറികളില്‍ എന്നമ്പരക്കാനേ ഇന്ന് നമ്മെക്കൊണ്ടാവൂ.

ടാഗോറും കാളിദാസനുമായിരുന്നു അഴീക്കോടിനെ ഏറ്റവും ഗാഢമായി സ്പര്‍ശിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത രണ്ട് ഭാരതീയമഹാകവികള്‍. കാളിദാസന്റെ 'പാര്‍ത്ഥിവശ്രീ കലര്‍ന്ന പ്രഭാതവര്‍ണ്ണന'യെക്കുറിച്ചാണ് ആ കൃതിസാകല്യത്തിന്റെ മലയാളപരിഭാഷകള്‍ക്കുള്ള അവതാരികയില്‍ അഴീക്കോട് എഴുതിയത്. അത് ഒരു രാജശിശുവിന്റെ പുഞ്ചിരിക്കുള്ള ഉപമാനമായിരുന്നു; തുടുത്ത ഇളംതളിരില്‍ വീണ് തെളിമുത്തു പോലെ തിളങ്ങുന്ന മഞ്ഞുതുള്ളിയുടെ ഓര്‍മ്മയുണര്‍ത്തുന്ന രാജകുമാരന്റെ പുഞ്ചിരിയെക്കുറിച്ചുള്ള രഘുവംശശ്ലോകം. അഗാധപാണ്ഡിത്യത്തിനു കിടനില്‍ക്കുന്ന അന്യൂനമായ സഹൃദയത്വവുമുണ്ടായിരുന്നു അഴീക്കോടിന്. സൗന്ദര്യാഞ്ജനമെഴുതിയ സൗമ്യചക്ഷുസ്സുള്ള അത്തരമൊരു സഹൃദയനല്ലാതെ വേറാരു കണ്ടെത്തും, കാളിദാസകവിതയെന്ന ബൃഹദാരണ്യത്തിനുള്ളില്‍ വിരിഞ്ഞു നില്‍ക്കുന്ന ആ ഇളംതളിരും അതില്‍ വീണു പുഞ്ചിരിക്കുന്ന ഇത്തിരിപ്പോന്ന ആ തൂമഞ്ഞുതുള്ളിയും? 'സിംഹത്തിന് ശിശുക്കളെ ലാളിക്കാനറിയില്ല' എന്നൊരു വിമര്‍ശനമുന്നയിച്ചിട്ടുണ്ട് മില്‍ട്ടനെതിരേ ഡോ. ജോണ്‍സണ്‍. മറിച്ച്, വാത്സല്യമുഗ്ദ്ധനായ ഒരു സിംഹത്തെപ്പോലെയായിരുന്നു വിമര്‍ശകനായ ഡോ.സുകുമാര്‍ അഴീക്കോട്. ഉദ്ധതമായ പാണ്ഡിത്യത്തെ ഉദാരമോഹനമായ സൗന്ദര്യാനുരാഗവുമായിണക്കി, അദ്ദേഹം. 'സൗന്ദര്യദേവതയാണ് കാളിയെങ്കില്‍ ആ കാളിക്കല്ലാതെ മറ്റാര്‍ക്കും ദാസനല്ലാത്ത കാളിദാസന്‍' എന്നതു പോലൊരു വാക്യം അത്തരമൊരു നിരൂപകനേ എഴുതൂ. ഒരേ സമയം, ഒരുജ്ജ്വലകാല്പനികനും ഉന്നതനായ ക്ലാസിസിസ്റ്റുമായിരുന്നു അഴീക്കോട്.

ബാലാമണിയമ്മക്കവിതയിലും പി.കുഞ്ഞിരാമന്‍ നായരിലും ഒരുപോലെ അഭിരമിച്ചിരുന്ന മനസ്സ്. ഉപനിഷത്തും കാളിദാസനും ഗാന്ധിയും ടാഗോറും എന്നതുപോലുള്ള സൗന്ദര്യത്തിന്റെയും ആത്മീയതയുടെയും യുഗ്മങ്ങളെ ആശ്ലേഷിക്കാനും അനുഗമിക്കാനുമുള്ള അയവും ദാര്‍ഢ്യവുമുള്ള ആ വിചിത്രപാകത്തിന്റെ പേരായിരുന്നു അഴീക്കോടിന്റെ ഭാവുകത്വം എന്നത്. പേരിലെ സുകുമാരതയുടെ എന്ന പോലെ, സംസ്‌കൃതഭാഷയുടെ വജ്രകാന്തിയുടെയും ഒത്തിരിപ്പ്. 'അഗ്‌നിയും വജ്രവും ചിതറിടും നീര്‍ച്ചാട്ടം പോലെ' എന്ന് പില്‍ക്കാലം കവി, സച്ചിദാനന്ദന്‍ തന്റെയൊരു ഗസലില്‍ കുറിച്ചതു പോലുള്ള വിപരീതങ്ങളുടെ സമന്വയത്തിലൂടെ മാത്രം വിവരിക്കാനാവുന്ന ഭാഷാവ്യക്തിത്വവും വിമര്‍ശകവ്യക്തിത്വവുമായിരുന്നു അഴീക്കോടിന്റേത്; കാളിദാസകവിതയിലെ വാഗര്‍ത്ഥസംപൃക്തതയാലെന്നപോലെ ബഷീറിന്റെ ഗ്രാമ്യലാളിത്യത്താലും ഒരു പോലെ ഉത്തേജിതമാകുന്നത്. മേല്‍സൂചിപ്പിച്ച കാളിദാസകവിതാപഠനത്തിലേതാണ് താഴെക്കൊടുത്ത വാക്യം, ഒരു പക്ഷേ മലയാളനിരൂപണത്തില്‍ ഒരഴീക്കോടിനു മാത്രം സൃഷ്ടിക്കാനാവുന്നത്- 'വാക്കും അര്‍ത്ഥവും, പാര്‍വ്വതീപരമേശ്വരന്മാരെപ്പോലെ, ഒന്നായിച്ചേര്‍ന്നു കഴിയുന്നത് അവിടെത്തന്നെ - ഒന്നും ഒന്നും ചേര്‍ന്നുണ്ടാകുന്ന ബഷീറിന്റെ ഇമ്മിണി വലിയ ഒന്നിനെപ്പോലെ.'

Content Highlights: mashipacha sajay kv wtites sukumar azheekode and beauty of criticism

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented