മാധവിക്കുട്ടി/ ഫോട്ടോ: കെ .ആർ വിനയൻ
'ഒരു രാജാവിന്റെ പ്രേമഭാജനമാവാന്‍ എന്നെന്നും ആഗ്രഹിച്ചിരുന്നവളായ ഞാന്‍ എന്റെ മുപ്പത്തഞ്ചാമത്തെ വയസ്സില്‍ ഒരു ദിവസം മധ്യാഹ്നത്തില്‍ സ്ഥലത്തെ ഏറ്റവും പ്രധാനപ്പെട്ട ഹോട്ടലിലെ ചുവന്ന പരവതാനിക്കീറുകള്‍ വിരിച്ച ഇടനാഴികളില്‍ക്കൂടി തലയുയര്‍ത്തിപ്പിടിച്ചും വലത്തേ കൈകൊണ്ട് സാരിയുടെ അടിവക്ക് ഒരംഗുലത്തോളം നിലത്തു നിന്ന് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും നടന്ന്, എന്റെ വാര്‍ധക്യം ബാധിച്ചു തുടങ്ങിയ കാമുകന്‍ കിടന്നിരുന്ന മുറിയുടെ വാതില്‍ക്കലെത്തി.'
(രാജാവിന്റെ പ്രേമഭാജനം, മാധവിക്കുട്ടി).
പ്രണയത്തിന്റെ അതിവിപുലമായ ഒരു വര്‍ണ്ണരാജി തന്നെ സന്നിഹിതമാണ് മാധവിക്കുട്ടിയുടെ കഥകളില്‍. പക്ഷേ, കാല്പനികകവിതകളിലും ഗാനങ്ങളിലുമൊക്കെ കാണപ്പെടാറുള്ള പരിചിതവര്‍ണ്ണങ്ങളുടേതല്ല, ഈ വര്‍ണ്ണരാജി. അവയിലെങ്ങും കാണപ്പെടാത്ത അമേയവര്‍ണ്ണങ്ങളും അതിവിചിത്ര വര്‍ണ്ണങ്ങളുമാണ് പ്രണയത്തിന് ഈ കഥാകാരിയുടെ രചനകളില്‍. ആണും പെണ്ണും തമ്മില്‍ സാദ്ധ്യമായ വൈകാരികവിനിമയങ്ങളത്രയും ചേര്‍ന്ന, ആസക്തിയുടെയും അഭിനിവേശത്തിന്റെയും അഭിലാഷത്തിന്റെയും ആ സങ്കീര്‍ണ്ണഭാവമണ്ഡലത്തെയാണ് മാധവിക്കുട്ടി, പ്രണയത്തിന്റെ അതിലളിതമായ കാചത്തിലൂടെ വിടര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചത്. പ്രണയത്തോടൊപ്പം കാവ്യാത്മകമായ ഒരു ഭാഷയും ആ കഥകളില്‍ സ്വയം സന്നിഹിതമാകുന്നു.
'രാജാവിന്റെ പ്രേമഭാജനം' എന്ന കഥയാണ് പെട്ടെന്നോര്‍മ്മ വരുന്നത്. ഭര്‍ത്തൃമതിയായ ഒരുവളുടെ പ്രണയമാണത്. യൗവനം നഷ്ടപ്പെട്ട രാജാവിനും യുവാവായ ഇറ്റാലിയന്‍ കാമുകനും ഭര്‍ത്താവിനും ഇടയില്‍ നിലകൊള്ളുന്ന കവയിത്രിയായ നായിക. മറ്റൊരിടത്താവുമ്പോള്‍ അസാധാരണമെന്നോ അനിയതമെന്നോ പറയാവുന്ന അത്തരം ബന്ധങ്ങള്‍, മാധവിക്കുട്ടിയുടെ കഥാലോകത്താവുമ്പോള്‍ സാധാരണവും സംഗതവുമാവുന്നു. പ്രണയത്തിന്റെ അനന്യസാധാരണമായ വഴികളെ, ഇത്തരത്തില്‍, സാധാരണത്വത്തിന്റെ നാട്ടിടവഴികളായും കഥാകാരിയുടെ ഭാവനാപ്രപഞ്ചത്തിലെ രക്തകാന്തി വിതറുന്ന പരവതാനികള്‍ വിരിച്ച പരിചിതവീഥികളായും മാറ്റുന്നു എന്നതാണ് ആ കഥകളുടെ വിചിത്രസാഫല്യങ്ങളില്‍ ഒന്ന്. ഉന്മാദികളുടെ രാജ്യം പോലെയാണത്. അവിടെ പ്രണയമെന്ന ഉന്മാദത്തിന്റെ മതം, എല്ലാറ്റിനെയും സാധുവും സംഗതവുമാക്കുന്നു. പാപികളേയില്ലാത്ത രാജ്യമാണത്. അവിടെ പ്രണയത്തിന്റെ സൂര്യന്‍, എല്ലാവരെയും അതിന്റെ വിശുദ്ധ വെളിച്ചത്താല്‍ സ്‌നാനപ്പെടുത്തുന്നു.
പ്രണയം, പലപ്പോഴും, വൈകാരികമായ വന്ധ്യതയ്ക്കും വ്യര്‍ത്ഥതയ്ക്കും ശൂന്യതയ്ക്കുമുള്ള ഒരേയൊരു പരിഹാരമാകുന്നു മാധവിക്കുട്ടിയുടെ കഥകളില്‍. 'മാഹിമിലെ വീട്' എന്ന കഥയിലെ വിവാഹിതയായ സ്ത്രീ, ഭര്‍ത്താവിന്റെ അസാന്നിധ്യത്താല്‍ മാത്രല്ല, അവര്‍ക്കിടയില്‍ പുലരാതെ പോയ ദാമ്പത്യപ്രേമത്തിന്റെ അഭാവത്താല്‍ കൂടിയാണ് അലസനും ദരിദ്രനും വിവാഹിതനും വാറ്റുചാരായം വിറ്റു ജീവിക്കുന്നവനുമായ ഗ്രാമീണനെ തന്റെ രാജാവായും പ്രേമഭാജനമായും കണ്ടുതുടങ്ങുന്നത്. യാന്ത്രികവും ഔപചാരികവും കൃത്രിമവുമായ ദാമ്പത്യത്തിന്റെ തരിശിനു നടുവില്‍ തളിര്‍ത്തുവാടിപ്പോയ പുല്‍ക്കൊടി പോലെയായിരുന്നു ആ പ്രണയം;ബാലിശമെന്നതു പോലെ അനിവാര്യവും.
പരമ്പരാഗതമായ കാമുകലക്ഷണങ്ങളുള്ളവരല്ല, ഈ കാമുകരാരും തന്നെ. വാര്‍ധക്യാരംഭത്താല്‍ അഭികാമ്യതയും ആരാധ്യതയുമേറിയവരാണ് 'രാജാവിന്റെ പ്രേമഭാജന'ത്തിലെയും 'ചതുരംഗ'ത്തിലെയും നായകന്മാര്‍.
'പെട്ടെന്ന് രാജാവ് പറഞ്ഞു:' ഞാന്‍ വൃദ്ധനായിക്കഴിഞ്ഞാല്‍ നീ എന്നെ ഉപേക്ഷിക്കുമോ? എനിക്കിപ്പോഴും ഇത്തരം ഭയങ്ങളാണ് ഉള്ളില്‍ . തീ കത്തുന്നതു പോലെ എരിച്ചില്‍.'
ഞാന്‍ അദ്ദേഹത്തെ മുറുകെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു:'നീ ഇതിലും ചെറുപ്പമായിത്തീര്‍ന്നാല്‍, നിന്റെ മുഖത്തെ ചുളിവുകളിലൊന്നെങ്കിലും മാഞ്ഞുപോയാല്‍ ഞാന്‍ നിന്നെ ഉപേക്ഷിക്കും.'(രാജാവിന്റെ പ്രേമഭാജനം). 'ഡോക്ടര്‍ ജവഹറുടെ പ്രേമം' എന്ന കഥയിലെ ഈ ഡോക്ടറെ നോക്കൂ -
' സാധാരണ കണ്ടുവരുന്ന അങ്ങാടിയളവുകള്‍ വച്ച് പരിശോധിച്ചാല്‍ ഡോക്ടര്‍ ജവഹറിന് സൗന്ദര്യം സ്വല്പം കമ്മിയാണെന്ന് ആരും പറയും. പ്രത്യേകിച്ചും, ആ ഹോസ്പിറ്റലില്‍ ചികിത്സ നല്‍കുവാന്‍ വരുന്ന മറ്റ് ഓണററികളോട് അയാളെ താരതമ്യപ്പെടുത്തിയാല്‍ ജവഹര്‍ ആകൃതിയിലും പ്രകൃതിയിലും ഒരു കാട്ടുപോത്തായിരുന്നു. അയാളുടെ ശകാരത്തില്‍ ധാരാളം അശ്ലീലമുണ്ടായിരുന്നു. സുന്ദരികളായ നഴ്‌സുമാര്‍ ഒരിക്കലും അയാളെ കടാക്ഷിക്കുകയോ അയാളുമായി അനൗദ്യോഗികമായി സല്ലാപത്തില്‍ ഏര്‍പ്പെടുവാന്‍ ശ്രമിക്കുകയോ ഉണ്ടായില്ല. സുന്ദരികളുടെ ഈ പക്ഷഭേദം അയാളെ ഒരു സ്ത്രീവിദ്വേഷിയാക്കിത്തീര്‍ത്തു. അതുകൊണ്ട് പലപ്പോഴും അയാള്‍ ധനികരായ വേശ്യകളെ തേടിച്ചെന്ന് അവരെ പല നിഗൂഢരീതികളിലും അപമാനിച്ച് കൃതാര്‍ത്ഥനായി.' എന്നിട്ടും ഡോക്ടര്‍ ജവഹര്‍ ഒരു രോഗിണിയാല്‍ പ്രണയിക്കപ്പെട്ടു. അതും എങ്ങനെ?
'അന്ന് നേര്‍ത്ത ഒരു ഷര്‍ട്ടു മാത്രം ധരിച്ചിരുന്ന അയാളുടെ നെഞ്ചില്‍ വളര്‍ന്നു നിന്നിരുന്ന ചുരുണ്ട രോമങ്ങള്‍ അവള്‍ കണ്ടു. അന്നുരാത്രി മരച്ചുവട്ടില്‍ ഉണങ്ങിയ ഇലകള്‍ വീണുകിടക്കുന്നതും ആ ഇലകളില്‍ താന്‍ ശയിക്കുന്നതും അവള്‍ സ്വപ്നം കണ്ടു. പിറ്റേദിവസം രാവിലെ വരാന്തയില്‍ അയാള്‍ വലിച്ചെറിഞ്ഞ ഒരു സിഗരറ്റ് കഷണം അവള്‍ കണ്ടു. അതിനെ എടുത്തു ചുംബിക്കുവാന്‍ അവള്‍ ആഗ്രഹിച്ചു. പക്ഷേ, രണ്ടാമത്തെ നിമിഷത്തില്‍ ന്യായമായ അസൂയയോടെ അതു ചവുട്ടിത്തേയ്ക്കുവാന്‍ അവള്‍ ആഗ്രഹിച്ചു. ഒടുവില്‍ അത് പെറുക്കിയെടുത്ത് അവള്‍ തന്റെ ആഭരണപ്പെട്ടിയില്‍ നിക്ഷേപിച്ചു.'
'ചതുരംഗം' എന്ന കഥയില്‍, താന്‍ കഥകളിലാവിഷ്‌കരിക്കുന്ന വിചിത്രപ്രണയത്തിന്റെ ഗീതാസാരം പോലുള്ള ഈ വരികളുമുദ്ധരിക്കുന്നുണ്ട് മാധവിക്കുട്ടി -
'അഥ കേന പ്രയുക്തോയം
പാപം ചരതി പൂരുഷ:
അനിച്ഛന്നപി വാര്‍ഷ്‌ണേയ
ബലാദിവ നിയോജിത:' തുടര്‍ന്ന് കഥാകാരി, അതിങ്ങനെ പരിഭാഷപ്പെടുത്തുകയും ചെയ്യുന്നു -
'എന്തിനാല്‍ പ്രേരിതനായിട്ടാണ്, ഭഗവദ് ഗീത ചോദിക്കുന്നു, പാപം ചെയ്യാന്‍ ഇച്ഛിക്കുന്നില്ലെങ്കില്‍ക്കൂടി ഈ പുരുഷന്‍ ബലമായി നിയോഗിക്കപ്പെട്ടവനേപ്പോലെ പാപത്തെ ചെയ്യുന്നത്?'. പ്രണയത്തിന്റെ വിചിത്രവും അദമ്യവും അവ്യാഖ്യേയവുമായ ആകര്‍ഷണത്തെ വിശദീകരിക്കുന്നതിനു വേണ്ടി ഈ ഗീതാശ്ലോകം ഉദ്ധരിക്കപ്പെട്ടിട്ടുണ്ടാവില്ല മറ്റൊരിക്കലും, മറ്റൊരിടത്തും. ഇതേ കഥയില്‍ വീണ്ടുമൊരു ഗീതാശ്ലോകം കൂടി കടന്നുവരുന്നുണ്ട്; 'അവസാന കാലത്തില്‍ ഒരാള്‍ ഏതുരൂപത്തെ സ്മരിച്ചുകൊണ്ടു ദേഹത്തെ ഉപേക്ഷിക്കുന്നുവോ, അവന്‍ സദാ ആ രൂപസ്മരണയോടു കൂടിയവനായി രൂപത്തെത്തന്നെ പ്രാപിക്കുന്നു' എന്നര്‍ത്ഥം വരുന്നത്. ആത്മീയാര്‍ത്ഥവും ദൈവികാര്‍ത്ഥവും ചോര്‍ത്തിക്കളഞ്ഞ ഗീതോപദേശമാണിത്. കാമുകന്‍ ദൈവമാകുന്നു. ആ ദൈവസ്മരണയോടു കൂടി കണ്ണടയ്ക്കുന്നവള്‍, മരണശേഷവും, അവനെത്തന്നെ ഓര്‍മ്മിക്കുന്നു. ആ രൂപത്തില്‍ വിലയം പ്രാപിക്കുകയും ചെയ്യുന്നു.
മലമുകളിലെ ക്ഷേത്രത്തിലേയ്ക്കുള്ള വഴിയില്‍ പത്മാവതി എന്ന വേശ്യയെ അസഭ്യങ്ങളാല്‍ അഭിഷേകം ചെയ്ത ചെറുപ്പക്കാര്‍, പിറ്റേന്നു രാവിലേ, ഈശ്വരന്റെ പ്രേമഭാജനമായി അവള്‍ മടങ്ങുമ്പോള്‍ പ്രതികരിച്ചതിങ്ങനെ -
''അമ്മേ, ഞങ്ങളെ അനുഗ്രഹിക്കണം!' എന്ന് പറയുവാന്‍ മാത്രം അവര്‍ക്ക് അപ്പോള്‍ തോന്നി(പത്മാവതി എന്ന വേശ്യ). നമ്മുടെ അങ്ങാടിയളവുകള്‍ തീര്‍ത്തും അപര്യാപ്തമാകുന്നു മാധവിക്കുട്ടിയുടെ ബഹുരൂപവിചിത്രമായ പ്രണയഭാവനയെ സമീപിക്കുമ്പോള്‍; അതിനാല്‍ അതിനു മുന്നില്‍ നമുക്കും ആ ചെറുപ്പക്കാരേപ്പോലെ വിനീതരാവാം.
Content Highlights: Mashipacha, Sajay K.V, Madhavikutty, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..