കുമാരനാശാൻ
മഹാകവി കുമാരനാശാന്റെ കൃതിസഞ്ചയത്തില്‍ ഏറ്റവും കുറച്ച് അംഗീകരിക്കപ്പെടുകയും അനുമോദിക്കപ്പെടുകയും ചെയ്ത കൃതി 'ദുരവസ്ഥ'യാണ്.' അഞ്ചടിക്കവിത' എന്നൊക്കെ ഈ കൃതി അപഹസിക്കപ്പെട്ടു. ഉള്ളടക്കത്തിലെ മതവിദ്വേഷപരമായ പരാമര്‍ശങ്ങളുടെ പെരുപ്പമായിരുന്നു മറ്റൊരു വിമര്‍ശനകാരണം. ആശാന്‍ തന്നെ, ഇതിവൃത്തത്തില്‍നിന്ന് 'ഭൂതകാല'വും 'പരോക്ഷത'യും ഒഴിവാക്കപ്പെട്ടിരിക്കുന്നതിനാല്‍ ഈ കൃതി 'വിലക്ഷണ'മാണെന്നു ക്ഷമാപണം നടത്തി. ഇങ്ങനെയെല്ലാം പ്രതികൂല പരാമര്‍ശങ്ങളുടെയും വിമര്‍ശനങ്ങളുടെയും ചെളി, വേണ്ടതിലേറെ, പുരണ്ടിട്ടുണ്ട് 'ദുരവസ്ഥ'യുടെ മേല്‍. വിമര്‍ശകര്‍ ദുരവസ്ഥയുടെ മികവുകള്‍ കണ്ടില്ല. മറ്റു ചിലരാകട്ടെ, ഉള്ളടക്കം മാത്രമായി ആ കൃതിയെ വായിക്കുകയും ചെയ്തു.
ഒരു പുതിയ കാവ്യമാര്‍ഗ്ഗത്തില്‍ കാലൂന്നിയതിന്റെ പരിഭ്രമവും ആശങ്കയും പ്രകടമാണ് ആശാന്‍ ദുരവസ്ഥയ്‌ക്കെഴുതിയ ആ മുഖവുരയില്‍. എന്തായിരുന്നു ആ പുതിയ കാവ്യസരണി? അത്, കവിതയും സാഹിത്യവും പ്രചാരണപരമാകാമെന്ന ബോധമാണ്. ആശയപ്രചാരണലക്ഷ്യത്തോടെ കവിതയെഴുതുമ്പോള്‍ അതിനു വന്നുകൂടാവുന്ന പരിധിയും പരാധീനതയുമായിരുന്നു ആശാനെ ചിന്താക്കുഴപ്പത്തിലാഴ്ത്തിയത്. അതുവരെ അത്തരം ചില ചെറുകവിതകളല്ലാതെ ആശാന്‍ രചിച്ചിട്ടില്ലായിരുന്നു. 'ദുരവസ്ഥ'യില്‍ പ്രമേയം കാലികമാവുകയും രചനാലക്ഷ്യം പ്രചാരണപരമാവുകയും ചെയ്തു. കവിത ഏഴാമിന്ദ്രിയത്തിന്റെ കലയാകുന്നതിനു പകരം, പഞ്ചേന്ദ്രിയങ്ങളുടെ മാത്രം കലയായി മാറി. അത് ആശാനില്‍ ജനിപ്പിച്ച സംഘര്‍ഷങ്ങളുടെ ഫലവും പ്രതിഫലനവുമായിരുന്നു ആ മുഖവുര.
പക്ഷേ, ഇത്തരം സംഘര്‍ഷങ്ങളും വൈരുദ്ധ്യങ്ങളുമൊന്നും ആശാന് പുത്തരിയായിരുന്നില്ല എന്നു നമുക്കറിയാം. ഒരേ സമയം ലൗകികതയും സന്ന്യാസവും ആശാനെ പ്രലോഭിപ്പിച്ചിരുന്നു. സ്‌തോത്രകാവ്യരചനയില്‍ നിന്ന് 'വീണപൂ' മുതലായ കാല്പനികകാവ്യങ്ങളുടെ രചനയിലേയ്ക്ക് പ്രവേശിച്ചത്തോടെ ആശാന്‍ തന്റെ കവിജീവിതത്തിലെ സന്ന്യാസഘട്ടം അവസാനിപ്പിക്കുകയായിരുന്നു എന്നു പറയാം. അതോടെ', തമ: പ്രകാശശബള ശ്രീയൊത്ത മധ്യോര്‍വ്വി'യായിത്തീര്‍ന്നു മഹാകവിയുടെ ഭാവുകത്വഭൂമിക. ഇതൊരു ചുവടുമാറ്റമാണെങ്കില്‍, താദൃശമായ മറ്റൊരു ചുവടു മാറ്റത്തിനൊരുങ്ങുകയായിരുന്നു ആശാന്‍ ,' ദുരവസ്ഥ'യുടെ രചനയിലൂടെ എന്നു കാണാന്‍ പ്രയാസമുണ്ടാവില്ല. മനുഷ്യന്റെ ആന്തരിക വൈകാരികതയില്‍ നിന്ന് അവന്റെ സാമൂഹികതയിലേയ്ക്ക് എന്നതായിരുന്നു ആ ചുവടുമാറ്റം. അവിടെ ഭൂതകാലവും പരോക്ഷതയുമൊന്നും കവിയുടെ തുണയ്‌ക്കെത്തുന്നില്ല. സമകാലസംഭവ വികാസങ്ങളുടെ തിളയ്ക്കുന്ന ലോഹലായനി, അതേപടി, കവിതയുടെ മൂശയിലൊഴിച്ചു വാര്‍ക്കണം.
മലബാര്‍ കലാപം എന്ന തന്നാണ്ടു സംഭവമായിരുന്നു ആ തിളയ്ക്കുന്ന ലോഹം. അത്തരമൊരു സാമൂഹ്യചലനത്തിനോ ചരിത്രചലനത്തിനോ മാത്രം സൃഷ്ടിക്കാനാവുന്ന, ഭൂകമ്പസമാനമായ, തുടര്‍ചലനങ്ങളുടെ മാപിനിയായി തന്റെ കവിതയെ മാറ്റുകയായിരുന്നു ആശാന്‍. ജാതിയുടെ അടിത്തറയിളക്കാന്‍ ആ സാമൂഹ്യവിക്ഷോഭത്തിന് ശേഷിയുണ്ടെന്നും അങ്ങനെ ഹിന്ദുമതം ഒരു ജാതിമുക്തസമുദായമായി മാറിയേക്കാമെന്നും ആശാന്‍ പ്രത്യാശിച്ചു. അതില്‍ കടന്നുകൂടിയ 'ക്രൂരമുഹമ്മദര്‍','മാപ്പിളക്കയ്യര്‍' തുടങ്ങിയ പരാമര്‍ശങ്ങളാണ് കവിതയിലെ പുഴുക്കുത്തുകളായി മാറിയത്. സമുദായനാമം, ഗണനാമമായി മാറുകയും അതിനു മേല്‍ ഹിംസാപരതയുടെയും മതദ്വേഷത്തിന്റെയും പങ്കം പുരട്ടുകയും ചെയ്തു കവി എന്ന ആരോപണം മുഖവിലയ്‌ക്കെടുക്കാതിരിക്കാനാവില്ല. ആ മുഖവിലയെ കവിഞ്ഞുപോകുന്ന മികവുകളുണ്ടായിരുന്നു 'ദുരവസ്ഥ'യ്ക്ക് എന്ന വസ്തുതയും കാണാതിരുന്നു കൂടാ. 'ദുരവസ്ഥ' ഒരു തുടക്കമായിരുന്നു, മലയാളിക്ക് അന്നോളം അപരിചിതവും അരോചകവുമായിരുന്ന ഒരു കാവ്യജനുനുസ്സിന്റെ.
സാഹിത്യം പ്രചാരണപരമാകാമെന്നു തിരിച്ചറിഞ്ഞ ആദ്യ മലയാളകവികളില്‍ ഒരാള്‍ ആശാനായിരുന്നു. വള്ളത്തോളിലും ഉള്ളൂരിലുമെല്ലാം കാണാം ഇതിന്റെ ചില പ്രാരംഭരശ്മികള്‍. ദേശീയപ്രസ്ഥാനത്തിനു വേണ്ടിയും ജാതിനിര്‍മ്മൂലനത്തിനു വേണ്ടിയും അവര്‍ കവിതകളെഴുതി. ഇതില്‍ രണ്ടാമത്തേതു മാത്രമേ ആശാനും ചെയ്തുള്ളൂ. 'ഉദ്ദേശ്യശുദ്ധിയാല്‍ മാപ്പു നല്‍കിന്‍!' എന്ന്, കാവ്യാവസാനത്തില്‍, ആശാന്‍ തന്നെ പറയുന്നുണ്ടെങ്കിലും മലയാളനിരൂപണത്തിലെ വരേണ്യധാര, അതു വേണ്ടതു പോലെ ചെവിക്കൊണ്ടില്ല. ചെവിക്കൊണ്ടത് മുണ്ടശ്ശേരിയെപ്പോലുള്ള ഇടതുപക്ഷ നിരൂപകരായിരുന്നു.
അങ്ങനെ' വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്ന തിളങ്ങുന്ന പദവിമുദ്ര ആശാന്‍കവിതയുടെ വിരിമാറില്‍ പതിക്കപ്പെട്ടു. ആശാന്റെ കവിത്വചിഹ്നങ്ങളില്‍ ഒന്നായി അതിപ്പോഴും വെട്ടിത്തിളങ്ങുന്നുണ്ടെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്;' ദുരവസ്ഥ'യ്ക്കു തൊട്ടുപിന്നാലെ വന്ന' ചണ്ഡാലഭിക്ഷുകി'യില്‍ ആ രീതി കൂടുതല്‍ തികവും മികവുമാര്‍ജ്ജിച്ചു എന്നും. ആശാന്റെ ഒരു സാഹിത്യാപരാധമൊന്നുമല്ല 'ദുരവസ്ഥ'; അങ്ങനെയെങ്കില്‍ ചങ്ങമ്പുഴയുടെ 'വാഴക്കുല' യും വൈലോപ്പിള്ളിയുടെ' പടയാളിക'ളും' മലതുരക്ക'ലും ഇടശ്ശേരിയുടെ' പണിമുടക്ക'വും 'പുത്തന്‍ കലവും അരിവാ'ളുമെല്ലാം അങ്ങനെയാണെന്നു പറയേണ്ടി വരും. പ്രേരണാലക്ഷ്യത്തോടു കൂടിയുള്ള പ്രചാരണ സാഹിത്യം നമ്മുടെ ഭാഷയില്‍ പ്രബലമാകുന്നതില്‍ ആശാന്റെ 'ദുരവസ്ഥ'യ്ക്കുള്ള പങ്ക് നിര്‍ണ്ണായകമാണ്. അതോടെ മലയാള കവിത, ഭാവനയുടെ വനനിലാവു പൊഴിയുന്ന ഭൂഭാഗങ്ങളില്‍ നിന്ന് വര്‍ത്തമാനകാലത്തിന്റെയും സമകാലത്തെ അലട്ടുന്ന രാഷ്ട്രീയ-സാമൂഹിക സമസ്യകളുടെയും ഉച്ചച്ചൂടിലേയ്ക്കു പ്രവേശിച്ചു.
കേരളീയ നവോത്ഥാനത്തിന്റെ കാരകശക്തിയും ചാലകശക്തിയുമായിരുന്നു ആശാനും ആശാന്‍ കവിതയും. സമുദായ സമുദ്ധരണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ തിരക്കുനിറഞ്ഞ പകലുകളും കാവ്യരചനയുടെ നിശീഥവിശ്രാന്തിയും ചേര്‍ന്നതായിരുന്നു ഈ കവിയുടെ ഹ്രസ്വവാഴ്വിന്റെ ദിനരാത്രങ്ങള്‍. അതിലെ സമതുലിതമായ ദിവാരാത്രങ്ങളുടെ സങ്കലിതഭംഗി നമ്മള്‍ കാണാതിരുന്നു കൂടാ. അങ്ങനെ ചെയ്യുന്നുവെങ്കില്‍ വേഡ്‌സ്‌വര്‍ത്തില്‍ ഒരു പ്രകൃത്യുപാസകനെ മാത്രം കാണുകയും ഫ്രഞ്ചുവിപ്ലവത്തിന്റെ ചൈതന്യസ്ഫുലിംഗങ്ങളേറ്റുവാങ്ങി ആംഗല കവിതയെ അപൂര്‍വ്വമാം വിധം ജനാധിപത്യവല്‍ക്കരിച്ച ആ കവിയെ കാണാതിരിക്കുകയും ചെയ്യുന്നതു പോലെയായിരിക്കും. ആശാന്‍ കവിത ദ്രാവിഡ വൃത്തങ്ങളുടെ അയവുള്ള ഘടന സ്വീകരിക്കുന്നതും കൂടുതല്‍ ജനകീയമാകുന്നതും 'ദുരവസ്ഥ'യോടെയാണ്. 'ചണ്ഡാലഭിക്ഷുകി' കേരളത്തിലെ ആദ്യ കഥാപ്രസംഗമായി മാറി ആ ജനകീയത ഇരട്ടിപ്പിച്ചു എന്നും ഓര്‍ക്കാം. തൊട്ടുപിന്നാലെ വന്ന 'കരുണ'യില്‍ വൃത്ത സ്വീകാരത്തിലെ അയവ് നിലനിര്‍ത്തിക്കൊണ്ടു തന്നെ ആശാന്‍ തന്റെ സഹജപ്രമേയങ്ങളിലേയ്ക്ക് മടങ്ങുന്നതും കാണാം.
'ഇറങ്ങി വരവ്' എന്നൊരു 'മോട്ടിഫ്' കാണാം ആശാന്റെ പ്രധാനകാവ്യങ്ങളിലെല്ലാം. ചില അധിത്യകാ സ്ഥാനങ്ങളും അധികതുംഗപദങ്ങളും വെടിഞ്ഞ് ഒരു പ്രധാന കഥാപാത്രം താഴോട്ടിറങ്ങുകയോ പതിക്കുകയോ ചെയ്യുന്നു. 'വീണപൂ' ലെ പൂവിന്റെ പതനമുഹൂര്‍ത്തത്തില്‍ അതു തുടങ്ങുന്നു. രാജ്ഞിയുടെ പരമോന്നതനിലയില്‍ രാജിച്ചിരുന്ന ഒരു പൂവ് 'ഉപകണ്ഠതൃണാങ്കുര'ങ്ങളോടൊപ്പമാകുന്നതിന്റെ നാന്ദിയായിരുന്നു അത്. ഒപ്പം കുരുവികള്‍ക്കും വണ്ടിനും എട്ടുകാലിക്കുമെല്ലാം, പ്രകൃതിയിലെ ചെറുതുകളാണല്ലോ അവ!, ഒപ്പമാകുന്നുമുണ്ട് അതുവരെ തുംഗസ്ഥാനത്തു നിന്നിരുന്ന പൂവ്. ആശാന്‍ കവിതയിലെ ഇറങ്ങിവരവുകള്‍ക്ക് ഒരു സാമൂഹ്യമാനമുണ്ടെന്നതിന്റെ ആദ്യസൂചനകളിലൊന്നാവണം ഈ പുഷ്പപതനം.' കരിഞ്ഞുമലിഞ്ഞുമാശു മണ്ണാവുക' എന്നതിന് സാമൂഹികതയില്‍ വിലയം പ്രാപിക്കുക എന്നും അര്‍ത്ഥമുണ്ട്. തിരോധാനമല്ല അത്; സൂര്യന് തന്റെ നിറവും കാറ്റിന് സുഗന്ധവും കൈമാറി മണ്ണില്‍ അലിഞ്ഞു ചേരലാണത്. ലതയുടെ തുഞ്ചത്തെ 'സമജാതി'കളാം സുമങ്ങളോടൊപ്പമുള്ള ഏകാന്തവാഴ്വിന്റെ വരേണ്യഭംഗിയാണ്, അതോടെ, ഇല്ലാതാകുന്നത്. അതിനു മുന്നോടിയായി പൂവ്, 'വിരുതനങ്ങൊരു ഭൃംഗരാജ'നെ സ്വയം വരിച്ച് തന്റെ സവര്‍ണ്ണതയെ അവര്‍ണ്ണഭൃംഗത്തിന്റെ കറുപ്പുമായന്വയിക്കുന്നുമുണ്ട്. പതനവേളയില്‍ അവനാണ് അവള്‍ക്കു ചുറ്റും മൂളിപ്പറന്ന് വിലപിക്കുകയും കല്ലില്‍ തലയാഞ്ഞു തല്ലുകയും ചെയ്യുന്നത്. പൂവിന്റെ 'സവര്‍ണ്ണത' അങ്ങനെ, വണ്ടിന്റെ 'അവര്‍ണ്ണത'യുമായി ചേര്‍ന്ന് ശോഭനമാകുന്നു.
സാമൂഹ്യശ്രേണീകരണത്തിന്റെ സ്ഥിതഘടനകളെ അസ്ഥിരമാക്കുന്ന ഈ പ്രവര്‍ത്തനം ആശാന്‍ തന്റെ കവിജീവിതത്തിലുടനീളം നടത്തിയിരുന്നു. അതിന്റെ ആത്യന്തികപരിണാമങ്ങളിലൊന്നാണ് 'ദുരവസ്ഥ'. ദിവാകരന്‍, ഹൈമവതഭൂമിയുടെ അതീതധാവള്യത്തില്‍ നിന്ന് 'ഭൂരിജന്തുഗമനങ്ങ'ളായ ഉപത്യകകളിലേയ്ക്കിറങ്ങുന്നതും ലീല, എന്ന വര്‍ത്തകപ്രമാണിയുടെ മകള്‍ 'സദനനികടവര്‍ത്തിയായ','സമധനവംശ'നല്ലാത്ത മദനനില്‍ അനുരക്തയാവുന്നതും സീത, രാമവിമര്‍ശകയായ ചിന്താവിഷ്ടയായി മാറുന്നതും ഇത്തരം ഇറക്കങ്ങളായിരുന്നു. ആ ഇറക്കങ്ങളുടെ അനുക്രമണത്തിലെ ആത്യന്തികസാഫല്യങ്ങളിലൊന്നായിരുന്നു 'ദുരവസ്ഥ'.
'വീണപൂവി'ലെ വണ്ടിനും പൂവിനും കൈവന്ന സാമൂഹ്യ/രാഷ്ട്രീയസാഫല്യമായിരുന്നു, 'ദുരവസ്ഥ'യിലെ ചാത്തനും സാവിത്രിയും. ഒരു സാമൂഹ്യവിക്ഷോഭത്തിന്റെ ചരിത്രസന്ദര്‍ഭം, പൂവും വണ്ടും തമ്മിലുള്ള, ചാത്തനും സാവിത്രിയും തമ്മിലുള്ള, ഭിന്നതകള്‍ ഇല്ലാതാക്കും എന്ന് ആശാന്‍ കരുതി. ആ നവോത്ഥാനപ്രത്യാശയുടെ തുടര്‍ച്ചയാവണം നമ്മുടെ 'ദുരവസ്ഥാ'ചര്‍ച്ചകള്‍. അതിനൊരാമുഖം മാത്രമാകുന്നു ഈ കുറിപ്പ്.
Content Highlights :Mashipacha Sajay KV writes about the unfortunate poem of Kumaranasan Duravastha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..