എ.അയ്യപ്പൻ| ഫോട്ടോ: സിനോജ് എം.വി
എ.അയ്യപ്പന്റെ കവിത ക്യാമ്പസുകളെ ആവേശിച്ച തൊണ്ണൂറുകളിലായിരുന്നു എന്റെ കലാലയ ജീവിതം. തരുണരക്തത്തെയെന്നപോലെ ഒരു മധ്യവയസ്‌കനെയോ വൃദ്ധനെയോ അയ്യപ്പന്‍ ബാധിച്ചെന്നു വരില്ല. മുറിവേറ്റ ഛന്ദസ്സിന്റെ ആ പാട്ടുകള്‍ കവിയുടെ ജീവിതം പോലെ തന്നെ അരാജകമായിരുന്നു. മുടി ചീകിയൊതുക്കിയ, ചുളിവുവീഴാത്ത ഉടുപ്പുധരിച്ച അയ്യപ്പന്‍ ഒരപൂര്‍വ്വ കാഴ്ച്ചയാകുന്നതുപോലെ, അയ്യപ്പന്റെ കവിതയിലും പൂര്‍ത്തിയായ ശില്പങ്ങളോ അച്ചടക്കമുള്ള രചനയുടെ അടക്കമോ കാണാനാവില്ല. ലഹരിയുടെ ഇരുണ്ട തടാകത്തില്‍ നിലാവു വീണു നുറുങ്ങുന്നതുപോലെ അയ്യപ്പന്‍ എഴുതി. ചൈനീസ് കവിയായ ലീ പോവിന്റെ കവിതകളിലെമ്പാടും മദ്യലഹരിയുടെ വാഴ്ത്തുപാട്ടുകള്‍ കാണാം. അയ്യപ്പന്‍ കവിതയില്‍ മദ്യത്തെ പ്രകീര്‍ത്തിച്ചില്ല. പകരം ദുഃഖത്തെയും അനാഥത്വത്തെയും കുറിച്ചെഴുതി.'സുനിശ്ചിതമാണു രാത്രി/അനിശ്ചിതമാണു സത്രം' എന്നൊരു അയ്യപ്പന്‍ കവിതാവരിയുണ്ട്. അതിന്റെ അനന്തമായ ആവര്‍ത്തനങ്ങളായിരുന്നു അയ്യപ്പന്റെ എഴുത്തുകള്‍. എല്ലാ കവിതകളും ചേര്‍ന്ന ഒരേയൊരു കവിത അഥവാ എഡിറ്റു ചെയ്യപ്പെടുകയോ എഴുതി മുഴുമിക്കുകയോ ചെയ്യാത്ത ഒട്ടനവധി കാവ്യസാധ്യതകള്‍. രൂപപൂര്‍ത്തിയുള്ള ഒരയ്യപ്പന്‍കവിത കണ്ടെത്താന്‍ അയാളുടെ ഏറ്റവും മികച്ച ഒരു വായനക്കാരനു പോലും കഴിഞ്ഞെന്നു വരില്ല. ഒരു പക്ഷേ,' ബുദ്ധനും ആട്ടിന്‍കുട്ടിയും' പോലെയോ 'പച്ചത്തത്തയുടെ ജഡം' പോലെയോ ഒന്നുരണ്ടെണ്ണം കണ്ടെന്നു വന്നേയ്ക്കാം, കൂട്ടത്തില്‍.
വായനക്കാരെ ആഞ്ഞുകൊത്തുന്ന ചില വരികളും ബിംബങ്ങളുമാണ് അയ്യപ്പന്റെ കവിത; മുഴുക്കവിതകളല്ല. ഒരു കവിതയിലെ വരികള്‍ സ്ഥാനംതെറ്റി മറ്റൊന്നില്‍ ചേക്കേറിയാലും ഇരുകവിതകള്‍ക്കും ഊനമൊന്നും സംഭവിക്കാത്ത വിധമുള്ള രൂപശൈഥില്യം അവയുടെ സ്വഭാവമായിരുന്നു. ഒരു ശില്പവും പൂര്‍ത്തീകരിക്കാത്ത ശില്പി. നിരന്തരമായി ആത്മഹത്യ ചെയ്തുകൊണ്ടേയിരിക്കുന്ന ഒരുവനെയെന്നോണം മലയാളി അയ്യപ്പനെ സഹാനുഭൂതിയോടെ വായിച്ചു. അയ്യപ്പന്റെ കവിതയാകട്ടെ, മുറിവുകളുടെ ഒരു പ്രദര്‍ശനശാലയുമായിരുന്നു. സിദ്ധാര്‍ത്ഥനെന്ന കുട്ടി കൂടി ആ കുഞ്ഞാടിനെ കല്ലെറിഞ്ഞു.'ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍ ' എന്നതു പോലൊരു ശീര്‍ഷകം അയ്യപ്പന്റെ കവിതയ്‌ക്കെന്നപോലെ മലയാളത്തില്‍ മറ്റൊരു കവിക്കുമിണങ്ങില്ല. സില്‍വിയാ പ്ലാത്ത്, വാന്‍ഗോഗ് എന്നിവരോടായിരുന്നു അയ്യപ്പന് ഇണക്കം, ജീവിതത്തില്‍ ജോണ്‍ എബ്രഹാമിനോടും. ജീവിതത്തില്‍ 'ബൊഹീമിയ'നാകാനുള്ള മലയാളിയുടെ ഭീരുത്വത്തെ സ്വന്തം ജീവിതം കൊണ്ടും വേദനകളെ കണ്ണീരിന്റെ ഉപ്പുകൂട്ടിത്തിന്നാനുള്ള വാസനയെ കവിത കൊണ്ടും സല്‍ക്കരിച്ചു അയ്യപ്പന്‍. ഗദ്യത്തെ താളാത്മകമായി, ആകാവുന്നത്ര മുറുക്കിയെഴുതുന്നതില്‍ കാണിച്ച നിഷ്ഠ മാത്രമായിരുന്നു കവിതയിലും ജീവിതത്തിലും അയ്യപ്പന്‍ പാലിച്ച ഒരേയൊരച്ചടക്കം. ചങ്ങമ്പുഴയില്‍ സാഡിസവും മസോക്കിസവും കണ്ടെത്തിയ കേസരിയാണ് ശരി. അയ്യപ്പനിലും അവ വേണ്ടുവോളമുണ്ടായിരുന്നു. അത്തരം കവികളെയാണ് മലയാളി എക്കാലവും ഏറെ നെഞ്ചേറ്റിയതെന്നു കാണാം. കാരണം കവിതയോ, കവിയുടെ ജീവിതമോ, മലയാളിയുടെ സാമൂഹ്യമന:ശ്ശാസ്ത്രമോ?
Content Highlights ; Mashipacha Sajay KV Writes about Poet A Ayyappan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..