സച്ചിദാനന്ദൻ/ ഫോട്ടോ : ഗിരീഷ് കുമാർ സി.ആർ
സച്ചിദാനന്ദന്റെ 'നാവുമരം' എന്ന കവിതയിലെ നാവുമരം ഒരു രൂപകമാണ്. മര്‍ദ്ദകമായ അധികാര വ്യവസ്ഥകള്‍ക്കെതിരേ ശബ്ദിക്കുന്ന നാവാണ് കവിത എന്നതിന്റെയും അതിനെ ദമനം ചെയ്യാനാവില്ല എന്നതിന്റെയും. ഇന്ത്യയിലെ രാഷ്ട്രീയാടിയന്തരാവസ്ഥയോട് മലയാളകവിത പ്രതികരിച്ചതിന്റെ തിളങ്ങുന്ന രേഖകളിലൊന്നാണിത്. സമാനസന്ദര്‍ഭങ്ങളിലെല്ലാം വര്‍ധിതമായ അര്‍ത്ഥവീര്യത്തോടെ ആ കവിത ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. നാട്ടിലെല്ലാം പരന്ന ഒരു നടപ്പുദീനത്തിന്റെ കാലത്താണ് നാട്ടമ്മയുടെ തീട്ടൂരമിറങ്ങിയത്-'തട്ടകത്തേ നാവെല്ലാം/കെട്ടിയിട്ടു കുരുതി ചെയ്യാന്‍'. അങ്ങനെ നാവുകളെല്ലാം അരിഞ്ഞു മാറ്റപ്പെട്ടു - കുരുകാരണവന്മാരുടെയും മരുമകന്റെയും മാറ്റാന്റെയും വര്‍ത്തമാനം വിളിച്ചുകൂവുന്ന ചെക്കന്റെയും ചുമരിലെല്ലാം കരി വരയ്ക്കുന്ന കരുമാടിയുടെയും പുക കുടിച്ചു പൊന്നുവിതയ്ക്കുന്ന പണിയന്റെയും. അപ്പോഴതാ, നാവിലൊന്ന് വീണ്ടും മുളച്ചുപൊന്താന്‍ തുടങ്ങുന്നു. ആ മുളപ്പിന്റെയും ഉയിര്‍പ്പിന്റെയും വിവരണമാണ് ഈ കവിതയിലെ ഏറ്റവും ഉജ്ജ്വലമായ ഭാഗം -
'നാളു തോറും നീണ്ടു വന്നൂ
നാറാണക്കല്ലില്‍ നിന്നും
നാരായവേരു പൊട്ടി
കന്നിയില ചിന്നയില
ഉണ്ണിയാര്‍ച്ചയുറുമി പോലെ
ഉണ്ണിയില വണ്ണനില
കണ്ണപ്പന്‍ പരിചപോലെ
മൂന്നാമന്‍ പച്ചയില
കരിമ്പാണ്ടിക്കയ്യു പോലെ
നാലാമന്‍ പുള്ളിയില
നാകരാജന്‍ പത്തി പോലെ
അഞ്ചാമന്‍ തുഞ്ചനില
ആതിത്യന്‍ നെനവു പോലെ
അലകലകായ് ചൊമലയില
ഉതിരമൂറും നാവുപോലെ ...'
മലയാളിയുടെ തന്മയും തന്റേടവുമാണ് നിര്‍വ്വചിക്കപ്പെടുന്നത്, ഈ ഉപമാനപരമ്പരയിലൂടെ. ഉണ്ണിയാര്‍ച്ചയും കണ്ണപ്പനും നാഗരാജാവും തുഞ്ചത്തെഴുത്തച്ഛനും കാളിയും ചേരുന്ന പോരിന്റെയും വീറിന്റെയും വിവേകത്തിന്റെയും സംസ്‌കാരമാണത്. ആ പാരമ്പര്യത്തെ ദമനം ചെയ്യാനാവില്ല എന്നും അതിന്റെ അറുത്തിട്ട നാവ്, ഉണ്ണിയാര്‍ച്ചയുടെ ഉറുമി പോലെയും കണ്ണപ്പന്റെ പരിചപോലെയും എഴുത്തച്ഛന്റെ വാക്കുപോലെയും കറുത്തവന്റെ കയ്യു പോലെയും കാളിയുടെ നാക്കുപോലെയും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും പറയുകയാണ് കവി.
നേരു പറയുകയും പാടുകയും ചെയ്യുന്ന പാണന്റെ, കവിയുടെ, നാവായിരുന്നു അത്. അതിനെ അറുക്കാനും അടക്കാനുമാണ് നാട്ടമ്മയുടെ ശ്രമം. നാട്ടമ്മ കടയറുത്തിട്ടും അതു വളര്‍ന്നു. ആയിരം നാവില വിടര്‍ത്തി, നാവുമരം പന്തലിച്ചു. ആ ഇലകള്‍ തോറും മിന്നിനിന്നത് നേരിന്റെ തിളക്കമായിരുന്നു, മറ ചെയ്ത നേരിന്റെ തിളക്കം. നാവുമരം നിന്നിടം 'തിരുനാവായ' എന്നറിയപ്പെട്ടു എന്നുകൂടി, കുസൃതി നിറഞ്ഞ ഐതിഹ്യകഥനത്തിന്റെ ശ്രുതിയില്‍, കുറിച്ചിട്ടേ സച്ചിദാനന്ദന്‍ തന്റെ കവിതയ്ക്കു വിരമമിടുന്നുള്ളൂ. ഈ ഫോക്‌ലോറിന്റെ സ്വരൂപമാണ് 'നാവുമരം' എന്ന കവിതയുടെ ശക്തിയും സൗന്ദര്യവും. അങ്ങനെ അത് ജനഗണമനസ്സിന്റെ നാദമായും മാറുന്നു.
നാവുമരം എന്ന പുതിയൊരൈതിഹ്യകല്പനയും അതിന്റെ രാഷ്ട്രീയോര്‍ജ്ജവും മലയാളിക്കു സമ്മാനിച്ചു എന്നതാണ് ഈ സച്ചിദാനന്ദന്‍കവിതയുടെ അനന്യത. ഇതുപോലൊരു നാടോടിക്കഥ, എ.കെ. രാമാനുജന്‍ എഡിറ്റു ചെയ്ത 'ഇന്ത്യന്‍ നാടോടിക്കഥകള്‍' എന്ന പുസ്തകത്തില്‍ കാണാം. അത് ഒരു ക്ഷുരകന്റെ കഥയാണ്. ഒരിക്കല്‍ രാജാവിന്റെ മുടി വെട്ടാന്‍ പോയി ക്ഷുരകന്‍. അപ്പൊഴാണയാള്‍ ചിരിപ്പിക്കുന്ന ഒരു രഹസ്യം കണ്ടെത്തിയത്. കഴുതയുടെ ചെവികളായിരുന്നു രാജാവിന്! അതയാള്‍ ഒരു വിധം മറച്ചു കൊണ്ടു നടക്കുകയായിരുന്നു. മുടി വെട്ടുമ്പോള്‍ ക്ഷുരകന്‍ അതു കണ്ടുപോയി. ഈ രഹസ്യം ആരോടും, ഭാര്യയോടു പോലും, പറയാനാവാതെ അയാള്‍ വീര്‍പ്പുമുട്ടി. പറഞ്ഞാല്‍ തല പോകുന്ന കാര്യമാണ്. ഒടുവില്‍ ക്ഷുരകന്‍ ഒരു പോംവഴി കണ്ടെത്തി, വിജനമായ കാട്ടില്‍ച്ചെന്ന് ഇതങ്ങു വിളിച്ചുപറയുക! താന്‍ കണ്ട മഹാരഹസ്യം ഒന്നുറക്കെപ്പറഞ്ഞുവെന്നുമായി, അതാരുമൊട്ടു കേള്‍ക്കുകയുമില്ല. അയാള്‍ അങ്ങനെ ചെയ്ത ശേഷം സ്വസ്ഥനായി വീട്ടിലേയ്ക്കു മടങ്ങി. പിന്നീടൊരുനാള്‍ ഒരു ചെണ്ടക്കാരന്‍ അതേ കാട്ടിലെത്തി. നല്ല ഒരു മരം മുറിച്ചെടുത്ത് ആ തടി കൊണ്ട് അപൂര്‍വ്വമായ ഒരു ചെണ്ട പണിയുകയായിരുന്നു അയാളുടെ ഉദ്ദേശ്യം. ചെണ്ട പണികഴിഞ്ഞപ്പോള്‍ ആദ്യമായി രാജാവിനു മുന്നില്‍ത്തന്നെ തന്റെ വാദ്യകല പ്രദര്‍ശിപ്പിക്കണമെന്നായി അയാളുടെ ആഗ്രഹം. അതിനുള്ള അനുമതിയും ലഭിച്ചു. അങ്ങനെ, നിശ്ചയിക്കപ്പെട്ട ദിവസം ചെണ്ടക്കാരന്‍ രാജസവിധത്തില്‍ തന്റെ കലാപ്രകടനമാരംഭിച്ചു. ചെണ്ടയില്‍ കോലു വീണപ്പോള്‍ പൊങ്ങിയ നാദമിങ്ങനെ -'നമ്മുടെ രാജാവ് കഴുതച്ചെവിയന്‍!'
ഇതും ഒരന്യാപദേശമാണ്, കലയുടെ സഹജസ്വഭാവം തന്നെ അധികാരത്തിന്റെ നിന്ദ്യതയും ഹീനതയും വെളിപ്പെടുത്തുകയാണ് എന്നതിന്റെ;എത്ര തന്നെ ദമനം ചെയ്താലും അതു വെളിപ്പെടുക തന്നെ ചെയ്യും എന്നതിന്റെയും.
Content Highlights: Mashipacha, Sajay K.V, Satchidanandan, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..