പൂന്താനം
എങ്ങനെയെല്ലാമാണ് പൂന്താനത്തിന്റെ കവിതയും കാവ്യഭാഷയും പില്‍ക്കാല മലയാള കവിതയില്‍ പ്രവര്‍ത്തിച്ചത്? അസങ്കീര്‍ണ്ണമായെഴുതിയവര്‍ക്കെല്ലാം പ്രചോദനമായിട്ടുണ്ടാവും ആ തെളിമലയാളം എന്ന കാര്യം നിസ്സംശയമാണ്.' പൂന്താനം' എന്ന കവിതയില്‍ വൈലോപ്പിള്ളി എഴുതുന്നു -
'സ്വന്തമാമനുഭവം സ്വച്ഛ ഭാഷയിലൂടെ ചന്തമായ് മൊഴിയും പൂന്താനവും നമുക്കില്ലേ?'- സ്വന്തമാമനുഭവം, സ്വച്ഛഭാഷ, ചന്തമായ് മൊഴിയല്‍ എന്നീ മൂന്നു സവിശേഷതകളുടെ സമന്വയവും സാഫല്യവുമായി പൂന്താനത്തിന്റെ കവിത്വത്തെ നിര്‍വ്വചിക്കുകയാണ് വൈലോപ്പിള്ളി.'
അനപത്യതാദുഃഖമാഴത്തിലറിഞ്ഞോനേ/അനവദ്യമപ്പാനയാമട്ടു പാടാനൊക്കൂ' എന്നും എഴുതുന്നുണ്ട് അതേ കവിതയില്‍ വൈലോപ്പിള്ളി. അനപത്യതയാണ് 'സ്വന്തമാമനുഭവം'. ഈ സ്വാനുഭവത്തെ ഭക്തിയാലും ജ്ഞാനത്താലും ജ്വലിപ്പിച്ച് കവിതയുടെ തെളിനാളമാക്കി മാറ്റി പൂന്താനം. സ്വച്ഛഭാഷയും മൊഴിച്ചന്തവും അതിനരു നിന്നു.
പില്‍ക്കാലം, 'നാട്ടുമഴ' എന്ന കവിതയില്‍ ആറ്റൂര്‍ രവിവര്‍മ്മ വരയുന്ന ഒരു പൂന്താനചിത്രമുണ്ട്. അവിച്ഛിന്നധാരമായി പെയ്യുകയാണ് മലയാള കവിത എന്ന തെളിമഴ. പടപാടുമ്പോള്‍ എഴുത്തച്ഛന്‍ അതുകണ്ടു. 'ഒരു വിലാപ'ത്തിന്റെ 'കൂരിരുള്‍ക്കോളി'ലിരുന്നു കൊണ്ട് വി.സി. ബാലകൃഷ്ണപ്പണിക്കര്‍. മുറുക്കിച്ചുവന്ന് വെണ്‍മണി മഹന്‍. പൂന്താനമോ?
'മൂകനായ് പൂന്താനം' എന്ന് ആറ്റൂര്‍. വിഷാദമൂകനും വിചാരമൂകനുമായിരുന്നു പൂന്താനം എന്ന കവി. ഇതിന് വൈയക്തികവും സാമൂഹികവുമായ കാരണങ്ങള്‍ കണ്ടേക്കാം. വ്യക്തിപരമായ അഴല്‍, ദാരിദ്ര്യവും അനപത്യതയും ചേര്‍ന്ന ഏകാന്തതയാലാവാം; സാമൂഹികമായ വ്യസനം ഭോഗപരായണന്മാരായ ഭൂരിപക്ഷത്തിന്റെ ആത്മീയാപചയം കണ്ടിട്ടും. ഇതിനെയെല്ലാം ഹരിഭജനമെന്ന അനേകാന്തതയാല്‍ മറികടന്നു പൂന്താനം.
'ഉണ്ണികൃഷ്ണന്‍ മനസ്സില്‍ക്കളിക്കുമ്പോള്‍ ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്?' എന്ന മുഴങ്ങുന്ന ചോദ്യത്തില്‍ ദൈവവുമായി മാത്രം പങ്കിടാവുന്ന ഏകാന്തതയും അനേകാന്തതയുമുണ്ട്. ഇതിന്റെയെല്ലാം സംഗ്രഹമാണ് 'മൂകനായ് പൂന്താനം' എന്ന ഗഹനവാങ്മയം. മൂകനായിരുന്ന് മഴ കാണുന്ന പൂന്താനത്തിന്റെ അകമഴകളാണ് 'ജ്ഞാനപ്പാന'യും 'സന്താനഗോപാല'വും' കുചേലവൃത്ത'വും മറ്റും.
കെ.ജി.ശങ്കരപ്പിള്ളയുടെ 'അന്യാധീനം' എന്ന കവിതയിലും കാണാം പൂന്താനത്തിന്റെ കവിതയ്ക്ക് ധന്യവാദമര്‍പ്പിക്കുന്ന ഒരു ഭാഗം -
'പിന്നെ
വഴികളെല്ലാം നിറഞ്ഞെത്തുന്നു
മക്കളില്ലാത്ത വീടിന്റെ മൗനം
പൊരുളുദിക്കാതെ
തളരുമിരുളിലെ ശ്ലഥധ്യാനം
തെളിമ ദാഹിച്ച് പൂന്താനപാനം'. തെളിമയുടെ പേരാണ്, ഭാഷയുടെയും ദര്‍ശനത്തിന്റെയും, പൂന്താനം എന്നത്. പൂന്താനപ്പാന വായിക്കുമ്പോള്‍ ജ്ഞാനത്തിന്റെ തെളിമയാണ് പാനം ചെയ്യുന്നത് മലയാളി. അതിനാല്‍,' തെളിമ ദാഹിച്ച് പൂന്താനപാനം'.
'ജ്ഞാനപ്പാന', 'ഞാനപ്പാന'യാകുന്നു അയ്യപ്പപ്പണിക്കരിലെത്തുമ്പോള്‍. പൂന്താനത്തില്‍ ഒരു സാറ്റയറിസ്റ്റുണ്ടായിരുന്നു. ഭക്തികാവ്യം മാത്രമല്ല, ഒന്നാന്തരമൊരു 'സോഷ്യല്‍ സാറ്റയര്‍' കൂടിയാണ് 'ജ്ഞാനപ്പാന'. പണിക്കരിലെ വിഡംബനപ്രിയന്‍, അതിനാല്‍, 'ജ്ഞാനപ്പാന'യെ 'ഞാനപ്പാന'യാക്കുന്നു. വാസ്തവത്തില്‍ പൂന്താനത്തില്‍ത്തന്നെയുണ്ടായിരുന്നു ഇത്തരം പദകേളികള്‍ -'നാരി ചത്തുടനോരിയായ്‌പ്പോകുന്നു' എന്ന പോലെ. സമാനരീതിയില്‍ പൂന്താനത്തിന്റെ കാവ്യശീര്‍ഷകത്തില്‍ നിന്ന് ഒരക്ഷരം കിഴിച്ച്, 'ഞാനപ്പാന'യെന്ന പാരഡി നിര്‍മ്മിക്കുകയാണ് പണിക്കര്‍-
'ഞാനെന്റെ വീട്ടിലടങ്ങിയിരിക്കയാല്‍
ഭൂമിയിപ്പോഴും കറങ്ങുന്നു
ഞാനെന്റെ മെത്തയില്‍ കൂര്‍ക്കം വലിക്കയാല്‍
സൗരയൂഥങ്ങള്‍ തിളങ്ങുന്നു
ഞാന്‍ മുറുക്കുന്നു ചവയ്ക്കുന്നു തുപ്പുന്നു കാലമതിനാല്‍ ചലിക്കുന്നു
കെട്ടിയ പെണ്ണിനെ ശ്രദ്ധിപ്പു ഞാനതില്‍
സൃഷ്ടിസ്ഥിതിലയമൊക്കുന്നു'.
ഇതൊക്കെ പൂന്താനംകവിതയുടെ പ്രത്യക്ഷമായ മാറ്റൊലികളാണെങ്കില്‍ ആ ജ്ഞാനം പരോക്ഷമായി പ്രകാശിക്കുന്ന ചില കവിതകളുമുണ്ട് , നമ്മുടെ സമകാലത്തില്‍.
'നേരം വേഗം വെളുക്കണേ
പിറന്നാള്‍ ഉടനെ വരണേ
എന്നെല്ലാം ആഗ്രഹിക്കുന്നതില്‍
തെറ്റൊന്നുമില്ല
അതിലെല്ലാം
മരണം വേഗം എത്തണേ
എന്നൊരു പ്രാര്‍ത്ഥന
അടങ്ങിയിരിക്കുന്നത്
ദൈവം
അവഗണിക്കുമെങ്കില്‍'.
'വ്യംഗ്യം' എന്ന വീരാന്‍ കുട്ടിക്കവിതയാണ് മേലെടുത്തെഴുതിയത്. ഇനി, ഈ പൂന്താനംവരികള്‍ കൂടി -
'വന്നുവോണം കഴിഞ്ഞു വിഷുവെന്നും
വന്നില്ലല്ലോ തിരുവാതിരയെന്നും
കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രമശ്വതിനാളെന്നും
ശ്രാദ്ധമുണ്ടഹോ വൃശ്ചിക മാസത്തില്‍
സദ്യയൊന്നുമെളുതല്ലി നിയെന്നും
ഉണ്ണിയുണ്ടായി വേള്‍പ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും;
കോണിക്കല്‍ത്തന്നെ വന്ന നിലമിനി-
ക്കാണമന്നന്നെടുപ്പിക്കരുതെന്നും
ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ
ചത്തുപോകുന്നു പാവം ശിവ! ശിവ!.'
പൂന്താനജ്ഞാനം, അബോധപൂര്‍വ്വം, പുതിയ കവിതയില്‍, കവിയിലും, തട്ടി പ്രതിദ്ധ്വനിക്കുകയാണിവിടെ.
തന്റെ ഓര്‍മ്മപ്പുസ്തകങ്ങള്‍ക്കൊന്നിന് 'മധ്യേയിങ്ങനെ' എന്നും മറ്റൊന്നിന് 'കാണുന്ന നേരത്ത്' എന്നും പേരിട്ട നോവലിസ്റ്റ് സുഭാഷ്ചന്ദ്രനിലോളം പാറി വീണു തിളങ്ങുന്നുണ്ട് പൂന്താനപരാഗങ്ങള്‍, അവിരാമം.
Content Highlights: Mashipacha, Sjay K.V, Poonthanam, Jnanappana, Vyloppilly, Veerankutty, Subhashchandran
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..