കുമാരനാശാൻ, ടി.പത്മനാഭൻ
ഒരു സാഹിത്യോത്സവത്തിന്റെ അവസാനദിനമായിരുന്നു അത്. കഥാകൃത്ത് ടി.പത്മനാഭനോടൊത്തുള്ള ഒരു സംഭാഷണമായിരുന്നു എന്റെ ചുമതല. നാലു വര്‍ഷം മുന്‍പ് പപ്പേട്ടനെ ഇന്റര്‍വ്യൂ ചെയ്തിരുന്നു, മാതൃഭൂമി ആഴ്ച്ചപ്പതിപ്പിനു വേണ്ടി. എങ്കിലും പരിഭ്രമമുണ്ടായിരുന്നു. വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തില്‍ ക്ഷിപ്രകോപിയായ ആ അതികായനെ എങ്ങനെ നേരിടും എന്ന ആശങ്ക. അദ്ദേഹം തങ്ങിയിരുന്ന ഹോട്ടല്‍ മുറിയില്‍ നേരത്തേ എത്തി. ഇപ്പോള്‍ മുറിയില്‍ പപ്പേട്ടനും ഞാനും മാത്രം. മുന്നേ എഴുതിത്തയ്യാറാക്കിയ ചോദ്യങ്ങള്‍ അദ്ദേഹത്തെ കാണിച്ചു. കഥാകാരന്റെ കാവ്യപ്രണയത്തെക്കുറിച്ചായിരുന്നു ഒരു ചോദ്യം. അനൗപചാരികവിശുദ്ധമായി, ഒരാത്മമിത്രത്തോടെന്നപോലെ, പപ്പേട്ടന് മനസ്സു തുറന്നു. ആശാന്റെ ലീലാകാവ്യത്തിലെ ഈ വരികള്‍, ഇമ്പത്തോടെ, ഓര്‍ത്തുചൊല്ലാന്‍ തുടങ്ങി അദ്ദേഹം:
'അളിപടലികള്‍ മൂളീ, രന്ധ്രമേലും
മുളകള്‍ മരുത്തിലുലഞ്ഞു മെല്ലെയൂതീ
തളിര്‍നിര മൃദുതാളമേകിയേവം
കളകളമായതിമോഹനം വനത്തില്‍...'
ഈ വരികളാണല്ലോ 'നളിനകാന്തി' എന്ന കഥയിലെ ഏകാകി ഓര്‍ത്തു മൂളുന്നത്, ഒരു നിര്‍ണ്ണായകസന്ദര്‍ഭത്തില്‍ എന്ന നിനവോടെ ഞാനത് കേട്ടിരുന്നു. പപ്പേട്ടന് പിന്നെ 'നളിനകാന്തി' എന്ന രാഗത്തെപ്പറ്റി പറഞ്ഞു. മനോഹരമായ രാഗമാണെങ്കിലും അതില്‍ അധികം കൃതികളില്ല എന്നും ത്യാഗരാജ സ്വാമികളുടെ 'മനവ്യാള കിം ...' ഈ രാഗത്തിലാണെന്നും പറഞ്ഞുതന്നു. ഇതെല്ലാം ആ കഥയിലും കാണാമല്ലോ എന്ന് ഞാനോര്‍ത്തു. മനോഹരമായ പേരുകളാണ് കര്ണ്ണാടകസംഗീതരാഗങ്ങള്ക്ക് എന്നു പപ്പേട്ടന്. ചിരപരിചിതമായ മറ്റു രാഗനാമങ്ങളേക്കാള് ഈ നളിനകാന്തി, അതിന്റെ അര്ത്ഥചാരുത കൊണ്ടുതന്നെ, എത്ര സുന്ദരം എന്നായിരുന്നു ഞാനപ്പോള്‍ വിചാരിച്ചത്. കവിതാവരികള്‍ കഥകളുടെ രചനാസന്ദര്‍ഭത്തില്‍ വളരെ സ്വാഭാവികമായി അങ്ങനെ വന്നുചേരാറാണ് പതിവ് എന്നു പപ്പേട്ടന്. തുടര്‍ന്ന്, 'സാക്ഷി' എന്ന കഥയിലുദ്ധരിക്കപ്പെടുന്ന പി. കുഞ്ഞിരാമന് നായരുടെ ഭക്തികാവ്യത്തിലെ മനോഹരമായ വരികള്‍ ചൊല്ലുകയായി കഥാകാരന്:
'നിശ്ശബ്ദമാം നിശീഥത്തില്‍
ശാന്തശീതസമീരനില്
ചാഞ്ചാടും പാതിരാദീപ
ജ്വാലാപത്മദളങ്ങളില്...!'
തൊട്ടുപിന്നാലെ, 'മരയ'യില്‍, അതിലെ പ്രണയസന്ദര്ഭവുമായി ഹൃദ്യമായി കണ്ണിചേരുന്ന ആല്‍ഫ്രഡ് നോയ്സിന്റെ 'ഹൈവേമാന്‍' എന്ന കവിതയിലെ നിലാവു വീണു തിളങ്ങുന്ന വരികളുടെ വരവായി-
'Then look for me by moonlight,
Watch for me by moonlight,
I'll come to thee by moonlight,
Though hell should bar the way...'
അപ്പോഴേയ്ക്ക് സംഘാടകര്‍ അയച്ച കാറുവന്നു. തിരക്കേറിയ തെരുവിലൂടെ സമ്മേളനനഗരിയിലേയ്ക്കു നീങ്ങുമ്പോഴും പപ്പേട്ടന് കവിതയുടെ ലഹരിയിലായിരുന്നു.
'സന്തതം മിഹിരനാത്മ ശോഭയും
സ്വന്തമാം മധു കൊതിച്ച വണ്ടിനും
ചന്തമാര്‍ന്നരുളി നില്ക്കുമോമലേ
എന്ത! ധന്യമിഹ നിന്റെ ജീവിതം' എന്ന നളിനിയിലെ കേന്ദ്രശ്ലോകമാണിപ്പോള് 'മരയ'യും 'ഗൗരി'യുമെഴുതിയ കഥാകാരന്റെ ചുണ്ടില്‍. തുടര്‍ന്ന് മാര്‍ക്കേസിന്റെ 'മീറ്റിങ് ഇന്‍ ഓഗസ്റ്റ്' എന്ന കഥയെപ്പറ്റിയും സമീപകാലത്തു വായിച്ച ആനീ എര്‍നോയുടെ 'ഗെറ്റിങ് ലോസ്റ്റ്' എന്ന ദിനസരിപ്പുസ്തകത്തെപ്പറ്റിയും പറഞ്ഞു. രണ്ടിലും പ്രണയം അതിന്റെ നിസര്ഗ്ഗശോഭയില് നിറവേറുന്നതിനെപ്പറ്റിയാണ് മഹാകാഥികന്‍ പറയുന്നതെന്നു മനസ്സിലായി. അപ്പോഴേയ്ക്ക് വാഹനം കോഴിക്കോട് ബീച്ചിനരികിലൂടെ ഓടിത്തുടങ്ങിയിരുന്നു. ആശാന്റെ 'തൈജസകീടപംക്തിക'ളുടെ കാവ്യശോഭയിലാണിപ്പോള് കഥാകാരന്റെ ഉള്ളം. ഞങ്ങളുടെ കാര്‍ സമ്മേളനവേദിയുടെ തൊട്ടരികിലെത്തുമ്പോഴും അദ്ദേഹം ചൊല്ലുന്നുണ്ടായിരുന്നു...
'സൂര്യന് കിഴക്കുദിക്കാറായ്
സരഘാനിവഹങ്ങളേ,
സ്വാതന്ത്ര്യമധു തേടീടാന്‍
സോത്സാഹിമെഴുനേല്ക്കുവിന്...'
Content Highlights: mashipacha sajay kv poem of kumaranasan sung by the hero of the story nalinakanthy by t padmanabhan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..