പി.ഭാസ്‌കരൻ, 'നീലക്കുയിൽ' സിനിമയുടെ പോസ്റ്റർ | ഫോട്ടോ: എൻ. രാമനാഥ് പൈ, വിക്കിപീഡിയ
പി.ഭാസ്‌കരന്‍ എന്ന കവിയുടെ, ഗാനരചയിതാവിന്റെ ജന്മശതാബ്ദിയാണിത്. 'എന്റെ ഗാനശേഖരത്തിന്‍ പൂക്കണി കാണാന്‍/പൊന്നുഷസ്സേ, പൊന്നുഷസ്സേ, വന്നു ചേര്‍ന്നാലും' എന്ന്, സമത്വസുന്ദരമായ ഒരു വിഷുപ്പുലരിക്കായി തന്റെ പാട്ടുതളികയിലെ കര്‍ണ്ണികാരവും കണിവെള്ളരിയുമൊരുക്കി കാത്തിരുന്ന ഗാനശില്പി.
'ഉപ്പുവെള്ളവും കടല്‍ത്തിരയും വര്‍ഷം തോറും
കല്പവൃക്ഷത്തിന്‍ തലയൊടിക്കും കൊടുങ്കാറ്റും
മടല്‍ ചീഞ്ഞിടും ചളിക്കുഴിയില്‍ നിന്നും പൊന്തും
മണവും ചൂഴും കായല്‍ത്തുരുത്തില്‍പ്പിറന്നോന്‍ ഞാന്‍' എന്ന് ഒരു കവിതയില്‍(മറ്റൊരു തോണിയാത്ര) സ്വയം പരിചപ്പെടുത്തിയിട്ടുണ്ട് ഭാസ്‌കരന്‍ മാഷ്.
'ഉപ്പുവെള്ളത്തില്‍ നീന്തിക്കേറിയ കായല്‍ക്കാറ്റും
വേര്‍പ്പിലും ചളിയിലും പുഷ്പിച്ച മനുഷ്യരും
അകലങ്ങളില്‍പ്പോയിത്തെണ്ടുവാനോടീടുമെന്‍
ചപലസങ്കല്പത്തെ വീട്ടുമുറ്റത്തേക്കാക്കി' എന്ന് 'കായല്‍ക്കാറ്റ്' എന്ന കവിതയില്‍. കായല്‍ എന്നാല്‍ മണ്ണും മനുഷ്യരും അവരുടെ അധ്വാനവുമാണ്, ഇങ്ങനെയെല്ലാം എഴുതിയ കവിക്ക്. പിന്നീട് പാട്ടെഴുത്തുകാരന്റെ പേനയെടുത്തപ്പോഴും ഈ കായലിനെ മാഷ് മറന്നില്ല. അങ്ങനെ, 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വള കിലുക്കിയ സുന്ദരീ...' എന്ന അനശ്വരഗാനം പിറവി കൊണ്ടു. കേവലമൊരു സിനിമാഗാനത്തിന്റെ പിറവി മാത്രമായിരുന്നില്ല അത്. മലയാളിത്തം തികഞ്ഞ ആദ്യമലയാള സിനിമാഗാനത്തിന്റെ ഈറ്റു ചോര കൂടിപ്പുരണ്ടിരുന്നു ആ ഗാനശിശുവിന്റെ പൂമേനിയില്‍. പിന്നീട് ഇതേ താളമവലംബിച്ച്, പൊന്നാനിക്കാരനായ അക്കിത്തം, 'കൗമാരസംയമം' എന്ന പ്രണയകവിത എഴുതുന്നുമുണ്ട്.
അത്ര സ്വാഭാവികവും സഹജവുമായിരുന്നു, മതങ്ങള്‍ മനുഷ്യത്വത്തില്‍ വിലയം കൊള്ളുന്ന മതേതരഭാവനകള്‍ ഭാസ്‌കരന്‍ മാഷിലെ പാട്ടെഴുത്തുകാരന്. 'മൂടുപടം' എന്ന ചിത്രത്തിലെ ഈ ഗാനപല്ലവി നോക്കൂ;
'മാനത്തുളെളാരു വല്യമ്മാവന്
മതമില്ലാ ജാതിയുമില്ല
പൊന്നോണത്തിനു കോടിയുടുക്കും
പെരുന്നാളിനു തൊപ്പിയിടും...' ബാബുരാജായിരുന്നു ഇതിന് ഈണം പകര്‍ന്നത്. മറ്റൊരവസരത്തില്‍ വിദ്യാധരന്‍ മാസ്റ്റര്‍ക്കുവേണ്ടി ഓണപ്പാട്ടൊരുക്കിയപ്പോഴും ഭാസ്‌കരന്‍ മാഷ് ഇതേ പല്ലവി ആവര്‍ത്തിച്ചു, ചില്ലറ വ്യത്യാസങ്ങളോടെ;
'മാനത്തുണ്ടൊരു വലിയമ്മാവന്‍
മാവേലിനാട്ടിലെ അമ്മാവന്‍
പൊന്നോണത്തിനു കോടിയുടുക്കും
പെരുന്നാളിനു തൊപ്പിയിടും....' ഓണക്കോടിയും പെരുന്നാള്‍ത്തൊപ്പിയും പരസ്പരം മാറിയിടാവുന്ന, അത്രമേല്‍ അയവുള്ള അണിയലുകളായിരുന്നു ഈ മതേതരവാദിക്ക്. അതിനാല്‍, 'അല്ലാവിന്‍ കാരുണ്യമില്ലെങ്കില്‍ ഭൂമിയില്‍
എല്ലാരും എല്ലാരും യത്തീമുകള്‍...' പോലെ അത്തര്‍ മണക്കുന്ന ഒരു അനാഥത്വഗീതവും അതേ പേനത്തുമ്പില്‍ നിന്ന്, മാനവികതയുടെ മഷി നിറച്ച പേനത്തുമ്പില്‍നിന്ന് എന്നു പ്രത്യേകം പറയണം, അടര്‍ന്നു വീണു.
%20(1).jpg?$p=213dcc4&&q=0.8)
മലയാളിയുടെ മുഴുജീവിതമായിരുന്നു പാട്ടെഴുത്തിലൂടെ ഈ ഗാനശില്പി ജീവിച്ചത്. അനുരാഗമാധുര്യത്തെ അദ്ദേഹം കരിക്കിന്‍വെള്ളത്തിലും അതിന്റെ സൗരഭ്യത്തെ എള്ളെണ്ണമണത്തിലും സൗവര്‍ണ്ണത്തെ മഞ്ഞള്‍നിറത്തിലും കുടിയിരുത്തി. ചെമ്പൊന്നിന്‍ ചെപ്പുകുടം കടവത്തു കമിഴ്ത്തി, പുലരിയെന്ന തമ്പുരാട്ടി അപ്പോള്‍ പേരാറ്റുകുളിര്‍നീറ്റില്‍ മുങ്ങാങ്കുഴിയിട്ടു. മേടക്കാറ്റ് വിശറിയായി മാറി, കനകനിലാവ് കണിവെള്ളരിയായും.
'പത്തുവെളുപ്പിന് മുറ്റത്തു നിക്കണ
കസ്തൂരി മുല്ലയ്ക്ക് കാതുകുത്ത്....' എന്ന ഗാനം മലയാളിയുടെ ദേശസ്വത്വത്തെയാണ് അതീവഗാഢമായി പാടിയുണര്‍ത്തുന്നത്, പത്തു വെളുപ്പും കസ്തൂരിമുല്ലയും കാതുകുത്തും ചേര്‍ന്നു വരുന്ന ഒരസാധാരണ ഭാവനാസംയോഗത്തിലൂടെ. അതിലെ അവസാനത്തെ ചരണം പോലെ, മലയാളിത്തത്തിന്റെ മറ്റൊരുത്സവക്കാഴ്ച്ചയില്ല;
'മാനത്തു രാത്രിയില്‍ പുള്ളിപ്പുലിക്കളി
മായന്നൂര്‍ക്കാവില്‍ പാവക്കൂത്ത്
പെണ്ണിന്നു രാത്രിയില്‍ പൂത്തിരുവാതിര
ചെക്കന്റെ മോറ് ചെന്താമര...' എന്തിന്, നമ്മുടെ കല്ലുവെട്ടാം കുഴികൂടി ഒരു പ്രണയരംഗമായി മാറുന്നു ഭാസ്‌കരസ്പര്‍ശത്താല്‍;
'കല്ലുവെട്ടാം കുഴിക്കര നിന്നുടെ വെള്ളിവള കിലുക്കം...'
'പട്ടാമ്പിപ്പുഴക്കെട്ടുകള്‍ ചന്ദ്രിക പട്ടു വിരിക്കുമ്പോള്‍' എന്നും ഈ പാട്ടില്‍ നമുക്ക് കേള്‍ക്കുകയും കാണുകയും ചെയ്യാം.
'കക്ക' എന്ന ചിത്രത്തിലേതാണ്, 'കായലൊന്നു ചിരിച്ചാല്‍' എന്ന ഗാനം. 'കായലൊന്നു ചിരിച്ചാല്‍ കരയാകെ നീര്‍മുത്ത്
ഓമലൊന്നു ചിരിച്ചാല്‍ പൊട്ടിച്ചിതറും പൊന്‍മുത്ത്
ആ മുത്ത് ഈ മുത്ത്
ആളെക്കൊല്ലും മണിമുത്ത്
കക്ക പെറുക്കണ ചക്കിപ്പെണ്ണിന്റെ
കണ്ണും ചിരിയും നിറയെ മണിമുത്ത്....'
'അക്കുത്തിക്കുത്താന വരമ്പത്ത്' എന്നും, 'കോടിമതക്കായലിലെ കൊട്ടാരപ്പൂക്കടവില്‍'എന്നും ഈ കായല്‍പ്പാട്ടില്‍ നമ്മള്‍ കേള്‍ക്കുന്നുണ്ട്. 'കായലാല്‍ ശ്ലഥനീലച്ചായലാര്‍ന്നെഴുമമ്മേ' എന്ന് കേരളത്തെ സംബോധന ചെയ്തത് വൈലോപ്പിള്ളിയാണ്. പി.ഭാസ്‌കരന്റെ പാട്ടുകായലില്‍ ആ ചായല്‍- തലമുടി- അഴിഞ്ഞുലഞ്ഞിരുണ്ടിളകിപ്പരന്നു.
Content Highlights: Mashipacha, Sajay K.V., P. Bhaskaran, Lyricist, Malayala cinema
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..