കുമാരനാശാന്‍; മനുഷ്യവികാരങ്ങളുടെ മഹാചിത്രകാരന്‍


സജയ് കെ.വി

2 min read
Read later
Print
Share

കുമാരനാശാൻ എൻ. എൻ സജീവന്റെ വരയിൽ

രേ സമയം ക്ലാസിക്കലും കാല്പനികവും ദാര്‍ശനികവുമായിരുന്നു മഹാകവി കുമാരനാശാന്റെ കവിത്വം. ഇത്തരമൊരു വിചിത്രലോഹസങ്കരത്താല്‍ കാവ്യശില്പങ്ങള്‍ വാര്‍ക്കപ്പെട്ടിട്ടില്ല, നമ്മുടെ ഭാഷയില്‍ മറ്റൊരിക്കലും. അവിശ്വസനീയമായതിനെ വിശ്വസനീയമാക്കുന്ന കലയായിരുന്നു ആശാന്റേത്. കുലനീതിയെ വിലവയ്ക്കാത്തവള്‍ മാംസകഞ്ചുകത്തെ, ഒരു പാഴ്പ്പടം പോലെ, ഊരിയെറിയുന്ന ലീലയിലേതുപോലൊരു പ്രണയം ഇന്നും എത്ര അവിശ്വസനീയമാണ്! എങ്കിലും മലയാളി അതു വിശ്വസിക്കുകയും അതില്‍ മുഴുകുകയും അതിനെ അഭിനന്ദിക്കുകയും ചെയ്തു. ആശാന്റെ അര്‍ത്ഥാന്തരന്യാസങ്ങളുടെ മാത്രം ശക്തിയായിരുന്നില്ല അത്. അസാമാന്യമായ കാവ്യോര്‍ജ്ജത്തിന്റെ പ്രസരം മൂലം കാവ്യശില്പമൊന്നാകെ, മറ്റൊന്നായി പരിണമിക്കുന്ന കലയുടെ ആല്‍ക്കെമിയായിരുന്നു അത്. അതുകൊണ്ടാണ് 'ലീല'യിലെ പ്രണയം, യോഗാനുഭൂതിയുടെ പരോക്ഷഭാഷയിലുള്ള എഴുത്താണെന്നു പോലും ചിലര്‍ക്കു തോന്നിയത്. പ്രണയത്തിലൂടെ നമ്മുടെ സമൂഹഘടനയെ ഒന്നാകെ ഉടച്ചുവാര്‍ക്കുന്ന സൂക്ഷ്മവും തീക്ഷ്ണവുമായ സ്വാതന്ത്ര്യവാഞ്ഛയുടെ ഭൂഗര്‍ഭാഗ്‌നിയുമുണ്ടായിരുന്നു 'ലീല'യില്‍. 'ഗുരുജനഭയപഞ്ജരസ്ഥ'എന്ന, ആ ഒരൊറ്റ പദയോജനയ്ക്കു മാത്രം ഒരു നൂറ്റാണ്ടിന്റെയത്ര ഭാരിച്ച മുഴക്കവും മുറുക്കവും. 'യുവജനഹൃദയം സ്വതന്ത്രമാണവരുടെ കാമ്യപരിഗ്രഹേച്ഛയില്‍' എന്നതുപോലെ, ഇനിയും പൂര്‍ണ്ണമായി നിറവേറിക്കഴിഞ്ഞിട്ടില്ലാത്ത, ഒരു മാനിഫെസ്റ്റോ മലയാളിക്കു തന്നുപോയതും ഇതേ മഹാകവി.

കാവ്യഭാഷയെ തനിക്കു മാത്രം സാധ്യമായ വിധത്തില്‍ മാറ്റിപ്പണിത ഉജ്ജ്വലനായ ഭാഷാശില്പി കൂടിയായിരുന്നു ആശാന്‍. അതുവരെ അരയന്നക്കഴുത്തു പോലെ ക്ഷീര- നീരവിവേചനം ചെയ്തിരുന്നത്, കാളകൂടത്തെപ്പോലും കവിതയുടെ അമൃതാക്കി മാറ്റുന്ന നീലകണ്ഠമായി മാറി ആശാനില്‍. പ്രണയത്തിന് അണലിപ്പാമ്പിന്റെയും വിദയനിയതിക്ക് ദുസ്തരോഘയായ നദിയുടെയും (അഥവാ 'നാഗയാനകുടിലം' എന്ന പോലെ വക്രഗതിയായ വിഷസര്‍പ്പത്തിന്റെയും) ഉപമാനമോ രൂപകമോ സാധ്യമാണെന്ന് അതുവരെ മലയാളി കരുതിയിരുന്നില്ല. സമസ്പദങ്ങളും സംസ്‌കൃതപദങ്ങളും ഇത്ര പ്രൗഢിയില്‍, വികാരവൈദ്യുതിയുടെ ചാലകങ്ങളെന്ന നിലയില്‍, മറ്റൊരു കവിതയിലും വന്നണി നിരന്നിട്ടുമില്ല. 'അന്തരുത്തടരസോര്‍മ്മിദു:സ്ഥ'കളായ ഇത്തരം നായികമാര്‍, 'അതിമോഹലോഹിതാംഗി' എന്നതു പോലുള്ള അവരുടെ നിലകള്‍, നിര്‍വ്വാണത്തിന്റെ കനകനി: ശ്രേണിയേറിയുളള അവരുടെ നിഷ്‌ക്രമണങ്ങള്‍- ഇവയൊക്കെ അത്യപൂര്‍വ്വതകള്‍ തന്നെയായിരുന്നു.

'രസോര്‍മ്മി' എന്നതുപോലെ,' രസകാമധേനു' എന്നും 'രസമയരാജ്യസീമ' എന്നും 'പ്രതിനവരസം' എന്നുമൊക്കെ ആശാന്‍കൃതികളില്‍ പലയിടത്തായിക്കാണാം.'കൃപാരസമോഹന'മായിരുന്നു മാതംഗി, ആനന്ദനു പകര്‍ന്നുകൊടുത്ത തണ്ണീര്‍. 'പറയാവതല്ലാത്തൊരു പരമശാന്തിരസത്തിന്നുറവ്' എന്ന് 'കരുണ'യില്‍.'ഏകരസമായ് ഗുണമെഴില്ലറികയെങ്ങും' എന്ന് 'നിഷ്‌കപടതയോട്' എന്ന കവിതയില്‍.' മുഖരസമിതു മാറ്റി മിന്നുകല്ലീ
നിഖിലവനാവലി നിദ്രവിട്ട പോലെ?'എന്ന് 'ലീല'യില്‍. 'അവ്യവസ്ഥിതരസം കുഴങ്ങിനാള്‍' എന്ന് 'നളിനി'യിലും കാണാം.
'സൂരരശ്മി തടവും പളുങ്കുപോല്‍' എന്നാണ് ഈയവസരത്തില്‍ ആശാന്‍ തന്റെ നായികയെ വിവരിക്കുന്നത്.
'പലതിതി ഭയശോകരാഗ സം -
കുലമുഴറിക്കമനിക്കു തല്‍ക്ഷണം;
ചലഹൃദയമിയന്നു ചിത്രമാം
ജലധരകാലദിനാന്തലക്ഷണം' എന്ന് ലീലയിലും കാണാം. മനുഷ്യവികാരങ്ങളുടെയും അവയുടെ സങ്കീര്‍ണ്ണതകളുടെയും മഹാചിത്രകാരനായിരുന്നു കുമാരനാശാന്‍.
'എന്നല്ലമരാശനമാകുമസ്സുധാ -
സ്യന്ദങ്ങള്‍ നമ്മള്‍ തന്‍ ചിന്താരസനയില്‍
വന്നുവീഴുന്നിതാ സൂക്ഷ്മനാദം വഴി -
യെന്നു വേണ്ടാ പിന്നെയക്കരെ നില്‍ക്കിലും
അന്തിദ്ദിവാകരന്‍ തന്‍ പൊല്‍ക്കതിരുപോ-
ലന്തരാ നീളും ധ്വനിനികരങ്ങളാല്‍
പാലം പണിയുന്നുമുണ്ടതു ധന്യരേ,
ലോലമനോജ്ഞമായ് നമ്മള്‍ക്കു പോകുവാന്‍'
(സി.വി.സ്മാരകം അല്ലെങ്കില്‍ നിന്നു പോയ നാദം).

Content Highlights: Mashipacha, Sajay K.V, Kumaranasan,Mathrubhumi

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
women

7 min

മോഹനഗരം മാടിവിളിക്കുന്നു; വരാതിരിക്കുവതെങ്ങനെ!

May 10, 2021


padmarajan

3 min

ജനുവരിയിലേക്ക് നടന്നുമറഞ്ഞ പത്മരാജന്‍

Jan 23, 2021


Edassery

3 min

കറുമ്പിപ്പയ്യും കൊടുംതൊഴുത്തിലെ പശുവും ഇടശ്ശേരിയും

Aug 31, 2023


Most Commented