ബിജു കാഞ്ഞങ്ങാട്, ബിജു വരച്ച ചിത്രം
കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലേ കോളേജിലെ സഹപ്രവര്‍ത്തകരുമായി സംസാരിച്ചിരിക്കെ 'മീട്' എന്ന ഉത്തരകേരളപദമായി മാറി സംസാരവിഷയം. പലരും പലതും പറഞ്ഞ കൂട്ടത്തില്‍ ഞാന്‍ 'മാക്കംമീടി'യെപ്പറ്റിയും പറഞ്ഞു. ചുറ്റുമിരുന്നവര്‍ അമ്പരന്നു, ആരാണീ മാക്കംമീടി? അത് കാഞ്ഞങ്ങാട്ടുള്ള എന്റെ കവിസുഹൃത്തിന്റെ പഴയൊരു കവിതയിലെ പ്രയോഗമാണെന്ന് ഞാന്‍ വിശദീകരിച്ചു; ഭഗവതിയെപ്പോലെ സൗന്ദര്യോജ്ജ്വലമായ മുഖമുള്ളവള്‍ എന്നാണതിനര്‍ത്ഥം എന്നും. അപ്പോള്‍ ഞാനറിഞ്ഞിരുന്നില്ല, ആ കവിമിത്രം ആശുപത്രിയിലാണെന്നും പിറ്റേന്നാള്‍ പുലര്‍ച്ചെ അയാളുടെ നാട്ടിലേയ്ക്കുള്ള തീവണ്ടിയാത്രയ്ക്കിടെ ആ മരണവാര്‍ത്ത ഞാന്‍ കേള്‍ക്കുമെന്നും. ഇനി 'മാക്കംമീടി' എന്നെഴുതിയ കവി, ബിജു കാഞ്ഞങ്ങാട്, ഇല്ല. പ്രഭാതങ്ങളില്‍ എന്നെ തേടിവരാറുള്ള ആ വിളിയും ഇല്ല. മരിച്ചവരുടെ ഫോണ്‍നമ്പറുകളുടെ കൂട്ടത്തിലേയ്ക്ക് എന്റെ ആത്മസ്‌നേഹിതന്റെ ഫോണ്‍വിലാസവും മാറിയിരിക്കുന്നു.
ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു എന്റെ യാത്ര. അത് കൂട്ടുകാരന്റെ നിശ്ചേഷ്ടശരീരത്തിനരികില്‍ അവസാനിച്ചു. ഒരു മാസം മുന്‍പ് നെഹ്‌റു കോളേജിലെ കാവ്യോത്സവത്തിനു ചെന്ന് വണ്ടിയിറങ്ങിയപ്പോള്‍ സ്റ്റേഷനില്‍ കാത്തുനിന്നത് ബിജുവായിരുന്നു. ഒരുമിച്ചു പ്രാതല്‍ കഴിച്ച് കാവ്യോത്സവം നടക്കുന്നിടത്തേയ്ക്കു പോയി. വഴിയില്‍ ഒരു പാട് സംസാരിച്ചു. ഒടുവില്‍, മറ്റു പലരെയും പോലെ, ഒന്നും പറയാതെ ബിജുവും പോയി.
നേരില്‍ക്കണ്ട് പരിചയമാകും മുന്‍പുതന്നെ കവിതകള്‍ വായിച്ചിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'ജൂണ്‍' എന്ന കവിത വായിക്കുമ്പോള്‍ ഞാനൊരു കലാലയവിദ്യാര്‍ത്ഥിയായിരുന്നു. എന്റെ പ്രണയവും അതില്‍ എഴുതപ്പെട്ടിരുന്നതിനാല്‍ ഏറെക്കുറെ ഹൃദിസ്ഥമായി അതിലെ വരികള്‍. പിന്നീടാണറിഞ്ഞത്, അത് ബിജു കാഞ്ഞങ്ങാട് എന്ന കവിയുടെ, പ്രസിദ്ധീകൃതമായ ആദ്യകവിതയായിരുന്നു എന്ന്. കഴിഞ്ഞകൊല്ലം കവി വീടുവെച്ചപ്പോള്‍ ഞാന്‍ വെറുതേ പറഞ്ഞു,'വീടിന് 'ജൂണ്‍' എന്നു പേരിടൂ.'
ജൂണിനു മുന്‍പേ അതെഴുതിയ കവി പോയി. ആദ്യം കണ്ടപ്പോള്‍ കൊയിലാണ്ടിയില്‍ നടന്ന ഒരു കവിയരങ്ങിനു ശേഷം കവി, വീരാന്‍കുട്ടിയോട് കവിത ചൊല്ലിയതിന് (ഗദ്യമട്ടില്‍ വായിക്കുന്നതിനു പകരം) സൗഹൃദപൂര്‍വ്വം കലഹിക്കുകയായിരുന്നു ബിജു. അന്ന് ഞങ്ങള്‍ പരിചിതരേയല്ല. പിന്നീട് ഒരു കാവ്യസമാഹാരത്തിന് - 'ഉച്ചമഴയില്‍' എന്നായിരുന്നു അതിന്റെ പേര് - അവതാരികയെഴുതി. അതിലായിരുന്നു 'മാക്കംമീടി'യെക്കുറിച്ചുളള കവിത.
ഒരാള്‍ മറ്റൊരാളെക്കൊണ്ട് ഒന്നിലധികം പുസ്തകത്തിന് അവതാരികയോ പിന്‍കുറിപ്പോ എഴുതിക്കുക പതിവില്ല. എന്റെ സ്‌നേഹിതന്‍ അതുചെയ്തു. പിന്നീട്, തുടര്‍ച്ചയായി, ബിജുവിന്റെ മൂന്നു കവിതാപുസ്തകങ്ങളില്‍ ഞാനെഴുതി- 'മഞ്ഞ', 'മഴയുടെ ഉദ്യാനത്തില്‍', 'ഉള്ളനക്കങ്ങള്‍' എന്നിവയില്‍. ഇനിയും എഴുതിക്കുമെന്ന് കളിയായും കാര്യമായും പറയാറുമുണ്ടായിരുന്നു, പി.യുടെ നാട്ടുകാരനായ ആ വിചിത്രമേഘരൂപന്‍.
ഒരു തരം സൂക്ഷ്മഗദ്യമായിരുന്നു കവിതയില്‍ ബിജുവിന്റെ മൊഴി. ചിത്രകാരന്റെ ആറാം വിരലും ആ എഴുത്തില്‍ പങ്കെടുത്തു. ഒടുവിലൊടുവില്‍ ചിത്രകവിതകള്‍ മാത്രമെഴുതി. 'വെള്ളക്കുള്ളന്‍' എന്ന ബിജുവിന്റെ കവിത എനിക്ക് വലിയ ഇഷ്ടമായിരുന്നു. എന്നോ മരിച്ച നക്ഷത്രത്തില്‍ നിന്ന് ഇപ്പോഴും ഭൂമിയിലേയ്ക്ക് വെളിച്ചം വന്നു കൊണ്ടേയിരിക്കുമ്പോള്‍ നീയവിടെ ഇല്ലായെന്ന കണക്കിലാണെനിക്കവിശ്വാസം എന്നു പറയുന്ന കവിത. ഇപ്പോഴും ആ കാവ്യപ്രകാശം എന്നെ വന്നുതൊടുന്നുണ്ടല്ലോ. നീ ഇല്ല എന്ന കണക്ക്, ഞാന്‍ എങ്ങനെ വിശ്വസിക്കും?
.jpg?$p=99d15b5&&q=0.8)
'എക്ഫ്രാസ്റ്റിക് പൊയട്‌റി' എന്ന ചിത്രകവിതയുടെ മികച്ച മലയാളമാതൃകകളില്‍ ചിലത് സൃഷ്ടിച്ചത് ബിജു കാഞ്ഞങ്ങാടാണ്. 'മഴയുടെ ഉദ്യാനത്തില്‍' എന്ന പേരില്‍ അവ സമാഹരിക്കപ്പെട്ടു. അതിനനുബന്ധമെന്നോണം പിന്നീട് വാന്‍ഗോഗിന്റെ ചിത്രധ്യാനങ്ങള്‍ മാത്രമുള്ളടങ്ങുന്ന 'മഞ്ഞ'യും പുറത്തു വന്നു. കവിതയും ചിത്രവും രണ്ടു ചിറകുകളായ ഒരപൂര്‍വയിനം പക്ഷിയുടെ പറക്കലുകളായിരുന്നു അവ. ചിത്രത്തിന്റെ മൗനത്തെ വാങ്മയവല്‍ക്കരിക്കുകയായിരുന്നു ബിജു അവയില്‍. ഈ കാവ്യജനുസ്സിനോടുള്ള പരിചയക്കുറവുമൂലമാവാം, കവിതയിലും ചിത്രകലയിലും തുല്യതാല്‍പ്പര്യമുള്ളവര്‍ പോലും ആ പുസ്തകങ്ങളെ വേണ്ട പോലെ പരിഗണിച്ചില്ല.
വാന്‍ഗോഗിന്റെ, 'The Artist's Chair', 'Old Man in Sorrow'എന്നീ ചിത്രങ്ങളെ മുന്‍നിര്‍ത്തിയാണ് ആ സമാഹാരത്തിലെ 'സങ്കടങ്ങള്‍ക്ക് ഒരു കസേര' എന്ന കവിത. ചിത്രത്തിലെ കസേരയെ ബിജു വായിച്ചതിങ്ങനെ -
'എത്രമാത്രം ദു:ഖങ്ങള്‍ താങ്ങിയാണ്
ഈ കാല്‍വരിപ്പലക
ഇങ്ങനെയടര്‍ന്നതെന്നോ!
മൂന്നോളം പലകകള്‍
ചുമലിനെ ക്ഷണിക്കുന്നുണ്ടെങ്കിലും
ചാരുവാനുള്ളതല്ല ഇത്.
തല കുനിച്ച്
ചുരുട്ടിപ്പിടിച്ച രണ്ട് കൈ കൊണ്ടും
മുഖം പൊത്തി
ഏത് വൃദ്ധനും
തന്റെ ദു:ഖം മുഴുവന്‍
മുന്നോട്ടായ്ച്ച്
ഉറപ്പിച്ചു നിര്‍ത്താനാവും'.
ഈ രണ്ട് ചിത്രങ്ങളും - കലാകാരന്റെ കസേരയും ദു:ഖാര്‍ത്തനായ വൃദ്ധനും - കണ്ടിട്ടുള്ളവര്‍ക്ക് അവയിലെ കസേരകളെ കവി എങ്ങനെ ചേര്‍ത്തു വയ്ക്കുകയോ വായിക്കുകയോ ചെയ്യുന്നു എന്ന് എളുപ്പം കാണാനാവും അഥവാ ചിത്രത്തിന്റെ കാഴ്ച്ചയും കവിതയുടെ വായനയും സമാന്തരമായി ആവശ്യപ്പെടുന്ന തരം രചനകളാണിവ. കലാകാരന്റെ കസേരയില്‍ ആളൊഴിഞ്ഞ, ദുര്‍ബ്ബലമായ ഒരു കസേരയാണ് വാന്‍ഗോഗ് ചിത്രീകരിക്കുന്നത്; മറ്റതില്‍, ഒരു കസേരയില്‍ മുന്നാഞ്ഞ്, മുഖം പൊത്തിയിരിക്കുന്ന ഒരു വൃദ്ധനേയും. രണ്ടു കസേരയും ഒന്നാവുന്നു ബിജുവിന്റെ കവിതയില്‍; കൂടാതെ കാല്‍വരിപ്പലക എന്നാല്‍ കാല്‍വരി(Calvary) കൂടിയാകുന്ന ശ്ലേഷവും.
പ്രണയകവിതകളുടേതു മാത്രമായ സമാഹാരമായിരുന്നു 'ഉള്ളനക്കങ്ങള്‍'. അതെഴുതിയ കവിയുടെ സഹജമുദ്രകളായ സംക്ഷിപ്തതയും ധ്വനനചാരുതയും ആ പ്രണയമെഴുത്തിലും പ്രകടമായിരുന്നു. മുന്‍പു പരാമര്‍ശിച്ച 'ജൂണ്‍' എന്ന കവിതയില്‍ത്തന്നെ ഈ രീതിയുടെ തുടക്കമുണ്ടായിരുന്നു. അര്‍ദ്ധതാര്യമായ ഒരു തരം അമൂര്‍ത്തത(abstraction)യായിരുന്നു ചിത്രകാരനായ കവിയുടെ എക്കാലത്തെയും രീതി.
'അതിരില്ലാതെ പെയ്ത മഴയെ
നിന്റെ ഊരുക്കള്‍ക്കിടയില്‍ വെച്ച്
വെയില്‍ കടന്നു പിടിച്ചു.
കരിമേഘങ്ങളുടെ വന്യമായ സാന്ദ്രതയില്‍
പേരിടാത്ത കുഞ്ഞുങ്ങളുടെ
ഘോഷയാത്ര'(ജൂണ്‍) എന്നെഴുതുമ്പോഴെന്ന പോലെ. 'ഉള്ളനക്കങ്ങ'ളിലെ 'മജീഷ്യ' എന്ന കവിതയില്‍ മജീഷ്യന്റെ സ്ത്രീലിംഗം മാത്രമല്ല, രതിയുടെ മാന്ത്രികതയുമുണ്ട് -
'മൂര്‍ച്ഛയുടെ
തീവ്രവിക്ഷോഭത്തിനൊടുവില്‍
നീയെന്നെ ഇല്ലാതാക്കി'.
അതെ,
'കണ്ടുകൊണ്ടിരിക്കെ,
നീയവിടെ -
യില്ലാ എന്ന
ഇല്ലാത്ത വെളിച്ചമാ -
ണിവിടെയെന്ന
കണക്കിലാണ്
എനിക്കവിശ്വാസം.'
Content Highlights: Mashipacha, Sajay K.V, Biju Kanhangad, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..