ചിത്രീകരണം: ബാലു
ദേശീയത, അതിദേശീയതയായും ഹിംസാത്മക ദേശീയതയായും മാറുന്ന സമകാലിക ഇന്ത്യന്‍ അവസ്ഥയുടെ അന്യാപദേശമാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ദേശീയമൃഗം' എന്ന കഥ. സുരേന്ദ്രന്‍ നായര്‍ എന്ന വനം വകുപ്പുദ്യോഗസ്ഥനാണ് മുഖ്യകഥാപാത്രം, അയാളുടെ വ്യാഘ്രഭക്തിയും.
കടുവ, ദേശീയമൃഗമായതുകൊണ്ടാണ് ഈ ഭക്തി. ദേശീയതയല്ല, ദേശീയതയോടുള്ള ഭക്തി. നരഭോജിക്കടുവയെ കൂട്ടിലടയ്ക്കലാണയാളുടെ കര്‍ത്തവ്യം. കര്‍ത്തവ്യനിര്‍വ്വഹണത്തിനിടെ അയാള്‍ നടത്തുന്ന വ്യാഘ്രസ്തവത്തിലൂടെയാണ് കഥയുടെ രാഷ്ട്രീയം വെളിപ്പെടുന്നത്. ഒരിക്കല്‍ ഒരു കടുവയെ നേരിട്ടുകണ്ട ഉജ്ജ്വലമുഹൂര്‍ത്തത്തെക്കുറിച്ച് വിവരിക്കുകയാണ് അയാള്‍ കീഴുദ്യോഗസ്ഥനോട് -രണ്ടായിരത്തി ഒന്നില്‍;
'പോസ്റ്റിങ് കിട്ടി ഒരു മാസമായിക്കാണില്ല. പതിവു പോലെ ബീറ്റ് ഡ്യൂട്ടിയും കഴിഞ്ഞ് തോമസ്സും ഞാനും കൂടി കാട്ടീന്നിറങ്ങി വരുവായിരുന്നു. ഒരു ആഞ്ഞലീടെ കൊമ്പേ കിടന്ന് പക്ഷികള്‍ കൂട്ടത്തോടെ ഒച്ച വയ്ക്കുന്നത് കേട്ട് ചുമ്മാ നോക്കിയതാ. അതാ നില്‍ക്കുന്നു രണ്ട് കൈയും അരുവിയിലേയ്ക്ക് ഇറക്കി വെച്ച് ഒരുത്തന്‍...!

വെള്ളത്തില്‍ കെടന്ന നാക്കെടുത്ത് മീശരോമത്തെക്കൂടി നെടുനീളത്തിലൊന്ന് തടവി... ദേവാസുരത്തിലെ മോഹന്‍ലാലിന്റൂട്ട്... എന്റെ മോനേ... ആ ഒരു നിപ്പ് കണ്ടിട്ട് സത്യമായിട്ടും ഞാന്‍ തൊഴുതു പോയി. അവന്റെ പുറത്ത് സാക്ഷാല്‍ ദുര്‍ഗ്ഗാദേവി ഇരിക്കുന്ന പോലെ എനിക്ക് തോന്നി. ആ എടുപ്പും നടപ്പും നോട്ടവും. കാട്ടിലെ രാജാവ് എന്നു പറഞ്ഞാ കടുവയാ. തിരിഞ്ഞു നോക്കിയപ്പോള്‍ തോമസിനെ കാണാനില്ല. അന്നു തുടങ്ങിയ ആരാധനയാ. നമ്മുടെ രാഷ്ട്രത്തിന് ഇങ്ങനെ ഒരുത്തനെ ദേശീയമൃഗമായി കിട്ടിയത് നമ്മുടെ ഭാഗ്യമാ. പുണ്യം ചെയ്തവരാ നമ്മള്. അവനെ പിടികൂടി കൂട്ടിലിടാനൊന്നും ഒരുത്തനും പറ്റത്തില്ല മഹേഷേ...'
ദുര്‍ഗ്ഗയും ദേവാസുരത്തിലെ മോഹന്‍ലാലിന്റെ മീശ തടവലുമാണ് ഇവിടെ വ്യാഘ്രപൂജയെ, അതിഹൈന്ദവതയോടും അതിന്റെ സംഹാരശക്തിപ്രതിരൂപങ്ങളോടുമുള്ള ആരാധനയെന്നു തോന്നിക്കുന്നത്. തുടര്‍ന്ന്, കാട്ടില്‍ക്കണ്ട കടുവയുടെ വലിയ കാലടയാളങ്ങള്‍ അതിന്റെ കരുത്തിന്റെയടയാളമാണെന്നു പറയുന്ന സുരേന്ദ്രന്‍ നായര്‍, കുറച്ചുകൂടി വിവൃതമായ ഒരുപമ കൊണ്ടുവരുന്നു- 'മൃഗത്തിന്റെ ശക്തി അറിയാന്‍ അതിനെ നേരിട്ട് കാണണമെന്നില്ല. അടയാളം കണ്ടാലും മതി. ഹിറ്റ്‌ലറിന്റെ മുറിമീശ പോലെ,' ഇരുട്ടിലേക്ക് നോക്കി സുരേന്ദ്രന്‍ നായര്‍ ഉറക്കെ ചിരിച്ചു'.
ആ രണ്ടു വനപാലകരെയും പരസ്പരം കാണാതാക്കുന്ന കോടയില്‍ തന്റെ കീഴുദ്യോഗസ്ഥന് നേരേ തോക്കു ചൂണ്ടി, അയാളുടെ പ്രാണഭയം കണ്ട് രസിക്കുന്നുമുണ്ട് സുരേന്ദ്രന്‍ നായര്‍. ഈ കോട, അപരത്വത്തിന്റെയും അന്യമതവിദ്വേഷത്തിന്റെയും കണ്‍കെട്ടാണെന്ന് നല്ല വായനക്കാര്‍ വളരെയെളുപ്പം തിരിച്ചറിയും. തുടര്‍ന്ന് നായര്‍,' ജാതസ്യ ഹി ധ്രുവോ മൃത്യു... എന്നാരംഭിക്കുന്ന ഗീതാശ്ലോകം ചൊല്ലി, മഹേഷിന്റെ മരണഭയത്തെ പരിഹസിക്കുന്നു.
അയാളുടെ അക്ഷരശ്ലോകക്കമ്പത്തെപ്പോലും ഒരു ഫാസിസ്റ്റിന്റെ സവര്‍ണ്ണ ഹിന്ദുത്വാഭിനിവേശമായി വേണം കാണാന്‍. മദ്യലഹരിയില്‍ കാട്ടിലെ പാറപ്പുറത്ത് തോക്കിനെ ലാളിച്ചുകൊണ്ട് മാനം നോക്കിയിരിക്കുന്ന നായരുടെ ഈ ചിത്രം നോക്കൂ;
'അയാള്‍ക്കുള്ളില്‍ നിന്ന് ഓളിയിടാനുള്ള തയ്യാറെടുപ്പോടെ, ഒരു ചെന്നായ പുറത്തെ നിലാവിലേയ്ക്ക് കാലെടുത്തു വയ്ക്കുന്നത് മഹേഷ് കണ്ടു'. ഈ മൃഗമാണ്, അയാള്‍ക്ക് കൂടുതല്‍ കരുത്തനായ മറ്റേ മൃഗത്തോടുള്ള ആരാധനയുടെ പിന്നില്‍. ഒടുവില്‍, കടുവയ്ക്കായൊരുക്കിയ മൃഗക്കെണിയില്‍ അയാള്‍തന്നെ കുടുങ്ങുന്നു.
.jpg?$p=b19d990&&q=0.8)
ഒരേ സമയം ഭയാനകവും ബീഭത്സവുമായ അതിന്റെ ഹിംസ്രമുഖം നേര്‍ക്കുനേര്‍ കണ്ടതോടെ ഇരപ്പെടുന്നവന്റെ വേദന നായര്‍ക്കു മനസ്സിലായി, ഒപ്പം ഈ തിരിച്ചറിവും കൈവന്നു -'ദൂരെ നിന്ന് കാണാനും ആരാധിക്കാനുമൊക്കെ കൊള്ളാമെങ്കിലും അടുത്തറിയുമ്പോഴല്ലേ, ഈ വക സാധനങ്ങളുടെ തനിക്കൊണം പിടികിട്ടുന്നത്!'. ഒടുവില്‍ അയാള്‍ സ്വയം തിരുത്തുന്നതിങ്ങനെ-'ദേശമോ വിദേശമോ എന്നാ കോപ്പാണേലും മൃഗം, മൃഗം തന്നെയാ'.
പഴയ അയൊനെസ്‌കോ നാടകത്തിലെന്നപോലെ മൃഗാരാധന മനുഷ്യരെ മൃഗപ്പെടുത്തുമെന്നുതന്നെയാണ് ഈ രാഷ്ട്രീയാന്യാപദേശവും പറയുന്നത്. രാഷ്ട്രീയജാഗ്രതയുടെ എല്ലുമിടുക്കുള്ള എഴുത്തില്‍ സന്തോഷ് ഏച്ചിക്കാനം എന്ന കഥാകൃത്തിനുള്ള കൃതഹസ്തത വെളിപ്പെടുത്തുന്ന മറ്റൊരു മികച്ച രചന.
Content Highlights: Mashipacha, Sajay K.V, Column, Desheeyamrigam, Santhosh Echikkanam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..