ഗൃഹാതുരത്വത്തിന്റെ വെറ്റിലയില്‍ നൂറു തേച്ച് മുറുക്കിച്ചുവക്കും പോലൊരു 'നൂറ്റടപ്പന്‍'


സജയ് കെ.വിഇക്കാലത്തെ കവികളില്‍ തീരെവിരളമായ ഒരു വാഗ്വന്ദനമുണ്ട് ഈ സമാഹാരത്തില്‍. അതില്‍ നിന്ന് എനിക്ക് ഏറെ പ്രിയം തോന്നിയ ചില വരികള്‍ എടുത്തെഴുതിക്കൊണ്ട് അവസാനിപ്പിക്കാം, കവിക്കുള്ള ആശംസയായും ഇതെഴുതുന്നയാളുടെ ഏറ്റവും ഗാഢമായ ആത്മഗതമായും.

പുസ്തകത്തിന്റെ കവർ, ബി.കെ ഹരിനാരായണൻ

രിനാരായണന്റെ 'നൂറ്റടപ്പന്‍' വായിക്കുമ്പോള്‍ പുറത്ത് മഴയാണ്. കേരളം വീണ്ടും കേരളമാകുന്നത് ഇത്തരം മഴനേരങ്ങളിലാണെന്ന് തോന്നാറുണ്ട്.' ഓമനത്തിങ്ക'ളിന്റെ താരാട്ടീണം പോലെ സഹജമാണ് ഈ മഴത്താളം മലയാളിക്ക്. ഹരിനാരായണന്റെ കവിതകളിലും തെളിമലയാളത്തിന്റെ ആ ലയം ഞാനനുഭവിച്ചു. 'നൂറ്റടപ്പന്‍' എന്ന ശീര്‍ഷകബിംബം തന്നെ ഗൃഹാതുരത്വത്തിന്റെ വെറ്റിലയില്‍ നൂറു തേച്ച് മുറുക്കിച്ചുവക്കും പോലൊരനുഭവമാണ്. മുറുക്കുകാരായിരുന്ന മണ്‍മറഞ്ഞ ആത്മബന്ധുക്കളിലേയ്ക്ക് അനായാസമായി സഞ്ചരിച്ചെത്താന്‍ ആ ഓര്‍മ്മയുടെ നേര്‍ത്ത നൂല്‍പ്പാലം മതി മലയാളിക്ക് (ഇതെഴുതുന്നയാളുടെ മനസ്സിന്റെ തട്ടിന്‍പുറത്തുമുണ്ട് അതു പോലൊന്ന്; ഞങ്ങളുടെ നാട്ടിന്‍പുറത്ത് നൂറ്റുകുടം എന്നു പറഞ്ഞു വന്നിരുന്ന, ഒട്ടൊന്ന് പള്ളവീര്‍ത്ത, ഒരോട്ടു പാത്രം). ജനനമരണങ്ങളുടെ ചാക്രികതയെക്കുറിച്ചുള്ള തല ചുറ്റിക്കുന്ന ബോധത്താലോ അങ്ങനെയൊന്നില്ലെന്ന ഭംഗുരതാബോധത്തിന്റെ വിവശതയാലോ മനുഷ്യാവസ്ഥയുടെ ഒരു സൂക്ഷ്മസംഗ്രഹമായിത്തീരുന്നുണ്ട് ഈ ചെറു കവിത അതിന്റെ അവസാനവരികളോടൊപ്പം

' നൂറ്റടപ്പനെ പിന്നെ കണ്ടിട്ടില്ല.
എവിടെപ്പോയാവോ?
തിരിച്ചു വരുമായിരിക്കും,
ഞാനും മരിച്ച്
രണ്ടാളും വീണ്ടും ജനിച്ച്
എനിക്കമ്മാമനോട്
പേടി തോന്നുമ്പോള്‍.'
(നോക്കൂ, 'നൂറ്റടപ്പനെ' എന്നാണ് ഹരി ഇവിടെ എഴുതുന്നത്, അതൊരു സചേതനമാണെന്നോണം!).

പ്രൗഢഗംഭീരമായ സ്രഗ്ദ്ധരാവൃത്തമാണ്' മരണപത്രം' എന്ന കവിതയുടെ നട്ടെല്ല്. വി.സി. ബാലകൃഷ്ണപ്പണിക്കരുടെ പ്രസിദ്ധമായ' ഒരു വിലാപ'ത്തിന്റെ വൃത്തമാണത്. മരണവും പ്രണയവും ദുരന്തവും ഇഴചേരുന്ന ആ താളഘടനയുടെ ഓര്‍മ്മയുണര്‍ത്തുന്നു എന്നതു കൂടിയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലിരുന്നുകൊണ്ട് ഹരിയുടെ കവിത വായിക്കുമ്പോള്‍ നമ്മിലുണരുന്ന ഭാവപ്രകമ്പനങ്ങളുടെ ആസ്പദം. കാലങ്ങള്‍ക്കപ്പുറത്തു നിന്ന് ഒരു വിലാപശ്രുതി, ഈ കവിതയിലോളമെത്തിച്ചേരുകയും അതെഴുതിയ തരുണകവിയുടെ നാദവുമായിടകലര്‍ന്ന് മഴക്കാലത്തെ കടലിരമ്പം പോലെ വായനക്കാരായ മലയാളികളുടെ സിരാപടലത്തെ ആവേശിക്കുകയും ചെയ്യുന്നു.

കത്തിത്തീരും ചിതയ്ക്കും, കടലിലൊരുലയായ് ചെങ്കനല്‍ച്ചോപ്പു ചിന്തി
ക്കത്തിത്തീരും രവിക്കും, കനവിഴചിതറി
ത്തോര്‍ന്നു തീരും മഴയ്ക്കും
കത്തിത്തീരാതെയുണ്ടാമൊരു ചെറുമണിയോളം വരും പ്രേമ,മുള്ളിന്‍
കത്രിപ്പൂട്ടിന്നകത്തായ്, മൃതിയുടെ കരമെത്താത്തിടത്തായ്, കരുത്തായ്'. ഈ പ്രണയത്തിന്റെ ജ്വാലാദംശമേറ്റതിന്റെ പാടുകള്‍, ഒളിഞ്ഞും തെളിഞ്ഞും, കാണാം ഈ കവിതകളില്‍ അങ്ങിങ്ങായി.' വിരല്‍ മണല്‍ത്തരിയോടു പറഞ്ഞത്',' തീവണ്ടിപ്പാളം',' ഒരു മഴയ്‌ക്കെന്നോടു പറയുവാനുള്ളത്' തുടങ്ങിയ കവിതകള്‍ ഉദാഹരണം. മണല്‍ത്തരിയോടുള്ള ചോദ്യങ്ങളില്‍ ഒന്ന് ഇങ്ങനെയാണ് കവിതയില്‍ നാം വായിക്കുന്നത്.

'തീരമായ് കിടന്നപ്പോള്‍
തിരയായൊരുത്തി നിന്‍
സ്‌നായുവില്‍ പകര്‍ന്നതാം
പൊന്‍തരിവെട്ടം മാഞ്ഞോ ?'. ഇത്രമേല്‍ ദമിതമായ, സൂക്ഷ്മമായ പ്രണയമെഴുത്തുകള്‍ വൈലോപ്പിളളിക്കവിതയില്‍ കണ്ടതിനു ശേഷം വീണ്ടും കാണുന്നത് ഇത്തരം ഈരടികളില്‍. എന്നാല്‍' സുറുമയെഴുതിയ മിഴികള്‍' എന്ന കവിതയിലെ വാര്‍ധക്യപ്രണയത്തിന്റെ സാന്ദ്രശോഭ അവയ്‌ക്കൊന്നുമില്ല. ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കവിത ഏത് എന്ന ചോദ്യത്തിന് അനായാസമായി കൊടുക്കാവുന്ന ഉത്തരങ്ങളിലൊന്ന് 'സുറുമയെഴുതിയ മിഴികള്‍' എന്നാണെന്നു മാത്രം പറയട്ടെ.

കഥകളിയും പരിസ്ഥിതിബോധം എന്നു നമ്മള്‍ പറഞ്ഞു വരുന്ന പ്രകൃത്യുന്മുഖതയുമാണ് ഹരിയുടെ കവിതകളില്‍ ആവര്‍ത്തിച്ചു കാണുന്ന മറ്റു രണ്ട് പ്രമേയധാരകള്‍.' കാലത്തിന്‍ മടിയില്‍ പ്രായം/ചുട്ടിക്കായിക്കിടക്കവേ' എന്നതു പോലെ കഥകളിയെ ജീവിതവിചാരവുമായിണക്കുന്ന ഒരു കാണിയുണ്ട് ഈ കവിതകള്‍ക്കു പിന്നില്‍; വെയിലു നോക്കി സമയം പറയാനാവുന്ന വിരുതിനു മുന്നില്‍ വിനീതനാകുന്ന ഒരു പുതുനരനും.' ഇമോജി റാവു','നീലത്തിമിംഗലം' എന്നീ കവിതകള്‍ സമകാലത്തെ നേര്‍ക്കുനേരേ നോക്കിക്കാണുന്നു; ഈ നേര്‍ക്കലിന്റെ സാഫല്യം പോലെ ആദ്യം പേരു പറഞ്ഞ കവിത.

പദ്യത്തിന്റെ പലമാതിരി വഴക്കങ്ങള്‍ സ്വായത്തമായ ഈ കവി ഗദ്യത്താല്‍ അതി തീക്ഷ്ണമായി ഭാവസംക്രമണം സാധിക്കുന്ന കവിതയാണ്,' രോഗം സ്ഥിരീകരിച്ച വീട്'. കരുണം ഗദ്യത്തിലും കര കവിയാതെ, തുളുമ്പാതെ ഭദ്രമായി പകരുന്നു ഈ രചന. ഇനിയുമേറെ പറയാനുണ്ട്. അതിനു മുതിരുന്നില്ല. ഇക്കാലത്തെ കവികളില്‍ തീരെവിരളമായ ഒരു വാഗ്വന്ദനമുണ്ട് ഈ സമാഹാരത്തില്‍. അതില്‍ നിന്ന് എനിക്ക് ഏറെ പ്രിയം തോന്നിയ ചില വരികള്‍ എടുത്തെഴുതിക്കൊണ്ട് അവസാനിപ്പിക്കാം, കവിക്കുള്ള ആശംസയായും ഇതെഴുതുന്നയാളുടെ ഏറ്റവും ഗാഢമായ ആത്മഗതമായും.

'കാറ്റില്‍പ്പറക്കുന്ന ചില്ലിന്‍ മുടിച്ചുരുള്‍,
വാക്കിന്‍ തിരമാല മാറത്തണിഞ്ഞവള്‍
നാക്കില്‍ മൊഴിത്തേനു തേച്ചെഴുത്താളരെ
നാലു കൈയില്‍ പടവാളാക്കി വച്ചവള്‍
താനാണുളിയും ശിലയും പണിക്കൂര്‍പ്പി
ലാളുന്നൊരക്ഷരശില്പവും താനൊരാള്‍'

ബി.കെ ഹരിനാരായണന്റെ കവിതാസമാഹാരം വാങ്ങാം

Content Highlights: mashipacha sajay kv column noottadappan by bk harinarayanan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented