കറുപ്പു കാണാതെ, കറുത്തവളെ കാണുന്ന സവര്‍ണ കണ്‍കെട്ടു വിദ്യ


സജയ് കെ.വി

2 min read
Read later
Print
Share

ചിത്രീകരണം: ബാലു വി

ജാതിയുടെ തല്ലുകൊണ്ടവരും അതിന്റെ തലോടലേറ്റവരുമുണ്ട്. നിങ്ങള്‍ ഒരു സവര്‍ണ്ണനാണെങ്കില്‍ അതു നിങ്ങളെ തലോടുകയേ ഉള്ളൂ. ആ 'സുഖവിമര്‍ദ്ദ'മേറ്റ് നിങ്ങള്‍ പുളകമണിഞ്ഞു എന്നും വരാം. മറിച്ച് അവര്‍ണ്ണഹിന്ദുവിന് ജാതി, അവനെ ചവിട്ടാനുയര്‍ത്തിയ കാലിന്റെ പാരുഷ്യവും തല്ലാനോങ്ങിയ കയ്യിന്റെ കാഠിന്യവുമാണ്. തല്ലേറ്റതിന്റെ മായാവടുവാണ് ജാതി, ജാതിശ്രേണിയില്‍ താണവള്‍ക്കും താണവനും. അതിനാല്‍, ഈ അവര്‍ണ്ണാനുഭവത്തിന്റെ മികച്ച സാംസ്‌കാരികഫലങ്ങളിലൊന്നായിരുന്നു ആശാന്‍കവിത എന്നും നാം തിരിച്ചറിയണം; അവര്‍ണ്ണവായനയിലെ ആശാന്‍കവിതയല്ല, സവര്‍ണ്ണപക്ഷത്തു നിന്നുകൊണ്ടുള്ള ആശാന്‍വായന എന്നും (ചിനുവ അച്ചെബെ വായിച്ചപ്പോള്‍ 'ഒഥലോ'വിന്റെ കറുപ്പ് കൂടുതല്‍ തെളിയുകയും 'ഡെസ്ഡിമോണ'യുടെ വെണ്ണക്കല്‍മിനുപ്പ് ഒട്ടു മങ്ങുകയും ചെയ്തതുപോലെ!).

'ഏകാന്തം വിഷമമൃതാക്കാ'നുള്ള കാവ്യകലയുടെ അമേയസിദ്ധിയെക്കുറിച്ച് ആശാന്‍ എഴുതിയിട്ടുണ്ട്; 'കാവ്യകല അഥവാ ഏഴാമിന്ദ്രിയം'(മണിമാല) എന്ന കവിതയിലാണത്. ഈ വിഷം, മരണബോധമോ വ്യര്‍ത്ഥതാബോധമോ ഭംഗുരതാബോധമോ എന്തു തന്നെയുമായിക്കൊള്ളട്ടെ (അതൊക്കെ കൂടിച്ചേര്‍ന്ന ഒരമേയലായനിയുടെ ആഴവും അഭൂതപൂര്‍വമായ വീര്യവുമുണ്ടായിരുന്നു, ആശാന്‍ ആചമിച്ച ആ കാളകൂടവിഷത്തിന്!). പക്ഷേ ആ കേവലമനുഷ്യന്‍ മാത്രമല്ല, കേരളീയനും അവര്‍ണ്ണനും ജാതിയാല്‍ നിന്ദിത('കുത്സിതമാരനല്ലി നീ!'എന്ന് അക്കിത്തം; ജാതിനിന്ദയേല്‍ക്കേണ്ടിവന്നവനാണ് 'കുത്സിതന്‍')നുമായ ഒരു കറുത്ത മനുഷ്യന്‍ കൂടിയായിരുന്നു ആശാന്‍ എന്ന വസ്തുത നമ്മള്‍ വിസ്മരിക്കരുത്.

ജാതിയുടെ വിഷം കൂടിയായിരുന്നു, കവിയായ ആശാന്റെ കണ്ഠച്ഛവിയായി മാറിയ ആ ശ്യാമകാകോളം. അതിനെയാണ് അനന്യനായ ആ മഹാകവി, കാവ്യകലയുടെ അമൃതാനുഭവമാക്കി മാറ്റിയത്. ആ അമൃതു ഭക്ഷിക്കുകയാണ് കവിയുടെയും കവിതയുടെയും ആവിര്‍ഭാവത്തിനു ശേഷം, ഒന്നര നൂറ്റാണ്ടിനിപ്പുറവും മലയാളി. 'മലയാളി' എന്നത് ഏകരൂപമായ ഒരു സാമാന്യഗണമല്ല അഥവാ ആയിക്കഴിഞ്ഞിട്ടില്ല('അച്ചൂണ്ടു വിരലോളം വളര്‍ന്നീലല്ലോ നമ്മള്‍!'). അതിനാല്‍ ആശാന്‍കവിതയുടെ ശതാബ്ദിവായനകളിലും ആ യാഥാര്‍ത്ഥ്യം പരിഗണിക്കപ്പെട്ടേ മതിയാവൂ. ആശാന്‍കവിതയിലെ ജാതിവിരുദ്ധതയുടെ വിഷം കക്കിക്കളഞ്ഞ്, ഉച്ഛൃംഖലമായ പ്രണയത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും അമൃതു മാത്രം ഭക്ഷിക്കുന്ന വരേണ്യവായനകള്‍ക്ക് ഇപ്പോഴുമില്ല, വലിയ പഞ്ഞമൊന്നും. അവരുടെ വായനയില്‍ മാതംഗിയുടേത് സ്വാതന്ത്ര്യോന്മുഖമായ പെണ്‍പ്രയാണം മാത്രമാകുന്നു (നളിനിയും ലീലയും സീതയും ചെയ്തതിന് വെറുമൊരനുബന്ധം!). ആശാന്റെ പെണ്‍പക്ഷത്തെക്കുറിച്ച് വലിയ വായില്‍ പ്രസംഗിക്കുന്നതൊക്കെ കൊള്ളാം. ആശാന്റെ ലീലയും സീതയുമൊക്കെ അതിനെ പൂര്‍ണ്ണമായി ശരിവയ്ക്കുകയും ചെയ്യും. എന്നാല്‍ മഹാകവിയുടെ സ്വാതന്ത്ര്യബോധത്തിന്റെ 'മാനിഫെസ്റ്റോ' എന്നു പറയാവുന്ന, താഴെക്കൊടുത്ത വരികള്‍ അവരാരുമല്ല ഉച്ചരിക്കുന്നത് ;അത് 'ഒരു ഉദ്‌ബോധനം' (മണിമാല) എന്ന, കടുത്ത ജാതിവിരുദ്ധത പ്രമേയമാകുന്ന കവിതയിലേതാണ്-
'സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം'.

'ജാതിജേലി'ന്റെ (പ്രയോഗം,' ദുരവസ്ഥ'യിലേത്) ഇരുമ്പഴികളായിരുന്നു, ബന്ധുരകാഞ്ചനക്കൂടിന്റെ പൊന്നഴികളായിരുന്നില്ല ആശാന്റെ കണ്‍മുന്നില്‍. അതിനാല്‍ സീതയുടെയും ലീലയുടെയും വെറുമൊരനുഗാമി മാത്രമായിരുന്നില്ല, മാതംഗി. ദുര്‍വ്വായനയുടെ കാഞ്ചനക്കൂട്ടിലടച്ചാലും അവളുടെ കറുത്ത ചിറകുകള്‍ അതിനെതിരേ, കുതറിക്കൊണ്ടേയിരിക്കും. ഇടിമിന്നലും മഴക്കാറും ചേര്‍ത്ത് സ്രഷ്ടാവ്, ഒരു കരിങ്കിളിയെ നിര്‍മ്മിച്ചപ്പോള്‍ സംഭവിച്ച കൈത്തെറ്റാണ് സന്താള്‍യുവതി എന്ന് ടാഗോര്‍; അതിനാല്‍ ആ ചിറകുകള്‍ അവള്‍ക്കുള്ളില്‍ ഇപ്പോഴും സ്പന്ദിക്കുന്നുണ്ട് എന്നും. മാതംഗിയുടെ കരിംചിറകുകള്‍ അരിഞ്ഞുമാറ്റി, അവളെ

കല്‍പറ്റ നാരായണന്‍

സവര്‍ണ്ണവായനയുടെ സ്വര്‍ണ്ണപഞ്ജരത്തിലടയ്ക്കുന്നവര്‍ക്കെതിരേ ജാഗ്രതയോടെയിരിക്കുക; കാരണം, ജാതിനിഷേധത്തിന്റെ കാലാന്തരപ്രസക്തിയെ ഫെമിനിസ്റ്റ്‌നാട്യത്താല്‍ നിസ്സാരീകരിക്കുന്ന വ്യാജ വിദ്യയാണവരുടേത്. 'കറുത്തവര്‍ഗ്ഗത്തിലെ സ്ത്രീക്കു കറുത്ത വര്‍ഗ്ഗത്തിലെ പുരുഷനേക്കാള്‍ കറുപ്പുണ്ട്'(കല്പറ്റ നാരായണന്‍) എന്ന വാക്യരചനയിലെ ഇമ്പം, കറുപ്പിനെ നേരിട്ട് അഭിമുഖീകരിക്കുമ്പോള്‍ അവര്‍ക്കുണ്ടാവണമെന്നില്ല. കറുപ്പു കാണാതെ, കറുത്തവളെ കാണുന്ന സവര്‍ണകണ്‍കെട്ടു വിദ്യയാണത്.

'ചണ്ഡാലഭിക്ഷുകി'യെ ഏറ്റവും ഗാഢമായി വായിച്ചത്, അക്കാലം ആശാന്റെ വീട്ടുവേലക്കാരനായിരുന്ന, 'ആദിച്ചന്‍ രാമന്‍' എന്ന പറയനായിരുന്നു എന്നു കരുതാനാണ് എനിക്കിഷ്ടം ('അറിയപ്പെടാത്ത ആശാന്‍' എന്ന പുസ്തകത്തിലെ ആദിച്ചന്റെ കുറിപ്പ്); 'രതിയെക്കുറിച്ചു ഗൗരവമായി ചിന്തിക്കുകയും ആ ഭാവത്തെ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും നിര്‍വ്വചിക്കാന്‍ കെല്പുള്ള ഒരു വികാരമായി കാണുകയും ചെയ്ത ആദ്യത്തെ മലയാളകവിയാണ് കുമാരനാശാന്‍. ഇവിടെയാണ്, അല്ലാതെ 'മാറ്റുവിന്‍ ചട്ടങ്ങളെ' എന്നെഴുതിയതിലല്ല, ആശാന്‍കവിതയുടെ വിപ്ലവകരമായ അംശം സ്ഥിതി ചെയ്യുന്നത്'
('ഭൗതികതയും ആദ്ധ്യാത്മികതയും' എന്ന ലേഖനം) എന്ന നരേന്ദ്രപ്രസാദിന്റെ വാദത്തെ അനാദരിക്കാതെ തന്നെ.

Content Highlights: Mashipacha, Sajay K.V, Mathrubhumi, Kalpeta Narayanan, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreebala, ashitha

3 min

'ഞാന്‍ പോയാലും നിന്നെ വിടില്ല ബാലേ...നിനക്കുള്ള പണി ഞാന്‍ തന്നുകൊണ്ടേയിരിക്കും...'  

Mar 26, 2022


Ashitha

4 min

'ജീവിതവും മരണവും എല്ലാം ഇനി അമ്മയിലേക്കുള്ള ഒരു യാത്ര മാത്രം...'അഷിതയുടെ മകള്‍ ഉമ പ്രസീദ

Mar 24, 2022


A Ayyappan

4 min

'കാവ്യപൂര്‍വം സിദ്ധാര്‍ത്ഥന് സ്‌നേഹപൂര്‍വ്വം അയ്യപ്പന്‍'

Apr 24, 2021


Most Commented