ഒരു കവിത കൊണ്ടു പോലും അവനെ ഉണര്‍ത്താതെ നമുക്ക് നിശ്ശബ്ദരാവാം...| മഷിപ്പച്ച


സജയ് കെ.വി

3 min read
Read later
Print
Share

ജിനേഷ് മടപ്പള്ളി, ജിനേഷിൻെറ കവിത കൈപ്പടയിൽ

ന്ന് ജിനേഷ് മടപ്പള്ളിയുടെ ചരമദിനമാണ്. അവനില്ലാത്ത അഞ്ചു വര്‍ഷങ്ങള്‍. 'രോഗാതുരമായ സ്‌നേഹത്തിന്റെ 225 കവിതകള്‍' എന്ന, ജിനേഷിന്റെ ആ അവസാനപുസ്തകം ഒരിക്കല്‍ക്കൂടി കയ്യിലെടുത്തു. നാരങ്ങാമഞ്ഞ നിറമുളള പുറംചട്ട. ഓരോ താളിലും മുറിവേറ്റ പ്രണയത്തിന്റെ ആലേഖനങ്ങള്‍ പോലുള്ള എഴുത്തുകള്‍. ആനന്ദത്തിന്റെയും ആഹ്‌ളാദത്തിന്റെയും തരിമ്പു പോലുമില്ലാത്ത സങ്കടമേഘങ്ങള്‍ മാത്രം കറുത്തു വിങ്ങി നില്‍ക്കുന്ന ഈ ആകാശത്തിനു താഴെ എനിക്ക് ഏറെ നേരമൊന്നും നില്‍ക്കാനാവില്ല. അവയില്‍ നിന്നൊരു മിന്നല്‍, നേരേ, എന്റെ മൂര്‍ദ്ധാവിലും പതിച്ചേക്കാമെന്നും അതെന്നെ ചുട്ടുചാമ്പലാക്കിയേക്കാമെന്നുമുള്ള പേടി. കാരണം ജീവിതത്തിലവന്‍ അത്രമേല്‍ അടുത്താണ് നിന്നിരുന്നത്; ഈ അരികുവൃക്ഷത്തെക്കൂടി ആകെ ഉലച്ചുകൊണ്ടായിരുന്നു സ്വയം കടപുഴകിയതും.

പരസ്പരം അപരിചിതരായിരുന്ന കാലത്താണ് ജിനേഷിന്റെ ഒരു കാവ്യസമാഹാരത്തിന് ഞാന്‍ ആദ്യമായി അവതാരികയെഴുതിയത്. ഞാന്‍ എന്നെത്തന്നെ മടപ്പള്ളിയിലേയ്ക്ക് പറിച്ചുനട്ടതോടെ ആ സൗഹൃദം സാഹോദര്യത്തോളം ഗാഢമായി. നിനച്ചിരിക്കാത്ത നേരത്ത് എന്റെ വാടക വീട്ടിലേയ്ക്കുള്ള അവന്റെ വരവുകള്‍ ഞങ്ങള്‍ക്കുത്സവമായി (കവിതയിലെ ഈ വിഷാദി, ജീവിതത്തില്‍ അത്രമേല്‍ പ്രസാദവാനായാണല്ലോ കാണപ്പെട്ടിരുന്നത്!). ഓരോ വരവിലും കുപ്പായക്കീശയില്‍ ചില ചുളിവുവീണ കടലാസുകള്‍ കാണും; അവയില്‍ അവനെഴുതിയ കവിതകളും. കളിചിരിയുടെ ഇടനേരങ്ങളില്‍ അവ വായിച്ചു കേള്‍പ്പിക്കും. കൊള്ളില്ലെന്നു പറഞ്ഞാലുടന്‍ ആ കവിത തിരസ്‌കരിക്കുന്ന ക്രൂരനായ കവിയായിരുന്നു അവന്‍. ഒടുവില്‍ ആ ക്രൂരത തന്നോടു തന്നെയും കാട്ടി.

'രോഗാതുരമായ സ്‌നേഹത്തിന്റെ 225 കവിതകള്‍'ക്കൊരു പിന്‍കുറിപ്പെഴുതി വാങ്ങാനായിരുന്നു ഒടുവില്‍ വന്നത്. വല്ലാത്തൊരു വ്യഗ്രത അവനെ ബാധിച്ചിരുന്നു. ഇരുട്ടുന്നതിനു മുന്‍പ് കൂടണയാന്‍ വെമ്പുന്ന പറവകളുടെ ചിറകടിപോലെ അവന്റെ വാക്കും വിചാരവും പ്രവൃത്തികളും തിടുക്കപ്പെടുന്നുണ്ടായിരുന്നു. ആ തിടുക്കം എന്നിലേയ്ക്കും പടര്‍ന്നതിനാലാവണം, ഒരു രാത്രി കൊണ്ട് ഒരു ചെറിയ കുറിപ്പെഴുതി, പിറ്റേന്നു രാവിലേ തന്നെ കയ്യില്‍ വച്ചു കൊടുത്തു. കുറച്ചു കൂടി വിസ്തരിച്ചെഴുതാത്തതിലായിരുന്നു അപ്പോള്‍ പരിഭവം. ആ ശാഠ്യം എന്തുകൊണ്ടോ എന്നെ ചൊടിപ്പിച്ചു. ഇനിയൊരക്ഷരം കൂട്ടിച്ചേര്‍ക്കാനാവില്ലെന്നായി ഞാന്‍. വൈകാതെ അതു പുസ്തകമായി. പ്രസാധകന്റെ അശ്രദ്ധ മൂലം, ഞാനെഴുതിയ പിന്‍കുറിപ്പ് ക്രമംതെറ്റിയും താളുകള്‍ ആവര്‍ത്തിച്ചുമൊക്കെയാണ് പുസ്തകത്തില്‍ ചേര്‍ത്തിരുന്നത്. അതില്‍ ഒരു കാവ്യനീതി ഉണ്ടായിരുന്നിരിക്കണം. അവനാഗ്രഹിച്ചതു പോലെ ആ താളുകള്‍ സ്വയം പെരുകിക്കാണും. ക്രമരഹിതമായതിനെ ക്രമപ്പെടുത്താന്‍ ശ്രമിച്ചവന്റെ അന്തിമപരാജയം പോലെ അവ ക്രമം തെറ്റി സ്വയം വിന്യസിക്കുകയും ചെയ്തു കാണും.

'നിരവധിയായ പീലിപ്പെരുക്കങ്ങളാല്‍ സ്വയം വിടര്‍ന്നാവിഷ്‌കരിക്കുന്ന വ്യസനമയൂരത്തിന്റെ സ്‌നേഹനടനം പോലെ ഈ കവിതകള്‍' എന്നൊരു വാക്യമുണ്ടായിരുന്നു ആ കുറിപ്പില്‍. സ്‌നേഹവും വ്യസനവുമായിരുന്നു ആ കാവ്യമയൂരത്തിന്റെ പീലികള്‍. സ്‌നേഹത്തില്‍ വേദനയും വേദനയില്‍ സ്‌നേഹവും പരസ്പരം വെട്ടിത്തിളങ്ങി. അങ്ങനെ അത് ഭാരിച്ച ഒരു സൗന്ദര്യമായി ആ കവിയുടെ മേല്‍ തങ്ങി. കവിത, കവിക്കു തന്നെ പേറി നടക്കാന്‍ വയ്യാത്ത ഒരു വിഷാദഘനവും സൗന്ദര്യഘനവുമായി മാറുമ്പോള്‍ മരണമെന്ന കാര്‍മ്മേഘത്തിനു മുന്നില്‍ അത് തന്റെ അന്തിമനടനത്തിനൊരുങ്ങുന്നു. വിഷാദനൃത്തത്തിന്റെ സൗന്ദര്യലഹരീമൂര്‍ച്ഛയില്‍ മേഘം, തന്നില്‍ നിന്നൊരു മിന്നലയച്ച് ആ മയിലിനെ ചാമ്പലാക്കുന്നു. ഇങ്ങനെ ചിലതാവണം, എന്റെ പ്രിയ സഹോദരന്റെ കാര്യത്തിലും സംഭവിച്ചത്. ആ കവിതകളും അതു തന്നെ പറയുന്നു. പ്രണയകവിതകളായി തെറ്റിദ്ധരിക്കപ്പെട്ട ഏകാന്തതയുടെ കവിതകളായിരുന്നു അവ. മരണത്തോളം ഭാരിച്ച ഒരേകാന്തതയുടെ കടലില്‍ മുങ്ങിത്താണു കൊണ്ടിരിക്കെ, ഒരാള്‍ ഭാവന ചെയ്ത, ഒരിക്കലും ഇല്ലാതിരുന്ന, ഒരു പച്ചത്തുരുത്തായിരുന്നു ആ കവിതകളിലെ സ്‌നേഹം. വിഷാദസര്‍പ്പത്തിന്റെ നിരന്തരദംശനമേറ്റു നീലിച്ചുപോയ ഒരു ബാഹുകന്‍, തന്റെ നളത്വം വീണ്ടെടുക്കാന്‍ വേണ്ടി നടത്തിയ കുതറലുകളും പിടയലുകളുമായിരുന്നു ജിനേഷിന്റെ സ്‌നേഹകവിതകള്‍. അതുകൊണ്ടാവണം, 'പ്രണയം' എന്ന വാക്കു തന്നെ ബഹിഷ്‌കരിച്ച് അവന്‍ 'സ്‌നേഹം' എന്നെഴുതിയത്; അതും രോഗാതുരമായ എന്ന വിചിത്രമായ വിശേഷണപദത്തിന്റെ ഇരുണ്ട അകമ്പടിയോടു കൂടി. ജീവിതം രോഗമാണെന്ന് ജിനേഷിനറിയുമായിരുന്നു; സ്‌നേഹം അതിനുള്ള ഔഷധമാണെന്നും. ആ മരുന്നും ഫലിക്കാതെ വന്നപ്പോള്‍ അവന്‍ മരണമെന്ന മഹാവൈദ്യന്റെ ചികിത്സയ്ക്ക് സ്വയം വിട്ടുകൊടുത്തു.'After the fretful fever of life, he sleeps well'. ഉറങ്ങട്ടെ. ഒരു കവിത കൊണ്ടു പോലും അവനെ ഉണര്‍ത്താതെ നമുക്ക് നിശ്ശബ്ദരാവാം.

'ഉറക്കമില്ലാതെ പിടയുന്ന
ഈ രാത്രിയില്‍
നിന്നെക്കുറിച്ച് ഒരു കവിത എഴുതാന്‍ തോന്നുന്നു
നീ സ്വസ്ഥമായ് ഉറങ്ങുകയായിരിക്കും
എഴുതുമ്പോള്‍
നീ ഉണരും
എഴുതുന്നില്ല'
എന്നെഴുതിയതും നീയായിരുന്നല്ലോ!

Content Highlights: Mashipacha, Sajay K.V, Jinesh Madappally, Mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Kalamandalam Saraswathi

5 min

'പനിമതീമുഖീബാലേ...'ഭാസ്‌കരറാവുമാഷ് മുമ്പിലേക്ക് നീട്ടുന്നത് 'നിര്‍മാല്യ'മാണ്!

Jul 2, 2021


madhavikutty

3 min

പ്രണയമെന്ന ഉന്മാദത്തിന്റെ മതം; എല്ലാറ്റിനെയും സാധുവും സംഗതവുമാക്കുന്ന ആ ഇടം!

May 30, 2023


Leo Tolstoy and Chekov

4 min

'കല കലയ്ക്കു വേണ്ടിയാണ്' എന്ന് പറയാന്‍ വലിയ വിഭാഗം എഴുത്തുകാര്‍ക്കും ഭയമാണ്'

May 14, 2023


Most Commented