കവിതകളെ ഇഷ്ടപ്പെടാനുള്ള 82 കാരണങ്ങള്‍ അഥവാ 'തിളങ്ങുന്ന ഇളംമഞ്ഞ'യുടെ ഉന്മാദം!


സജയ് കെ.വി'ആമകളെ ഇഷ്ടപ്പെടാന്‍ എനിക്ക് വേറെ ന്യായങ്ങളൊന്നുമില്ല അവ ആമകളാണെന്നതല്ലാതെ'.  കവിതകളെ ഇഷ്ടപ്പെടാനും വേറെ ന്യായങ്ങളൊന്നുമില്ല, അവ കവിതകളാണെന്നതല്ലാതെ.

കെ. ഷെരീഫ്, 'തിളങ്ങുന്ന ഇളംമഞ്ഞ' കവർ

ചിത്രകാരനായ കെ. ഷെരീഫിന്റെ ചെറുകവിതകളുടെ സമാഹാരമാണ് 'തിളങ്ങുന്ന ഇളംമഞ്ഞ'. നിറങ്ങളുടെയും കാഴ്ച്ചകളുടെയും ഹൈക്കുവിന്റെയും സുഖകരമായ ഉന്മാദത്തിന്റെയും ഉന്മാദിയുടെ ജ്ഞാനത്തിന്റെയും സ്വപ്നത്തിന്റെയും ലോകം എന്ന് ഈ കവിതകളെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. കവിത്വത്തിന്റെ ഭാരമോ ആടയാഭരണങ്ങളോ ഇല്ല ഇവയില്‍. താനെഴുതുന്നത് കവിതകളാണെന്ന ഭാവവുമില്ല. പ്രഖ്യാതരായ കവികളെഴുതുന്ന കവിതകളില്‍ ഈയൊരു നൈര്‍മ്മല്യം സന്നിഹിതമാവുക സാധ്യമല്ല. കാരണം അവരെന്തെഴുതിയാലും ആ വാക്കുകള്‍ക്കു പിന്നില്‍ ഒരു കവിയുടെ നിഴല്‍ കാണും. ഇവിടെയിതാ കവിത്വത്തിന്റെ കനത്ത പിന്‍നിഴലില്ലാതെ ഒരാള്‍ കവിതയിലൂടെ സഞ്ചരിക്കുന്നു. അനുഭവങ്ങള്‍ക്ക് പേരിടും പോലെയോ അനുഭവങ്ങളില്‍ നിന്ന് പേരുകള്‍ അഴിച്ചു മാറ്റും പോലെയോ അയാള്‍ എഴുതുന്നു. വിചിത്രതയുടെ ഒരുദ്യാനമാണ് ഷെരീഫ് നമുക്കു മുന്നില്‍ തുറന്നിടുന്നത്. സാധാരണതയെ വിചിത്രതയുടെ വിഭൂഷകള്‍ നല്‍കി അലങ്കരിക്കുകയോ അനുഗ്രഹിക്കുകയോ ആണ് ഷെരീഫ്. 'യക്ഷി' എന്നു പേരിട്ട ഈ കവിത നോക്കൂ -
'ശിശിരത്തിലെ
പൗര്‍ണ്ണമിയില്‍
പറമ്പു നിറയെ യക്ഷികള്‍,
വെണ്‍കൂണുകള്‍ പോലെ'.
നിലാവിന്റെ കാഴ്ച്ചയെ ആദ്യം യക്ഷികളും പിന്നീട് വെളുത്ത കൂണുകളും വന്നു മൂടുന്നതോടെ പറമ്പ്, സ്വപ്നത്തിന്റെയും ഉന്മാദത്തിന്റെയും ഇടമായി മാറുന്നു. അതില്‍ നിലാവേയുള്ളൂ, കവിതയുടേതല്ലാത്ത കാഴ്ച്ചയില്‍; നിലാവേയില്ല, യക്ഷികളുടെ കൂണ്‍കാഴ്ച്ച മാത്രമേയുള്ളു, കവിതയുടേതു മാത്രമായ കാഴ്ച്ചയില്‍. 'മകനോടൊത്തുള്ള നടത്തങ്ങള്‍' എന്നാണ് കൂട്ടത്തില്‍ ഒരു കവിതയുടെ ശീര്‍ഷകം. ആ ശീര്‍ഷികത്തിനു താഴെ ഷെരീഫ് എഴുതുന്നു -
'അതാ സൂര്യന്‍
അതാ പൂവ്
അതാ മഞ്ഞ്
അതാ അതാ ....

മകനോടൊത്തുള്ള
പുലര്‍കാല
നടത്തങ്ങളില്‍
തിരികെ കിട്ടുന്നു
നഷ്ടമായ ഭൂമി.'

വ്യാഖ്യാനമോ വിശദീകരണമോ ആവശ്യമില്ലാത്ത വിധം സുതാര്യമാണ് ഈ കവിതയുടെ ഘടന. നഷ്ടനൈര്‍മ്മല്യങ്ങളുടെയും നഗ്‌നനൈര്‍മ്മല്യങ്ങളുടെയും വീണ്ടെടുപ്പാണ് മകനോടൊത്തുള്ള നടപ്പുകള്‍. അത്തരം നടപ്പുകളെയാണ് ഷെരീഫ് കവിതയെന്നു വിളിക്കുന്നത്. കവിതയിലേയ്ക്കുള്ള നടപ്പുകളിലെല്ലാം ഇയാള്‍ തന്നിലെ കുട്ടിയെയും കൂടെ കൂട്ടുന്നു. അയാള്‍ ആ കുട്ടിക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കുന്നവയാണ് ഈ കവിതകളോ കാഴ്ച്ചകളോ. കാഴ്ച്ചകള്‍ അങ്ങനെ, സ്വയമേവ, കവിതകളാവുന്നു. കാഴ്ച്ചയോട് ഒന്നും കൂട്ടിച്ചേര്‍ക്കാതെ നിശ്ശബ്ദതയാല്‍ അവയ്ക്ക് ചട്ടമിടുന്നവന്റെ നോട്ടമാകുന്നു അപ്പോള്‍ കവിത. ഈ രീതി മലയാളിക്ക് പലപ്പോഴും അസാധ്യമോ അപ്രാപ്യമോ ആണ്. കാരണം കാഴ്ച്ചയുടെ മേലെഴുത്താണ് നമുക്ക് കവിത. എഴുതുന്നതിലെല്ലാം കവിയുടെ കൈപ്പാട് തെളിയണമെന്ന നിര്‍ബ്ബന്ധമുള്ളവര്‍ അങ്ങനെ ചെയ്യുമ്പോള്‍ കവിത മലിനപ്പെടും. ഈ മാലിന്യമില്ല ഷെരീഫിന്റെ കവിതകളില്‍.
'തെളിഞ്ഞ
ആകാശത്ത്
ഇളംകാറ്റിലാടുന്ന
മുരിങ്ങക്കായ'
എന്ന കവിതയ്ക്ക്, കാഴ്ച്ചയ്ക്ക്, 'ഞായറാഴ്ച്ച' എന്നുപേരു നല്‍കി കൃതാര്‍ത്ഥനാകുന്ന കവിയെക്കാണാം ഈ കവിതകളിലൊന്നില്‍.

ചിത്രീകരണം: കെ.ഷെരീഫ്‌

'അസോളകള്‍ മൂടിയ
ആ ചെറുകുളത്തില്‍
ഒരു ആമയുണ്ട്
' എന്നെഴുതിയാല്‍ മാത്രം മതി അതു കവിതയാകും എന്ന് ഷെരീഫിനറിയാം. കാരണം അത് രണ്ടു കുട്ടികള്‍ക്കിടയില്‍ വിനിമയം ചെയ്യപ്പെടുന്ന ഒരു വിശുദ്ധസ്വകാര്യം പോലെയാണ്. അത്തരമൊരു സ്വകാര്യമാണ് കവിത, ഷെരീഫിന്. ഈ നിരുപാധികതയുടെ ദര്‍ശനത്തെ ഏറ്റവും സാന്ദ്രമായി വാങ്മയപ്പെടുത്തുന്ന ഒരു കവിതയുണ്ട് ഈ സമാഹാരത്തില്‍. അതും ആമകളെക്കുറിച്ചാണ് അഥവാ ആമയുടെ ആമത്തത്തെക്കുറിച്ച്. ഷെരീഫിന്റെ കവിത്വത്തില്‍ എനിക്കു വിശ്വാസം വളര്‍ത്തുകയും എന്നെ അന്തമില്ലാത്ത വിസ്മയത്തിന്റെ ലഹരിയിലാഴ്ത്തുകയും കെ.ഷെരിഫ് എന്ന പേരിനു താഴെ ഞാന്‍ ആദ്യം വായിക്കുകയും ചെയ്ത കവിതയാണത്. എടുത്തുകാട്ടാന്‍ പ്രേരിപ്പിക്കുന്ന എണ്ണമറ്റ മറ്റു കവിതകളുടെ കൂട്ടത്തില്‍ നിന്ന്,അതിനാല്‍, ആ കവിത മാത്രം ഇവിടെ എടുത്തെഴുതുന്നു (ഇതെഴുതിയ ആള്‍ കവിയാണെങ്കില്‍ അതിന് ഇതില്‍പ്പരം ഒരു കാവ്യസാക്ഷ്യം വേണ്ട എന്നതിനാലും) -
'ആമകളെ
ഇഷ്ടപ്പെടാന്‍
എനിക്ക്
വേറെ ന്യായങ്ങളൊന്നുമില്ല
അവ ആമകളാണെന്നതല്ലാതെ'.

കവിതകളെ ഇഷ്ടപ്പെടാനും വേറെ ന്യായങ്ങളൊന്നുമില്ല, അവ കവിതകളാണെന്നതല്ലാതെ. പക്ഷേ നമ്മുടെ നിരൂപകര്‍ പലപ്പോഴും ആമകളെ കവിതകളായും കവിതകളെ ആമകളായും തെറ്റിദ്ധരിക്കുന്നു; കട്ടിയേറിയ പുറന്തോടുള്ളത് ആമയാണ്, കവിതയല്ല എന്ന വസ്തുത വിസ്മരിച്ചു കൊണ്ട്.

Content Highlights: Mashipacha, Sajay K.V, K.Shareef, Thilangunna Ilam manja


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented