ഫുട്‌ബോള്‍: കിരാതനില്‍ നിന്ന് നാഗരികനിലേയ്‌ക്കെത്താന്‍ മനുഷ്യന്‍ താണ്ടിയ ദൂരം!


സജയ് കെ.വിഫുട്‌ബോളിലെ കേന്ദ്രപദവും കേന്ദ്രാനുഭവവും 'ഗോള്‍' ആണല്ലോ. ലക്ഷ്യം എന്ന അര്‍ത്ഥത്തിലും ആ വാക്കുപയോഗിക്കുന്നു.

ഫോട്ടോ: എ.എഫ്.പി

'കലിലേയ്ക്കുയര്‍ന്ന പന്ത്, രാത്രിയില്‍ നിപതിച്ചു' (The ball flew up toward day and landed in night) എന്നൊരു ഫുട്‌ബോള്‍കവിതാവരി ഇന്നു വായിച്ചു. 'സായാഹ്നപരിശീലനം'(Evening Practice) എന്നാണ് കവിതയുടെ പേര്. കവി, ഡി. നര്‍ക്‌സെ(D.Nurkse). കവിതയില്‍ ചേക്കേറിയ കാല്‍പന്തുകളിയുടെ അനുഭവങ്ങള്‍ക്ക് അതു നല്ലൊരാമുഖമാവുമെന്നു തോന്നി. ഇതിത്രയും എഴുതിയതിനു ശേഷമായിരുന്നു അപരാഹ്നത്തില്‍ ആരംഭിച്ച് സായാഹ്നത്തില്‍ അവസാനിച്ച, അര്‍ജ്ജന്റീന - സൗദി അറേബ്യമത്സരം ടി.വി.യില്‍ കണ്ടത്. മെസ്സിയുടെയും അര്‍ജ്ജന്റീനയുടെയും ആയിരക്കണക്കിന് ആരാധകരെ നിരാശയിലാഴ്ത്തിക്കൊണ്ട് കളി, സൗദി അറേബ്യയുടെ തകര്‍പ്പകള്‍ വിജയത്തിലും മെസ്സിക്കൂട്ടത്തിന്റെ ദയനീയ പരാജയത്തിലും അവസാനിച്ചു. മേലുദ്ധരിച്ച കവിതാവരി അപ്പോള്‍ ഒന്നുകൂടി തെളിയുകയോ മങ്ങുകയോ ചെയ്തു-'പകലിലേയ്ക്കുയര്‍ന്ന പന്ത്, രാത്രിയില്‍ വീണു'. പകലിലാരംഭിച്ച് രാത്രിയോളം നീളുന്ന കളിയുടെ ഉത്സാഹത്തെക്കുറിച്ചുള്ള വരി, അങ്ങനെ, പ്രത്യാശയിലാരംഭിച്ച് പരാജയത്തിലും മ്ലാനതയിലുമവസാനിക്കുന്ന കളിയുടെ സങ്കടരൂപകമായി മാറി. കാല്‍പ്പന്തുകളിയില്‍, ജീവിതത്തിലെന്നപോലെ, ഇതു രണ്ടുമുണ്ട് - വിജയക്കുതിപ്പെന്ന പോലെ പരാജയക്കയ്പ്പും.

കളിക്കാര്‍ മാത്രമല്ല, വിധിയും യാദൃച്ഛികതയുമെല്ലാം പങ്കെടുക്കുന്നുണ്ട് കാല്‍പ്പന്തുകളിയില്‍. അതിനാല്‍ അത് പലപ്പോഴും ഒരു ജീവിതരൂപകം. ഉരുണ്ടകലുന്ന ഭാഗ്യത്തെയും വിജയത്തെയും കാലുകൊണ്ട് വരുതിയിലാക്കാന്‍ ശ്രമിക്കുകയാണ് കളിക്കാര്‍. വിധിയെ നിയന്ത്രിക്കുന്നത് ദൈവമായതു
കൊണ്ട്, കളിയില്‍, പന്തിനെ കാലില്‍ കോര്‍ത്തുകളിക്കുകയും കാലായത്താല്‍ അതിനെ ലക്ഷ്യത്തിലേയ്ക്ക് പായിച്ച് വിജയം കൊയ്യുകയും ചെയ്യുന്ന കളിക്കാരന്‍ ദൈവമോ ദൈവസമാനനോ ആകുന്നു. മെസ്സി, മിശിഹയാകുന്നു!ഫുട്‌ബോളിലെ കേന്ദ്രപദവും കേന്ദ്രാനുഭവവും 'ഗോള്‍' ആണല്ലോ. ലക്ഷ്യം എന്ന അര്‍ത്ഥത്തിലും ആ വാക്കുപയോഗിക്കുന്നു. കാല്‍പന്തുകളിയിലെ ഗോള്‍ പോലെയാണ് ജീവിതത്തിലെ ലക്ഷ്യസ്ഥാനങ്ങള്‍ എന്നോ ജീവിതലക്ഷ്യം പോലെ അതുവരെയുള്ള നീക്കങ്ങളെയെല്ലാം അതിലേയ്ക്കു കേന്ദ്രീകരിക്കുന്നു ഫുട്‌ബോളിലെ ഗോള്‍ എന്നോ പറയാം. 'തടസ്സം' അഥവാ 'പ്രതിബന്ധം' എന്നര്‍ത്ഥമുള്ള ഒരു വാക്കില്‍ നിന്നാണ് പതിനഞ്ചാം നൂറ്റാണ്ടില്‍ ഈ വാക്കിന്റെ പിറവി. തടസ്സങ്ങളാണ് നേട്ടത്തെയും ലക്ഷ്യത്തെയും ദുസ്സാധ്യമാക്കുന്നത്. പ്രാതികൂല്യങ്ങള്‍ക്കു നടുവിലൂടെ പ്രഗല്ഭനായ ഫുട്‌ബോളര്‍ തനിക്കു മാത്രം നിര്‍ബ്ബാധമായി മുന്നേറാവുന്ന ഒരു പാത വെട്ടിത്തെളിക്കുന്നു. അങ്ങനെ ഫുട്‌ബോളിലെ ജയമോ പരാജയമോ, ജീവിതമെന്ന ദുസ്തരസങ്കീര്‍ണ്ണതയെ ഭേദിക്കുന്നതിന്റെ ആഹ്‌ളാദവും ആശങ്കയും നിരാശയും കൂടി പകരുന്നുണ്ടാവാം അതിന്റെ കാണികള്‍ക്ക്. കാണികളാണ്, കളിക്കാരെന്ന പോലെ, കാല്‍പന്തുകളിയുടെ ഒരു പാതി. കാണിയുടെ കണ്ണിലാണ് മൈതാനം. കണ്ണുകളുടെ ഒരു ചൂഴ്‌നിലമാണ് കളിക്കളം എന്നും പറയാം. കാണുവാനുള്ളതാണ് കളി. ആ അര്‍ത്ഥത്തില്‍ ഫുട്‌ബോളും ഒരു രംഗകല.

കാല്‍പന്തുകളി ജീവിതത്തിന്റെയെന്ന പോലെ, യുദ്ധത്തിന്റെയും രൂപകമാണെന്നു പറയാറുണ്ട്. 'കൊല്ലവനെ!' എന്നത്, താന്‍ അനുകൂലിക്കുന്ന കളിക്കാരനോട്, എതിരാളിയുടെ ശ്രമങ്ങള്‍ വിഫലമാക്കി വിജയം കണ്ടെത്താനുള്ള കാണിയുടെയും മുറവിളി. യുദ്ധത്തെയും ഹിംസയെയും അതിന്റെ ക്രീഡാപരത നിറഞ്ഞ അനുകരണത്തിലൂടെ നിസ്സാരവല്‍ക്കുന്നുണ്ട് ഓരോ കളിമൈതാനവും. എതിരാളിയുടെ തല കൊണ്ട് പന്തുതട്ടുന്ന ബീഭത്സമായ പ്രാകൃതലീലയെ മനുഷ്യന്‍ സംസ്‌കരിച്ചെടുത്തതാണ് ഫുട്‌ബോള്‍ എന്നു മറിച്ചും പറയാം. ഏതര്‍ത്ഥത്തിലും, കിരാതനില്‍ നിന്ന് നാഗരികനിലേയ്‌ക്കെത്താന്‍ മനുഷ്യന്‍ താണ്ടിയ ദൂരമത്രയുമാണ് ഫുട്‌ബോള്‍. കളിക്കളത്തിലൂടെ ഒരു കളിക്കാരന്‍ ഓടുന്ന ദൂരമത്രയും, അതിനാല്‍, ആ ചരിത്രദൂരം പിന്നിടാന്‍ മനുഷ്യരാശി ചിലവഴിച്ച വമ്പിച്ച ഊര്‍ജ്ജത്തിന്റെ കൂടി പുനരാവിഷ്‌കാരം. കളിക്കാരന്റെ ഓരോ മിടിപ്പിലും കിതപ്പിലും, ആകയാല്‍, മനുഷ്യനാഗരികതയുടെ ചരിത്രം കൂടി സ്പന്ദിക്കുന്നു.

Content Highlights: Mashipacha, Sajay K.V, Football, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented