സ്‌ത്രൈണകാമത്തിന്റെ ജ്വലിക്കുന്ന പാതിരാസൂര്യനും ഉടലെഴുത്തുകളും!


സജയ് കെ.വി

തങ്ങളുടെ ശരീരങ്ങള്‍ തമ്മിലുരഞ്ഞ് അഗ്‌നിപുഷ്പങ്ങള്‍ വിരിയുന്നിടം മാത്രം ചൂടുപിടിച്ചു  എന്നാണ് കവിതയിലെ സ്ത്രീ, മദകൂജനത്തിന്റെ സാന്ദ്രനാദത്തില്‍, മൊഴിയുന്നത്. ഹാളില്‍ നിന്നു വരുന്ന പ്രകാശരശ്മികള്‍ തട്ടിനുമേല്‍, ആനന്ദത്തിനായി കയ്യുയര്‍ത്തുന്ന ഒരുവളുടെ നിഴല്‍ നിര്‍മ്മിച്ചിരുന്നു.

വര: ബാലു

'A woman's soul is her flesh'
(Nikos Kazantzakis, The Last Temptation of Jesus Christ).

ഉടലെഴുത്തിന്റെ ധീരതയാണ് പെണ്ണഴുത്തിന്റെ ദീപ്തമുഖങ്ങളില്‍ ഒന്ന്. ആണെഴുതിയ പെണ്ണുടലുകള്‍ ചീന്തി നീക്കി, പകരം സ്വന്തം ഉടല്‍ച്ചിത്രം പകര്‍ത്താനും പതിക്കാനുമുള്ള ശ്രമം.' അവരുടെ മുമ്പില്‍ മഴ വെള്ളം വീണ് വീര്‍ത്ത കടല്‍ കാമവിവശയായ ഒരു സ്ത്രീയെപ്പോലെ നിശ്വസിക്കുകയും കിടന്ന് ഉരുളുകയും പതുക്കെ തേങ്ങുകയും ചെയ്തുകൊണ്ടിരുന്നു' എന്ന് മാധവിക്കുട്ടിയുടെ ഒരു കഥയില്‍ (തരിശുനിലം) നമ്മള്‍ വായിക്കുന്നുണ്ട്. 1997-ല്‍ പുറത്തിറങ്ങിയ, വി.എം. ഗിരിജയുടെ ആദ്യസമാഹാരമായ 'പ്രണയം - ഒരാല്‍ബ'ത്തില്‍ ഈ കാമവതിയുമായി നമ്മള്‍ വീണ്ടും സന്ധിക്കുന്നു. മഹാഭാരതത്തിലെ ശര്‍മ്മിഷ്ഠയുടെ ഏകാന്തഭാഷണമാണ് കവിത.' ശാപം, ശൂന്യത , കാമം' എന്നു തന്നെയാണ് കവിതയുടെ ശീര്‍ഷകം.
'പറയുന്നു ശര്‍മ്മിഷ്ഠ
രാവ്...
സുഗന്ധപുഷ്പാവലി...
നിലാവൊഴുക്ക്...
ഏകാന്തത...
നീ കൈക്കൊള്ളുകെന്നെ.
ഈ പൂ മണക്കുക,
ഈ തളിര്‍ നുള്ളുക,
ഈ മുത്ത് പിളര്‍ക്കുക.
ശൂന്യമാമുള്ളില്‍
ഇരുള്‍ മാത്രം മുനിയും മനസ്സില്‍
ഏഴാഴികള്‍ കടന്നു
ലോഹപ്പൂട്ടുകള്‍ പിളര്‍ന്നേതു
കാമം സൂര്യനേപ്പോലെ'. അവളെ ശമിപ്പിക്കാന്‍ ആരുമില്ല, അതിനാല്‍ അവള്‍ സ്വയം ശമിപ്പിക്കുന്നു-
'ഇരുളില്‍ ഞാനെന്റെ വിരലുകളാല്‍
എന്നെത്തന്നെയുഴിയുന്നു,
ഞാനെന്നെയറുക്കുന്നു,
ഞാനെന്നെ മണക്കുന്നു,
മുലകള്‍ പിടഞ്ഞുയരുന്നു,
വൃദ്ധകാമത്തിന്നലകള്‍
ചൂടായി മുറി പഴുക്കുമ്പോള്‍
പറയുന്നൂ രാത്രി,
'കഴുതക്കാമം കരഞ്ഞു തീര്‍ക്കുക...'
ഇനിയും ചില വരികള്‍ കൂടിയുണ്ട് കവിതയില്‍; എങ്കിലും അവ കിഴിച്ചും നമുക്കിതുവായിക്കാം. സ്‌ത്രൈണകാമത്തിന്റെ ജ്വലിക്കുന്ന പാതിരാസൂര്യനെ ചെറിയൊരു പദച്ചിമിഴിലൊതുക്കിയതു പോലെ ഈ കവിത.

ബാലാമണിയമ്മയുടെ 'വൃദ്ധകന്യ'യിലും കാണാം കാമനാസന്തര്‍പ്പണത്തിനായുള്ള പെണ്ണുടലിന്റെ വാര്‍ധക്യത്തിലെ പിടച്ചില്‍. തപോനിരതയായി വളര്‍ന്ന് വാര്‍ധക്യത്തിലെത്തിയപ്പോഴാണ്,' ഇണചേര്‍ന്നരുളുമിജ്ജീവജാലങ്ങളി-
ലുണരുന്നു സംശുദ്ധചാരിതാര്‍ത്ഥ്യം' എന്ന നിനവിലേയ്ക്കും 'കുളിര്‍കാട്ടുചോലയിലൊന്നു കഴുകാതീ -/ യെളിയവാഴ്വീശ്വരന്നര്‍പ്പിക്കാമോ?' എന്ന തെളിമയിലേയ്ക്കും 'ഉലകിന്‍ മധുപര്‍ക്കം തൊട്ടു നോക്കാത്തവര്‍ -
ക്കുപരിലോകത്തിലെന്താസ്വദിക്കാന്‍!' എന്ന വെളിവിലേയ്ക്കും അവരുണരുണരുന്നത്. ഏറെ അലഞ്ഞിട്ടൊടുവില്‍ അവര്‍ സുഭഗനായ ഒരു യുവതാപസനെ കണ്ടെത്തി, തന്റെ ഇംഗിതമറിയിക്കുന്നു; ലിപ്‌സ(libido)യുടെ നിറവേറലിനായുള്ള അദമ്യദാഹത്തോടെ.
'ഇരുജീവന്മാരൊത്തേ നിറവേറ്റാനൊക്കുന്ന
പരമയജ്ഞങ്ങളുമുണ്ടെന്നാവാം;
ചിരദീക്ഷിതവ്രതം ഭഞ്ജിച്ചു ഭദ്രേ, ഞാ-
നൊരു രാത്രി മാത്രം നിനക്കു നല്‍കാം' എന്നായിരുന്നു ആ ഹൃദയാലുവിന്റെ മറുപടി. ഉടലില്‍ മുല്ലപ്പൂക്കള്‍ പൊട്ടിത്തരിച്ചുണരുന്ന ഉദ്വേഗത്തോടെ, അവള്‍ നിലാവു വഴിഞ്ഞൊഴുകുന്ന ലതാസദനത്തില്‍, ആ സമാഗമമുഹൂര്‍ത്തംകാത്തു വ്യഗ്രയായി നിന്നു. അങ്ങനെ, 'അണുവോടണുവെയിണക്കും മഹത്ത്വത്തിന്ന മരാനുഭൂതികള്‍', ആദ്യമായി, അവരൊന്നിച്ചറിഞ്ഞു. അതോടെ ആ വൃദ്ധയെ പിരിയാനാവില്ല എന്നായി ആ യുവസാധകന്! ജ്ഞാനിയും വിവേകിയുമായ അവരോ, ചരിതാര്‍ത്ഥതയുടെ പരമോച്ചശൃംഗത്തില്‍ നിന്ന് ഒരു ദേശാടനപ്പറവയേപ്പോലെ മുക്തിയുടെ സൗമ്യഋതുവിലേയ്ക്ക് പറന്നുയരുമ്പോള്‍, ഇങ്ങനെ മന്ത്രിക്കുന്നുമുണ്ടായിരുന്നു -
'അലിയട്ടേ പത പോലീയുട;ലിപ്പോള്‍ ഞാനായ -
തറിവിന്റെയലകടലപരിമേയം.
....................
ഒരു രാവിന്‍ കുമ്പിളലുലകിന്റെ സത്താലെന്‍
പരലോകപാഥേയമേകിയോനേ,
ഒഴിയാവൂ നിന്‍ ഭാവോന്നതികളി,
ലുണ്‍മ ത-
ന്നൊളിയേറ്റിപ്പാഴ്‌ത്തൊണ്ടിന്നോര്‍മ്മ നാളെ'. നോക്കൂ,തന്റെ കവിജീവിതത്തിലുടനീളം, അതിയത്‌നം ചെയ്തിട്ടും, കുമാരനാശാനെപ്പോലൊരു മഹാകവിക്കു പോലും അഴിക്കാനാവാത്ത ആ കടുംകെട്ട്, ഒറ്റവെട്ടി നറുത്തിടുകയാണ് ബാലാമണിയമ്മ, ഇവിടെ!

ഷാരണ്‍ ഓള്‍ഡ്‌സിന്റെ,' ശിശിരകാലമൈഥുനത്തിനു ശേഷം'(After making love in winter) എന്ന കവിത, സുരതാനന്ദത്തിനുള്ള ഒരു വാഴ്ത്തുപാട്ടാണ്. ഉടല്‍ മഞ്ഞുകട്ടയാകുന്ന കൊടുംശൈത്യത്തിലായിരുന്നു അത്. തങ്ങളുടെ ശരീരങ്ങള്‍ തമ്മിലുരഞ്ഞ് അഗ്‌നിപുഷ്പങ്ങള്‍ വിരിയുന്നിടം മാത്രം ചൂടുപിടിച്ചു എന്നാണ് കവിതയിലെ സ്ത്രീ, മദകൂജനത്തിന്റെ സാന്ദ്രനാദത്തില്‍, മൊഴിയുന്നത്. ഹാളില്‍ നിന്നു വരുന്ന പ്രകാശരശ്മികള്‍ തട്ടിനുമേല്‍, ആനന്ദത്തിനായി കയ്യുയര്‍ത്തുന്ന ഒരുവളുടെ നിഴല്‍ നിര്‍മ്മിച്ചിരുന്നു. കണ്ണാടിയില്‍ നിഴലിക്കുന്ന മുറിയുടെ കോണുകള്‍ പോലും പ്രശാന്തം,അനുഗൃഹീതം. ശരറാന്തലിന്റെ ഛായ,നിശ്ചലദീപ്തം. അവള്‍ക്കിപ്പോള്‍ തന്റെയുള്ളിലെ അണ്ഡാശയത്തിന്റെ സാന്നിധ്യം, ഗാഢമായറിയാം. മുകളില്‍ എരിയുന്ന ബള്‍ബില്‍ ഉറ്റുനോക്കുമ്പോള്‍ തന്റെ തന്നെ അണ്ഡാശയത്തെ നിരീക്ഷിക്കുന്നതു പോലെ. ദൃഷ്ടിയില്‍പ്പെട്ടതെല്ലാം നല്ലതും യഥാര്‍ത്ഥവുമായിരിക്കുന്നു. അവനിപ്പോള്‍ ശാന്തവും മൃദുലവുമായി തന്റെ മുഖം തലോടുകയാണ്, പേര്‍ത്തും പേര്‍ത്തും; സൃഷ്ടിയുടെ അവസാന മിനുക്കുപണികള്‍ തീര്‍ത്ത് തന്നെ പിറവിക്ക് സജ്ജയാക്കുന്ന ദൈവത്തെപ്പോലെ. ഈ ഉജ്ജ്വലമായ വരികളില്‍ കവിത അവസാനിക്കുന്നു.

സമീപനാളുകളില്‍ പ്രകാശനം ചെയ്യപ്പെട്ട, കൃപ അമ്പാടിയുടെ, 'പെങ്കുപ്പായം' എന്ന ധൃഷ്ടമായ കാവ്യസമാഹാരത്തിലെ അനന്യസാധാരണമായ ചില വരികള്‍ കൂടി എടുത്തെഴുതിക്കൊണ്ട് അവസാനിപ്പിക്കാം. കൃപ എഴുതുന്നു -
'ഇനിയങ്ങോട്ട്
ഞാന്‍ ഊക്കിന്‍ ഭദ്രയാണ്.
തളര്‍ച്ചയറ്റ മൂര്‍ച്ഛയിലാണ്,
ചേറും വീറും അണിഞ്ഞതാണ്,
നിന്റെയന്തിക്കൂട്ടെനിക്ക് വേണ്ടെടോ!
നീ സൂര്യനാണെങ്കില്‍
ഞാന്‍ ഭൂമിയാണെടോ!
പകല്‍ കരുത്തുറ്റ് പൊരുതി
കറുത്തുറങ്ങിയ പെണ്ണ് ഞാന്‍.'

Content Highlights: Mashipacha, Sajay K.V, Madhavikutty, Balamaniyamma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented