വൈലോപ്പിള്ളിയും വടക്കന്‍പാട്ടുകളും തമ്മില്‍...


സജയ് കെ.വിവടക്കന്‍പാട്ടിന്റെ, ആധുനികകാലത്തുണ്ടായ, ഒരു പുനരവതാരമായാവണം തന്റെ തന്നെ കവിതയെയും വൈലോപ്പിള്ളി സങ്കല്പിച്ചത്. ഇന്നുമാ നെല്ലിപ്പൂക്കള്‍ വാടാതെ നില്‍ക്കുന്നു, അവയുടെ നീലമിഴികളില്‍ തങ്ങുന്ന വീര-വിഷാദ പരിമളവും.

ഡിസൈൻ: ബാലു

'വിതയില്‍ എന്നെ മുലപ്പാലൂട്ടിയതു വടക്കന്‍പാട്ടാണ്' എന്നു വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്,' എന്റെ കവിത' എന്ന ലേഖനത്തില്‍. ഇതിന്റെ പ്രത്യക്ഷവും പരോക്ഷവുമായ മുദ്രകള്‍ അങ്ങിങ്ങു ചിന്നിക്കിടപ്പുണ്ട് ആ കാവ്യലോകത്തെമ്പാടും. വൈലോപ്പിള്ളിക്കവിതയുടെ പ്രഖ്യാതമുദ്രയായി മാറിയ അദമ്യമായ പ്രത്യാശയും അചഞ്ചലമായ ശുഭാപ്തിവിശ്വാസവുമെല്ലാം, അതിന്റെ സാരാംശത്തില്‍, വടക്കന്‍പാട്ടിലെ മുഖ്യരസമായ വീരത്തിന്റെ വകഭേദങ്ങളാണെന്നു പറയാനാണിതു നമ്മെ പ്രേരിപ്പിക്കുന്നത്. ആ അര്‍ത്ഥത്തില്‍, തന്റെ കവിജീവിതത്തിലുടനീളം ഒരോണപ്പാട്ടുകാരനെന്ന പോലെ വടക്കന്‍പാട്ടുകാരനുമായിരുന്നു വൈലോപ്പിള്ളി. ആദ്യ സമാഹാരമായ 'കന്നിക്കൊയ്ത്തി'ലെ അതേ പേരിലുള്ള ആദ്യകവിതയില്‍ത്തന്നെ ഇതു കാണാം.'ഹാ, വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍?' എന്നതുതന്നെ മരണവുമായങ്കം കുറിച്ചവന്റെ ചോദ്യമാണ്. അതു മാത്രമോ?' വായ്‌ച്ചെഴും കന്നിപ്പാടത്തൊരുണ്ണി-/
യാര്‍ച്ച പോല്‍ പണ്ടു മിന്നിയ തന്വി'യാണ് ഈ കവിതയിലെ ഒരു പ്രധാന കഥാപാത്രം. 'വടക്കന്‍പാട്ടിലെ ശത്രു ശിരച്ഛേദനിപുണയായ ഒരു നായിക' എന്നാണ് ഈ ഈരടിക്കു കൊടുത്ത അടിക്കുറിപ്പില്‍ കവി ഉണ്ണിയാര്‍ച്ചയെ വിവരിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇന്നവള്‍ വൃദ്ധയും വിരൂപയും മനസ്സു കൈവിട്ടുപോയവളുമാണ്. അവളുടെ ഭൂതകാലത്തിലാണ് വടക്കന്‍ പാട്ടുള്ളത് -
'ഇങ്ങു പാടങ്ങള്‍ കോള്‍മയിര്‍ക്കൊള്‍കേ, തെങ്ങു,റുമിവാളുച്ചലിപ്പിക്കേ,
പാടി പോലിവള്‍ പണ്ടഭിമാനം
തേടുമുത്തരകേരള വീര്യം'.

'കന്നിക്കൊയ്ത്തി'ല്‍ത്തന്നെയുള്ള 'പടയാളികള്‍', പാതിരാത്രിയില്‍ പാടത്തു പുഞ്ചയ്ക്കു തേവുന്ന രണ്ടു വേട്ടുവദമ്പതിമാരെപ്പറ്റിയാണ്.
'പഞ്ചഭൂതങ്ങളോടങ്ക മാടീടുമീ -
പഞ്ചമരത്രേ പെരുംപടയാളികള്‍'
എന്ന് കവി, അവരെ അങ്കച്ചേകവരുമായി അന്വയിക്കുന്നു. അധ്വാനവും ആയോധനവും അഭേദമാകുന്നു. 'പാടുകയാണിവള്‍ പാലാട്ടു കോമന്റെ/
നീടുറ്റ വാളിന്‍ നിണപ്പുഴ ക്കേളികള്‍' എന്ന് അവള്‍ പാടുന്ന പാട്ടിലും വടക്കന്‍പാട്ടിന്റെ വീര്യം സന്നിവേശിപ്പിക്കുന്നുണ്ട്, കവി.

വൈലോപ്പിള്ളിയുടെ ഈ വടക്കന്‍പാട്ടുകമ്പം അതിന്റെ പ്രത്യക്ഷരൂപത്തില്‍ പിന്നീടു നമ്മള്‍ കാണുന്നത്, 'കയ്പവല്ലരി'യിലെ 'വടക്കന്‍പാട്ട്' എന്ന കവിതയിലാണ്. 1962-ലെ ഇന്ത്യാ-ചീനായുദ്ധമാണ് പശ്ചാത്തലം.
'നടക്കും പാട്ടിനു ധീരം വടക്കന്‍ പാട്ടുകള്‍ മൂളി
വടക്കന്‍മേട്ടിലേയ്ക്കല്ലോ
പോയതാരോമല്‍.
പോരിനെത്തും ജവാന്മാര്‍ക്കാ -
ച്ചാരുപാട്ടിന്നിളം കള്ളാല്‍
വീരപാണം കൊടുക്കയാം വിരുന്നുകാരി!'

ഇങ്ങനെയൊക്കെ ചെയ്യുന്നത് കൈരളിയാണ്, വടക്കന്‍പാട്ടുമാണ്. പണ്ടു തന്റെ 'മുട്ടുശാന്തി ക്ലാസ്സി'ല്‍,'ഉറുമിവാള്‍ ചീറ്റിടും പോലെ' നിന്ന് വടക്കന്‍ പാട്ടു പാടിയ 'ചിടുങ്ങ'നായ കേശവന്‍ കുട്ടിയും ഇപ്പോള്‍ ഒരു പട്ടാളക്കാരനാണ്. ആ പടയാളികള്‍ക്ക് പടപ്പാട്ടിന്റെ പുലിപ്പാല്‍ പകരുകയാണിപ്പോള്‍ യുദ്ധമുഖമായ വടക്കന്‍ മേട്ടിലെത്തിയ കൈരളി എന്ന, പട്ടാളക്കാരുടെ ധീരയായ പെങ്ങള്‍. മാത്രമോ?

'ചിതം വിട്ടു ചീനരാകുമരിങ്ങോടര്‍ തന്‍ മുഖത്തു/ ചിലമ്പിട്ട ചേവടിയാല്‍ നീ ചവിട്ടുമ്പോള്‍' എന്നും എഴുതുന്നുണ്ട് വൈലോപ്പിള്ളി, ഈ കവിതയില്‍. അരിങ്ങോടരുടെ കുടിലത, ചീനരിലും വടക്കന്‍പാട്ടിലെ 'വടക്ക്' എന്ന സംജ്ഞ, ഇന്ത്യയുടെ വടക്കനതിര്‍ത്തിയില്‍ നടക്കുന്ന യുദ്ധത്തിലും ആരോപിച്ചിരിക്കുന്നു.

'ചേറ്റുപുഴ' എന്ന പ്രസിദ്ധമായ കവിതയിലെ ബസ്സുയാത്രയുടെ വിവരണത്തിലും കാണാം, 'കാമനു കേളി വളര്‍ക്കാനും, ഒരു / കോമനു കേറിയൊളിക്കാനും' മാത്രം മുടിനീളമുള്ള ഒരു പെണ്ണിനെ. പിന്നീട് വൈലോപ്പിള്ളി വടക്കന്‍പാട്ടിനെ നേരിട്ടു സംബോധന ചെയ്യുന്നത്, 'വിട' എന്ന സമാഹാരത്തിലെ 'കൃഷിപ്പാട്ട്' എന്ന കവിതയിലാണ്. മനോഹരമാണ് ഇക്കവിതയിലെ ബിംബവിന്യാസരീതി. വൈലോപ്പിള്ളിക്ക് പ്രിയങ്കരമായ , അത്തലിന്‍ കെടുപായലിന്‍ മീതേ പടരുന്ന ഉള്‍ത്തെളിവിന്റെ ഉപമാനമായ നെല്ലിപ്പൂവായാണ് പ്രത്യക്ഷമാകുന്നത് വടക്കന്‍പാട്ടുകള്‍ പോലെയുള്ള നാടന്‍ പാട്ടുകള്‍ ഈ കവിതയില്‍.
'പണ്ടു പുഞ്ചയില്‍ നെല്ലോ -
ടൊന്നിച്ചു നെല്ലിപ്പൂവിന്‍
തണ്ടു പോല്‍ ചുറ്റിക്കേറി -
പ്പൂവിട്ടു നാടന്‍പാട്ടും'.

വൈലോപ്പിളളി ഇഷ്ടപ്പെട്ടിരുന്ന നാടന്‍പൂക്കളില്‍ ഒന്നാം സ്ഥാനം ഈ നെല്ലിപ്പൂവിനാണ്.

'കതിരിട്ട നെല്ലില്‍ ചുറ്റിയ മോതിരപ്രായമായ നെല്ലിവള്ളിയില്‍ പൂത്ത വയലറ്റു നിറത്തിലുള്ള നെല്ലിപ്പൂവിന്റെ സുസൂക്ഷ്മമായ ഗന്ധം ഞാന്‍ പിന്നീടറിഞ്ഞത് ടാഗോര്‍ക്കവിതകളിലാണ്' എന്ന് 'കാവ്യലോകസ്മരണ'കളില്‍.' കവിയും കുഷ്ഠരോഗിയും' എന്ന കവിതയില്‍ (ഓണപ്പാട്ടുകാര്‍) തന്റെ തന്നെ കവിത്വത്തിന്റെ പ്രതിരൂപവുമാണ് ഈ വിനീതപുഷ്പം വൈലോപ്പിള്ളിക്ക്. ഇവിടെ അത് വടക്കന്‍ പാട്ടിന്റെ ഉപമാനമാകുന്നു. 'വീരവും വിഷാദവും കലര്‍ന്ന പുരാതന -/ കേരളനാട്ടിന്‍ കഥാ-/ സൗരഭം' എന്ന് കവി. 'വേലയെ നൃത്തത്തിന്റെ വകഭേദമായ് മാറ്റി -/ യേലയില്‍പ്പാടിക്കൂടിപ്പണിത' കവിതയാണത്. ഇന്ന് ആ ബന്ധമറ്റു പോയിരിക്കുന്നു. വേലയെ വേട്ട കലയുടെ താലിയറ്റുപോയിരിക്കുന്നു. എങ്കിലും തന്റെ കാലഘട്ടത്തിലെ പുരോഗമനകവികള്‍ ആ വീരരസം പുനരാവിഷ്‌കരിക്കുന്നുണ്ടെന്നാണ് വൈലോപ്പിള്ളിയുടെ വിശ്വാസം ('പടപ്പാട്ടെ'ന്ന പേരു തന്നെയാണല്ലോ നമ്മള്‍ അത്തരം കവിതകള്‍ക്കു ചാര്‍ത്തിക്കൊടുത്തതും!).' പാടത്തു കൊയ്യുമ്പോള്‍, വിത്തു നടുമ്പൊഴും/ പാടിത്തുടങ്ങി നീ വീരഗാനം' എന്ന്, വള്ളത്തോളിന്റെ 'പണ്ടത്തെ പാട്ടുക'ളുടെ വൃത്തമവലംബിച്ചെഴുതിയ,' ഇന്നത്തെ കൈരളി' എന്ന അവസാനകാല കവിതയിലും വൈലോപ്പിള്ളി എഴുതി. വടക്കന്‍പാട്ടിന്റെ, ആധുനികകാലത്തുണ്ടായ, ഒരു പുനരവതാരമായാവണം തന്റെ തന്നെ കവിതയെയും വൈലോപ്പിള്ളി സങ്കല്പിച്ചത്. ഇന്നുമാ നെല്ലിപ്പൂക്കള്‍ വാടാതെ നില്‍ക്കുന്നു, അവയുടെ നീലമിഴികളില്‍ തങ്ങുന്ന വീര-വിഷാദ പരിമളവും.

Content Highlights: Mashipacha, Sajay K.V, Vyloppilly Sreedharamenon, Vadakkan folklore


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented