ഉള്ളൂർ
പാണ്ഡിത്യത്തിന്റെ കഠിനശിലകളാല്‍ പടുത്ത പ്രാകാരമെന്നോണമാണ് മഹാകവി ഉള്ളൂരിന്റെ കവിത. തനി നാളികേരപാകം. സംസ്‌കൃതപദയോജനകളുടെ ചകിരിയും പണ്ഡിതര്‍ക്കു മാത്രം അഭിഗമ്യമായ പുരാണപരാമര്‍ശങ്ങളുടെ ചിരട്ടയും കടന്നു വേണം അതിന്റെ കാമ്പു കണ്ടെത്താന്‍. ഈ സവിശേഷതകളെല്ലാമുള്ള ഒരുള്ളൂര്‍ക്കവിതയാണ് 'ഒരു മഴത്തുള്ളി.' ഒരുല്ലേഖമാലയാണ് ഈ കവിതയെന്നു വേണമെങ്കില്‍ പറയാം. മഴത്തുള്ളി എന്ന അനുഭവത്തെ പലതായി കല്പിച്ചുകൊണ്ട് ഭാവനയുടെയും പാണ്ഡിത്യത്തിന്റെയും കവിത സൃഷ്ടിക്കുകയാണ് മഹാകവി. കല്പവൃക്ഷത്തില്‍ നിന്നു ഞെട്ടറ്റു വീഴുന്ന പൂമൊട്ട്, സുരവാഹിനിയായ ഗംഗയുടെ തടങ്ങളില്‍ നിന്നു താഴേയ്ക്കു വരുന്ന അരയന്നത്തിന്റെ ചെറിയ മുട്ട, അരയന്നച്ചുണ്ടില്‍ നിന്നൂര്‍ന്നു വീണ വെണ്‍താമരയല്ലി, ഇന്ദ്രന്റെ കൊറ്റക്കുടയില്‍ നിന്നുപതിച്ച വൈരക്കല്ല്, ആകാശത്തു നിന്ന് ചുവടിടറി വീണ നക്ഷത്രം, സുകൃതക്ഷയത്താല്‍ സ്വര്‍ഗ്ഗം വെടിഞ്ഞു പോരേണ്ടി വന്ന പുണ്യാത്മാവ്, സ്വര്‍ഗ്ഗംഗയില്‍ നിന്നു കാറ്റടിച്ചു പാറുന്ന നീര്‍ത്തുള്ളി, മദം പൂണ്ടു നില്‍ക്കുന്ന ഐരാവതത്തിന്റെ തുമ്പിക്കയ്യില്‍ നിന്നു തെറിച്ച ജലകണം, വണ്ടുകള്‍ നുകര്‍ന്നു ബാക്കി വന്ന കല്പവൃക്ഷത്തിലെ പൂന്തേന്‍, ഇന്ദ്രാണിയുടെ തോഴിമാര്‍ തളിക്കുന്ന പനിനീരിന്റെ ഒരു തുള്ളി, ഇന്ദ്രന്‍ ബൃഹസ്പതിയുടെ കാലുകഴുകിയ പാദാംബുവിന്റെ പാവനബിന്ദു, സ്വര്‍ഗ്ഗത്തില്‍ വച്ച അമൃതകലശത്തില്‍ നിന്നു തുളുമ്പി വീണ അമൃതിന്റെ തുള്ളി, ദിഗ്‌സുന്ദരി കുളിച്ചുതോര്‍ത്തുമ്പോള്‍ കാര്‍കൂന്തലില്‍ നിന്നു തെറിച്ചുവീണ വെളളത്തുള്ളി എന്നിങ്ങനെയാണ് മഴത്തുള്ളി ഭാവന ചെയ്യപ്പെടുന്നത് ഈ കവിതയുടെ പ്രാരംഭഭാഗത്ത്. ഇങ്ങനെയൊക്കെ പരാവര്‍ത്തനം ചെയ്യാവുന്ന ഈ കല്പനകള്‍, പലപ്പോഴും, അപൂര്‍വ്വസംസ്‌കൃതപദങ്ങളുടെ അകമ്പടിയോടെയാണ് വന്നണിനിരക്കുന്നത് ഉള്ളൂരിന്റെ കവിതയില്‍. അരയന്നത്തിന്റെ കൊക്ക്, 'വിധാതൃയാനദ്വിജചഞ്ചു'വാണ് ഈ മഹാകവിക്ക്; പനിനീര്‍ത്തുള്ളി എന്നല്ല,' ഗന്ധദ്രവാംഭ: പൃഷതപ്രകാണ്ഡ'മെന്നെഴുതുന്നതാണ് മഹാകവിയുടെ രീതി. സന്താനമരം, കല്പവൃക്ഷമാണെന്നും ശതമന്യു, ഇന്ദ്രനാണെന്നും പൗലോമി, ഇന്ദ്രാണിയാണെന്നും അറിയാത്ത പുതുവായനക്കാര്‍ ഈ പദകുബേരതയ്ക്കു മുന്നില്‍ തെല്ല്, കുഴങ്ങി നിന്നേക്കും. 'കാദംബിനീകാമിനി' മഴക്കാറാകുന്ന സ്ത്രീ ആണെന്നും 'സപര്‍വ്വപാദാങ്കിതമാം നഭസ്സ്' മഴക്കാലത്തെ ആകാശമാണെന്നും ഗ്രഹിച്ചാലേ താഴെക്കൊടുക്കുന്ന ശ്ലോകത്തില്‍ മഴത്തുള്ളികളെ ഗര്‍ഭം ധരിച്ച മേഘമാണ് വര്‍ണ്ണ്യവിഷയമെന്നു തെളിയൂ -
'ഭവാനെയും സോദരരേയുമോമല്‍ -
കാദംബിനീകാമിനി തന്‍ വയറ്റില്‍
ചുമന്നുകൊണ്ടെത്ര ദിനങ്ങള്‍ വാണൂ
സപര്‍വ്വപാദാങ്കിതമാം നഭസ്സില്‍!'
തുടര്‍ന്നുവരുന്ന ഒരു ശ്ലോകത്തില്‍ ആ ഗര്‍ഭസ്ഥശിശുക്കളുടെ വളര്‍ച്ചയെയാണ് മഹാകവി വര്‍ണ്ണിക്കുന്നത്. അവ, 'വളര്‍ക്ഷമായ് വര്‍ത്തുളമായ് വളരു'ന്നു. 'വളര്‍ക്ഷ'മെന്നാല്‍ 'വെളുപ്പാ'ണെന്നും 'മുത്താ'ണെന്നും അറിയുംവരെ വായനക്കാര്‍, അക്ഷരാര്‍ത്ഥത്തില്‍, വെള്ളം കുടിക്കുക തന്നെ ചെയ്യും !
ഉള്ളൂര്‍ക്കവിതയുടെ ഭാഷാസവിശേഷതകളും ഭാവനാസവിശേഷതകളും വ്യക്തമാക്കുന്നതിനു വേണ്ടിയാണ് ഇത്രയും വിശദീകരിച്ചത്. ഈ രീതി കൃത്രിമമാണെന്നും ഇതത്രയും ആയാസപ്പെട്ടെഴുതിയതാണ് മഹാകവി എന്നും നെറ്റിചുളിക്കാന്‍ വരട്ടെ. മനപ്പൂര്‍വ്വമായി പാണ്ഡിത്യപ്രകടനം നടത്തുകയായിരുന്നു ഉള്ളൂര്‍മഹാകവി എന്ന് അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ആഴത്തെക്കുറിച്ച് ഒരേകദേശ ധാരണയെങ്കിലുമുള്ള ആരും പറയുമെന്നു തോന്നുന്നില്ല. പുരാണങ്ങളും ഇതിഹാസങ്ങളും മഹാകാവ്യങ്ങളും പാലൂട്ടി വളര്‍ത്തിയ മഹാപ്രജ്ഞയായിരുന്നു അദ്ദേഹത്തിന്റേത്. അത്തരമൊരു വിശിഷ്ടമേധയില്‍ വിളഞ്ഞ, നിയോ- ക്ലാസിക്കല്‍ ഭാവനയുടെ മുഴുമുത്തുകളെയാണ് ഇവിടെ നമ്മള്‍ പരിചയപ്പെട്ടത് (ഉള്ളൂരിന്റെ ഹ്രസ്വകവിതകളുടെ കൂട്ടത്തില്‍ മികച്ചതായി 'താരഹാരം' എന്ന സമാഹാരത്തിലുള്‍പ്പെടുന്ന, 'ഒരു മഴത്തുള്ളി'യെ ഡോ.എം.ലീലാവതിയും വിലയിരുത്തുന്നുണ്ട് , തന്റെ 'കവിതാസാഹിത്യചരിത്ര'ത്തില്‍).
ഈ കവിതയുടെ മുക്കാല്‍ പങ്കും കയ്യടക്കി വച്ചിരിക്കുന്നത് മേല്‍സൂചിപ്പിച്ചതു മാതിരിയുള്ള ഉല്ലേഖങ്ങളാണ്. 'കാദംബിനീകാമിനി' പെറ്റ മഴത്തുള്ളിക്കുഞ്ഞുങ്ങള്‍,ഒന്നൊഴിയാതെ, എല്ലാവരും ഭൂമിയിലേയ്ക്കു പതിച്ചതും അതൊരു 'സന്താനഗോപാലകഥാപ്രഭേദ'മായി മാറിയതും കവി തുടര്‍ന്നു വര്‍ണ്ണിക്കുന്നു-'സഞ്ജാതമാത്രങ്ങള്‍ കിടാങ്ങളെങ്ങും
താഴോട്ടു താഴോട്ടു പതിച്ചിടുന്നു;
ഇല്ലൊറ്റയുണ്ണിക്കുമിരിപ്പു വാനില്‍:
ഈറ്റില്ലമേ ! നിന്‍ നില ശുദ്ധശൂന്യം'.
കൊടുംവേനലിനിളവു നല്‍കിക്കൊണ്ട് ഭൂമിയിലേയ്‌ക്കെത്തുന്ന മഴത്തുള്ളിയുടെ പരോപകാരപ്രവണതയാണ് തുടര്‍ന്നു വര്‍ണ്ണിക്കപ്പെടുന്നത്, കവിതയില്‍. അതിലേയ്ക്കു കടക്കുന്നില്ല; പകരം ഉള്ളൂര്‍ക്കവിത ഉദാത്തതയുടെ ഉയരങ്ങളെച്ചുംബിക്കുന്നതെന്നു പറയാവുന്ന ഒരു ശ്ലോകം മാത്രം ഇവിടെ എടുത്തെഴുതാം -
'ഇക്കൊച്ചു നീര്‍ത്തുള്ളിയുമീശ്വരന്റെ
കമ്മട്ടമേ! നിന്നുടെ നാണ്യമല്ലേ?
അതിന്റെയിങ്ങേ വശമാണു ഞങ്ങള്‍
വായിച്ച, തങ്ങേ വശമന്യലേഖം.'
ഒരു വശം മാത്രം കാണപ്പെടുന്ന, ദൈവത്തിന്റെ കമ്മട്ടത്തിലെ വെള്ളിനാണ്യമാകുന്നു മഴത്തുള്ളി. ഇപ്പുറമെഴുതിയതാണ് നമ്മള്‍, കവിയും, വായിക്കുന്നത്. അപ്പുറത്ത് ആലേഖനം ചെയ്യപ്പെട്ടതെന്താണെന്ന് ആര്‍ക്കുമറിയില്ല. സൃഷ്ടിരഹസ്യത്തെയും പ്രപഞ്ചപ്പൊരുളിന്റെ അജ്ഞേയതയെയും ഒരു മഴത്തുള്ളിയെ മുന്‍നിര്‍ത്തി ആവിഷ്‌കരിക്കുന്ന അനന്യസാധാരണമായ വരികളാണിവ. തന്റെ ഉല്ലേഖമാലകള്‍ക്കിടയില്‍ ഇങ്ങനെ ചില വിശിഷ്ടരത്‌നങ്ങളും പൂഴ്ത്തിവച്ചിരുന്നു ഈ പണ്ഡിതമഹാകവി!
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..