'അതുകൊണ്ടാണ് ഭരണിയിലെ ഉപ്പ് അലിഞ്ഞ് സ്വന്തം സമുദ്രം തുടങ്ങിവയ്ക്കുന്നത്'...വാക്കിന്റെ ചന്ദ്രക്കലകള്‍


സജയ് കെ.വിഉപ്പ്, സ്വയമലിഞ്ഞ് അതിന്റെ സമുദ്രം തുടങ്ങി വയ്ക്കുന്നതു പോലെയാണ് കവിതയില്‍ വാക്ക് നാനാര്‍ത്ഥപ്പെട്ട്, അര്‍ത്ഥവിസ്താരത്തിന്റെ സമുദ്രം തുടങ്ങി വയ്ക്കുന്നത്. ഈ സമുദ്രത്തുടര്‍ച്ച സ്വപ്നം കാണാത്ത വാക്കൊന്നും കവിതയാവില്ല.

പ്രതീകാത്മക ചിത്രം

I'm a riddle in nine syllables,
An elephant, a ponderous house,
A melon strolling on two tendrils.
O red fruit, ivory, fine timbers!
This loaf's big with its yeasty rising.
Money's new minted in this fat purse.
I'm a means, a stage, a cow in calf.
I've eaten a bag of green apples,
Boarded the train there's no getting off.

(Metaphors, Sylvia Plath)

അര്‍ത്ഥാന്തരങ്ങളിലേയ്ക്കുള്ള വാക്കിന്റെ പടര്‍ച്ചയാണ് കവിത. ചില കവിതകള്‍ ഇങ്ങനെ അതികവിത (metapoems)കളായി മാറി അതിനെപ്പറ്റിത്തന്നെ സംസാരിക്കാറുമുണ്ട്. കൂട്ടത്തില്‍ ആദ്യം ഓര്‍മ വന്ന കവിത പി.രാമന്റെ' മുല്ലത്തറ'യാണ്. പിന്നാലെ ഒരു ജയശീലന്‍കവിത ഓര്‍മ്മ വന്നു. ഏറ്റവുമൊടുവില്‍ എനിക്കേറെ പ്രിയപ്പെട്ട, ഡി.വിനയചന്ദ്രന്റെ' പൊതി' എന്ന കവിതയും. ഇങ്ങനെയാണ് രാമന്റെ കവിത -

'വഴിയെവിടെ?
വഴിയെവിടെ?
മുല്ലത്തറയ്ക്കു മേല്‍
വള്ളിക്കുരുന്നുകള്‍ -
ക്കൊക്കെയും സംഭ്രമം.
പന്തലിട്ടില്ല
പടര്‍ത്തീലവയുടെ
സംഭ്രമം നഷ്ട-
പ്പെടാതെ കാക്കുന്നു ഞാന്‍.'

'കനം' എന്ന ആദ്യ സമാഹാരത്തിലെ ആദ്യ കവിതയായി ഇങ്ങനെ വായിക്കുമ്പോള്‍ അതെഴുതിയ കവിയുടെ കവിത്വസംഭ്രമമായാണ് അത് വായിക്കപ്പെടുക. മറ്റൊരു വായനയ്ക്കാണ് ഇവിടെ മുതിരുന്നത്. ആ മുല്ലച്ചെടി കവിതയാണെന്നു കരുതൂ. അഥവാ അനന്തമായ അര്‍ത്ഥോല്പാദനക്ഷമതയാല്‍ കവിതയായിത്തീര്‍ന്ന ഭാഷയുടെ മുല്ലക്കൊടികള്‍. ഇനി അതിന് പന്തലിടുന്നതും പടര്‍ത്തുന്നതും കവിയുടെ ജോലിയോ ബാധ്യതയോ അല്ല. അവയുടെ സംഭ്രമം നഷ്ടപ്പെടാതെ കാക്കുക മാത്രമേ ചെയ്യേണ്ടൂ അയാള്‍. കാവ്യാര്‍ത്ഥത്തിന്റെ സന്ദിഗ്ദ്ധത(ambiguity)യാണ് ഈ സംഭ്രമം. ആ സന്ദിഗ്ദ്ധതയെ അതിനു സാധ്യമായ വ്യഞ്ജനയുടെ നാനാദിശകളിലേയ്ക്ക് പടര്‍ത്തേണ്ടത് ഇനി വായനക്കാരുടെയും നിരൂപകരുടെയും ചുമതലയാണ്. അപ്പോള്‍ വള്ളിക്കുരുന്നുകള്‍ക്ക് കൂടുതല്‍ പടര്‍ച്ച കൈവരുന്നു. അര്‍ത്ഥമുകുളങ്ങള്‍ വിരിഞ്ഞ് സൗരഭ്യം പരത്തുന്നു. നാനാര്‍ത്ഥവാഹിയായ ഒരു കാറ്റ് വീശുന്നു.

'ഉപ്പിന്റെ
സ്വഭാവം
കടലില്‍ അലിഞ്ഞിരിക്കുക എന്നതാണ്.
അതുകൊണ്ടാണ് ഭരണിയിലെ ഉപ്പ്
അലിഞ്ഞ്
സ്വന്തം സമുദ്രം തുടങ്ങി വയ്ക്കുന്നത്'
എന്ന് കെ.എ. ജയശീലന്‍' ഉപ്പ്' എന്ന കവിതയില്‍. ഉപ്പ്, സ്വയമലിഞ്ഞ് അതിന്റെ സമുദ്രം തുടങ്ങി വയ്ക്കുന്നതു പോലെയാണ് കവിതയില്‍ വാക്ക് നാനാര്‍ത്ഥപ്പെട്ട്, അര്‍ത്ഥവിസ്താരത്തിന്റെ സമുദ്രം തുടങ്ങി വയ്ക്കുന്നത്. ഈ സമുദ്രത്തുടര്‍ച്ച സ്വപ്നം കാണാത്ത വാക്കൊന്നും കവിതയാവില്ല. അത് വാച്യത്തിന്റെ ചില്ലുഭരണിക്കുള്ളില്‍ ഉപ്പായിത്തുടരുകയേയുള്ളൂ. ഉപ്പിന്റെ സമുദ്രാരംഭങ്ങളാണ് വാക്കിന്റെ കവിതത്തുടക്കങ്ങള്‍. വാക്ക്, സമുദ്രപ്പെടുമ്പോള്‍ കവിതയാകുന്നു.

വിനയചന്ദ്രന്റെ' പൊതി' അധികമാരും ശ്രദ്ധിച്ച കവിതയല്ല. അമ്മ - വാക്കിന്റെ അമ്മ- തന്ന പൊതിയെക്കുറിച്ചാണ് കവി എഴുതുന്നത്. അത് സ്പന്ദിക്കുന്നു. വളരുന്ന ചന്ദ്രക്കലകളാകുന്നു, അതിനാല്‍ കവിതയും. ഒരോ കവിതയും വാക്കിന്റെ ചന്ദ്രക്കല; അനുരാത്രം വളര്‍ന്ന് അത് 'പൗര്‍ണ്ണമിക്കുള്ള പൂര്‍ണ്ണത'യോളം മുതിരാനാഗ്രഹിക്കുന്നു. ഈ വളര്‍ച്ച സംഭവിക്കുന്നത് വായനയിലാണ്; വായനയാലുമാണ്. കവി തന്നു പോയ പൊതി, ഭാവുകനായ വായനക്കാരന്റെ കയ്യില്‍ വളരുന്ന വാക്കിന്റെ ചന്ദ്രക്കലകളാകുന്നു-
'അമ്മേ എനിക്കു വേണ്ട ഔഷധം
ഈ ഗിരിനിരകള്‍ക്കും അപ്പുറമാണ്
എത്തേണ്ട ചന്ദ്രന്റെ കടവ്
ഈ കടല്‍ത്തിരകള്‍ക്കും അപ്പുറമാണ്

അമ്മേ നിന്റെ പൊതി
ഇതാ എന്റെ കയ്യില്‍
പതുക്കെ പതുക്കെ വളരുന്ന
ചന്ദ്രക്കലയാകുന്നു.'

Content Highlights: Mashipacha, Sajay K.V, D. Vinayachandran, P.Raman

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented