പലതരം അമ്മത്തങ്ങളും അവളത്തങ്ങളുമായി ഒരേയൊരു കെ.പി.എ.സി ലളിത


സജയ് കെ.വിനാരായണിയോളം ഋജുവും പരുഷവും അകാല്പനികവുമാണത്. ആ സാധ്യതകളെയാണ് കെ.പി.എ.സി.ലളിതയുടെ കേവലശബ്ദത്തിലൂടെ ഉയിര്‍പ്പിച്ചത് അടൂര്‍.

കെ.പി.എ.സി ലളിത

ടൂര്‍ ഗോപാലകൃഷ്ണന്റെ 'മതിലുക'ളില്‍ അരൂപിയായ നാരായണിയുടെ ശബ്ദമായപ്പോള്‍ പോലും മലയാളി തിരിച്ചറിഞ്ഞ ശബ്ദമാണ് കെ.പി.എ.സി. ലളിതയുടേത്. അതിന്റെ പേരില്‍ അടൂരിനെ വിമര്‍ശിച്ചവരുണ്ട്. കൂടുതല്‍ അപരിചിതഹൃദ്യമായ ഒരു പെണ്ണൊച്ചയായിരുന്നു നാരായണിക്കുചിതം എന്ന വാദമായിരുന്നു അവരുടേത്. ചിരപരിചിതയോ സുപരിചിതയോ ആയിരുന്നു ആ നടി മലയാളിക്ക്. ആ ശബ്ദവും അങ്ങനെ തന്നെ. ആ പരിചിതത്വത്തിന് മറ്റൊരു മാനം കൂടിയുണ്ട്. പരിചിതയുടെ ശരീരവും ശാരീരവുമായിരുന്നു ലളിത, തിരയില്‍. പരിചിതം എന്നതിന് സാധാരണം എന്ന അര്‍ത്ഥമാണ് ഇവിടെ കൂടുതല്‍ സംഗതം. സാധാരണക്കാരന്‍ (common man) എന്നതിന്റെ സ്ത്രീലിംഗ രൂപമായിരുന്നു അത്. ഗ്രാമീണമായ ശരീരഭാഷ എന്ന ഒന്നുണ്ടെങ്കില്‍ അതിനു തികച്ചും പാകമായിരുന്നു ഈ അഭിനേത്രിയുടെ ഉടലിന്റെ വ്യാകരണം. നഗരത്തിലായിരിക്കുമ്പോഴും അവര്‍ ഗ്രാമീണയായ ഒരു കേരളീയസ്ത്രീയെപ്പോലെ പെരുമാറി. 'എന്‍ഡെമിക്' (endemic) ആയിരുന്നു, ആ അര്‍ത്ഥത്തില്‍, കെ.പി.എ.സി ലളിതയുടെ കഥാപാത്രങ്ങള്‍; സവിശേഷമായ ഇടങ്ങളില്‍ വേരുകളുള്ളവരും ഗ്രാമ്യവും ഗാര്‍ഹികവുമായ അടിമണ്ണുള്ളവരും.

നായികേതര കഥാപാത്രങ്ങളിലൂടെ ഇത്രമാത്രം പ്രേക്ഷകപ്രീതി നേടിയ വേറൊരു നടി നമുക്കുണ്ടാവില്ല. ചില സാമാന്യതകളോടു കൂടി ഒന്നില്‍ നിന്നൊന്ന് വ്യത്യസ്തമായിരുന്നു ലളിതയുടെ കഥാപാത്രങ്ങള്‍. ജീവിതത്തിലെ വേഷങ്ങള്‍ പോലെ വിരലിലെണ്ണാവുന്നയാണ്, പലപ്പോഴും, സിനിമയിലെ പാര്‍ശ്വസ്ഥരായ സ്ത്രീകഥാപാത്രങ്ങളുടെ പലമയും. ഈ പരിമിതിയെ വൈവിധ്യത്തിന്റെ അരങ്ങാക്കി മാറ്റി ഈ അഭിനേത്രി. ഒരേ അമ്മവേഷത്തില്‍ തളഞ്ഞുപോയ മറ്റു ചില നടിമാരെപ്പോലെയായിരുന്നില്ല ലളിത. പലതരം അമ്മത്തങ്ങളും അവളത്തങ്ങളുമായി അവര്‍ പെരുകി. 'സ്ഫടിക'ത്തിലെയും 'വെങ്കല'ത്തിലെയും അമ്മക്കഥാപാത്രങ്ങള്‍ക്കു തമ്മില്‍ എന്തൊരന്തരം! ആ കഥാപാത്രങ്ങള്‍ക്കിടയിലെ സാമുദായികവും സാമൂഹികവും സാം
സ്‌കാരികവുമായ വിതാനഭേദം മാത്രമല്ല ഇതിനു കാരണം. ഒരു കഥാപാത്രമായിപ്പകരാനും ആ കഥാപാത്രത്തെ സ്വന്തം ശരീരഭാഷയുടെ സമസ്തസാധ്യതകളുമുപയോഗിച്ച് വ്യാഖ്യാനിക്കാനുമുള്ള നടിയുടെ സഹജശേഷിയുടെ കൂടി പ്രകാശനമായിരുന്നു അത്.'ശാലീനത' എന്നു വിളിക്കപ്പെടുന്ന വ്യാജസ്ത്രീപ്രരൂപത്തിന്റെ നേര്‍വിപരീതമായിരുന്നു, എക്കാലവും, കെ.പി.എ.സി ലളിതയുടെ വെളളിത്തിരയിലെ പകര്‍ന്നാട്ടങ്ങള്‍. പരുഷവും ഗ്രാമീണവുമായ ഒരു തരം ആര്‍ജ്ജവവും ധൃഷ്ടതയുമുണ്ടായിരുന്നു ആ കഥാപാത്രങ്ങള്‍ക്ക്. 'മനസ്സിനക്കരെ' എന്ന സിനിമയിലെ കൊച്ചുത്രേസ്യയുടെ കൂട്ടുകാരിയായി മറ്റൊരു നടിയെ നമുക്ക് സങ്കല്പിക്കാന്‍ കൂടിയാവില്ല. കൈപ്പുണ്യവും സ്‌നേഹവും ചേര്‍ത്തുപചിച്ച അച്ചപ്പവും കുഴലപ്പവും കൊണ്ട് പണ്ട് പണിയിടങ്ങളില്‍ ഒരുമിച്ചായിരുന്നവളുടെ സമ്പന്നതയിലെ ദൗര്‍ഭിക്ഷ്യത്തെ സല്‍ക്കരിക്കുന്ന നാട്ടുവെളിച്ചം പോലെ തെളിഞ്ഞ ഈ പെണ്‍സൗഹൃദമുണ്ടല്ലോ, അത് ആ പഴയ മുട്ടവിളക്കിന്റെ വെളിച്ചം പോലെ ലളിതയിലൂടെ മാത്രം ഇത്ര ഹൃദയംഗമമായി പ്രകാശിക്കുന്നത്! സ്ത്രീകള്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ പൊതുവേ പ്രമേയപരിധിക്ക് പുറത്തായ നമ്മുടെ സിനിമയിലെ (ഒരു ദാസനെയും വിജയനെയും പോലെ സുലഭമല്ല, ഒരു കൊച്ചുത്രേസ്യയും കുഞ്ഞുമറിയവും എന്ന അര്‍ത്ഥത്തില്‍!) ഒരനന്യസൗഹൃദചിത്രമാകുന്നു, അതിനാല്‍, 'മനസ്സിനക്കരെ'യിലേത്. 'കൊടിയേറ്റ'ത്തിലെ അലസതാമൂര്‍ത്തിയായ
ശങ്കരന്‍ കുട്ടിയുടെ ഭാര്യ, ശാന്തമ്മയിലും കാണാം ഗ്രാമീണമായ ഒരു തരം തന്റേടം. ശങ്കരന്‍ കുട്ടിയുടെ പരഭാഗ-counterpart- മാണ് ശാന്തമ്മ എന്നതാണ് ഈ കഥപാത്രകല്പനയുടെ അഴകും മിഴിവും.

'മതിലുക'ളിലെ നാരായണിയുടെ ശബ്ദമാകാനുള്ള കെ.പി.എ.സി. ലളിതയുടെ അധികയോഗ്യതയെക്കുറിച്ചു കൂടി ചിലതു പറയാനുണ്ട്. ഒരു തടവുപുള്ളിയാണ് നാരായണി; സാമാന്യദൃഷ്ടിയില്‍ കുറ്റവാളി. അവളിലെ പ്രണയമോഹവും പാരസ്പര്യദാഹവും ആവിഷ്‌കരിക്കാന്‍ ലളിതയെന്ന നടിയുടെ ശാലീനതാവിരുദ്ധമായ പെണ്‍മയും തന്മയും തന്നെയാണുചിതം എന്ന് അടൂര്‍ എന്ന നിപുണനായ സംവിധായകന്‍ കണ്ടു. ആ ശബ്ദത്തോടൊപ്പം മലയാളിയുടെ മനത്തിരശ്ശീലയില്‍ തെളിയുന്ന ഒരു സ്ത്രീമാതൃകയുണ്ട്. നാരായണിയോളം ഋജുവും പരുഷവും അകാല്പനികവുമാണത്. ആ സാധ്യതകളെയാണ് കെ.പി.എ.സി.ലളിതയുടെ കേവലശബ്ദത്തിലൂടെ ഉയിര്‍പ്പിച്ചത് അടൂര്‍.

കെ.പി.എ.സി. എന്ന നാടകക്കൂട്ടത്തിന്റെ പേര്, ഒരു രാഷ്ട്രീയമുദ്ര കൂടിയാകുന്നു അത്, ഗ്രാമീണകര്‍ഷകരുടെ കാലടിയിലെ വയല്‍ച്ചേറു പോലെ തന്റെ പേരിനൊപ്പം ചേര്‍ത്തു വച്ചു, എക്കാലവും, ലളിത. സാഹിത്യത്തില്‍ കാല്പനികതയും റിയലിസവുമുള്ളതു പോലെ, അഭിനയകലയിലെ റിയലിസത്തിന്റെ പേരാകുന്നു കെ.പി.എ.സി.ലളിത എന്നത്. ഒരു ചങ്ങമ്പുഴക്കാവ്യനായികയേയല്ല അവര്‍; മറിച്ച്, ഇടശ്ശേരിയുടെ കവിതകളില്‍ എവിടെ വേണമെങ്കിലും കണ്ടുമുട്ടിയേക്കാവുന്ന ഒരുവള്‍. നിലാവല്ല, വെയില്‍.

Content Highlights: Sajay K.V, Mashipacha,K.P.A.C Lalitha, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented