'കണ്ടു നമ്മളന്യോന്യം സുഹൃത്തേ വീണ്ടും ജീവിതസായാഹ്നത്തിങ്കല്‍...': വാര്‍ധക്യബലിഷ്ഠനായ ഇടശ്ശേരി 


സജയ് കെ.വികളിയും ചടുലതയും പോരാട്ടവുമാണ് ജീവിതം ഇടശ്ശേരിക്ക്. ഈ കളിയിലും പോരാട്ടത്തിലുമേറ്റ പലതരം പരിക്കുകളാണു ശേഷിക്കുന്നത്, വാര്‍ധക്യസായാഹ്നത്തില്‍.

ഇടശ്ശേരി

വാര്‍ധക്യം പ്രമേയമാകുന്ന ഒരസാധാരണരചനയാണ് ഇടശ്ശേരിയുടെ 'വീണ്ടും ഓണം'. വാര്‍ധക്യത്തില്‍ വീണ്ടും കണ്ടുമുട്ടുന്ന രണ്ടു ബാല്യകാലസുഹൃത്തുക്കള്‍. ഈ കണ്ടുമുട്ടലിന്റെ വൈകാരികശോഭയും വാര്‍ധക്യദൈന്യവും മരണത്തിന്റെ സമീപസ്ഥതയുമാണ് അനന്യമായ ഭാഷാസൂക്ഷ്മതയോടെ ഇടശ്ശേരി എഴുതുന്നത്, ഈ കവിതയില്‍. ഒരു ഓണനാളിലാണ് ആ കണ്ടുമുട്ടല്‍ നടന്നത് എന്നതിനാല്‍ വാര്‍ധക്യത്തിലേയ്ക്ക് വീണ്ടും ശ്രാവണവര്‍ണ്ണങ്ങള്‍ സംക്രമിക്കുമ്പോഴുളവാകുന്ന സാന്ധ്യച്ഛവിയുടെ തീവ്രശോഭയും ഈ കവിതയില്‍ നിന്നു പ്രസരിക്കുന്നു. മനോഹരമാണ് കവിതയുടെ തുടക്കവരികള്‍ -
'കണ്ടു നമ്മളന്യോന്യം സുഹൃത്തേ
വീണ്ടും ജീവിതസായാഹ്നത്തിങ്കല്‍,
പെയ്തു പെയ്തു വെളുത്തു കഴിഞ്ഞി -
ട്ടേതോ കാറ്റിനാലൊന്നിച്ച പോലെ
നാമിന്നിങ്ങനെ കണ്ടെത്തിയോണ -
നാളിന്‍ സുന്ദരത്താഴ് വരയിങ്കല്‍'.
ഈ വരികളില്‍ ഒരു വാര്‍ധക്യനിര്‍വചനമുണ്ട്, ഒരു പക്ഷേ ഇടശ്ശേരിയെപ്പോലെ വാര്‍ധക്യബലിഷ്ഠനായ ഒരു കവിക്കു മാത്രം സൃഷ്ടിക്കാനാവുന്നത്. ഇടശ്ശേരിയുടെ, നമുക്കു ചിരപരിചിതമായ രൂപത്തെയും ഓര്‍മ്മിപ്പിക്കുന്നു അത്. 'പെയ്തു പെയ്തു വെളുത്തു കഴിഞ്ഞ' മേഘത്തെപ്പോലെയാണ് വാര്‍ധക്യശുഭ്രത. നരയുടെ ശുഭ്രത മാത്രമല്ല ഇത്. മനശ്ശുഭ്രതയെയും അത് ദ്യോതിപ്പിക്കുന്നു. പെയ്തു പെയ്‌തൊഴിഞ്ഞതിനാലുള്ള കനക്കുറവും കറുപ്പൊഴിഞ്ഞതിനാലുള്ള വെളുപ്പുമാണത്. ഇത്തരമൊരു സായാഹ്നമുകിലായിത്തീരാന്‍ ഒരുവന്‍/ ഒരുവള്‍ എത്ര കണ്ണീരും വിയര്‍പ്പും ചൊരിയണം എന്ന സ്‌നിഗ്ദ്ധമായ നെടുവീര്‍പ്പു കൂടിക്കേള്‍ക്കാം ആ ഈരടിയില്‍.

വാര്‍ധക്യത്തില്‍ ശാന്തിയുടെ വെണ്‍മ മാത്രമല്ല വിരസതയുടെയും ഏകാന്തതയുടെയും ധൂസരത കൂടിയുണ്ട്. 'ബഹുക്രിയാജടില'മായ ജീവിതത്തിന്റെ കെട്ടുകളഴിയുന്നതോടെ അതുവരെ അദൃശ്യമോ അഗോചരമോ ആയിരുന്ന ശൂന്യത കൂടി വെളിപ്പെടുന്നു. ഈ വെറുമയുടെ പൂപ്പല്‍ പുരണ്ടതാണ് വാര്‍ധക്യം. അതില്‍ പൂമണമല്ല, പൂപ്പല്‍മണമാണുള്ളത്. മണിയറയല്ല, മരണമുറിയുടെ തൊട്ടടുത്ത മുറിയാണത്. മാരകമായ സത്യസന്ധതയോടെ ഇടശ്ശേരി എഴുതുന്നു -
'നാമം ചൊല്ലാമുണര്‍ന്നിരിക്കുമ്പോള്‍
കാണാം സ്വപ്നങ്ങള്‍ കണ്ണടച്ചെന്നാല്‍കര്‍മ്മകാണ്ഡമീ രണ്ടായ്ച്ചുരുങ്ങും
നമ്മെപ്പൂണ്‍മതു ശാന്തിയാണെങ്കില്‍!
പൂമണമല്ല പൂപ്പലിന്‍ ചൂരാ -
ണാഹാ, ശാന്തി തന്നന്ത:പുരത്തില്‍!'
അന്ത:പുരമാണ്, പക്ഷേ പൂപ്പല്‍ മൂടിയിരിക്കുന്നു! ഒരിക്കല്‍ അവിടെ പൂമണം വഴിഞ്ഞിരുന്നു. ഇപ്പോള്‍ ആ പരിമളം കൂടി മാഞ്ഞുപോയിരിക്കുന്നു. ഇനി, ജീയുടെ 'എന്റെ വേളി' എന്ന കവിതയിലേതു പോലൊരു സമാഗമമാണ് നടക്കാനുള്ളത്. അത്തരമൊരു പരിണയത്തിന്, ജീയുടെ കവിതയിലെ വക്താവിനെപ്പോലെ, എല്ലാവരും ഒരുങ്ങിയിരിക്കണമെന്നുമില്ല! മരണത്തെ, ഈ കവിതയ്‌ക്കൊടുവില്‍, വരനായല്ല, കളിക്കും തിമിര്‍പ്പിനുമൊടുവില്‍ കുട്ടികളെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാന്‍ വരുന്ന അമ്മയായാണ് രൂപണം ചെയ്തിരിക്കുന്നതെന്നും ഓര്‍ക്കാം. കളിയും ചടുലതയും പോരാട്ടവുമാണ് ജീവിതം ഇടശ്ശേരിക്ക്. ഈ കളിയിലും പോരാട്ടത്തിലുമേറ്റ പലതരം പരിക്കുകളാണു ശേഷിക്കുന്നത്, വാര്‍ധക്യസായാഹ്നത്തില്‍. പണ്ട്, ഓണക്കളിക്കു ശേഷം, കളിയിലേറ്റ പരിക്കുകള്‍ കാട്ടി അവര്‍ അഭിനന്ദിച്ചിരുന്നു , പരസ്പരം. ഇപ്പോഴും അതു തന്നെയാണ് ചെയ്യുന്നത് അവര്‍, കൂടുതല്‍ ഗംഭീരവും സങ്കീര്‍ണ്ണവുമായ ഒരു പോരോ കളിയോ കഴിഞ്ഞ്, കൂടുതല്‍ ഗുരുതരമായ മുറിവുകളും കലകളുമായി മുനിഞ്ഞിരിക്കുന്ന ഈ മൂവന്തിയില്‍.

വാര്‍ധക്യത്തിന്റെ എന്ന പോലെ, ഗാഢമായ ആത്മസൗഹൃദത്തിന്റെയും കവിതയാണിത്. സൗഹൃദത്തിന് ഒരു പ്രഭാതമെന്ന പോലെ, പ്രദോഷവുമുണ്ടാകുമ്പോഴാണ് അത് ശോഭനമായ ഉദയാസ്തമയങ്ങളുടെ പ്രപഞ്ചതാളവുമായി സ്വയമന്വയിച്ച് ഗരിമ നേടുന്നത്. ആ അര്‍ത്ഥത്തില്‍, ഒരു വാര്‍ധക്യനിര്‍വ്വചനവും സൗഹൃദനിര്‍വ്വചനവും കൂടി ഉള്ളടങ്ങിയിട്ടുണ്ട്, പകിട്ടേതുമില്ലാത്ത ഈ ഇടശ്ശേരിക്കവിതയില്‍.

Content Highlights: Mashipacha, Sajay K.V, Edassery Govindan Nair


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented