മാംസത്തിന്റെ ആപ്പിള്‍; പുറംതുടുപ്പില്‍, ഉള്‍ക്കേട് കാണാന്‍ വൈകിപ്പോകുന്നവരുടെയും...


സജയ് കെ.വിഗണികയുടെ കൊതിയും രതിയുമായിരുന്നു അത്. ഏതുപഴവും ആ ആദിമോദ്യാനത്തിലെ നിഷിദ്ധഫലമെന്നു തോന്നിക്കാനുള്ള ഭാവനാചൈതന്യമുണ്ട് ആ 'ബിബ്ലിക്കല്‍'ഫലത്തിന്; അതിന്റെ' ഫല' മാണ് മര്‍ത്ത്യതയുടെ അല്ലലുകളൊക്കെയും എന്ന് ഉല്‍പ്പത്തിപ്പുസ്തകവും, ഒപ്പം മില്‍റ്റണും.

ഫോട്ടോ: ബിനോജ് പി.പി

പാബ്ലോ നെരൂദയുടെ ഒരു തരുണ കവിതയിലേതാണ് ഈ രൂപകം. ആസക്തിയാണ് അതിന്റെ ഉള്ളുര. മാംസത്തിന്റെ ആപ്പിള്‍ എന്ന ഘനരൂപകത്തില്‍ നിഷിദ്ധനിര്‍വൃതികളോടുള്ള പുരുഷാകര്‍ഷണത്തിന്റെ അദമ്യതയത്രയുമുണ്ട്. 'വരൂ, ഒരു കുതിരയും ഒരാപ്പിളുമായി' എന്ന ക്ഷണമുണ്ട്, 'വിലാപത്തോടൊത്ത ഗീതം' (Ode with a Lament) എന്ന കവിതയില്‍. ആപ്പിളിന്റെ തുടുപ്പും മിനുപ്പും വര്‍ത്തുളാകാര പൂര്‍ണ്ണതയും വശ്യമായ നിമ്‌നനാഭിയെന്നു തോന്നിക്കുന്ന ഞെട്ടും അതിന് മാംസത്തിന്റെ ആപ്പിള്‍ എന്ന, പെണ്ണുടലിന്റെ രൂപകപദവി നല്‍കുന്നു. അപ്പോഴും അതില്‍ ആദിപാപത്തിന്റെയോര്‍മ്മകള്‍ മരണഗന്ധം പോലെ തങ്ങി നില്‍ക്കുന്നതിനാലാണ് ഈ കുറിപ്പിന്റെ തുടക്കത്തില്‍ നിഷിദ്ധനിര്‍വൃതി എന്നെഴുതിയത്. ആദിപാപത്തിനും പതനത്തിനും ശേഷം ഒരാപ്പിളും, ഒരു കനിയും, ഒരാനന്ദവും അത്ര നിഷ്‌കളങ്കമല്ല. അതിനാല്‍ ആപ്പിളിന്റെ മാംസത്തിലും മാംസത്തിന്റെ ആപ്പിളിലും തെല്ല് ക്ഷാരരസം കൂടി കലര്‍ന്നിരിക്കുന്നു. പരീക്ഷിത്തിന്റെ മാമ്പഴം പോലെയാണിത്. സുഖത്തിന്റെ മാമ്പഴം രുചിക്കുമ്പൊഴേ, അസുഖത്തിന്റെ (മരണത്തിന്റെയും) തക്ഷകപ്പുഴു ദംശിക്കുന്നു! ഒ.വി. വിജയന്റെ' ഗുരുസാഗര'ത്തില്‍, കുഞ്ഞുണ്ണിയുടെ മകള്‍, കല്യാണി വളര്‍ത്തുന്ന പൂച്ചയുടെ പേര്, 'പരീക്ഷിത്ത്' എന്നായിരുന്നു. ഖസാക്കിലെ മൃത്യുസര്‍പ്പത്തെയും പാപസര്‍പ്പത്തെയും, മൃത്യുഭയത്തിന്റെ മൂര്‍ത്തിയായ പരീക്ഷിത്തിന്റെ പേരു തന്നെ ഒരോമനപ്പൂച്ചയ്ക്കു നല്‍കി, മെരുക്കി വളര്‍ത്തുകയായിരുന്നോ വിജയന്‍?

വീണ്ടും പാശ്ചാത്യരുടെ, ക്രിസ്തീയതയുടെ ആപ്പിളിലേയ്ക്കു തന്നെ മടങ്ങിയാല്‍ ആദ്യം കാണപ്പെടുന്ന കാഴ്ച്ച, സെസാന്റെ ആപ്പിളുകളാണ്. എത്രയെത്ര ഘനമാനമുള്ള ആപ്പിളുകളാണ് ആ ചിത്രകാരന്റെ സ്റ്റില്‍- ലൈഫുകളില്‍! 'സെസാന്റെ ലജ്ജാരുണമായ ആപ്പിളുകള്‍'(Cezanne's blushing apples) എന്ന് കെല്ലി ചെറി(Kelly Cherry) എന്ന കവി. റെനെ മഗ്രിത്തെയുടേതാണ്,' മനുഷ്യപുത്രന്‍(Son of man) എന്ന ചിത്രം. കോട്ടും സ്യൂട്ടും ബൗളര്‍ ഹാറ്റും ധരിച്ച പരിഷ്‌കൃതമനുഷ്യനാണ് ചിത്രത്തില്‍, അയാളുടെ മുഖത്തെ ആച്ഛാദനം ചെയ്യുന്ന പച്ചനിറമുള്ള ആപ്പിള്‍! ഇതിന്റെ ധ്വനികള്‍ ഒരു വ്യാഖ്യാനമാവശ്യമില്ലാത്ത വിധം സ്പഷ്ടമാണ് പാശ്ചാത്യമനസ്സിന്, പതനശേഷമുള്ള മര്‍ത്ത്യന്റെ മരണാവിഷ്ടതയാണ് മഗ്രിത്തെയുടെ പ്രമേയം എന്ന് അവര്‍ വളരെ വേഗം തിരിച്ചറിയും.വില്യം കാര്‍ലോസ് വില്യംസിന്റെ 'ഇത്രമാത്രം'(This is just to say) എന്ന കവിത പ്രസിദ്ധമാണ്. ഭര്‍ത്താവ്, ഭാര്യയ്‌ക്കെഴുതിവച്ചുപോയ കുറിപ്പുപോലെയാണ് കവിത. അവള്‍ നാളേയ്ക്ക്, പ്രാതലിനു കരുതി, മഞ്ഞുപെട്ടിയിലിട്ടുവച്ച പഴങ്ങള്‍ ('പ്ലം' എന്നു കവി പറയുന്നുണ്ടെങ്കിലും അതും ഒരാപ്പിള്‍ തന്നെ !) താന്‍ തിന്നു പോയതിനുള്ള ക്ഷമാപണമാണത് -'ക്ഷമിക്കണം, നല്ല സ്വാദുണ്ടായിരുന്നു. നല്ല മധുരം, നല്ല തണുപ്പും.'തിന്നത് വെറുമൊരു കനിയല്ല, വിലക്കപ്പെട്ട കനിയാണെന്ന് കവിതയുടെ പാപനിവേദനസ്വരം സൂചിപ്പിക്കുന്നു.' മറ്റു പൂച്ചെടി ചെന്നു തിന്നാനെന്‍-/ കൊറ്റനാടിനുണ്ടിപ്പൊഴേ മോഹം' എന്ന് കുടിയൊഴിക്കലിലെ ജന്മിയും തൊഴിലാളി യുവതിയുടെ കാമുകനുമായ നായകന്‍. അയാളും' അന്തിയുണ്ട്, പഴങ്ങള്‍ തന്‍ മാംസം/ മന്ദമന്ദം നുണ'ഞ്ഞിരിക്കുന്നുണ്ട്.' പരമരിയ കിനാവിലെ പ്ഫലം/ പറക, മന: ഖഗ , നീ ഭുജിക്കുമോ?'എന്ന് ആശാന്റെ ലീല.

കിനാവിലെ ഫലമായിരുന്നു വിവാഹിതയും വിധവയുമായ അവള്‍ക്ക് മദനന്‍ എന്ന, പണ്ട് 'സദനനികടവര്‍ത്തി'യായിരുന്ന, കയ്യെത്രനീട്ടിയിട്ടും കയ്യിലെത്താത്ത കനി (ഇത്തരം സന്ദര്‍ഭങ്ങള്‍ ആരെയാണ് താനൊരു ബാഹുകന്‍- കുറിയ കയ്യുള്ളവന്‍/ള്‍ എന്നു തോന്നിക്കാത്തത്!).' വിശപ്പിനു വിഭവങ്ങള്‍ വെറുപ്പോളമശിച്ചാലും/ വിശിഷ്ടഭോജ്യങ്ങള്‍ കാണ്‍കില്‍ കൊതിയാമാര്‍ക്കും' എന്ന് ആശാന്റെ മറ്റൊരു നായിക. ഗണികയുടെ കൊതിയും രതിയുമായിരുന്നു അത്. ഏതുപഴവും ആ ആദിമോദ്യാനത്തിലെ നിഷിദ്ധഫലമെന്നു തോന്നിക്കാനുള്ള ഭാവനാചൈതന്യമുണ്ട് ആ 'ബിബ്ലിക്കല്‍'ഫലത്തിന്; അതിന്റെ' ഫല' മാണ് മര്‍ത്ത്യതയുടെ അല്ലലുകളൊക്കെയും എന്ന് ഉല്‍പ്പത്തിപ്പുസ്തകവും, ഒപ്പം മില്‍റ്റണും.

'ഫലിച്ചിതോ സഖി , നിന്റെ പ്രയത്നവല്ലരി, രസം
കലര്‍ന്നിതോ ഫലം, ചൊല്‍ക കനിയായിതോ?' എന്നിങ്ങനെ, വാസവദത്തയുടെ ആകാംക്ഷാവ്യഗ്രമായ ചോദ്യത്തില്‍ 'ഫലം' രണ്ടു വട്ടവും' കനി' ഒരു വട്ടവും കടന്നുവന്ന് ആ ഫലത്തിന്റെ അലഭ്യതയാല്‍ അതിനോടവള്‍ക്കു തോന്നിയ കൊതിയത്രയും ധ്വനിപ്പിക്കുന്നു. 'തുടുത്ത പഴം കൊത്തുന്ന തത്തയോടെനിക്കസൂയ!' എന്ന് കാമുകിയുടെ ചുണ്ടില്‍ നോക്കിപ്പറയുന്ന കാമുകന്‍, അയാള്‍ പറയുന്നതല്ല പറയുന്നതെന്ന് ധ്വന്യാലോകം .

വൈലോപ്പിള്ളിയുടെ' കനി' എന്ന തിക്തകവിതയോടെയാകട്ടെ, ഈ കുറിപ്പിന്റെ പര്യവസാനം -
'ദാഹവും വിശപ്പും കൊണ്ടുഴറും പഥികന്‍ ഞാന്‍
ഭാഗധേയത്താലൊരു കനകക്കനി നേടീ.
ആ നിറ,മാസ്സൗരഭ്യ,മാ മുഴുമുഴുപ്പയ്യാ
പാണിയില്‍ വെച്ചാക്ക നിയോമനിക്കാനേ തോന്നൂ!
അതിനെക്കൊതി പൂണ്ടു കടിച്ചു നുണഞ്ഞു ഞാന്‍,
അമൃതിന്‍ കുടമിതെന്നന്തരാ വാഴ്ത്തിപ്പാടീ.
എങ്കിലുമുള്ളില്‍ പുഴുക്കേടിന്റെ ദുസ്വാ, ദെന്തു
സങ്കടം! അതു തുപ്പിപ്പിന്നെയും ദംശിച്ചു ഞാന്‍.
ഏതു ഭാഗത്തും ദുസ്വാ, ദിതിനെപ്പിഞ്ചില്‍ തന്നെ
ഹാ, തുരന്നല്ലോ പാടും കാട്ടാതെ പാഴ്ക്കീടങ്ങള്‍!
സ്വച്ഛമാം നേരിന്നുള്ളിലെത്ര താന്‍ നുണ പൂഴ്ത്തി -
വെച്ചിരിക്കുന്നൂ ക്രൂരഫലിതക്കാരന്‍ ദൈവം!
പരമീച്ചുവ തുപ്പിത്തുപ്പിയെന്‍ ചുവയ്ക്കുന്ന
കരളും കൂടിത്തുപ്പിക്കളയാന്‍ കഴിഞ്ഞെങ്കില്‍!'

- ഇത്,ചിലപ്പോഴെല്ലാം, ഏതു മനുഷ്യന്റെയും ആത്മഗതം; ജീവിതക്കനിയുടെ പുറംതുടുപ്പു മാത്രം കണ്ട്, ഉള്‍ക്കേടും കയ്പും അറിയാന്‍ വൈകിപ്പോകുന്നവരുടെ.

Content Highlights: Mashipacha, Sajay K.V, Pablo Neruda, Vyloppilly, William Carlos Williams


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented