ഒരു മാത്ര തെളിഞ്ഞു മിന്നുന്നു,തൊട്ടടുത്ത മാത്രയില്‍ മങ്ങുന്നു; മൂഡ്‌ സ്വിങ്ങും മിന്നാമിനുങ്ങും!


സജയ് കെ.വി

ഏകാന്തതയിലെ വെളിച്ചമാണ് മിന്നാമിനുങ്ങ്. തന്റെ ഏകാന്തബാല്യത്തിന്റെ കൂരിരുട്ടില്‍ ഒരു തുള്ളി വെളിച്ചമായിരുന്നുവെന്ന് ഒ.എന്‍.വി പറയുന്ന കവിത, മിന്നാമിനുങ്ങു തന്നെ.

ചിത്രീകരണം: ബാലു

മിന്നാമിന്നി എന്ന വാക്കു മതി നമ്മെ ബാല്യത്തോളം പിന്‍നടത്താന്‍. പിന്‍വിളക്കുമായി നടക്കുന്ന ആ രാപ്രാണിയാണ് ബാല്യത്തിലെ വലിയ വെളിച്ചം. മിന്നാമിന്നിയില്‍ ഒരു 'മിന്നി'യുണ്ട്. അതൊരു പഴയ കേരളീയാഭരണത്തിന്റെ പേര്. മിന്നല്‍ കോര്‍ത്തു കഴുത്തിലണിയാനുള്ള പെണ്‍കൊതിയുടെ മലയാളച്ചന്തം. ഇതേ ചന്തം,' മിന്നാമിന്നി' എന്ന പേരിനുമുണ്ട്. സായ്പിന്റെ, ഗ്ലോ വേ(glow worm)മും ഫയര്‍ ഫ്‌ലൈ(firefly)യുമുണ്ട് ഇതിനോടു മത്സരിക്കാന്‍. ആ പേരുകളുടെ ഉടലിലുമുണ്ട്, ഒരു പൊട്ടുവെളിച്ചം. രതിദീപങ്ങളാണവ.

ഇണയെ ഉടല്‍വിളക്കു തെളിച്ചുവിളിക്കുന്ന പ്രാണികളോ പ്രണയികളോ.'Little erotic lamps' എന്ന് മിന്നാമിനുങ്ങിനെക്കുറിച്ചെഴുതിയത് കസന്ദ് സാക്കീസാണ്, 'സോര്‍ബ'യില്‍.' എന്റെ ഭാവനാസ്ഫുരണങ്ങള്‍ മിന്നാമിനുങ്ങുകളാണ്, ഇരുളില്‍ തെളിയുന്ന ജീവനുളള വെളിച്ചം' എന്ന് ടാഗോര്‍, 'അഗ്‌നിശലഭങ്ങള്‍' എന്നു പേരുള്ള തന്റെ കുറുംകവിതകളുടെ സമാഹാരത്തിന്റെ തുടക്കത്തില്‍. ജപ്പാനിലെ ഹൈക്കു കവിയായ ഇസ്സാ(Issa) മിന്നാമിന്നികളെക്കുറിച്ച് ഏറെയെഴുതിയിട്ടുണ്ട് ഹൈക്കുവും ഒരു മിന്നാമിന്നി!). 'പോകരുതേ മിന്നാമിന്നീ!

രാത്രിയില്‍ 'ക്യോട്ടോ'വും ബഹളമയം' എന്നാണ് അദ്ദേഹത്തിന്റെ ഒരു ഹൈക്കു. പാറിപ്പറന്ന് വല്ല കല്ലിലും പോയി തലയിടിക്കല്ലേ, എന്ന് മിന്നാമിനുങ്ങിനോട്, വികൃതിക്കുട്ടിയോടെന്നോണം, വിളിച്ചു പറയുന്ന കവിതയുമുണ്ട് , ഇസ്സായുടേതായി.
'ആദ്യത്തെ മിന്നാമിന്നി
അതങ്ങകലെയായിഎന്റെ കയ്യിൽ കാറ്റു മാത്രം'
എന്നാണ് ഇയാളുടെ മറ്റൊരു മിന്നാമിന്നിക്കവിത.

ഏകാന്തതയിലെ വെളിച്ചമാണ് മിന്നാമിനുങ്ങ്. തന്റെ ഏകാന്തബാല്യത്തിന്റെ കൂരിരുട്ടില്‍ ഒരു തുള്ളി വെളിച്ചമായിരുന്നുവെന്ന് ഒ.എന്‍.വി. പറയുന്ന കവിത, മിന്നാമിനുങ്ങു തന്നെ.' മിനുങ്ങി മങ്ങും ചൊടിയാര്‍ന്ന മിന്നാ-/ മിനുങ്ങുമുള്‍പ്പൂവുമുടപ്പിറപ്പോ?' എന്ന് ആശാന്‍. ആഹ്‌ളാദ - വിഷാദങ്ങളുടെ നൈരന്തര്യമാണ് മിന്നാമിനുങ്ങിന്റെയും മനസ്സിന്റെയും സ്വഭാവം. ഒരു മാത്ര അതു തെളിഞ്ഞു മിന്നുന്നു, തൊട്ടടുത്ത മാത്രയില്‍ മങ്ങുന്നു. അതിനാല്‍, എനിക്കും നിങ്ങള്‍ക്കും ചിരപരിചിതമായ 'മൂഡ് സ്വിങ്ങി'ന്റെ രൂപകം തന്നെ മിന്നാമിനുങ്ങ് എന്ന്, ഒരു പക്ഷേ തന്റെ കാല്പനികമനസ്സിന്റെ സ്പന്ദനങ്ങളില്‍ അതറിഞ്ഞിട്ടുള്ള, ആശാന്‍.

എത്ര മിന്നലിന്റെ നീളമാണ്, മിന്നാമിനുങ്ങിന് ഒരു രാത്രി? ചോദിച്ചറിയണമെന്നുണ്ട്; പക്ഷേ മിന്നാമിനുങ്ങ് മിണ്ടില്ലല്ലോ. കണ്ണിറുക്കും പോലെ വെളിച്ചം മിന്നിച്ച് ചിരിച്ചകലുകയല്ലേയുള്ളു അത്? വാര്‍ധക്യത്തില്‍ തന്റെ ഇരുണ്ട മുറിയില്‍ വന്ന മിന്നാമിനുങ്ങ്, ചെറുപ്പത്തിലെ ഏകാകിയും വിഷാദിയുമായ സഹപാഠിയാണെന്ന് അയ്യപ്പപ്പണിക്കര്‍ ഒരു കവിതയില്‍ എഴുതുന്നുണ്ട് ,' പത്തു മണിപ്പൂക്കള്‍' എന്ന അവസാനസമാഹാരത്തില്‍. മഴക്കാലരാത്രികളിലാണ്, നാട്ടിന്‍പുറത്തെ തൊടിയില്‍, മിന്നാമിനുങ്ങുകളുടെ തോരണം ദൃശ്യമാവുക; 'ഈറന്‍ തോരണം' എന്നുവേണം പറയാന്‍ അതെപ്പറ്റി. മന്ദപ്രഭമായ രതിദീപങ്ങളുടെ സൗമ്യപ്രകാശത്താല്‍ തീര്‍ത്ത വിവാഹഘോഷയാത്ര. ഉര്‍ദു- ഹിന്ദികവികള്‍ക്കു പ്രിയപ്പെട്ട,' ബാരാത്ത്' എന്ന വാക്കും ഓര്‍മ വരുന്നു, 'ബര്‍സാത്തു'മായി അതിനുള്ള ശബ്ദസാമ്യം നിമിത്തം.

ഇയ്യിടെ വായിച്ച രണ്ടു മിന്നാമിന്നിക്കവിതകളാണ് എന്നെ ഈ കുറിപ്പിലേയ്‌ക്കെത്തിച്ചത്. ഇമേജിസത്തിന്, 'അമീജിസം' എന്ന വട്ടപ്പേരു സമ്മാനിച്ച അമി ലോവലിന്റേതാണ് ഒരു കവിത.' കാമുകന്‍'(A lover) എന്നു പേരിട്ട, ആ ചെറു കവിത ഇങ്ങനെ -
'If I could catch the green lantern of firefly
I could see to write you a letter'. ഭാഷാന്തരത്തിനു മുതിരുന്നില്ല, അത് ആ മിന്നാമിനുങ്ങിനെ കെടുത്തിക്കളഞ്ഞാലോ എന്ന ഭയത്താല്‍.

മറ്റൊരു കവിത, വീരാന്‍കുട്ടിയുടേതാണ്-

'സൂര്യനെന്നെഴുതിയതേയുള്ളു
മുറി മുഴുവന്‍ പ്രകാശത്താല്‍ നിറഞ്ഞു
നക്ഷത്രമെന്നു തിരുത്തിയപ്പോള്‍
വെളിച്ചത്തിനൊരു മങ്ങല്‍ വന്നു
അമാവാസിയെന്ന അടുത്ത വാക്കില്‍ ഇരുട്ടായി.
പുറത്തെത്താന്‍ വഴി തിരയുമ്പോള്‍
ജാലകത്തിലൂടെ പാറി വന്ന
മിന്നാമിനുങ്ങ് പറഞ്ഞു:
'എഴുതൂ, ഇനി ഭൂമിയിലുള്ളതിന്റെ പേരുകള്‍
അല്പം ചില തിളക്കമുള്ള വാക്കുകള്‍
എന്നെപ്പറ്റിയും'.

മഹാകവികുമാരനാശാന്‍ മലയാളകവിതയില്‍ സൃഷ്ടിച്ചിട്ടുള്ള ഒരനശ്വരകല്പനയെക്കുറിച്ചു കൂടി പറഞ്ഞു കൊണ്ട് അവസാനിപ്പിക്കാം -
'ചിറകറ്റ മിന്നാമിനുങ്ങു പോലെ -
യറുപകല്‍ നീങ്ങിയിഴഞ്ഞിഴഞ്ഞ്..'
പകലിന്റെ ഉപമാനമാണിവിടെ മിന്നാമിനുങ്ങ്, അതും 'അറുപകലി'ന്റെ. അറുപകല്‍, ചിറകറ്റ മിന്നാമിനുങ്ങിനെ ഉപമാനമാക്കുന്നു. എത്ര മ്ലാനവും ദീനവുമാണതിന്റെ ഇഴച്ചില്‍! പ്രണയജ്വരത്താല്‍ നീളമിരട്ടിച്ച, ചണ്ഡാലയുവതിയുടെ പകലിനെ, ആകസ്മികമായി വെളിച്ചം തീണ്ടിയ അവളുടെ ആകുലതയെ, ചിറകുനഷ്ടപ്പെട്ട ഈ തൈജസകീടത്തിന്റെ സാദൃശ്യത്താലല്ലാതെ എങ്ങനെ എഴുതും?

Content Highlights: Mashipacha, Sajay K.V, Firefly


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented