കെ.എം മധുസൂദനൻ രൂപകല്പന ചെയ്ത ഗുരുപ്രതിമ
ജ്ഞാനദീപ്തമായ വാക്കും മൗനവുമായിരുന്നു നാരായണ ഗുരുവിന്റേത്. ഈ വാഗ്ദീപ്തിയെക്കുറിച്ചുള്ള പുസ്തകമാണ് ഗുരുവിന്റെ ആദ്യശിഷ്യന്മാരില്‍, ബുദ്ധന് ആനന്ദനെന്ന പോലെ, പ്രമുഖനായ നടരാജഗുരു എഴുതിയ 'ഗുരുവരുള്‍' അഥവാ 'ദ വേഡ് ഓഫ് ദ ഗുരു'. ഗുരുവിന്റെ സമീപക്കാഴ്ച്ചയാണ് ഈ പുസ്തകം സമ്മാനിക്കുന്ന സവിശേഷാനുഭവം. ജീവചരിത്രങ്ങളിലോ മറ്റു പ്രഖ്യാതസന്ദര്‍ഭങ്ങളിലോ കാണപ്പെടുന്ന ഗുരുവല്ല, നടരാജഗുരുവിന്റെ പുസ്തകത്തിലൂടെ വെളിപ്പെടുന്ന ഗുരു. പുസ്തകത്തിന്റെ അവസാനാധ്യായത്തില്‍ വിവരിക്കപ്പെടുന്ന മൂന്ന് അനുഭവകഥനങ്ങ (anecdote)ളാണ് ഇവിടെ അനുസ്മരിക്കുന്നത്; മികച്ച സെന്‍കഥകള്‍ പോലെ നമ്മെ പുതുക്കുകയും മറ്റൊരാളായി മാറ്റുകയും ചെയ്യുന്നവ.
ഗുരുവിന്റെ ഷഷ്ടിപൂര്‍ത്തിയാണ് സന്ദര്‍ഭം. ആലുവാ അദ്വൈതാശ്രമത്തിലായിരുന്നു ഗുരു, അപ്പോള്‍. ബ്രഹ്‌മചാരികള്‍, താലം നിറയെ പൂക്കളുമായി വന്ന് ഗുരുവിനെ വണങ്ങുന്നു. കൂട്ടത്തില്‍ സമ്പന്നനായ ഒരു ഭക്തന്‍ സമര്‍പ്പിച്ച സ്വര്‍ണ്ണപ്പണ്ടങ്ങളുമുണ്ട്. ഗുരു, അവയിലൊന്നെടുത്തു കാട്ടിയിട്ട്, പുഞ്ചിരിയോടെ പറഞ്ഞു -'മണമില്ലാത്ത പൂക്കളുമുണ്ടല്ലോ, ചിലത്!'.
അസുഖമായിരുന്ന ഗുരുവിനു കഞ്ഞിയുമായി വന്നതാണ് ആ ഭക്തന്‍. ഉപ്പ് പാകത്തിന് ചേര്‍ത്തിട്ടുണ്ടോ എന്ന ഗുരുവിന്റെ ചോദ്യത്തിന്, ഗുരുവിനു കഴിക്കാനുള്ള കഞ്ഞിയായതു കൊണ്ട് താനതിന്റെ ഉപ്പു നോക്കി അശുദ്ധമാക്കിയില്ല എന്നായിരുന്നു അയാളുടെ നിഷ്‌ക്കളങ്കമായ മറുപടി. അപ്പോള്‍ ഗുരു ഇങ്ങനെ പ്രതിവചിച്ചു -'എങ്കില്‍ അതൊരു നായ്ക്കുകൊടുക്കൂ. ധര്‍മ്മശങ്കയില്ലാതെ അതു നോക്കും ഉപ്പ്!'
മറ്റൊരവസരത്തില്‍ ശിവഗിരിയിലെ മാവിന്‍ തണലില്‍ നില്‍ക്കുകയായിരുന്നു ഗുരു. അതിരാവിലേയാണ്. കുളികഴിഞ്ഞ്, താമരമൊട്ടുകളും തുളസിയും ചെത്തിയും മുല്ലപ്പൂക്കളുമായി വന്ന, സുമുഖനായ ഒരു യുവസന്ന്യാസി, ശാരദാമഠത്തിലെ പൂജയും ആരാധനയും കഴിഞ്ഞ്, വിദ്യാദേവതയുടെ മുന്നില്‍ സ്രാഷ്്ടാംഗപ്രണാമം ചെയ്‌തെഴുന്നേറ്റ ശേഷം അടുത്തു തന്നെയുള്ള നാരായണഗുരുവിന്റെ പൂര്‍ണ്ണകായചിത്രത്തിനു മുന്നില്‍' ഗുരുര്‍ ബ്രഹ്‌മാ ഗുരുര്‍ വിഷ്ണു ഗുരുര്‍ദ്ദേവോ മഹേശ്വര...' എന്നിങ്ങനെ ഉരുവിട്ടുകൊണ്ട് കര്‍പ്പൂരദീപമുഴിയാനും മണി കിലുക്കിക്കൊണ്ട് ചില താന്ത്രികമുദ്രകളോടെ അര്‍ച്ചന ചെയ്യാനും തുടങ്ങി. തനിക്കു ചുറ്റുമായി നിന്ന അനുചരന്മാരോടായി ഗുരു, അപ്പോള്‍ ഇപ്രകാരം പറഞ്ഞു - 'നോക്കൂ, നാമിവിടെത്തന്നെ, പ്രാതല്‍ പോലും കഴിക്കാതെ, അതിനുള്ള ഊഴവും കാത്ത്, വെറും വയറുമായി നില്‍ക്കുമ്പോഴാണ് അയാള്‍ നമ്മുടെ ചിത്രത്തെ ഉപചാരപൂര്‍വ്വം ഊട്ടുന്നത്. അതാണ് മതത്തിന്റെ കുഴപ്പം!'
ഗുരു, എപ്പോഴും ഗുരുവാണ്. ഓരോ നിത്യജീവിതസന്ദര്‍ഭവും ജ്ഞാനത്തിന്റെയും പ്രബുദ്ധതയുടെയും വിനിമയസന്ദര്‍ഭങ്ങള്‍ കൂടിയാണ് ഗുരുവിന്. വിരളമായ വാക്കുകളിലൂടെ ഗുരു അതു നിറവേറ്റുന്നു. അത്തരം ചില മുന്തിയ മാത്രകളിലെ ഗുരുവിനെയാണ് മേലെടുത്തെഴുതിയ അനുഭവാഖ്യാനങ്ങളിലൂടെ നടരാജഗുരു വരച്ചിടുന്നത്. മലയാളിയുടെ സെന്‍കഥകളാണവ അഥവാ നമുക്ക് നാരായണ ഗുരു തന്നു പോയ ജ്ഞാനോക്തികളുടെ പ്രകാശതന്മാത്രകള്‍. ഇത്തരം സൂക്ഷ്മസന്ദര്‍ഭങ്ങളുടെ ഭാസുരഖണ്ഡങ്ങള്‍ കൊണ്ടു പടുത്ത പ്രകാശഗോപുരമായിരുന്നു നാരായണ ഗുരുവിന്റെ അരോഗദൃഢമായ നവോത്ഥാനവ്യക്തിത്വം. ആ തിളങ്ങുന്ന കല്ലുകള്‍ നമ്മുടെ വീട്ടുമുറ്റത്തു തന്നെ കിടന്നിട്ടും കൈവിടാന്‍ മടിച്ച കരിക്കട്ടകള്‍ കൊണ്ട് വെള്ളച്ചുവരില്‍ ജാതിയുടെ നഗ്‌നബീഭത്സരൂപങ്ങള്‍ വരഞ്ഞു രസിക്കുകയായിരുന്നു മലയാളി, ഇന്നോളവും. ഈ ദുര്‍ഗ്ഗതിയോര്‍ത്തു തപിച്ചിട്ടാവണം മഹാകവി വൈലോപ്പിള്ളി, തന്റെ അവസാന കാവ്യസമാഹാരത്തില്‍ ഇങ്ങനെ കുറിച്ചത് -
'ജാതിഭേദവും മതദ്വേഷവുമെന്യേ ലോകര്‍
സോദരര്‍ പോലേ വാഴും കാഴ്ച്ച കാട്ടിയ കണ്ണേ,
മുച്ചൂടും മുന്നേറിലും നിന്നൊപ്പമെത്തീലല്ലോ,
അച്ചൂണ്ടുവിരലോളം വളര്‍ന്നീലല്ലോ ഞങ്ങള്‍!
ഒരല്പമൈശ്വര്യത്തില്‍ ജൃംഭിച്ച ഞങ്ങള്‍ക്കിതാ
ശിരസ്സു കുനിയുന്നൂ, ശ്രീനാരായണ ഗുരോ,
ആ നറുംസൂക്തങ്ങളാലങ്ങു നല്‍കിയോരാത്മ -
ജ്ഞാനമെന്തിലും മീതേ ഞങ്ങളിന്നുള്‍ക്കൊണ്ടെങ്കില്‍!' ചൂണ്ടുവിരലോളം വളരുക എന്നതില്‍ ഗംഭീരമായ 'ഐറണി'യാണൊളിപ്പിച്ചിരിക്കുന്നത്, എരുക്കിന്‍ചിരിയുടെ കവി. ചൂണ്ടുവിരല്‍ എത്ര ചെറുത്! ആ ആകാരഹ്രസ്വത, ആത്മൗന്നത്യത്തിന്റെ കാര്യത്തില്‍, മലയാളിക്കുമുണ്ട് എന്നൊരര്‍ത്ഥം; അതു ചൂണ്ടിക്കാട്ടിയ ആഴവും ഉയരവും മഹത്ത്വവും നമുക്കിപ്പോഴും അപ്രാപ്യമെന്ന് മറ്റൊരര്‍ത്ഥം! അതെ, 'മുച്ചൂടും' മുന്നേറുകയാണ് മലയാളി; ഗുരു താണ്ടിയ ദൂരങ്ങള്‍ ഒരൊറ്റ വലിയാല്‍ പിന്നോട്ടാക്കുന്ന വിലോമഗതിയില്‍!
Content Highlights: Mashipacha, Sajay K.V, Sreenarayana Guru, Mathrubbumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..