മാധവിക്കുട്ടി/ ഫോട്ടോ:കെ.ആർ വിനയൻ
അറുപതുകളിലാണ് റ്റി.എസ്.എലിയറ്റിന്റെ 'തരിശുഭൂമി'(The Waste Land) എന്ന, 1922-ല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുകയും ആധുനികതയുടെ ഭൂകമ്പസമാനമായ ആവിര്ഭാവമുഹൂര്ത്തം കുറിക്കുകയും ചെയ്ത കൃതി മലയാളസാഹിത്യത്തിലെ ഒരു തീവ്രസാന്നിധ്യമായി മാറുന്നത്. കവിതയിലും കക്കാടിലും ഒതുങ്ങി നില്‍ക്കുന്നതാണ് ഈ സാന്നിധ്യം എന്നാണ് പൊതുവേയുള്ള ധാരണ. 1960ലാണ് മാധവിക്കുട്ടി 'തരിശുനിലം' എന്ന കഥയെഴുതുന്നത്. മുമ്പ് പ്രണയികളായിരുന്ന രണ്ടുപേര്‍ എട്ടു കൊല്ലങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുന്നതും അപൂര്‍ണ്ണമായ ഒരു വൈകാരികവിനിമയത്തിനുള്ള ശ്രമം നടത്തുന്നതും വീണ്ടും അവള് തന്റെ ഏകാന്തതയിലേയ്ക്കു തന്നെ മടങ്ങുന്നതുമാണ് ഈ കഥയിലെ പ്രമേയം. കഥയിലെ സ്ത്രീകഥാപാത്രത്തിന്റെ അസ്തിത്വത്തെ ഗ്രസിച്ചുകൊണ്ട് വളര്‍ന്നു പടര്ന്നുനില്ക്കുന്ന ഏകാന്തതയെ കഥാകാരി, 'തരിശുനിലം' എന്ന ശീര്ഷകബിംബത്തില് കുടിയിരുത്തുന്നു.
കാവ്യശോഭയുള്ള ഗദ്യവും ഋജുവായ ആഖ്യാനത്തിന്റെ സരളകാന്തിയും ചേരുന്ന ഒരപൂര്‍വ്വാനുഭവമാണ് മാധവിക്കുട്ടിയുടെ ആദ്യകാലകഥകളിലൊന്നായ 'തരിശുനിലം'. സ്ത്രീ-പുരുഷബന്ധങ്ങളിലെ ഏകാന്തതയുടെയും വിനിമയരാഹിത്യത്തിന്റെയും പ്രതിരൂപമായി തന്റെ രചനയില്‍ മാധവിക്കുട്ടി തരിശുനിലം എന്ന രൂപകത്തെ കൈക്കൊള്ളുന്നു എന്നതാണ് പ്രധാനം. എലിയറ്റിന്റെ കയ്യൊപ്പു പതിഞ്ഞ ഒരു രൂപകം അങ്ങനെ മലയാളചെറുകഥയിലേയ്ക്കു കൂടി പ്രവേശിക്കുകയായിരുന്നു. എലിയറ്റിന്റെ 'തരിശുനില'ത്തിലെ ഒരു പ്രധാനപ്രമേയം, സ്നേഹരഹിതമായ ദാമ്പത്യത്തിലും ലൈംഗികതയിലും മുഴുകേണ്ടിവരുന്ന സ്ത്രീ-പുരുഷന്മാരുടെ ജീവിതമാണെന്നു കൂടി ഓര്‍ക്കുമ്പോഴാണ് ആധുനികതയുടെ ആ പ്രമാണഗ്രന്ഥം മാധവിക്കുട്ടിയില്‍ സൃഷ്ടിച്ചിരിക്കാനിടയുള്ള ഭാവുകത്വചലനങ്ങള്ക്ക് കുറേക്കൂടി വ്യക്തതയും മൂര്‍ത്തതയും കൈവരിക. സര്‍ഗ്ഗാത്മക- വൈകാരികജീവിതതലങ്ങളില് തനിക്കഭിമുഖീകരിക്കേണ്ടി വന്ന നിര്ജലീകരിക്കപ്പെട്ട ഏകാന്തതയെ വിവരിക്കാന്‍ വേണ്ടി എലിയറ്റിന്റെ കവിതയില്‍ നിന്നും ഒരു മഹാരൂപകം കടം കൊള്ളുകയായിരുന്നു മാധവിക്കുട്ടി ഈ കഥയുടെ രചനാവേളയില്‍. ആധുനികതയുടെ കാലയളവിലെ മലയാളകവിതയുടെ മാത്രം പ്രചോദനകേന്ദ്രമായിരുന്നില്ല എലിയറ്റിന്റെ പ്രകൃഷ്ടകൃതി എന്നാണിതു സൂചിപ്പിക്കുന്നത്. അത് അറുപതുകളില്‍ തുടങ്ങി, എഴുപതുകളിലും തുടര്‍ന്ന മലയാളാധുനികതയുടെ ഗതി നിര്‍ണ്ണയിച്ച ഒരു സാര്വ്വത്രികപ്രസരമായിരുന്നു , തരിശുനിലം അതിന്റെ അടിസ്ഥാനരൂപക
(motif)വും. പ്രണയവും ദാമ്പത്യവും പ്രമേയമാകുന്ന കഥകളെഴുതിയിരുന്ന മാധവിക്കുട്ടിയെക്കൂടി ആ രൂപകത്തിന്റെ ധ്വനനശേഷി വശീകരിച്ചതിന്റെ ഫലമാണ് ഇവിടെ പേരു സൂചിപ്പിച്ച ചെറുകഥയും അതിന്റെ കേന്ദ്രത്തില്‍ തന്നെയുള്ള, സ്ത്രീഹൃദയത്തിലെ അപരിഹാര്യമായ ഏകാന്തതയുടെ തരിശുനിലം എന്ന കല്പനയും.
മാധവിക്കുട്ടിയുടെ മികച്ച കഥകളിലൊന്നാണ് 'തരിശുനിലം'; ഒരേ സമയം മാധവിക്കുട്ടി എന്ന കഥാകൃത്തും കമലാദാസ് എന്ന കവിയും ചേര്‍ന്നെഴുതിയത് എന്നു തോന്നിക്കുന്ന ആഖ്യാനസൂക്ഷ്മതയും ഗദ്യസൗന്ദര്യവും പുലര്‍ത്തുന്നത്. ഈ കഥയുമായി വിസ്മയകരമായ പ്രമേയസാമ്യം പുലര്‍ത്തുന്ന ഒരു ചെറുകഥ, ഇംഗ്ലീഷ്സാഹിത്യത്തിലുമുണ്ട്. അതും ഒരു കഥാകാരിയുടെ രചനയാണ്-കാതറീന് മാന്‍സ്ഫീല്‍ഡിന്റെ ' എ ഡില് പിക്ക്ള്‍'. ഒരേ ഇതിവൃത്തഘടനയും കാവ്യാത്മകതയുടെ അധികശോഭയും പ്രദര്‍ശിപ്പിക്കുമ്പോഴും ഇരുകഥാകാരികള്ക്കുമിടയില് തിളങ്ങിനില്‍ക്കുന്ന മൗലികതയുടെ സര്ഗ്ഗാത്മകദൂരമാണ്, അത്ര തന്നെ വിസ്മയകരമായ, മറ്റൊരു വസ്തുത. ചെറുകഥകളുടെ താരതമ്യപഠനത്തില്‍ താല്‍പ്പര്യമുള്ളവര്‍ നിശ്ചയമായും ശ്രദ്ധിച്ചിരിക്കേണ്ട കഥകളാണ് ഇവ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..