'ദൈവമേ, കാത്തുകൊള്‍കങ്ങ്/ കൈവിടാതിങ്ങു ഞങ്ങളെ' എന്ന പ്രാരംഭശ്ലോകത്തിലെ, 'അങ്ങും',' ഇങ്ങും' 


സജയ് കെ.വി'ആഴമേറും നിന്‍ മഹസ്സാ/മാഴിയില്‍ ഞങ്ങളാകവേ/ ആഴണം വാഴണം നിത്യം/ വാഴണം വാഴണം സുഖം'. ആഴമുള്ളതിന്റെ പേരാണ് 'ആഴി' എന്നത്. ആ ആഴി ദൈവമാകുന്നു. അതില്‍ മുങ്ങിമരിക്കാനല്ല, നിത്യമായി വാഴാനാണ് ഗുരു ആഹ്വാനം ചെയ്യുന്നത്, ആ വാഴ്‌വാണ് സുഖം എന്നും. 'സുഖം' എന്ന വാക്കിലാണ് 'ദൈവദശകം' അവസാനിക്കുന്നത്. '

ആർടിസ്റ്റ് മദനൻ വരച്ച നാരായണ ഗുരു

ലയാളകവിതയിലെ ദാര്‍ശനിക പാരമ്യങ്ങളിലൊന്ന് നാരായണ ഗുരുവിന്റെ' ദൈവദശക'മാണ്. ദൈവം പ്രമേയമാവുകയും ദൈവം സംബോധന ചെയ്യപ്പെടുകയും ചെയ്യുന്ന പത്ത് അനുഷ്ടുപ്പ് ശ്ലോകങ്ങള്‍. പാശ്ചാത്യകാവ്യരൂപങ്ങളുടെ കൂട്ടത്തില്‍ ഇത്,' ഓഡ്'(ode) അഥവാ' ഗീതം' ആണ്. മനുഷ്യന്‍ ദൈവത്തെ സംബോധന ചെയ്യുന്ന ഗീതകാവ്യപാരമ്യമാണത്. അങ്ങനെ ചെയ്യുമ്പോഴും അവര്‍ രണ്ടല്ല ഒന്നാകുന്നു.' വേറല്ലോതും മൊഴിയുമോര്‍ക്കില്‍ നീ'. സ്‌തോതാവിന്റെ വാക്ക് എന്ന കാവ്യസാമഗ്രിയും കാവ്യവിഷയമായ ദൈവം തന്നെയാകുന്നു. അതിനാല്‍, അദ്വൈതാനുഭൂതി എന്ന 'സാന്ദ്രാനന്ദാവബോധ'മാകുന്നു ഈ കവിതയുടെ അകവും പുറവും തിങ്ങുന്ന മഹിമാവ്. ഭാഷയുടെ 'അദ്വൈതാമലഭാവസ്പന്ദം' കൂടിയാണ്, അക്കാരണത്താല്‍, ഈ ഗുരുകവിതയില്‍ നമ്മള്‍ അനുഭവിക്കുന്നത്. നമുക്കു പരിചിതമായ മലയാളഭാഷയുടെ കരുവില്‍ അദ്വൈതവാങ്മയത്തിന്റെ അമേയലായനി പകര്‍ന്ന്, ദശകരൂപമുള്ള ഒരനന്യ കാവ്യശില്പം വാര്‍ക്കുകയാണ് അതെഴുതിയ കവി.

ഗുരുകവിതയില്‍ ഒരു സമുദ്രരൂപകമുണ്ട്. 'സംസാരസാഗരം' എന്ന പരമ്പരാഗത ദാര്‍ശനികരൂപകം, ദൈവസമുദ്രമായി മാറി നാരായണ ഗുരുവില്‍. പ്രസിദ്ധമായ 'ആത്മവിലാസം' എന്ന ഗദ്യരചനയില്‍, 'ദൈവം നിസ്തരംഗസമുദ്രമാകുന്നു' എന്ന് ഗുരു എഴുതുന്നുണ്ട്.' നിന്നിടും ദൃക്കുപോലുള്ളം നിന്നിലസ്പന്ദമാകണം' എന്നൊരര്‍ത്ഥന,' ദൈവദശക'ത്തിലും കാണാം. നിഷ്പന്ദതതയാണ് ദൈവലക്ഷണം ഗുരുവിന്. ലോകസമുദ്രമാകട്ടെ, നാനാത്വസങ്കീര്‍ണ്ണമായി തിരയടിക്കുന്നു. 'ആരായുകില്‍ തിരകള്‍ നീരായിടുന്നു' എന്ന അദ്വൈതനിര്‍ദ്ധാരണത്തിലൂടെ ഗുരു അതിനെയും മറികടക്കുന്നു. ഈ ക്ഷുബ്ധസാഗരത്തിനുള്ളില്‍ ഒരു നിഷ്പന്ദസാഗരമുണ്ട്. അതിനെ ഗുരു,' ദൈവദശക'ത്തില്‍ 'ആഴിയും തിരയും കാറ്റും/ആഴവും പോലെ ഞങ്ങളും/
മായയും നിന്‍ മഹിമയും/ നീയുമെന്നുളളിലാകണം' എന്നു പറയുന്നു. തിരയും കാറ്റുമെല്ലാം ഉപരിപ്ലവമായ ബാഹ്യതകളാണ്. അനക്കമറ്റ, അക്ഷോഭ്യവും അചലവുമായ അതിന്റെ ആഴമത്രേ ദൈവം. ഭവാബ്ധിയുടെ നാവികനും അതിന്റെ മറുകര കാണിക്കുന്ന 'ആവിവന്‍തോണി'യാകുന്നതും ദൈവം തന്നെ.അന്നവസ്ത്രാദികള്‍ തന്നു രക്ഷിച്ച് നമ്മെ ധന്യരാക്കുന്നതും അതേ ദൈവം.' നീയൊന്നു തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍' എന്നു ഗുരു. 'ഒന്നി'ന്റെ മറ്റൊരു പേരാണ് ദൈവം എന്നത്. ഒന്നേയുള്ളൂ, അതു ദൈവമാകുന്നു. സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിജാലവും സൃഷ്ടിസാമഗ്രിയുമെല്ലാം ദൈവം തന്നെ. വര്‍ത്തമാനം, ഭൂതം, ഭാവി എന്നിങ്ങനെ മൂന്നായിത്തോന്നുന്ന കാലവും 'ഓതുന്ന മൊഴി'യും ദൈവം തന്നെ, ദൈവം എന്ന ആഴി. മഹസ്സിന്റെ, തേജസ്സിന്റെ - അറിവിന്റെ എന്നും- ആഴിയാണത്. പരമമായ അറിവാണത്, അദ്വൈതജ്ഞാനം. ഈ അറിവ് എല്ലാറ്റിനെയും ദൈവമയമായി കാണുന്നു. അറിവ്, അറിയുന്നവന്‍, അറിയല്‍ എന്ന 'ത്രിപുടി'യും അതോടെ ഇല്ലാതാകുന്നു. സത്യവും ജ്ഞാനവും ആനന്ദവും ദൈവാനുഭവത്തിന്റെ മൂന്ന് അനുഭൂതിലക്ഷണങ്ങളാണ്. ആ സത്യജ്ഞാനാനന്ദാനുഭവത്തിലേയ്ക്ക് നമ്മെ ആനയിക്കുന്നതും' ദയാ സിന്ധു'വായ ആ 'മഹാദേവന്‍'- പരമമായ പ്രപഞ്ചപരമാര്‍ത്ഥം- തന്നെ. ആ അര്‍ത്ഥത്തില്‍ ദൈവം നാവികനും ആവിവന്‍ തോണിയുമാകുന്നു. സത്യജ്ഞാനം ആനന്ദമാകുന്നു. അങ്ങനെ അഴലിന്റെ കടല്‍, ആനന്ദത്തിന്റെ കടലാകുകയും ആ കടലിനെ ദൈവമെന്ന റിഞ്ഞ് നമ്മള്‍ അതില്‍ ആണ്ട്, നിത്യവാഴ്‌വ് ഉള്ള ദൈവാഭിന്നമായ ശാശ്വതസത്തയായി മാറുകയും ചെയ്യുന്നു.

'ആഴമേറും നിന്‍ മഹസ്സാ/മാഴിയില്‍ ഞങ്ങളാകവേ/ ആഴണം വാഴണം നിത്യം/ വാഴണം വാഴണം സുഖം'. ആഴമുള്ളതിന്റെ പേരാണ് 'ആഴി' എന്നത്. ആ ആഴി ദൈവമാകുന്നു. അതില്‍ മുങ്ങിമരിക്കാനല്ല, നിത്യമായി വാഴാനാണ് ഗുരു ആഹ്വാനം ചെയ്യുന്നത്, ആ വാഴ്‌വാണ് സുഖം എന്നും. 'സുഖം' എന്ന വാക്കിലാണ് 'ദൈവദശകം' അവസാനിക്കുന്നത്. 'ഞങ്ങളാകവേ' അറിയുന്ന, അറിയേണ്ട ശാശ്വതസുഖമാണത്. 'ഞങ്ങള്‍' എന്ന ബഹുവചനരൂപിയായ സമഷ്ടി, ദൈവം എന്ന ഏകവുമായി അഭേദമായിത്തീരുന്ന ഏകത്വാനുഭവമൂര്‍ച്ഛയാണത്. അതോടെ, 'ദൈവമേ, കാത്തുകൊള്‍കങ്ങ്/ കൈവിടാതിങ്ങു ഞങ്ങളെ' എന്ന പ്രാരംഭശ്ലോകത്തിലെ, 'അങ്ങും',' ഇങ്ങും' തമ്മിലുള്ള അന്തരമില്ലാതാവുകയും എല്ലാവരുമൊരേ സമുദ്രതയുടെ അസ്പന്ദശാന്തിയിലും അദ്വയാനന്ദത്തിലും അലിയുകയും ചെയ്യുന്നു. ഇപ്പോള്‍ നാവികനും കടലും കപ്പലുമെന്ന ഭേദാനുഭവമില്ല. എല്ലാം എല്ലാവരും ഒരേ കടലാകുന്നു .ആ കടല്‍, ദൈവം എന്ന 'നിസ്തരം ഗസമുദ്ര'മാകുന്നു.

Content Highlights: Mashipacha, Sajay K.V, Sreenarayana Guru, Daivadasakam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented