കാവ്യതീര്‍ത്ഥവുമായി വന്ന മാതംഗി, ഡീ നദിയില്‍ മുങ്ങിമരിച്ച മേരി...


മുക്കുവരാണ് അവരുടെ വലയില്‍ കുടുങ്ങിയ, മുങ്ങിമരിച്ച പെണ്‍കുട്ടിയുടെ ജഡം കണ്ടെത്തി, കരയിലെത്തിച്ചു സംസ്‌കരിച്ചത്. ഇപ്പോഴും കടല്‍ക്കരെ, അവള്‍ കാലികളെ വിളിച്ചു നടക്കുന്ന ഒച്ച കേള്‍ക്കാമത്രെ. എന്നാല്‍ ഇപ്പോഴും ഉള്ളില്‍ തങ്ങി നില്‍ക്കുന്നത് വലയില്‍ കുടുങ്ങിയ ആ സ്വര്‍ണ്ണത്തലമുടിയുടെ പീതശോഭയാണ്.

കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി ചിത്രകാരന്റെ ഭാവനയിൽ

1
1987-ലാണ്. ഞാനന്ന് എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു. വീടിനടുത്തു തന്നെയാണു സ്‌ക്കൂള്‍. വേണമെങ്കില്‍ വിളിപ്പാടകലെ എന്നും പറയാം. സ്‌ക്കൂളില്‍ മണിയടിക്കുമ്പോള്‍ പ്രാതലും വലിച്ചുവാരിത്തിന് ഒരോട്ടമാണ് സ്‌ക്കൂളിലേയ്ക്ക്. പഴയ സര്‍ക്കാര്‍ സ്‌ക്കൂള്‍. കുമ്മായച്ചുവരുകളും ഓടിട്ട മേല്‍ക്കൂരയുമുള്ള ക്ലാസ്മുറി. ഒരു കുഴിയിലെന്നപോലെ താണ ഒരിടത്തായിരുന്നു അത്, മറുവശം പൊതുവഴിയും. അവിടെ ഞങ്ങള്‍, നാട്ടിന്‍പുറത്തെ കുറച്ച് ആണ്‍കുട്ടികളും പെണ്‍കുട്ടികളും. എപ്പോഴും തുടുത്തു വിയര്‍ത്ത മുഖവും ഒട്ടൊന്ന് പരിഭ്രമിച്ച മട്ടുമുള്ള സുമുഖനും ചെറുപ്പക്കാരനുമായ ശശിധരന്‍ സാറാണ് ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നത്. ഉപപാഠപുസ്തകം, ക്രിസ്മസ് കാരള്‍; ചാള്‍സ് ഡിക്കന്‍സിന്റെ. അങ്കിള്‍ സ്‌ക്രൂജായി സാര്‍ ദിവസവും ക്ലാസ്സില്‍ വന്നു പോയി. കവിതാപാഠമെടുക്കുമ്പോള്‍ അദ്ദേഹമുച്ചരിച്ച' ബട്ടര്‍ക്കപ്പ്'(buttercup) എന്ന പൂവിന്റെ പേര് എനിക്ക് കവിത തന്നെയായി.

അപ്പോഴാണ് വിലാസിനി ടീച്ചറുടെ വരവ്. ഐ.സി.ചാക്കോയുടെ 'രാമലക്ഷ്മണന്‍മാര്‍ ചിത്രകൂടത്തി'ലും പി.ഭാസ്‌കരന്റെ' കാളക'ളുമൊക്കെയായിരുന്നു പാഠഭാഗങ്ങള്‍, ആശാന്റെ' ചണ്ഡാലഭിക്ഷുകി'യിലെ രണ്ടാമത്തെ ഖണ്ഡത്തിലെ, ജലാര്‍ത്ഥിയായ ഭിക്ഷുവിന് മാതംഗി, തണ്ണീര്‍ നല്‍കുന്ന ഭാഗവും. മധുരമായ ശബ്ദത്തില്‍ കവിത ചൊല്ലിയാണ് ടീച്ചര്‍ പഠിപ്പിച്ചിരുന്നത്, തെല്ല് നാടകീയതയോടെയും. മാതംഗിയേപ്പോലെ, ഇല്ലാപ്പാളയും കയറും കയ്യിലുണ്ടെന്ന പോലെ,' ലോലപ്പൂം പാദസരത്തിലെക്കിങ്കിണീജാലം കിലുങ്ങി മുഴങ്ങു മാറാ'യിരുന്നു ആ വരവുകള്‍. ടീച്ചറുടെ തൊണ്ടയിലായിരുന്നു കിങ്കിണികള്‍. മായാത്ത ചിരിയോടെ, കിലുങ്ങുന്ന കാഞ്ചനനാദത്തില്‍ ടീച്ചര്‍ ഞങ്ങള്‍ക്ക് ആശാന്റെ വരികള്‍ ചൊല്ലിത്തന്നു. 'ശ്രീമാനായ' ഭിക്ഷുവിനെയും 'തന്വി'യായ മാതംഗിയെയും ഞങ്ങള്‍ കണ്‍മുന്നിലെന്നപോലെ കണ്ടു. മാതംഗിക്കു മുന്നില്‍ കാവ്യഭിക്ഷാക്ഷാര്‍ത്ഥിയായി കൈക്കുമ്പുള്‍ നീട്ടി നിന്ന എന്നെ മാത്രം കൂട്ടത്തിലാരും കണ്ടില്ല. ടീച്ചറും കണ്ടുകാണില്ല. ഇന്നും ആ ധാര നിലച്ചിട്ടില്ല. ഇനിയും നീട്ടിയ കൈക്കുമ്പിള്‍ ഞാന്‍ പിന്‍വലിച്ചിട്ടുമില്ല. വിലാസിനി ടീച്ചറിന്റെ ക്ലാസ്സിലെ കാലിളകുന്ന മരബെഞ്ചില്‍ അതേ ഇരിപ്പിരിക്കുകയാണ് ഞാന്‍ -
'പുണ്യശാലിനീ, നീ പകര്‍ന്നീടുമീ
തണ്ണീര്‍ തന്നുടെയോരോരോ തുള്ളിയും അന്തമറ്റ സുകൃതഹാരങ്ങള്‍ നി-
ന്നന്തരാത്മാവിലര്‍പ്പിക്കുന്നുണ്ടാവാം!'

2
കാലത്തിന്റെ താളുകള്‍ കാറ്റത്തിട്ട പുസ്തകം പോലെ പിന്നെയും മറിയുന്നു. അന്നത്തെ എട്ടാം ക്ലാസ്സുകാരന്‍ കയറ്റം കിട്ടി ഒന്‍പതിലാണിപ്പോള്‍. എട്ടില്‍ നട്ടത് ഒന്‍പതില്‍ നാമ്പിട്ടു തുടങ്ങിയിരുന്നു. കവിത പഠിപ്പിക്കുന്ന ക്ലാസ്സുകളില്‍ എനിക്ക് പുതിയ കാതുകള്‍ മുളച്ചു തുടങ്ങിയിരിക്കുന്നു. കവിത, ഇപ്പോള്‍ എനിക്ക് കൂടുതല്‍ നന്നായി, ഒരാള്‍ക്കു മാത്രം കേള്‍ക്കാവുന്നത്ര ഉച്ചത്തില്‍, കേള്‍ക്കാം. ഇംഗ്ലീഷ് ക്ലാസ്സില്‍, കാട്ടുതീ പോലെ ഉള്ളില്‍ കോപമൊളിച്ചിരിക്കുന്ന കൃശഗാത്രനായ, ശിവരാമന്‍ സാറാണ് ചാള്‍സ് കിങ്സ്ലിയുടെ 'സാന്‍ഡ്‌സ് ഓഫ് ഡീ' പഠിപ്പിച്ചത്, മുഴങ്ങുന്ന താരനാദത്തില്‍. ഡീ നദിയില്‍, അവിചാരിതമായി വേലിയേറ്റമുണ്ടായപ്പോള്‍- അതെ, 'അകാലികവൃദ്ധി!'- കാലികളെ തെളിക്കാന്‍ പോയി കാണാതായ മേരി എന്ന വാല്യക്കാരിയെക്കുറിച്ചുള്ള പാട്ട് -ബാലഡ് - ആയിരുന്നു അത്.'O Mary, go and call the cattle home!' എന്ന പല്ലവി, സാറിന്റെ ശബ്ദത്തില്‍ ഇപ്പോഴും കാതിലുണ്ട്, വീണു വറ്റാതെ. മുക്കുവരാണ് അവരുടെ വലയില്‍ കുടുങ്ങിയ, മുങ്ങിമരിച്ച പെണ്‍കുട്ടിയുടെ ജഡം കണ്ടെത്തി, കരയിലെത്തിച്ചു സംസ്‌കരിച്ചത്. ഇപ്പോഴും കടല്‍ക്കരെ, അവള്‍ കാലികളെ വിളിച്ചു നടക്കുന്ന ഒച്ച കേള്‍ക്കാമത്രെ. എന്നാല്‍ ഇപ്പോഴും ഉള്ളില്‍ തങ്ങി നില്‍ക്കുന്നത് വലയില്‍ കുടുങ്ങിയ ആ സ്വര്‍ണ്ണത്തലമുടിയുടെ പീതശോഭയാണ്; അവളുടെ പ്രാണന്‍ കവര്‍ന്നെടുത്ത കടല്‍വെള്ളത്തിന്റെ ഫേനിലമായ ദംഷ്ട്രകളും
('The cruel crawling foam,
The cruel hungry foam' എന്ന് കവി).
ഡീയുടെ അഴിമുഖത്തു നിന്ന് മുക്കുവരുടെ വലയില്‍ കുരുങ്ങിയ സ്വര്‍ണ്ണമത്സ്യത്തിനൊന്നും അവളുടെ മുടിത്തിളക്കമുണ്ടായിരുന്നില്ലത്രേ! മുങ്ങിമരിച്ചവളുടെ ആ സ്വര്‍ണ്ണമുടിച്ചുരുള്‍ ഇപ്പോഴുമുണ്ട് എന്റെ വിരലറ്റത്ത്, നനഞ്ഞും കുരുങ്ങിയും, വേര്‍പെടുത്താനാവാതെ...

അക്കാലത്താണ് ഞാന്‍ സ്‌ക്കൂള്‍ ലൈബ്രറിയില്‍ നിന്ന് വൈലോപ്പിള്ളിയുടെ' കയ്പ്പവല്ലരി'യും ജീയുടെ 'ഗീതാഞ്ജലി'യും 'തിരഞ്ഞെടുത്ത കവിതക'ളും വായിക്കുന്നത്. ആശാന്റെ 'ലീല'യും അക്കൂട്ടത്തിലുണ്ടായിരുന്നുവെന്നാണോര്‍മ്മ. വൈലോപ്പിള്ളിയുടെ 'കിളിയും മനുഷ്യനും', 'കടലും കരയും', 'എണ്ണപ്പുഴുക്കള്‍' എന്നീ കവിതകള്‍ അന്നേ കരളില്‍ക്കടന്നു കൂടി. 'കടലും കരയും' എന്ന കവിതയിലെ,
'മുന്തിയ വേഗാലാഴിയില്‍ നിന്നൊരു
മുന്തിരിവള്ളി കിളിര്‍ക്കുന്നു;
പന്തിയിലാ ലത വാനത്തിന്‍ -
പന്തലിലേറിപ്പടരുന്നു ,
ശ്യാമച്ചുരുളില്‍ കരളുന്നൂ
സോമദിവാകരതാരങ്ങള്‍,
ആ വളര്‍മുന്തിരി വീശുന്നോ -
രായിരമിലയില്‍ കീടങ്ങള്‍!'

എന്ന ഭാഗത്തെ മഴമുന്തിരിയുടെ വളര്‍ച്ചയും പടര്‍ച്ചയും കാര്‍നിറമുള്ള കനികളുടെ സമൃദ്ധിയും അതിന്റെ കൈപ്പത്തിയോളം പോന്ന ഇലകളുടെ ആകാശപ്പന്തലും അവയെ 'സോമദിവാകരതാരങ്ങള്‍' കരളുന്നതും അന്നെന്ന പോലെ ഇപ്പോഴുമുണ്ട് ഉള്ളില്‍. മഴയെല്ലാം, അന്നുമുതല്‍, മുന്തിരിനീരിന്റെ മഴയാണെനിക്ക്-
'കാറ്റുകള്‍ വന്നു പരുക്കന്‍ കാലാല്‍
കായ്കനിയിട്ടു മെതിക്കുമ്പോള്‍
വഴിയുന്നതു നറുമുന്തിരിയോ
മഴയോ,നിര്‍മ്മലമലകടലോ?'

ഇയ്യിടെയും ആ കവിത വീണ്ടും വായിച്ചു;കവി, ദിവാകരന്‍ വിഷ്ണുമംഗലത്തോടൊപ്പം, രണ്ടിടത്തിരുന്ന് മൊബൈലില്‍, ഈ മഴക്കാലത്തോടൊപ്പം. അപ്പോള്‍ മഴ വീണ്ടും മുന്തിരിനീരായി! കവിതയുടെ ഈ വീഞ്ഞ്, ഞാന്‍ കരളില്‍ക്കുഴിച്ചിട്ടിട്ടു കാലമേറെയായ കാര്യം മാത്രം ഞാന്‍ ആ കവിമിത്രത്തോടു പറഞ്ഞില്ല!

Content Highlights: Mashipacha, Sajay K.V

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented