'സ്വാമിയാം രവി'യെ അടുത്തും അകന്നും കണ്ട്, ചരിതാര്‍ത്ഥനാവുകയായിരുന്നോ നമ്മുടെ മഹാകവി


സജയ് കെ.വികുമാരനാശാൻ, രവീന്ദ്രനാഥ ടാഗോർ, ശ്രീനാരായണ ഗുരു

രു മഹാസന്ദര്‍ശനത്തിന്റെ ശതാബ്ദിവേളയാണിത്. കേരളത്തിന്റെ സാംസ്‌കാരികമനസ്സില്‍ ഒരു വിദൂരസൂര്യോദയത്തിന്റെ 'അവശിഷ്ടകാന്തിസമ്പത്തു' പോലെ ശേഷിക്കുന്ന ആ സമാഗമം നടന്നത് 1922, നവംബര്‍ 15 -നായിരുന്നു. സ്ഥലം, ശിവഗിരി; മലയാളിജീവിതത്തെ ചൂഴ്ന്നു നിന്നിരുന്ന ജാതിതമസ്സിലേയ്ക്ക് അദ്വൈതബോധത്തിന്റെ അനഘരശ്മികള്‍ പായിച്ച നാരായണഗുരുവിനാല്‍ 'വാസപവിത്ര'മായിത്തീര്‍ന്ന, കേരളീയനവോത്ഥാനത്തിന്റെ പുണ്യസ്ഥലി. അവിടേയ്ക്ക് ഇതു പോലൊരു ദിവസമാണ്, ഒരു നൂറ്റാണ്ടു മുന്‍പ്, ഭാരതീയസര്‍ഗ്ഗാത്മകതയുടെയും ആത്മീയതയുടെയും പരമാവതാരമായ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ വന്നു ചേര്‍ന്നത്. ആ കണ്ടുമുട്ടലിനു സാക്ഷിയായി ഗുരുവിന്റെ മാനസപുത്രനായ ആ മഹാകവിയുമുണ്ടായിരുന്നു. ആശാനാണ് ഗുരുവിനും ടാഗോറിനുമിടയില്‍ ഒരു ദ്വിഭാഷിയുടെ ധന്യമായ ഇടനില വഹിച്ചതെന്നു പറയപ്പെടുന്നു. നമ്മുടെ കേരളീയ മഹാകവി, ഏറ്റവും വലിയ ചാരിതാര്‍ത്ഥ്യത്തോടുകൂടിയാവണം ആ കടമ നിറവേറ്റിയത്. കാരണം തന്റെ കവിത്വത്തെ പല തലങ്ങളില്‍ ഉണര്‍ത്തുകയും ഉയര്‍ത്തുകയും പ്രചോദിപ്പിക്കുകയും ചെയ്ത മഹാകവിയാണ് കണ്‍മുന്നില്‍. അദ്ദേഹം വന്നിരിക്കുന്നതാകട്ടെ, തന്റെ ആന്തരികവ്യക്തിത്വത്തിന്റെ പവിത്രമൂശയായ നാരായണ ഗുരുവിനെ സന്ദര്‍ശിക്കാനും. ഇത്തരമൊരവസരം, മറ്റാരേക്കാളുമധികമായി ആശാനെ സ്പര്‍ശിച്ചില്ലെങ്കിലല്ലേ അതിശയമുള്ളു?

രണ്ടു കവിതകളിലൂടെയാണ് ആശാന്‍ ആ അനന്യസന്ദര്‍ഭത്തിന് ചിരസ്ഥായിയായ വാങ്മയരേഖ ചമച്ചത്. 'സ്വാഗതപഞ്ചകം','ദിവ്യകോകിലം' എന്നിവയാണാ കവിതകള്‍. ആദ്യത്തേത് സംസ്‌കൃതത്തിലും മറ്റേത് മലയാളത്തിലും. ടാഗോറിനു കൂടി അഭിഗമ്യമായ ഭാഷ എന്ന നിലയിലാണ് ആശാന്‍, അഞ്ചു ശ്ലോകങ്ങളുള്ള തന്റെ സ്വാഗതഗീതി സംസ്‌കൃതത്തില്‍ രചിച്ചത്. (ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണം സംസ്‌കൃതത്തിലാവട്ടെ, എന്നാണ് ആദ്യം നിശ്ചയിക്കപ്പെട്ടിരുന്നതെങ്കിലും തന്റെ ബംഗാളിച്ചുവയുള്ള സംസ്‌കൃതത്തെപ്പറ്റി ടാഗോര്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ ആശാന്റെ ദ്വിഭാഷിത്വം അതിനനിവാര്യമായിത്തീരുകയായിരുന്നു).

ടാഗോറിന്റെ അദ്വൈതാശ്രമസന്ദര്‍ശനവേളയിലായിരുന്നു ആശാന്‍ 'സ്വാഗതപഞ്ചകം' എഴുതി, അദ്ദേഹത്തിനു സമര്‍പ്പിച്ചത്. കേരളത്തിന്റെയും, വിശേഷിച്ച് ആലുവാപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന അദ്വൈതാശ്രമത്തിന്റെയും ഭൂപ്രകൃതിസവിശേഷതകള്‍ വ്യഞ്ജിപ്പിച്ചു കൊണ്ടാണ് ആശാന്‍ തന്റെ ഹൃദയം കവര്‍ന്ന വംഗമഹാകവിക്ക് കവിതയാല്‍ സ്വാഗതമരുളിയത്. കാമദേവന് തെക്കന്‍കാറ്റ് എന്ന രഥവും അഗസ്ത്യമഹര്‍ഷിക്ക് തന്റെ അഭിമതസങ്കേതവും സമ്മാനിച്ച സഹ്യപര്‍വ്വതത്തിലെ കാടുകളാണ് കിളിയൊച്ചകളാല്‍ മഹാകവിയെ സ്വാഗതം ചെയ്യുന്നത് കവിതയിലെ ആദ്യശ്ലോകത്തില്‍. തുടര്‍ന്ന്, ശങ്കരാചാര്യരുടെ ജന്മത്താല്‍ പവിത്രമായ തീരത്തോടു കൂടിയ നദി - പെരിയാറ് - തരംഗതാളത്തോടു കൂടി ആ വിശിഷ്ടാതിഥിക്കുള്ള സ്വാഗതഗാനമാലപിക്കുന്നതായും പറയുന്നു. തന്റെ താഴ് വരയില്‍ വന്നിരിക്കുന്ന മഹാകവിയെ ഏലവും കുരുമുളകും സമൃദ്ധമായി വിളയുന്ന സഹ്യപര്‍വതം, പൂക്കളും പഴങ്ങളുമര്‍പ്പിച്ച് വരവേല്‍ക്കുന്ന ചിത്രമാണ് തൊട്ടടുത്ത ശ്ലോകത്തില്‍. പ്രകൃതിയുടെ സംഗീതശാല പോലെയാണ് അടുത്ത ശ്ലോകം. അറബിക്കടല്‍ മൃദംഗം വായിക്കുന്നു. തെങ്ങോലകളെ താളത്തില്‍ ചലിപ്പിച്ചു കൊണ്ടു വീശുന്ന കാറ്റ്, തരംഗതന്ത്രികളോടു കൂടിയ ആലുവാപ്പുഴയെ വീണയാക്കി മീട്ടുന്നു ( കവിയും സംഗീതജ്ഞനുമായ ടാഗോറിനുള്ള ഉചിതമായ വരവേല്‍പ്പു തന്നെ ഇത്! ).

ഇനിയാണ് ഗീതാഞ്ജലീകാരനായ മഹാകവിക്കുള്ള ഏറ്റവും മുന്തിയ സ്വാഗതോക്തികള്‍ വരാനിരിക്കുന്നത്. പൗരസ്ത്യരും പാശ്ചാത്യരുമായ സഹൃദയര്‍ക്ക് ഗീതാഞ്ജലിയിലൂടെ രോമാഞ്ചമണച്ച മഹാകവിയാണ് 'ശരല്‍സഖ'നായ സി.എഫ്. ആന്‍ഡ്രൂസിനോടൊപ്പം ഇപ്പോള്‍ കണ്‍മുന്നില്‍ നില്‍ക്കുന്നത്. ആ കാഴ്ച്ച കണ്ട കണ്ണുകള്‍ സഫലമായി എന്നാണ് ആശാന്‍ എഴുതുന്നത്. ഇങ്ങനെയെല്ലാം, 'ഗീതാഞ്ജലി' എന്ന അച്ചുതണ്ടിലാണ് ആശാന്‍ ടാഗോറിന്റെ ആഗോളപ്രശസ്തിയുടെ ആധാരമുറപ്പിക്കുന്നത് എന്നതു ശ്രദ്ധേയമാണ്. ഒരു പതിറ്റാണ്ടിനപ്പുറമായിരുന്നു ടാഗോറിന്റെ നൊബേല്‍സമ്മാനലബ്ധി. അതായിരുന്നു അക്കാലത്ത് ആ മഹാകവിയുടെ ഏറ്റവും വലിയ പരിവേഷം. ആ പരിവേഷത്തോട്, മുഴുവന്‍ കേരളീയസഹൃദയര്‍ക്കു മുള്ള ആദരവിന്റെ വാങ്മയമായി വേണം ഈ സ്വാഗതഗാനത്തെ കാണാന്‍. വ്യക്തിപരം എന്നതിനേക്കാള്‍ ഒരു ഭാഷയുടെയും ദേശത്തിന്റെയും സംസ്‌കാരത്തിന്റെയും സ്വാഗതാഞ്ജലിയാണത്.

ആശാന്‍ തിരുവനന്തപുരത്തെ ടാഗോര്‍ സ്വീകരണക്കമ്മിറ്റിക്കു വേണ്ടി എഴുതിയതാണ്,' ദിവ്യകോകിലം' എന്ന കവിത. ടാഗോറിന്റെ അപൂര്‍വ്വകവിത്വമാണ്, ഈ കവിതയിലുടനീളം പ്രശംസിക്കപ്പെടുന്നത്. തന്റെ തന്നെ കവിത്വത്തിന്റെ പരോക്ഷനിര്‍വ്വചനമായി ആശാന്‍ ഈ കവിതയെ മാറ്റുന്നുണ്ടെന്നും തോന്നിയേക്കാം. ഗ്രാമവൃക്ഷത്തിലെ കുയിലായി സ്വയം സങ്കല്പിച്ച കവി, ഒരു 'ദിവ്യകോകില'മായാണ് ടാഗോറിനെ ഭാവന ചെയ്യുന്നത് ഈ കവിതയില്‍. ദൈവത്തിന്റെ പൂന്തോട്ടത്തിലൂടെ അത് പാടിപ്പറക്കുന്നു. നക്ഷത്രങ്ങളാണ് ആ പ്രപഞ്ചോദ്യാനത്തിലെ പൂക്കള്‍. അവയ്ക്കിടയില്‍ പറക്കുമ്പോള്‍ പുരണ്ട പൊന്‍പൊടി പറ്റി തിളങ്ങുന്നവയാണ് , അതിനാല്‍, ഈ ദിവ്യകോകിലത്തിന്റെ ഉടല്‍. ജളകര്‍ണ്ണത്തെപ്പോലും കുളിര്‍പ്പിക്കുന്നതും അവരുടെ ഉള്ളലിയിച്ച്, ജഡനിദ്രയില്‍ നിന്നുണര്‍ത്തി 'ആത്മതര്‍പ്പണം' ചെയ്യുന്നതുമാണ് ആ ഗാനം . ശാന്തതരംഗങ്ങളാല്‍ ഭൂമിയെ 'ജഗദീശരാജ്യ'ത്തിലേയ്ക്കാനയിക്കുന്ന ഗാനസമുദ്രം. ആകാശത്തില്‍ പറക്കുമ്പോഴും ഇരുട്ടിന്റെ മഷി പുരണ്ട ഭൂമുഖത്തെ സ്വാത്മതേജസ്സിനാല്‍ കഴുകി വെടിപ്പാക്കുക എന്ന പാവനദൗത്യമാണ്, ഒരേ സമയം, രവിയും ഖഗവുമായ ഈ അലൗകികനാദരൂപിയുടേത്. സമഭാവനയാണ് അതിന്റെ ആത്മഭാവം. ആശാന്‍കവിതയില്‍ മറ്റു പലേടത്തും കാണാവുന്നതു പോലെ, എല്ലാ പൂക്കളേയും ഒരുപോലെ മൈത്രിയാല്‍ തലോടുന്ന ഒരു പാവനപ്രഭയാണത്. തന്റെ ചിറകറ്റങ്ങളാല്‍ ഈ ദിവ്യകോകിലം, ദൈവപാദങ്ങളെത്തന്നെ സ്പര്‍ശിക്കുന്നുമുണ്ട്. ആ 'ഋഷിജന്യതേജസ്സി'ന്റെ ദര്‍ശനസൗഭാഗ്യം ലഭിച്ച ഈ സുദിനം ഇനി ഒരിക്കലും അസ്തമിക്കില്ല എന്നു പറഞ്ഞുകൊണ്ടാണ് അശാന്‍ തന്റെ കവിത അവസാനിപ്പിക്കുന്നത്; അതാകട്ടെ, 'തുഞ്ചലാളിതയായ കൈരളി തന്‍ പേരിലും / വഞ്ചിഭൂവിന്‍ പേരിലും'.

രണ്ടു മഹാവ്യക്തിത്വങ്ങളുടെ സമാഗമമായിരുന്നു ശിവഗിരിയില്‍ നടന്നതെങ്കില്‍, ഒരു കേരളീയമഹാകവി, തനിക്ക് സര്‍വ്വഥാ ആദരീണയനായ ഒരു വംഗമഹാകവിയെ, ഒരു പക്ഷേ, ആദ്യമായി നേരില്‍ കാണുകയും അദ്ദേഹത്തിന് കാവ്യാഞ്ജലിയര്‍പ്പിക്കുകയുമായിരുന്നു അതോടൊപ്പം. അവര്‍ തമ്മില്‍ സാഹിത്യസംബന്ധിയായ മറ്റു വിനിമയങ്ങള്‍ നടന്നതിന് രേഖകളില്ല. ഈ രണ്ടു കവിതകളാണ് ശേഷിക്കുന്നത്. 'സ്വാമിയാം രവി'യെ അടുത്തും അകന്നും നിന്നു കണ്ട്, ചരിതാര്‍ത്ഥനാവുകയായിരുന്നോ നമ്മുടെ മഹാകവി, കുമാരനാശാന്‍?

Content Highlights: mashipacha sajay k v rabindranath tagore sree narayana guru meeting kumaranasan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented