ബിനു എം പള്ളിപ്പാടിന്റെ അരണ്ട നിറങ്ങള്‍, അരണ്ട കാഴ്ചകള്‍...


ഇപ്പോള്‍ പാലറ്റിലെ നിറങ്ങള്‍ ആവിഷ്‌കരിക്കാനായുന്നത് കണ്‍മുന്നിലുള്ള ഒരു നിമിഷത്തെയും ജീവിതത്തെയുമാണ്. അതിന്റെ അരണ്ട നിറങ്ങളെ ഓരോന്നായി വായിച്ചെടുക്കുകയും വരച്ചെടുക്കുകയുമാണ് അയാള്‍- മഞ്ഞ, ബ്രൗണ്‍, കടുംകറുപ്പ്, ഇളം നീല, പിങ്ക്, റോസ്, ഐവറി, ചെമ്പ് എന്നിങ്ങനെ.

ബിനു എം പള്ളിപ്പാട്‌

ചിത്രകലാതാല്‍പ്പര്യം, പുല്ലാങ്കുഴല്‍വാദനം, കവിത്വം എന്നിങ്ങനെ ത്രിമാനമായിരുന്നു ബിനു എം. പള്ളിപ്പാടിന്റെ ജീവിതം. 2009-ല്‍ ഫേബിയന്‍ ബുക്‌സ്(മാവേലിക്കര) പുറത്തിറക്കിയ 'പാലറ്റ്' ആണ് ബിനുവിന്റെ ആദ്യ കാവ്യസമാഹാരം. അതിനു മുന്‍പേ ആ പേരുള്ള കവിത വായിക്കുകയും ഇഷ്ടപ്പെടുകയും എവിടെയോ ഒരു ചെറുപരാമര്‍ശത്തിലൂടെ ആ ഇഷ്ടം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതാണ് ഞാന്‍ വായിച്ച, ബിനുവിന്റെ, ആദ്യകവിതയെങ്കില്‍ അവസാനം വായിച്ചത് 'അനസ്‌തേഷ്യ' ആയിരുന്നു. ആനുകാലികത്തില്‍ അതു വായിച്ച്, കവിതയിലെ ആശുപത്രിയനുഭവങ്ങള്‍ കണ്ട് അമ്പരന്നിരിക്കുമ്പോഴാണ് ആ മരണവാര്‍ത്ത വന്നതും. അങ്ങനെ ഒരാള്‍ പുല്ലാങ്കുഴല്‍വാദനം തുടങ്ങിത്തീരുന്നതു പോലെ, ബിനു എന്ന മേദുരശ്യാമകായനായ കവിമിത്രം മാഞ്ഞുപോയി. 'പാലറ്റ്' എന്ന പുസ്തകം കയ്യിലിരിക്കുന്നു. ബിനുവിനെ തൊടുംപോലെ ഞാനതിനെ തൊടുന്നു.

എത്ര മാത്രം നിറങ്ങളാണ് പാലറ്റ് എന്ന കവിതയില്‍! ചിത്രം കാണുന്നവന്റെ നിറങ്ങളല്ല അവ; വരയ്ക്കുന്നവന്റെയോ വരയ്ക്കാനാഗ്രഹിക്കുന്നവന്റെയോ. വലിയ പകിട്ടൊന്നുമുള്ളതല്ല അയാള്‍ കാണുന്ന ജീവിതം. അതില്‍ മനുഷ്യരും പക്ഷികളും നല്ല ജലസമൃദ്ധിയുള്ള ഒരു ഭൂഭാഗവുമുണ്ട്. അതൊരു പാടമാണ്. പാടത്ത് മീനും മുണ്ടിയും നീര്‍ക്കാക്കയും ഇരണ്ടയും. മുറ്റത്ത് ഒറ്റാലിനകത്തൊരു കോഴിക്കുഞ്ഞ്. മുറ്റത്തിരിക്കുന്നയാള്‍ക്ക് എരിവും ചാരായവും ചേര്‍ന്ന് വിയര്‍ത്ത പേശികള്‍. പിന്നില്‍ ('ബാഗ്രൗണ്ടില്‍' എന്നാണ് കവിതയില്‍; അതാണ് കൂടുതല്‍ കണിശം) 'എന്നും പരിചയമില്ലാത്ത/കൈലി വന്നു പോകുന്ന/ ഒറ്റവീടും/ വിളക്കും'. ഇറയിത്തിരിക്കുന്നയാളുടെ മുഖം നിറയെ പാടം നിറയുന്ന ബന്ധുക്കള്‍. അനിയന്‍ കത്തി തേയ്ക്കുകയാണ്, ഉത്സവത്തിനു പോകാന്‍. വാഴയ്ക്കപ്പുറം നിലാവുള്ള രാത്രിയുണ്ട്. അയയില്‍ ഒരു നൈറ്റിയും കുട്ടിയുടുപ്പും. ഇത്രയുമാണ് പാലറ്റിലെ ഉരുവങ്ങളോ രൂപങ്ങളോ.

അക്കൂട്ടത്തിലൊരുവനായി നിന്നുകൊണ്ട് കവി, അവയെ, അവരെ ചിത്രപ്പെടുത്താനുള്ള നിറങ്ങളന്വേഷിക്കുന്നു. കവിതയിലെ ചിത്രത്തിനകത്തും പുറത്തുമാണയാള്‍. അയാള്‍ക്ക് ചിത്രകലാ പാടവമുണ്ട്. കവിയായതു കൊണ്ട് വാക്കുകളുടെ കലയിലും നിപുണന്‍. അതുകൊണ്ടാണ് ഈ പുറത്തുനില്‍പ്. എന്നാല്‍ അത്ര പുറത്തുമല്ല. അടുത്താണ്. ചിത്രത്തില്‍നിന്നു മാത്രമാണ് അയാള്‍ പുറത്തിറങ്ങി നില്‍ക്കുന്നത്. ആ നിലയും നില്‍പ്പും കാണുന്നതിനെ ചിത്രപ്പെടുത്താന്‍ അനിവാര്യം. എങ്കിലും ചിത്രത്തില്‍ അയാളുടെ അനിയനുണ്ട്. മറ്റുള്ളവരുമായുള്ള, അയാളുടെ, ബന്ധം അവ്യക്തം. എങ്കിലും അവരും ഉറ്റവര്‍ തന്നെ. ഇറയത്തിരിക്കുന്നയാള്‍ ആ ബന്ധുത്വത്തെയത്രയും ഒരു കുടക്കീഴില്‍ നിര്‍ത്തുന്നതു പോലെ തോന്നും. ഈ അദൃശ്യമായ കുടയെന്ന പോലെ ഒരൊറ്റാലുമുണ്ട് , കവിതയില്‍. ഒറ്റാലിനകത്ത് മീനല്ല, ഒരു കോഴിക്കുഞ്ഞാണ്. അടുത്തുതന്നെ, അയയില്‍, ഒരു കുട്ടിയുടുപ്പുമുണ്ട്. ഒറ്റാല്‍ കോഴിക്കുഞ്ഞിനു ചുറ്റും ഒരു സംരക്ഷണകവചം തീര്‍ക്കുന്നുണ്ട്; ഉത്സവത്തിനു പോകുന്ന അനിയന്‍, മൂര്‍ച്ചപ്പെടുത്തിയ കത്തിയാല്‍ തനിക്കു ചുറ്റുമെന്ന പോലെ.

പരുക്കനാണ്‌ 'പാലറ്റി'ല്‍ ബിനു വരയുന്ന ജീവിതചിത്രത്തിന്റെ ഒരു പാതി. അതില്‍, വിയര്‍ത്ത പേശികളുള്ള മദ്യപനും പതിവായി പരിചയമില്ലാത്ത കൈലി വന്നുപോകുന്ന വീടും അതിനു പൂരകമായി 'കവച്ച മേഘ'വും കത്തി രാകുന്ന അനിയനുമുണ്ട്. എന്നാല്‍ അതിനുമപ്പുറം, അയാള്‍ ചിത്രപ്പെടുത്താനാഗ്രഹിക്കുന്ന നീര്‍ക്കാക്കയും മുണ്ടിയും കുട്ടിയുടുപ്പും നൈറ്റിയും ഒറ്റാലിനകത്തെ കോഴിക്കുഞ്ഞും ചേര്‍ന്ന്, ഇരുട്ടിനെ നിലാവെന്ന പോലെ, ചിത്രത്തിന്റെ പാരുഷ്യത്തെ നേര്‍പ്പിക്കുന്നുമുണ്ട്. വരാന്തയിലിരിക്കുന്നയാള്‍ക്ക് പാടം നിറയെ ബന്ധുക്കളുമാണ്. അക്കൂട്ടത്തില്‍ മുണ്ടിയും ഇരണ്ടയും മീനും നീര്‍ക്കാക്കയും മനുഷ്യരും കാണും. നീര്‍ക്കാക്കയും ഇരണ്ടയും പറന്നുയരുന്നു. ഈ പറക്കലിനായുള്ള ആഗ്രഹം കവിതയുടെ ഉള്ളുരയാണ്. ചിത്രമായി മാറുന്നതോടെ പറക്കല്‍ നിശ്ചലപ്പെടും. അപ്പോഴും അവ പറന്നുകൊണ്ടേയിരിക്കും. ഇരിക്കുന്നവര്‍ നടക്കാനാരംഭിക്കുകയും നിശ്ചയങ്ങള്‍ പ്രവൃത്തികളായി മാറുകയും കുഞ്ഞുങ്ങള്‍ മുതിര്‍ന്നവരാവുകയും ചില പതിവുകള്‍ നിലച്ചു പോവുകയും പുതിയവ ചിലതു വന്നുചേരുകയും ചെയ്‌തേക്കാം, അതോടൊപ്പം. പാടങ്ങള്‍ തൂര്‍ന്നു പോവുകയും ആ ഭൂപ്രദേശവും ആ മനുഷ്യരും അപ്പാടെ മാറുകയും ചെയ്തുവെന്നും വരാം.

ഇപ്പോള്‍ പാലറ്റിലെ നിറങ്ങള്‍ ആവിഷ്‌കരിക്കാനായുന്നത് കണ്‍മുന്നിലുള്ള ഒരു നിമിഷത്തെയും ജീവിതത്തെയുമാണ്. അതിന്റെ അരണ്ട നിറങ്ങളെ ഓരോന്നായി വായിച്ചെടുക്കുകയും വരച്ചെടുക്കുകയുമാണ് അയാള്‍- മഞ്ഞ, ബ്രൗണ്‍, കടുംകറുപ്പ്, ഇളം നീല, പിങ്ക്, റോസ്, ഐവറി, ചെമ്പ് എന്നിങ്ങനെ. ക്രമേണ അരണ്ട കാഴ്ച്ചകള്‍ക്ക് കൂടുതല്‍ തെളിച്ചവും പകിട്ടും കൈവരുന്നത് സൂക്ഷിച്ചു നോക്കിയാല്‍ കാണാം. നിലാവിന്റെ 'ഹൈലൈറ്റ്' എല്ലാടവുമുണ്ട്. പോകെപ്പോകെ അത് ഇളം നീലയായി നേര്‍മ്മപ്പെടുന്നുമുണ്ട്. പിങ്കും റോസുമാണ് കുട്ടിയുടുപ്പിന്റെ നിറങ്ങള്‍. തുടര്‍ന്ന് ഇങ്ങനെയും -
'മുറ്റത്തെ
ഒറ്റാലിന്നകത്തെ
കോഴിക്കുഞ്ഞിന്
ഐവറിയില്‍
ചെമ്പുകൊണ്ട്
ചെറുതായി
തൊട്ടുതൊട്ടു വിടണം'. ചിത്രത്തിലെ, ഒറ്റാലിനകത്തെ, കോഴിക്കുഞ്ഞിനെ' ഐവറി'യും' ചെമ്പും' ചാലിച്ച് ചെറുതായി തൊട്ടുവിടുന്നവന്റെ വിരലുകള്‍, നിറങ്ങള്‍ കൊണ്ട് താന്‍ വരച്ചതിനെ അരുമയായി ലാളിക്കുകയാണ്. അനിയന്‍ കത്തിരാകുന്ന ഒച്ച പോലും അതിനാല്‍ നേര്‍മ്മപ്പെട്ടുപോകുന്നു. ഇരുട്ട് നിലാവുമായി കലര്‍ന്ന് ജലച്ചായപ്പെടുന്നു. ഈ ജലച്ചായപ്പെടലിന്റെ കവിതയും രാഷ്ട്രീയവുമായിരുന്നു ബിനു എം. പള്ളിപ്പാടിന്റേത്. അതുമായി സാഹോദര്യപ്പെടുന്നതിന്റെ അടയാളമായ, കവി ജീവിച്ചിരുന്നപ്പോള്‍ എഴുതിയിരുന്നെങ്കില്‍ പൊതുവേ സന്തോഷം കുറവായ അയാളുടെ ജീവിതത്തില്‍ തെല്ല് പ്രകാശം നിറയ്ക്കുമായിരുന്നു എന്ന് ഞാന്‍ പശ്ചാത്താപൂര്‍വ്വം കരുതുന്ന, ഈ കുറിപ്പിനു വിരാമമിടുന്നു.

Content Highlights: Mashipacha, Sajay K.V, Binu M Pallippadu

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022

Most Commented