ഫോട്ടോ: മധുരാജ്
ഇന്നലെ വടകരയിലെ ഒരുള്‍ഗ്രാമത്തില്‍ വച്ചു നടന്ന ഒരു വീട്ടുമുറ്റ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.'ഖസാക്കിന്റെ ഇതിഹാസ'മായിരുന്നു ചര്‍ച്ചാപുസ്തകം. ഖസാക്കിന്റെ ആദ്യപ്രകാശനത്തിനു ശേഷം ഇപ്പോള്‍ അന്‍പത്തിമൂന്നാണ്ടുകള്‍ പിന്നിടുന്നു. ഇപ്പോഴും മലയാളി ആ കഥാഭൂമികയില്‍ നിന്ന് പുറത്തുകടന്നിട്ടില്ല എന്ന അറിവു തന്നെ ആഹ്‌ളാദപ്രദമാണ്. ഓരോ വായനയിലും കൂമന്‍കാവങ്ങാടിയില്‍ ബസ്സിറങ്ങിയ രവിയുടെ 'ദേജാവൂ' അനുഭവം തന്നെ ഖസാക്കിന്റെ വായനക്കാര്‍ക്കുമുണ്ടാകുന്നു;ഒപ്പം ചില പുതിയ തിരിച്ചറിവുകളും .
ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത് ഖസാക്കിന്റെ പെണ്‍വായനകളെപ്പറ്റിയാണ്. അങ്ങനെയൊന്നുണ്ടായിട്ടുണ്ടോ? അറിയില്ല. ഖസാക്ക് വായനക്കാരനായ പുരുഷനാണ് ഞാന്‍. ഇത്തരമൊരാണ്‍കൂട്ടമാണ് എക്കാലവും ഖസാക്കിനെ വായിച്ചു പൊലിപ്പിച്ചതെന്നു തോന്നുന്നു. രവി, അവനവനാകുന്ന ഒരു പരിണാമം അവരിലൂടെ സാക്ഷാല്‍ക്കരിക്കപ്പെട്ടു. ആണും ആണും തമ്മിലുള്ള സൗഹൃദമാണ് ഖസാക്കിലെ ഏറ്റവും ഗാഢമായ പ്രമേയധമനികളില്‍ ഒന്ന്. രവിയിലും മാധവന്‍ നായരിലും തന്റെ തന്നെ യൗവനസാഹസങ്ങളിലെ തോഴ്മയുടെ ഗൃഹാതുരച്ഛായകള്‍ കാണാത്ത വായനക്കാരനുണ്ടാവില്ല. പെണ്ണിലേയ്ക്കും മദ്യത്തിലേയ്ക്കുമാണവര്‍ ഒരുമിച്ചു സഞ്ചരിച്ചത്. മാധവന്‍ നായര്‍ മദ്യത്തിലെന്നപോലെ പരസ്ത്രീകളുമൊത്തുള്ള സഹശയനത്തില്‍ തല്‍പ്പരനായിരുന്നില്ല എന്ന വ്യത്യാസമൊഴിച്ചാല്‍ അവര്‍ ഒരുമിച്ചായിരുന്നു ഈ രാത്രിയാത്രകളിലെല്ലാം. 'നിങ്ങടെ കല്യാണിക്കുട്ട്യേ തര്വോ?' എന്ന രവിയുടെ അതിരു വിട്ട ചോദ്യത്തിനു പോലും 'അസുഖകര'മായ ഒരു ചിരി മാത്രമായിരുന്നു അയാളുടെ മറുപടി. രവി എന്ന 'ഹാംലറ്റി'ന്റെ 'ഹൊറേഷ്യോ' ആയിരുന്നു മാധവന്‍ നായര്‍ എന്ന് വിമര്‍ശകനായ വി.രാജകൃഷ്ണന്‍ നിരീക്ഷിച്ചിട്ടുമുണ്ട്. മദ്യനിരോധനത്തിന്റെ കാലമായിരുന്നു അത്. മദ്യനിരോധനമാണ് കുപ്പുവച്ചനെ നിരാധാരനായ തൊഴില്‍രഹിതനും അത്താണിപ്പുറത്തെ അശുഭസാന്നിധ്യവുമാക്കി മാറ്റിയത്. എന്നിട്ടും മദ്യം - വാറ്റുചാരായം പോലുള്ളവ - സുലഭമാണ് ഖസാക്കില്‍. രവിക്ക് അഭിഗമ്യകളായ സ്ത്രീകളുടെ ഒരു പരമ്പര തന്നെയുണ്ടായിരുന്നു അവിടെ. ഖസാക്കിലെ യാഗാശ്വമായി വിവരിക്കപ്പെടുന്ന മൈമുനയാണ് അവരുടെ മുന്‍നിരയില്‍. മൈമുന, രാജാവിന്റെ പള്ളിയില്‍ വച്ച് രവിയുമായി ശരീരവും വാറ്റുചാരായവും പങ്കിടുന്നു. കോടച്ചിയും കേശിയും അയാള്‍ക്ക് ഉടലിന്റെ വാതിലുകള്‍ തുറന്നുകൊടുക്കുന്നു. ചാന്തുമ്മയെയും പുളിങ്കൊപ്പത്തെ പോതിയുടെ, അവളുടെ ഭര്‍ത്താവിന്റെ ദുര്‍മ്മരണത്തിന്റെയും, കഥ പറയിച്ച് പ്രലോഭിതയാക്കുന്നുണ്ട് രവി. നിര്‍ബ്ബാധമായ രതിയുടെ ഉദ്യാനമായിരുന്നു രവിക്ക് ഖസാക്ക് എന്നു ചുരുക്കം.
ലൈംഗികതയോടു ബന്ധപ്പെട്ട നഷ്ടബോധങ്ങള്‍ പേറി നടക്കുന്നവരാണ് ഖസാക്കിലെ പുരുഷന്മാര്‍. യൗവനയുക്തനായ കുപ്പുവച്ചനുമായി ഞാറ്റുപുരയില്‍ വച്ച് സംഗമിക്കാറുണ്ടായിരുന്ന, 'മുലക്കുഞ്ഞിന് തളര്‍ത്താന്‍ കഴിയാത്ത കല്ലന്‍മുലകളുള്ള' നാരായണിയമ്മ ശിവരാമന്‍ നായരെയും നൈസാമലിയോടു തോന്നിയ സ്വവര്‍ഗ്ഗാനുരാഗം മൊല്ലാക്കയെയും രാമപ്പണിക്കരച്ചന്റെ മകള്‍ ലക്ഷ്മിയോടു തോന്നിയ ബാല്യാനുരാഗം കുട്ടാടന്‍ പൂശാരിയെയും തനിക്ക് തൊഴില്‍നഷ്ടം സംഭവിച്ച കാലം സ്വദേശമായ യാക്കരയിലേയ്ക്കു മടങ്ങിപ്പോയി, ഒറ്റത്തോര്‍ത്തു മാത്രം ചുറ്റി, അവിടത്തെ തോട്ടില്‍ കുളിച്ചു നില്‍ക്കുന്ന കല്യാണി കുപ്പുവച്ചനെയും അമ്മയുടെ വ്യഭിചാരവും കല്യാണിക്കുട്ടിയോടു തോന്നിയിരുന്ന അസ്പഷ്ടമായ ആഭിമുഖ്യവും മാധവന്‍ നായരെയും മകളോടുള്ള വാത്സല്യവും മൈമുനയുടെ ഉച്ഛൃംഖലത്വവും ചേര്‍ന്നു സൃഷ്ടിച്ച ഉഭയാവസ്ഥ (ജാരനാണ് - 'കള്ളക്കെട്ടിയവന്‍' എന്ന് മൈമുന - ആബിദയുടെ ഉമ്മയെ കൊന്നതെന്നും കഥയുണ്ട്) മുങ്ങാംകോഴിയെയും പീഡിപ്പിക്കുന്നു. ഒപ്പം പുളിങ്കൊമ്പത്തെ പോതിയുടെയും ചെത്തുകാരന്റെ പെണ്ണു പിഴച്ചതില്‍പ്പിന്നെ അവനു മുന്നില്‍ കുനിയാതായ പനകളുടെയും ഖസാക്കിലെ സ്ത്രീകളുടെ ചാരിത്രലംഘനങ്ങള്‍ 'തെറ്റു വെച്ചാ' ല്‍ പൊറുക്കുന്ന പനയുടെയും വിഷത്താന്‍മാരുടെയും പുരാവൃത്തങ്ങള്‍ അവിടെ നിലനില്‍ക്കുന്നു.
ഇങ്ങനെയെല്ലാം സ്ത്രീയുടെ ചാരിത്രവുമായി ബന്ധപ്പെട്ട ആന്തരികപീഡയനുഭവിക്കുന്ന പുരുഷന്മാരുടെയും ലൈംഗികപാപബോധം തീണ്ടാത്ത സ്ത്രീകളുടെയും - കുറഞ്ഞ പക്ഷം മൈമുനയുടെ കാര്യത്തിലെങ്കിലും ഈ പ്രസ്താവം നൂറു ശതമാനം ശരിയാണ് - ഇടമാണ് ഖസാക്ക്. സ്ത്രീയുടെ രത്യോര്‍ജ്ജത്തിനു മുന്നില്‍, പൊതുവേ, ദുര്‍ബ്ബലരും നിസ്സഹായരുമാണ് ഖസാക്കിലെ പുരുഷന്മാര്‍. അവരുടെയിടയിലാണ് രവിയുടെ നിര്‍ബ്ബാധമായ രതിസാഹസങ്ങള്‍. ഇഷ്ടം പോലെ മേയാവുന്ന വെളിംപറമ്പായിരുന്നു രവിക്ക് ഖസാക്ക്. മറ്റു പൂച്ചെടികള്‍ ചെന്നു തിന്നാവുന്ന സ്വച്ഛന്ദരതിയുടെ ഉദ്യാനം. ഖസാക്കിന്റെ ഈ രത്യുദ്യാനപ്രതീതിയും കൂടിയാണോ ഖസാക്കിന്റെ പുരുഷവായനക്കാരെ അതിലേയ്ക്കാകര്‍ഷിച്ചത്? ഒപ്പം, ലൈംഗികമായ നഷ്ടബോധം പേറുന്ന ഖസാക്കിലെ പുരുഷന്മാരും?
- ചോദ്യങ്ങള്‍ ശേഷിക്കുന്നു; ഒപ്പം ഖസാക്ക് അതിന്റെ കാലാന്തരപ്രയാണം തുടരുകയും ചെയ്യുന്നു.
Content Highlights: Mashipcha, Sajay K.V, O.V Vijayan, Khasakhinte Ithihasam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..