സഫലമീയാത്ര: 'ആ മനുഷ്യന് തങ്ങളുടെതന്നെ ഛായയാണ്, ഇന്നോനാളെയോ ഞാനും നിങ്ങളുമെല്ലാം ആ നില്‍പ് നില്‍ക്കും


സജയ് കെ.വിഇന്നോ നാളെയോ ഞാനും നിങ്ങളുമെല്ലാം അങ്ങനെ നില്‍ക്കും; അതുപോലൊരു ജനലഴി പിടിച്ച് ,'ഇപ്പഴങ്കൂടൊരു ചുമയ്ക്കടിയിടറി വീഴാം' എന്ന മട്ടില്‍ സമീപസ്ഥമായ മരണത്തോടു സല്ലപിച്ചുകൊണ്ട്..

എൻ.എൻ കക്കാട് രണ്ട് കാലഘട്ടങ്ങളിൽ

എന്‍.എന്‍.കക്കാട് എന്ന മലയാളകാവ്യാധുനികതയുടെ അഗ്രദൂതന്‍ അന്തരിച്ചിട്ട് 35 വര്‍ഷമാകുന്നു. അറുപതുകളും എഴുപതുകളും എണ്‍പതുകളുടെ ആദ്യ പകുതിയുമായിരുന്നു കക്കാടിന്റെ കവിതയുടെ ദീപ്രദശകങ്ങള്‍. അറുപതുകളെ ആധുനികതയുടെ പരീക്ഷണപരതയാലും എഴുപതുകളെ രാഷ്ട്രീയാക്ഷേപ ഹാസ്യത്തിന്റെ ഗ്രാമ്യ തീവ്രതയാലും എണ്‍പതുകളെ വിയോഗവാക്യങ്ങളോടടുത്തു നില്‍ക്കുന്ന കാവ്യസാരള്യത്താലും ആവിഷ്‌കരിച്ചു കക്കാട്. ഈ അവസാനഋതുവിന്റെ കവിതകളിലൂടെയാണ് ഈ കവി മലയാളിയുടെ വായനയില്‍ ചിരസ്ഥായിയായി മുദ്രപ്പെടുന്നത് എന്നത് കൗതുകകരമാണ്.

അറുപതുകളിലെ അതാര്യരചനകളില്‍ നിന്ന് രോഗാതുരമായ ജീവിതസായാഹ്നത്തിലെത്തിയതോടെ കവി കൈവരിച്ച ഭാഷാപരവും ഭാവനാപരവുമായ തെളിമയുടെ നിത്യസാക്ഷ്യങ്ങളായി ആ കവിതകള്‍ നിലകൊള്ളുന്നു. 'സഫലമീയാത്ര' എന്ന മലയാളത്തിലെ എക്കാലത്തേയും ജനപ്രിയരചന മാത്രമല്ല അക്കൂട്ടത്തില്‍;' നന്ദി, തിരുവോണമേ നന്ദി!',' നമ്മുടെ ചൈത്രം', 'മാര്‍ഗ്ഗക്ലമം', 'മരണത്തേക്കുറിച്ച് ഒരമൂര്‍ത്തപഠനം' എന്നിവ പോലുള്ള കവിതകളും. അപൂര്‍വ്വമായ ഒരു ലാളിത്യവും ഹൃദയംഗമത്വവും ഈ കവിതകള്‍ക്ക്, എത്ര കോരിക്കുടിച്ചാലും മതിവരാത്ത ഒരു കാട്ടുറവിന്റെ വശ്യത പ്രദാനം ചെയ്യുന്നു.

ജീവിതം എന്ന വേദനാനിര്‍ഭരമായ സങ്കീര്‍ണ്ണാനുഭവത്തിന്റെ അടിയിലൂറിക്കൂടുന്ന ചാരിതാര്‍ത്ഥ്യത്തിന്റെ നിസ്തുലനിമിഷങ്ങളോടുള്ള കൃതജ്ഞതാപ്രകാശനമാണ് ഈ കവിതകളില്‍ പലതും. 'വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരിക്കുറവുണ്ട്'എന്നതു പോലെ വേദനയുടെ ചുളിവുകളെ ഒരു സൗമ്യഹാസത്തിന്റെ വടിവുകളാക്കി മാറ്റാനുള്ള ശ്രമമാണത്. മനുഷ്യാവസ്ഥയുടെ സാരാംശഭൂതമായ ചില അനുഭൂതിതലങ്ങളെയാണ് ഇങ്ങനെ ചെയ്യുന്നതിലൂടെ ഈ കവി വായനക്കാര്‍ക്കു മുന്നില്‍ നിവേദിക്കുന്നത്. ഗാഢമായ താദാത്മ്യബോധത്തോടെ അവരതില്‍ പങ്കുചേരുന്നു. കവിയുടെ ആത്മഗാനം അതോടെ വായനക്കാരുടേതുകൂടിയായി മാറുന്നു. രോഗിയായ കക്കാട് എന്ന കവിയെയല്ല,' സഫലമീയാത്ര'യില്‍ അതിന്റെ പില്‍ക്കാലവായനക്കാര്‍ കാണുന്നത്. രോഗാവസ്ഥയുടെ ദാരുണനേരങ്ങളിലും ശമം കൈവരിക്കാനായുന്ന മനുഷ്യാത്മാവിന്റെ മരണാഭിമുഖമായ നിലയാണതെന്ന് അവര്‍ക്കു തോന്നുന്നു; ആ മനുഷ്യന് തങ്ങളുടെ തന്നെ ഛായയാണ് എന്നും. ഇന്നോ നാളെയോ ഞാനും നിങ്ങളുമെല്ലാം അങ്ങനെ നില്‍ക്കും; അതുപോലൊരു ജനലഴി പിടിച്ച് ,'ഇപ്പഴങ്കൂടൊരു ചുമയ്ക്കടിയിടറി വീഴാം' എന്ന മട്ടില്‍ സമീപസ്ഥമായ മരണത്തോടു സല്ലപിച്ചുകൊണ്ട്.

ദുരന്തനാടകാനുഭവത്തോടടുത്തു നില്‍ക്കുന്ന ഭാവദ്യുതിയുണ്ട് ഈ മുഹൂര്‍ത്തത്തിന്. പൊള്ളയായ പ്രത്യാശയാലല്ല ഈ കവി വേദനയെ ചാരിതാര്‍ത്ഥ്യമായും മരണഭയത്തെ നിര്‍വ്വേദമായും മാറ്റുന്നത്. കയ്പിനെ പരിശീലനത്താല്‍ മധുരമാക്കുന്ന, ആശാന്‍കവിതയിലൊക്കെ കാണുന്നതു പോലൊരു ധീരയത്നമോ യജ്ഞമോ ആണത്.' എത്ര കൊഴുത്ത ചവര്‍പ്പു കുടിച്ചു വറ്റിച്ചു നാം/ ഇത്തിരിശ്ശാന്തി തന്‍ ശര്‍ക്കര നുണയുവാന്‍!' എന്ന് കവിതയില്‍ അതിന്റെ തികവുറ്റ ഒരാവിഷ്‌കാരനിമിഷം നമ്മള്‍ കാണുന്നു. ആശാന്റെ 'ചിന്താവിഷ്ടയായ സീത'യുടെ അവസാനശ്ലോകങ്ങളുണര്‍ത്തുന്ന ഉദാത്തമായ ദുരന്തകാന്തിയെ മറ്റൊരു ശ്രുതിയില്‍, കൂടുതല്‍ സരളമായി പകരുകയായിരുന്നു കക്കാട് ഈ ഈരടികളെഴുതിയപ്പോള്‍. ആശാനില്‍ അലൗകികവും ഐതിഹാസികവുമായിരുന്നത് ലൗകിക(mundane)വും ഭാവഗീതാത്മക(lyrical)വുമായി മാറി കക്കാടില്‍. ഈ ഭാവാന്തരവും രൂപാന്തരവും സാക്ഷാല്‍ക്കരിക്കുന്നതിനു വേണ്ടിയായിരുന്നു ഈ കവി അറുപതുകളില്‍ ആധുനികതയോടൊപ്പവും എഴുപതുകളില്‍ അകവിതയോടടുത്തു നില്‍ക്കുന്ന ഗ്രാമ്യവാങ്മയങ്ങളോടൊപ്പവും സഞ്ചരിച്ചത്.' മാര്‍ഗ്ഗക്ലമം' എന്ന കവിതയ്‌ക്കൊടുവില്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു -

'നീണ്ടൊരീ യാത്ര തന്‍ വേദനകള്‍
നീറുന്ന കാല്‍കളില്‍ നോവു മാത്രം
നീണ്ടൊരീ യാത്ര തന്‍ സാദമെല്ലാം
നീളും കിനാവിന്‍ നിഴലു മാത്രം.
ഓരോ കവലയില്‍ നമ്മളൊന്നി-
ച്ചൂണു കഴിച്ചു വലിച്ചെറിഞ്ഞ്
വാടിക്കരിഞ്ഞോരു നാക്കിലയായ്
നമ്മള്‍ തന്നോര്‍മ്മയും ബാക്കിയാവും.'

യാത്രയെന്ന സാര്‍വ്വലൗകികവും സാധാരണവും ശക്തവും ലളിതവുമായ ജീവിതരൂപകം ഈ കവിതകളിലെല്ലാം ആവര്‍ത്തിക്കുന്നുണ്ട് കക്കാട്; വാഴ് വെന്നാല്‍ നമ്മള്‍ ഒറ്റയ്ക്കും കൂട്ടമായും താണ്ടേണ്ട ഒരു വഴിനീളം മാത്രമാണെന്നും ആ യാത്രയ്‌ക്കൊടുവില്‍ കണ്ണീരും നെടുവീര്‍പ്പുമല്ല, ശാന്തിയും സാഫല്യബോധവുമാണ് കാമ്യമെന്നുമുള്ള സഹജജ്ഞാനത്തിന്റെ സരളദീപ്തിയോടെ.' സഫലമീയാത്ര' എന്ന കവിതയെ അതീവഹൃദ്യമായി സംഗ്രഹിക്കുന്ന, മലയാളനിരൂപണത്തിലെ അനശ്വരവാക്യങ്ങളിലൊന്ന് ('എതിര്‍കവിതയുടെ മാനങ്ങള്‍: സഫലമീയാത്രയെക്കുറിച്ചൊരു വീണ്ടുവിചാരം', ആര്‍.വിശ്വനാഥന്‍) ഇവിടെ എടുത്തെഴുതിക്കൊണ്ട് അവസാനിപ്പിക്കാം: 'ഒരു കാവ്യജീവിതത്തില്‍ തെളിഞ്ഞ സാന്ധ്യനക്ഷത്രത്തിന്റെ മുഹൂര്‍ത്തമാണ് സഫലമീയാത്ര.'

Content Highlights: Mashipacha, Sajay K.V, N.N Kakkad, Safalameeyathra

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented