'എല്ലാറ്റിന്റെയും, എല്ലാവരുടെയും അമ്മയല്ലാത്തവള്‍, അമ്മയേയല്ല';സ്‌നേഹം എന്ന വ്യാപനശീലം


സജയ് കെ.വിസോളമനേക്കാള്‍, ദൈവകരങ്ങള്‍ ചമയിക്കുകയാല്‍, സുന്ദരിയായിത്തീര്‍ന്ന വയല്‍പ്പൂവിനെ ചൂണ്ടിക്കാട്ടിയാണ് ക്രിസ്തു, തന്റെ ഗിരിപ്രഭാഷണത്തില്‍, ദൈവരാജ്യത്തെക്കുറിച്ചു സംസാരിച്ചത്.

പ്രതീകാത്മക ചിത്രം

ഴുകിപ്പരക്കുന്നതാണ് ജലം, അത്രമേല്‍ വ്യാപിക്കുന്നതാണ് പ്രകാശം. ഈ വ്യാപനശീലം സ്‌നേഹത്തിനുമുണ്ട്. 'നെപ്പോളിയനേക്കാള്‍ കരുത്തനാണ് ക്രിസ്തു; കാരണം, പീരങ്കിയുണ്ടയേക്കാള്‍ എത്ര വേഗതയേറിയതാണ് വെളിച്ചം!' എന്ന് വിക്റ്റര്‍ യൂഗോ 'പാവങ്ങ'ളില്‍. സ്‌നേഹം എന്ന ഈ മഹാപ്രകാശത്തെ നമ്മള്‍ സ്വാര്‍ത്ഥമലിനമായ ഗാര്‍ഹികതയുടെയും 'ഞാന്‍' എന്ന അഹന്തയുടെയുടെയും പരിമിതവൃത്തത്തിനു ള്ളില്‍ തളച്ചിടാന്‍ ശ്രമിക്കുന്നു. സൂര്യനാവേണ്ട വെളിച്ചത്തെ ഒരു പുകപ്പാട്ടമണ്ണെണ്ണ വിളക്കാക്കുന്നതു പോലെയാണിത്. സ്വാര്‍ത്ഥദൂഷിതമായ സ്‌നേഹം, പ്രഭ ചിന്തുന്ന തോടൊപ്പം, അത്ര തന്നെ പുകയും വമിക്കും. ഈ പുക, വിദ്വേഷമാണ്. അയല്‍ക്കാരനെ ദ്വേഷിച്ചു കൊണ്ടാണ് നമ്മള്‍ ഭാര്യയേയും മക്കളേയും സ്‌നേഹിക്കുന്നത്. സ്വാര്‍ത്ഥം, സ്‌നേഹത്തെ ധൂമിലമാക്കുന്നു. സ്വാര്‍ത്ഥസ്പര്‍ശമേശാത്ത സ്‌നേഹം സൂര്യനാണ്. അത് പ്രപഞ്ചത്തെ മുഴുവന്‍ പ്രഭാപൂരിതമാക്കും.' വിളക്കു കയ്യിലിരിപ്പവനെന്നും/വിശ്വം ദീപമയം' എന്ന് മഹാകവി ഉള്ളൂര്‍. നിരുപാധികവും നിര്‍മ്മലവും നിര്‍ബ്ബാധവുമായ സ്‌നേഹമാണ് ആ വെളിച്ചം. പതുക്കെപ്പതുക്കെ നിങ്ങളിലെ സ്‌നേഹശക്തിയെ അന്യരായി നമ്മള്‍ കരുതിവരുന്ന ആത്മബന്ധുക്കളിലേക്കു കൂടി പടരാനനുവദിച്ചു നോക്കൂ, അത് പഴയ മുത്തശ്ശിക്കഥയിലെ അത്ഭുതലതയെപ്പോലെ ആകാശം മുട്ടെ, വളര്‍ന്നുപൂവിടും. അതിന്റെ സുഗന്ധത്താലും ഗുപ്തമാധുര്യത്താലും ആകൃഷ്ടരായി, മധു തേടുന്ന ഷഡ്പദങ്ങളും ശലഭങ്ങളും കൂടി അവനെ/അവളെ ചൂഴും.'വനസത്ത്വകുലങ്ങള്‍ ചൂഴ്വതി,ന്നവനെ-/ പ്പൂവിനെ മക്ഷികാളിപോല്‍' എന്ന് മഹാകവി കുമാരനാശാന്റെ ലീലാകാവ്യത്തില്‍ നമ്മള്‍ വായിക്കുന്നു. ഒരുവളോടുള്ള പരിധികളറ്റ പ്രണയത്താല്‍ ഒരുവന്‍ ചരാചരപ്രപഞ്ചത്തിന്റെ മുഴുവന്‍ സ്‌നേഹഭാജനമായി മാറുന്ന വിസ്മയമുഹൂര്‍ത്തമാണിവിടെ ആശാന്‍ വരഞ്ഞിടുന്നത്. സ്‌നേഹത്താല്‍ ഒരു സൗരയൂഥം തന്നെ സൃഷ്ടിക്കാന്‍ മനുഷ്യവ്യക്തിക്കാകും, അതിന്റെ കേന്ദ്രചൈതന്യമായി തന്നെത്തന്നെ സ്ഥാപിച്ചുകൊണ്ട്. സ്വയം പ്രകാശിക്കുന്നതാണ് സ്‌നേഹം, വിളക്കോ നക്ഷത്രമോ, മിന്നാമിനുങ്ങോ പോലെ. സ്‌നേഹസൂര്യന്റെ പ്രകാശഭിക്ഷയേറ്റു വാങ്ങി, തിളങ്ങുന്ന ചന്ദ്രനാണ് നമ്മുടെ രാത്രികളെ സൗമ്യമായ നിലാവിന്റെ തണുപ്പിലും വെളുപ്പിലും ആറാടിക്കുന്നത്. സൂര്യനില്ലാതെ തിങ്കളും നിലാവുമില്ല. നക്ഷത്രപരിവാരങ്ങളില്ലാതെ, വിധുകാന്തിയ്ക്ക് പൂര്‍ണ്ണതയുമില്ല.'താരസഖികളാല്‍ ചൂഴപ്പെട്ട ചന്ദ്രരാജ്ഞി, അവളുടെ സിംഹാസനത്തിലിരിക്കുന്നു' എന്നൊരു കല്പന കാണാം , ജോണ്‍ കീറ്റ്‌സിന്റെ 'രാപ്പാടി ക്കുള്ള ഗീത'ത്തില്‍. അത്തരമൊരു പ്രസന്നമോഹനരാത്രിയെയാണ് കവി,'Tender is the night'-ഇളമയാര്‍ന്ന രാത്രി- എന്ന് ആര്‍ദ്രമായി വിവരിക്കുന്നത്, അതേ കവിതയില്‍. സ്‌നേഹം ലോകത്തില്‍, ലോകതമസ്സില്‍ എന്നും പറയാം, പ്രവര്‍ത്തിച്ച് അതിനെ പരിവര്‍ത്തിപ്പിക്കുന്നതിന്റെ ചിത്രമാണിത്. അത് കൂരിരുട്ടില്‍, 'സ്ഫുടതാരകങ്ങ'ളും നിലാവിന്റെ ധവളസമുദ്രവും സൃഷ്ടിക്കുന്നു.

സോളമനേക്കാള്‍, ദൈവകരങ്ങള്‍ ചമയിക്കുകയാല്‍, സുന്ദരിയായിത്തീര്‍ന്ന വയല്‍പ്പൂവിനെ ചൂണ്ടിക്കാട്ടിയാണ് ക്രിസ്തു, തന്റെ ഗിരിപ്രഭാഷണത്തില്‍, ദൈവരാജ്യത്തെക്കുറിച്ചു സംസാരിച്ചത്. വയല്‍പ്പൂവിനെ ചേതോഹരിയാക്കിയ ആ അനന്തസ്‌നേഹസ്പര്‍ശം, മനുഷ്യനിലൂടെ പ്രവഹിക്കുമ്പോഴാണ് അവന്റെ സ്‌നേഹം നിരുപാധികമാവുകയും അവന്‍/അവള്‍, ആ അനഘനായ സന്ന്യാസിയെപ്പോലെ, 'സഹോദരന്‍ സൂര്യന്‍, സഹോദരി തിങ്കള്‍'- Brother Sun, Sister Moon- എന്നിങ്ങനെ മന്ത്രിച്ചു പോവുകയും ചെയ്യുന്നത്. ഇതു തന്നെയാണ് നാരായണ ഗുരുവിന്റെ അദ്വൈതവും. 'അവനിവനെന്നറിയുന്ന തൊക്കെയോര്‍ത്താല്‍ / അവനിയിലാദിമമായൊരാത്മരൂപം!'.' ഒന്നല്ലി നാമയി! സഹോദരരല്ലി പൂവേ,/ ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം' എന്നും 'ഏവേരേയും/ സ്‌നേഹിക്ക,യാമ്പല്‍ നിരയെക്കുളിര്‍തിങ്കള്‍ പോലെ' എന്നും ഗുരുവിന്റെ ആത്മശിഷ്യനായ കുമാരനാശാന്‍. ഒരിക്കന്‍ ഉടപ്പിറപ്പുകളായിരുന്നവര്‍, സസ്യവും മനുഷ്യനുമായതോടെ, 'സഹോദരീ! നീയെന്നെ മറന്നുവല്ലോ!' എന്ന് അപാരമായ സഹജീവിപാരസ്പര്യത്തിന്റെ താഴ്‌വരയില്‍ നിന്നുകൊണ്ട് ഒ.വി.വിജയന്റെ, ഒരിക്കല്‍ നടക്കാനിറങ്ങിയ, രണ്ടു ജീവബിന്ദുക്കളില്‍ ഒന്ന് മറ്റതിനോട്. മര്‍ത്ത്യനും തിര്യക്കുമെന്ന വിഭജനരേഖ പോലും മായ്ച്ചുകളയുന്ന സ്‌നേഹമാണ് യഥാര്‍ത്ഥസ്‌നേഹം. നമുക്കായി ദിവസേന , പൂവിടര്‍ത്തുന്ന കുഞ്ഞുചെടിയോടും നിങ്ങളുടെ കാലിലുരുമ്മുന്ന പൂച്ചയോടും തോന്നാത്ത വാത്സല്യം, സ്വന്തം പൈതലിനോടു തോന്നുന്നതില്‍ (അത് അപരന്റെ കുഞ്ഞിനോടു തോന്നാതിരിക്കുന്നതിലും) അര്‍ത്ഥമെന്തിരിക്കുന്നു? എല്ലാറ്റിന്റെയും, എല്ലാവരുടെയും അമ്മയല്ലാത്തവള്‍, അമ്മയേയല്ല എന്നു ബാലാമണിയമ്മ.Content Highlights: Sajay K.V, Mashipacha, Balamaiyamma, Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented