'കടലിനു കറുത്ത നിറമായിരുന്നു'; ഏകാന്തവാക്യങ്ങളുടെ കാവ്യശോഭ!


സജയ് കെ.വിഅയാളുടെ ദ്വന്ദ്വയുദ്ധവിവരണങ്ങളില്‍ നവോഢയായ ദ്രൗപദി മാത്രമായിരുന്നില്ല ഹരം കൊണ്ടത്, എന്നിലെ ബാല്യം വിടാത്ത ചെറുവായനക്കാരന്‍ കൂടിയായിരുന്നു. ജരാസന്ധന്റെ വാരിയെല്ലുകള്‍ - അതോ ബകന്റെയോ? - തകരുന്ന ഒച്ച, അന്നെന്ന പോലെ ഇപ്പോഴുമെനിക്കു കേള്‍ക്കാം.

എം.ടി/ ഫോട്ടോ: കെ.കെ സന്തോഷ്‌

ടപ്പള്ളി, ചങ്ങമ്പുഴപ്പാര്‍ക്കില്‍ ഏതോ പുരസ്‌കാരദാനം നടക്കുമ്പോഴാണ്, ആദ്യമായി, എം.ടി.യെ അകലെ നിന്നു കണ്ടത്. അങ്ങകലെ വേദിയില്‍ ഒരു കണ്ണടത്തിളക്കം; ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരച്ച എം.ടി.യുടെ രേഖാചിത്രം പോലെ- അത്രയേ കണ്ടുള്ളൂ. ആ കാഴ്ച്ചയുടെ നിറവില്‍, നേരിയ ചാറ്റല്‍ മഴയില്‍, അപ്പൊഴേ സ്ഥലംവിട്ടു എന്നാണോര്‍മ്മ. പക്ഷേ ഒരു ചിരപരിചിതനെ ആദ്യമായി, നേരില്‍, കാണുന്ന അനുഭവമായിരുന്നു എനിക്കത്. പത്തു വയസ്സുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് ഞാന്‍ എം.ടി.യെ ആദ്യമായി വായിക്കുന്നത്. എന്റെ ആദ്യ നോവല്‍അനുഭവമായിരുന്നു അത്.' രണ്ടാമൂഴ' മായിരുന്നു ആ നോവല്‍; അതും ഖണ്ഡശ:!

ബാല്യത്തിലാണ് ഭീമന് വലിപ്പക്കൂടുതല്‍. ആ വലിപ്പക്കൂടുതലോടെ ഞാന്‍ എം.ടി.യുടെ ഭീമനെ വായിച്ചു. നമ്പൂതിരിവരകളിലൂടെ ഏകാകിയും മഹാബലനുമായ ('Lone Warrior' എന്നാണല്ലോ, പിന്നീട്, ഗീതാകൃഷ്ണന്‍കുട്ടി ഭീമനെ പരിഭാഷപ്പെടുത്തിയത്!) ആ ഊശാന്‍താടിക്കാരനെ കണ്ടു. അയാളുടെ ദ്വന്ദ്വയുദ്ധവിവരണങ്ങളില്‍ നവോഢയായ ദ്രൗപദി മാത്രമായിരുന്നില്ല ഹരം കൊണ്ടത്, എന്നിലെ ബാല്യം വിടാത്ത ചെറുവായനക്കാരന്‍ കൂടിയായിരുന്നു. ജരാസന്ധന്റെ വാരിയെല്ലുകള്‍ - അതോ ബകന്റെയോ? - തകരുന്ന ഒച്ച, അന്നെന്ന പോലെ ഇപ്പോഴുമെനിക്കു കേള്‍ക്കാം. താമരയിലയുടെ ആകൃതിയുള്ള ഒരു കാട്ടുപൊയ്കയുടെ തീരത്താണ് ഭീമന്‍ ആദ്യമായി ഹിഡുംബിയെ കണ്ടതെന്നും ഓര്‍മ്മയുണ്ട്. അഭിമന്യുവിന്റെയും ഘടോല്‍ക്കചന്റെയും മരണമാണ് മനസ്സില്‍ തങ്ങിയ മറ്റു രണ്ട് ആഖ്യാനമുഹൂര്‍ത്തങ്ങള്‍. ഒരു സന്ധ്യയിലാവണം ഞാനവ വായിച്ചത്; ഇപ്പോഴുമുണ്ട്, ഒളി മങ്ങാതെ, ആ മങ്ങൂഴം.

ചെമ്പഴുക്കാനിറമുള്ള സുന്ദരിയെ അന്ന്, ആദ്യമായി, കണ്ടു. യുദ്ധം പ്രമേയമാകുന്ന ആ അവസാനാധ്യായങ്ങള്‍, അടുത്തതിനായുള്ള കാത്തിരിപ്പിനെ ആഴ്ച്ചയെക്കാള്‍ നീളമുള്ളതാക്കി മാറ്റി. ദ്രൗപദിയെ ഞാന്‍ പിന്നീടാണ് കണ്ടത്, കൗമാരത്തിന്റെ ആദ്യനാളുകളില്‍. നമ്പൂതിരി വരച്ച വിരാടരാജധാനിയിലെ ദാസിയായ ദ്രൗപദിക്ക്, ഒരു കൗമാരക്കാരനെ ഉന്മാദിയാക്കാന്‍ പോന്ന ഉടല്‍നിറവുണ്ടായിരുന്നു. സ്വയംവരപ്പന്തലിലെ ദ്രൗപദിയുടെ ആദ്യകാഴ്ച്ച, രണ്ടോ മൂന്നോ ലുബ്ധവാക്യങ്ങളില്‍ എം.ടി.യും വിവരിച്ചിട്ടുണ്ട്. തരളകവും അഞ്ജനശലാകകളും വെണ്‍പട്ടും സുവര്‍ണ്ണവരണഹാരവും ചേര്‍ന്നു നിര്‍മ്മിച്ച സ്ത്രീചിത്രത്തിനുള്ളത്ര വശ്യശക്തി വരകളിലെ ദ്രൗപദിക്കു പോലുമില്ല. വിവരണകലയുടെ ആ മന്ത്രമുഗ്ദ്ധതയില്‍ നിന്ന് ഞാനുണര്‍ന്നിട്ടേയില്ല, പിന്നീട്.

അവളുടെ താമരപ്പൂംപരിമളത്തിന് പ്രാചീനകാമശാസ്ത്രമായ 'രതിമഞ്ജരി'യിലെ 'പത്മിനി'യോടാണ് ചാര്‍ച്ച എന്ന്, യൗവനത്തിലെപ്പൊഴോ, തിരിച്ചറിയുന്നു. ഇങ്ങനെയെല്ലാം എന്റെ 'രണ്ടാമൂഴം' വായനയ്ക്ക് പല ഋതുക്കളുണ്ടാകുന്നു. പത്മിനിയെക്കാള്‍ ചെമ്പഴുക്കാനിറമുള്ള കാമിനിയെ, അവളുടെ അരൂപസാന്നിധ്യത്തെ, ഇപ്പോള്‍ കൂടുതല്‍ തെളിഞ്ഞു കാണാനാവുന്നു. 'കടലിനു കറുത്ത നിറമായിരുന്നു' എന്ന നോവലിലെ ആദ്യവാക്യമിപ്പോള്‍ കൂടുതല്‍ മുഴക്കത്തോടെ കേള്‍ക്കാനും സാധിക്കുന്നുണ്ട്. പക്ഷേ പത്തു വയസ്സുകാരനില്‍ നിന്ന് മധ്യവയസ്‌കനിലേയ്ക്കുള്ള മുതിര്‍ച്ചയില്‍ ഒന്നിനു മാത്രം മാറ്റമില്ല - ആ നോവലിനോടു തോന്നുന്ന അദമ്യമായ ആകര്‍ഷണത്തിന്. അതാണ് എം.ടി.യുടെ 'മാസ്റ്റര്‍പീസ്' എന്നു കരുതുന്ന വായനക്കാരനാണയാള്‍; ആ ഇതിഹാസശോഭയ്ക്ക് എം.ടി.യുടെ രചനാലോകത്തു പോലും മറ്റു താരതമ്യങ്ങളില്ല എന്നും.

ഇതിഹാസകാലത്തിന്റെ ഗന്ധമുള്ള കാവ്യാത്മകഗദ്യസാരള്യമാണ് 'രണ്ടാമൂഴ'ത്തിന്റെ സവിശേഷത. 'ഉദുംബരവൃക്ഷം' എന്നാണ് എം.ടി. എഴുതുന്നത് 'രണ്ടാമൂഴ'ത്തില്‍-അത്തിമരം എന്നല്ല. അതിനെ, ആകാശത്തേയ്ക്ക് കയ്യുയര്‍ത്തിനില്‍ക്കുന്ന കാട്ടാളന്റെ പടുതിയാക്കുന്നതിലുമുണ്ട് സൂക്ഷ്മവായനയില്‍ മാത്രം തെളിയുന്ന ചില അധികാര്‍ത്ഥചാരുതകള്‍. ബലന്ധരയുമൊത്തുള്ള സഹശയനത്തെ, 'ചുണ്ടുകളില്‍ സഹകാരത്തിന്റെ മാധുര്യമറിഞ്ഞു' എന്നാണ് ഭീമന്‍ വിവരിക്കുന്നത്. 'സഹകാരം' തേന്മാവാണെന്ന് നിഘണ്ടു പറഞ്ഞു തരും. മാത്രമോ? സ്ത്രീ-പുരുഷന്മാരെ അടുപ്പിക്കുന്നത് എന്നാണ് ആ വാക്കിന്റെ മൂലാര്‍ത്ഥം എന്നും. ഇത്, ക്ലാസിക്കല്‍ഭാവനയില്‍ നിന്നുറന്നു വരുന്ന കവിതയാണ്. കാട്ടില്‍, വനവാസകാലത്ത്, കൊന്നമരം പൂക്കുമ്പോള്‍ അതിന് സ്വര്‍ണ്ണനിഷ്‌കങ്ങളുടെ കാന്തിയായിരുന്നു എന്നും നിഷ്‌കങ്ങള്‍ വാരിയെറിഞ്ഞ് അവ, കൊട്ടാരമാണതെന്ന് പാണ്ഡവരെ കളിയാക്കിക്കൊണ്ടിരുന്നു എന്നും എഴുതണമെങ്കില്‍ ഇതിഹാസഭാവനയുടെ ആകസ്മികജ്വലനം തന്നെ സംഭവിക്കണം അതെഴുതിയ എഴുത്തുകാരനില്‍.

നോവലായാലും, അധികാര്‍ത്ഥദീപ്തിയുള്ള വാക്യങ്ങളില്‍ ദത്തശ്രദ്ധനായി അതു വായിക്കുന്ന രീതിയുടെ ആദ്യശിക്ഷണം എനിക്കു കൈവന്നത് എം.ടി.യുടെ' മഞ്ഞി'ല്‍ നിന്നാണ്; ആ നോവലിനെ ഒരു ഭാവഗീതം പോലെ വായിക്കാന്‍ പ്രേരിപ്പിച്ച കെ.പി.ശങ്കരന്‍മാഷിന്റെ അവതാരികയില്‍ നിന്നും. എന്റെ പ്രീഡിഗ്രിക്കാലമായിരുന്നു 'മഞ്ഞി'ന്റെ ആദ്യവായനക്കാലം. പിന്നീട്,' നാലുകെട്ടും' 'കാല'വും വായിക്കുമ്പോഴേയ്ക്ക്, ആ വായനാരീതി ഒരു സ്വഭാവമായി മാറിക്കഴിഞ്ഞിരുന്നു. 'രാത്രി ഒരു കറുത്ത താമരപ്പൂ പോലെ വിടര്‍ന്നു' എന്ന 'കാല'ത്തിലെ വാക്യം, ഒരഭിമുഖസംഭാഷണത്തില്‍, വിമര്‍ശകനായ കെ.പി. അപ്പന്‍ ഉദ്ധരിച്ചതു കണ്ടിട്ടാണ് ഞാന്‍ ആ നോവല്‍ തേടിപ്പിടിച്ചു വായിച്ചത്. ആ വാക്യത്തിലെത്തുന്നതു വരെ എന്റെ തരുണഹൃദയം, ആ കാവ്യമുഹൂര്‍ത്തത്തിനു വേണ്ടി , അക്ഷമയോടെ, തുടിച്ചുകൊണ്ടിരുന്നു. 'നാലുകെട്ടി'ന്റെ പില്‍ക്കാലവായനകളില്‍, ഒരു പൂമരത്തെക്കുറിച്ചുള്ള അതിസൂക്ഷ്മപരാമര്‍ശമാണ് ഉള്ളില്‍ അത്രമേല്‍ ഗാഢമായി മുദ്രപ്പെട്ടത്. ഒരു ഭ്രൂണഹത്യയുടെ കുഴിമാടത്തിനു മുകളില്‍ അതു വളര്‍ന്നു പൂവിടുന്നതായുള്ള നോവലിലെ പരാമര്‍ശം, ആ കൃതിയുടെ കേന്ദ്രരൂപകമാണെന്നു കരുതാനാണ് എനിക്കിഷ്ടം; അത് അധികമാരും ശ്രദ്ധിച്ചു കാണില്ലെങ്കിലും.

ഇമ്മട്ടിലാണ് കൗമാരത്തില്‍ താനും ബഷീറിനെ വായിച്ചതെന്ന് എം.ടി. എഴുതിയിട്ടുള്ളതോര്‍മ്മ വരുന്നു('അനുരാഗത്തിന്റെ ദിന'ങ്ങളുടെ അവതാരിക). എം.ടി.യുടെ ലേഖനഗദ്യവും ഇങ്ങനെയാണ് വായിക്കപ്പെടേണ്ടത്; 'രമണീയം ഒരു കാലം' എന്ന എന്ന, ചേതോഹരമായ ആ ഉപന്യാസത്തിലെ കേന്ദ്രവാക്യമാണ്,' ചങ്ങമ്പുഴ ഞങ്ങള്‍ക്ക് ഒരോടക്കുഴല്‍ തന്നു' എന്ന, ഗദ്യഭാസുരതയാര്‍ന്ന, ആ സൂക്ഷ്മവാക്യം എന്ന പോലെ. എം.ടി.യുടെ കഥനഭാഷയാണ് വായിക്കപ്പെട്ടത് എന്‍.പി.മുഹമ്മദ്, 'വാനപ്രസ്ഥം' എന്ന കഥ വായിച്ചപ്പോള്‍. എം.ടി. ജ്ഞാനപീഠജേതാവായ,1996, ഫെബ്രുവരി, ആദ്യലക്കം മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ആ ചെറുകുറിപ്പുണ്ട്, 'ബദാംമരം പൂത്തപ്പോള്‍' എന്ന ഹൃദ്യമായ ശീര്‍ഷകത്തിനു താഴെ. ആ ആഴ്ച്ചപ്പതിപ്പ്, നിധി പോലെ, ഇപ്പോഴും, സൂക്ഷിക്കുന്ന ഒരാളാണിതെഴുതുന്നത്. മാധവിക്കുട്ടിയുടെ,'പവിഴമല്ലിപ്പൂവിന്റെ ഗന്ധം' എന്ന മനോഹരമായ എം.ടി.ലേഖനവുമുണ്ട്, അതേ ലക്കത്തില്‍. ഞാന്‍ ആ പവിഴമല്ലിയുടെയും ബദാംമരത്തിന്റെയും തണലിലേയ്ക്കു മടങ്ങട്ടെ; എന്നെ ഏകാന്തവാക്യങ്ങളുടെ കാവ്യശോഭയാര്‍ന്ന ഗദ്യമെന്തെന്നു കാട്ടിത്തന്ന, മലയാളിയുടെ പ്രിയപ്പെട്ട എം.ടി.യോടൊപ്പം.

Content Highlights: Mashipacha, Sajay K.V, M.T Vasudevan Nair

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented