മെലിഞ്ഞുണങ്ങിയ രൂപവും വിഷാദിയുടെ മുഖഭാവവും; ഞാന്‍ അല്‍ഫോണ്‍സച്ചനായ കഥ!


സജയ് കെ.വി

കടല്‍ത്തീരത്ത് ഏകാകിയായലയുന്ന അല്‍ഫോണ്‍സച്ചനും വൈശ്യരും അച്ചനുമായുള്ള വികാരഭരിതമായ ഒരു രംഗത്തിന്റെ ദുഃഖാത്മകമായ ഹരിതച്ഛവിയും വര്‍ണ്ണച്ചില്ലുപതിച്ച ഫ്രഞ്ചുജാലകങ്ങളുടെ ശബളിമയുള്ള അല്‍ഫോണ്‍സിന്റെ വീട്ടകവും കാഴ്ച്ചയുടെ പല വിതാനത്തിലുള്ള ഗാഢാനുഭവങ്ങളായി ഉള്ളില്‍ നിറഞ്ഞു. കൊട്ടകയുടെ ഉള്ളിലെ ഇരുട്ടില്‍ നിന്നു പുറത്തുകടന്ന ഉടനേ ഒരൊഴിഞ്ഞ ഇടത്തുനിന്ന് പുകവലിക്കുകയായിരുന്നു ഞാന്‍. 

സജയ് കെ.വി, എം. മുകുന്ദൻ

എം. മുകുന്ദന്റെ കഥാവര്‍ഷങ്ങളെക്കുറിച്ച് സജയ് കെ.വി. എഴുതുന്നു

ഥനത്തിലെ മയ്യഴിവഴിയും മൊഴിയുമാണ് എം. മുകുന്ദന്റേത്. ഈ തട്ടകപ്പെരുമയിലും അതിന്റെ മൊഴിച്ചന്തത്തിലുമാണ് മുകുന്ദന്റെ ആഖ്യാനകലയുടെ മികച്ച ചില സാഫല്യങ്ങള്‍ സംഭവിച്ചിട്ടുള്ളത്.' മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' വായിക്കുന്നതിനു മുന്‍പാണ് ഞാന്‍' ദൈവത്തിന്റെ വികൃതികള്‍' വായിച്ചത്. എന്റെ കുട്ടിക്കാലത്തായിരുന്നു അത്. നോവല്‍, കലാകൗമുദിയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കുമ്പോള്‍ അതിലെ ചില അധ്യായങ്ങള്‍ വായിച്ചു; പിന്നീട് പുസ്തകരൂപത്തില്‍ ആ മുഴുനോവലും. ആ വായനയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത്, മയ്യഴിസ്സൂര്യന്‍, മയ്യഴിയാകാശം, മയ്യഴിമാതാവിന്റെ പള്ളി, മയ്യഴിമക്കള്‍, മയ്യഴിയിലെ തിയ്യര്‍ എന്നിങ്ങനെ എന്തിനെയും മയ്യഴിമുദ്ര ചാര്‍ത്തി ഒരു തനതിടം പണിയാനുള്ള നോവലിസ്റ്റിന്റെ വൈഭവമായിരുന്നു. അന്നു ഞാന്‍ മയ്യഴി കണ്ടിട്ടില്ല. ഇപ്പോള്‍, കഴിഞ്ഞ എട്ടു വര്‍ഷമായി, മയ്യഴിക്കടുത്ത മടപ്പള്ളിയില്‍ താമസിക്കുന്നു. മയ്യഴി എന്ന മാഹി എനിക്കിപ്പോള്‍ കൈവെള്ളയിലെ വരകള്‍ പോലെ പരിചിതം. എങ്കിലും ആ മയ്യഴിയാണ് നോവലിലെ മയ്യഴിയെന്നു തോന്നിയിട്ടേയില്ല. അതൊരു ഭാവനാദേശം, എം.മുകുന്ദന്‍ എന്ന നോവലിസ്റ്റിന്റെ അക്ഷരങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടത്.

1994-ലാണ്. ബിരുദാനന്തരബിരുദ പഠനകാലം. സര്‍വ്വകലാശാലായുവജനോത്സവത്തില്‍ ഞാനായിരുന്നു എന്റെ കലാലയത്തെ പ്രതിനിധീകരിച്ച് സിനിമാനിരൂപണമത്സരത്തില്‍ പങ്കെടുത്തത്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'ദൈവത്തിന്റെ വികൃതികള്‍' ആയിരുന്നു വിലയിരുത്തേണ്ടത്. ചിത്രപ്രദര്‍ശനം കഴിഞ്ഞ് ചെറിയ ഒരിടവേളയ്ക്കു ശേഷമാണ് എഴുത്ത്. നോവലിലെ തടിച്ച അല്‍ഫോണ്‍സച്ചനേക്കാള്‍ സിനിമയിലെ മെലിഞ്ഞുനീണ്ട അല്‍ഫോണ്‍സച്ചനെയും തടിച്ച മഗ്ഗി മദാമ്മയെയും മാടപ്രാവിന്റെ ചന്തമുള്ള എത്സിയെയും പരുക്കന്‍ രൂപവും ആര്‍ദ്രഹൃദയവുമുള്ള കുമാരന്‍ വൈശ്യരെയും എനിക്ക് ഇഷ്ടമായിരുന്നു. കടല്‍ത്തീരത്ത് ഏകാകിയായലയുന്ന അല്‍ഫോണ്‍സച്ചനും വൈശ്യരും അച്ചനുമായുള്ള വികാരഭരിതമായ ഒരു രംഗത്തിന്റെ ദുഃഖാത്മകമായ ഹരിതച്ഛവിയും വര്‍ണ്ണച്ചില്ലുപതിച്ച ഫ്രഞ്ചുജാലകങ്ങളുടെ ശബളിമയുള്ള അല്‍ഫോണ്‍സിന്റെ വീട്ടകവും കാഴ്ച്ചയുടെ പല വിതാനത്തിലുള്ള ഗാഢാനുഭവങ്ങളായി ഉള്ളില്‍ നിറഞ്ഞു. കൊട്ടകയുടെ ഉള്ളിലെ ഇരുട്ടില്‍ നിന്നു പുറത്തുകടന്ന ഉടനേ ഒരൊഴിഞ്ഞ ഇടത്തുനിന്ന് പുകവലിക്കുകയായിരുന്നു ഞാന്‍.

എന്റെ മെലിഞ്ഞുണങ്ങിയ രൂപവും വിഷാദിയുടെ മുഖഭാവവും കണ്ടിട്ടാവണം, കൂട്ടത്തില്‍ മത്സരിക്കാന്‍ വന്ന ഒരു തെറിച്ച പെണ്‍കുട്ടി, അവളുടെ കൂട്ടുകാരിയോട് അല്പമുറക്കെപ്പറഞ്ഞ 'കമന്റ്' എന്റെ കാതിലുമെത്തി.'ദാ, നില്‍ക്കുന്നു അല്‍ഫോണ്‍സച്ചന്‍!' എന്നാണവള്‍, കളിപറഞ്ഞത്. പറഞ്ഞ പെണ്‍കുട്ടി അന്നിമിഷം തന്നെ അതു മറന്നു കാണും. എന്നാല്‍ എന്നെയത് ഒരു ശബ്ദസര്‍പ്പമെന്നോണം വരിഞ്ഞു മുറുക്കി. അതിന്റെ ഗാഢദംശനമേറ്റ് നീലിച്ച്, നളന്‍ ബാഹുകനായതു പോലെ, ഞൊടിയിടയില്‍ ഞാന്‍ അല്‍ഫോണ്‍സച്ചനായി മാറി. പിന്നീട് എഴുതിയതെല്ലാം ആ താദാത്മ്യബോധത്തിന്റെ ലഹരിയിലായിരുന്നു. 'ദുരന്തത്തിന്റെ മഴവില്ല്' എന്ന ശീര്‍ഷകം ആദ്യമേ കടലാസില്‍ കുറിക്കപ്പെട്ടിരുന്നു. അതിനു താഴെ അന്നു ഞാന്‍ എഴുതിയത് എന്തൊക്കെയായിരുന്നുവെന്ന് ഇപ്പോള്‍ ഓര്‍മ്മയില്ല. പില്‍ക്കാലത്ത്, ആര്‍. വിശ്വനാഥന്റെ' ഉടഞ്ഞ നീലച്ചിറകുകളുടെ മങ്ങൂഴം' എന്ന ശീര്‍ഷകം, ടെന്നസി വില്യംസിന്റെ 'ഗ്ലാസ് മെനാജറി'യെപ്പറ്റി , വായിച്ചപ്പോഴൊന്നും എന്റെ ശീര്‍ഷകത്തിന് അതുമായുള്ള വിദൂരസാദൃശ്യം ഓര്‍മ വന്നില്ല. പക്ഷേ ഇതെഴുതുമ്പോള്‍ അങ്ങനെ തോന്നുന്നു. ആ തോന്നല്‍, പൊതുവേ ആത്മനിന്ദയുടെ കയ്പുനിറഞ്ഞ എന്റെ ഉള്ളത്തെ ഒട്ടൊന്നു മധുരിപ്പിക്കുകയും ചെയ്യുന്നു. കൂട്ടത്തില്‍ പറയട്ടെ, ആ മത്സരത്തില്‍, അല്‍ഫോണ്‍സച്ചനായി ഒരു മാത്ര തെറ്റിദ്ധരിക്കപ്പെട്ട, എനിക്കായിരുന്നു രണ്ടാം സ്ഥാനം.

ഉപന്യാസരചനയില്‍ ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു. അതിനു മുന്‍പോ പിന്‍പോ സര്‍വ്വകലാശാലാതലത്തില്‍ ഒരു ചെറിയ സമ്മാനം പോലും ലഭിച്ചിട്ടില്ലാത്ത എനിക്ക് ഈ ഇരട്ടിമധുരം സമ്മാനിച്ചത് അല്‍ഫോണ്‍സച്ചനും രഘുവരന്‍ എന്ന നടനും അല്‍ഫോണ്‍സച്ചന്റെ അച്ഛനായ ആ അജ്ഞാതനോവലിസ്റ്റും ചേര്‍ന്നായിരുന്നു. ഇന്നിപ്പോള്‍ കുട്ടിത്തം നിഴലിക്കുന്ന മുഖമുള്ള ആ എണ്‍പതു വയസ്സുകാരന്‍ എനിക്ക് സുപരിചിതനാണ്. ഈ യൗവ്വനാനുഭവം, ഇങ്ങനെ ഓര്‍ത്തെഴുതുമ്പോള്‍ മധ്യവയസ്സില്‍നിന്ന് വാര്‍ധക്യത്തിലേയ്ക്കുള്ള യാത്രയിലാണ് ഞാനും. എങ്കിലും, ബാല്യത്തില്‍ വായിച്ച, ദില്ലിയിലെ ഒരു ബലാല്‍സംഗം പ്രമേയമാകുന്ന ആ നടുക്കുന്ന കഥയും- ദല്‍ഹി 81- പിന്നീടുവായിച്ച'കള്ളനും പോലീസും','സാവിത്രിയുടെ അരഞ്ഞാണം',' ഫോട്ടോ' എന്നീ കഥകളും' ചാര്‍ളി മാസ്റ്റര്‍' ,'നൃത്തം' എന്നീ നോവലെറ്റുകളും എന്റെ യൗവ്വനത്തിന്റെ ഭാഗമാണ്. അവയോടൊപ്പമാണ് ഞാന്‍ മുതിര്‍ന്നത്. അവയിലെ കഥനതാളമാണ് എന്റെ യൗവ്വനത്തിന്റെയും താളം; അവയിലെ ശാന്തിയും അശാന്തിയും രതിയും ഉന്മാദവും വിഷാദവും. ഈ ആന്തരികസമ്പന്നതയ്ക്ക് പ്രിയപ്പെട്ട മുകുന്ദേട്ടനോട് നന്ദി പറയുന്നില്ല. പകരം അദ്ദേഹത്തിന്, സ്‌നേഹാദരപൂര്‍വ്വം, എണ്‍പതാം പിറന്നാളാശംസകള്‍ നേരുന്നു.

Content Highlights: Mashipacha, M.Mukundan, Sajay K.V


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented