പ്രകാശമെന്ന സ്വര്‍ണ്ണമായ പ്രഭാതം 


സജയ് കെ.വിഫോട്ടോ: രാജൻ ചുങ്കത്ത്‌

പ്രഭാതശോഭയെ വര്‍ണ്ണിക്കാത്ത കവികളില്ല; ഉപനിഷത്തില്‍ ഉഷസ്സൂക്തവുമുണ്ട്. യവനേതിഹാസകവിയായ ഹോമറിനാകട്ടെ, അരുണപാദയായ 'അറോറ'യാണ് ഉഷസ്സിന്റെ ദേവത. പ്രകാശത്തിന്റെ പിറവിമുഹൂര്‍ത്തമാണ് ഓരോ പ്രഭാതവും. അതാണ് അതിന്റെ ദിവ്യത. ദിവ്യത എന്നതിന്റെ ധാതു പോലും 'ദിവ്' അഥവാ ആകാശം എന്നാണ്. ആകാശത്തുനിന്ന് വെളിച്ചം ഭൂമിയിലേയ്‌ക്കെത്തുന്ന വിഭാതവേള, അതിനാല്‍ ഒരു ദിവ്യമുഹൂര്‍ത്തമാകുന്നു.' തിരികെത്തെളിയുന്നു ഹന്ത! നീ/ തിര നീക്കുന്നൊരു ലോകരംഗവും' എന്ന്, 'പ്രഭാതപ്രാര്‍ത്ഥന'യില്‍ മഹാകവി കുമാരനാശാന്‍.'Each morning is a glorious birth' എന്ന് പ്രകൃതി കാമുകനായ വേഡ്‌സ്‌വര്‍ത്ത്.' ഉദയം' എന്നും' പ്രകാശം' എന്നും അര്‍ത്ഥമുള്ള വാക്കുകളാണ് കിഴക്കുദിക്കിനെ സൂചിപ്പിക്കുന്നത് മിക്ക ഭാഷകളിലും.' ഓറിയന്റ്' എന്ന വാക്കിനെ മുന്‍നിര്‍ത്തി, കിഴക്കാണല്ലോ സ്വര്‍ണ്ണമുള്ളത് എന്നെഴുതിയ ബോര്‍ഹെസിനെയും ഓര്‍മ്മ വരുന്നു. പ്രകാശമെന്ന സ്വര്‍ണ്ണമാണത്. ഒരു പക്ഷേ സ്വര്‍ണ്ണത്തേക്കാള്‍ അമൂല്യമായത്. ഈ സ്വര്‍ണ്ണം - അതിന്റെ കാഴ്ച്ച- നഷ്ടമായപ്പോഴാണ് ജോണ്‍ മില്‍റ്റന്‍ എനിക്കെന്റെ താലന്ത് ('ശേഷി' എന്നും 'വിലപിടിച്ച നാണയം' എന്നും) നഷ്ടമായി എന്നു വിലപിച്ചത്.

ചുരുക്കിപ്പറഞ്ഞാല്‍, പ്രകാശശോഭയാണ് പ്രഭാതശോഭ. ശുഭകരമായവയെ സൂചിപ്പിക്കുന്ന 'ബ്രില്യന്റ്','സ്‌പ്ലെന്‍ഡിഡ്',' ഗ്ലോറിയസ്' എന്നീ ആംഗലപദങ്ങളുടെയെല്ലാം നിരുക്താര്‍ത്ഥം, 'ശോഭനം' എന്നോ' ഉജ്ജ്വലം' എന്നോ ആണ്.' ഓമല്‍പ്രഭാതരുചി' എന്ന് ആശാന്‍'.' അല്ലിന്റെയന്തിമ യാമത്തെഗ്ഘോഷിക്കും കല്ലോലമാലി തന്‍ മന്ദ്രതൂര്യം' എന്ന് മഹാകവി വള്ളത്തോള്‍. 'അല്ല്' എന്നാല്‍ രാത്രി എന്നും 'അല്ലല്‍' എന്നാല്‍ ദു:ഖം എന്നും അര്‍ത്ഥമുള്ള ഒരു ഭാഷയുടെ നാനാര്‍ത്ഥധന്യത കാണാം ആ വരിയില്‍.' സരാഗോദയന്‍ സൂരന്‍, കാഞ്ചനവീണ മീട്ടി വിഹഗോല്‍ഗീതം മുഴക്കു'കയും' താരങ്ങി ങ്ങളിനാദമന്ത്രപഠനം ചെയ്യു'കയും ചെയ്യുന്ന ശുഭവേളയാണ് 'തമസ്സറ്റു പോം നേരം' വള്ളത്തോളിന്. അന്നേരം, ഉലകാകെ, നാദരൂപിണിയായ വാഗ്‌ദേവിയെ ഉപാസിക്കുകയാണ് എന്നും വള്ളത്തോള്‍, 'കവിത' എന്ന കവിതയില്‍. ആശാന്റേതായുമുണ്ട്, 'പ്രഭാതഗീതം' എന്ന പേരില്‍ ഒരു കവിത. പക്ഷേ, എം.എന്‍.പാലൂരിന്റെ 'ഉഷസ്സി'നോളം പ്രസിദ്ധമല്ല അവയൊന്നും. ഇങ്ങനെയാണ്, പാലൂരിന്റെ പേരിനോടൊപ്പം ശാശ്വതമായി ചേര്‍ത്തുവയ്ക്കപ്പെട്ടിരിക്കുന്ന ആ ഉഷസ്സങ്കീര്‍ത്തനത്തിന്റെ ഉജ്ജ്വലമായ തുടക്കം -
ഉഷസ്സേ, മനുഷ്യന്റെ സൗന്ദര്യസങ്കല്പ -മാകെക്കുഴച്ചാരു നിര്‍മ്മിച്ചു നിന്നെ?'

'പശുത്വ'മാണ്- മൃഗത്വം എന്ന അര്‍ത്ഥത്തിലും പശുക്കിടാവ് പാലെന്നപോലെ എന്ന അര്‍ത്ഥത്തിലും- വെളിച്ചം കുടിക്കുന്നത്, പാലൂരിന്റെ കവിതയില്‍.' ചുറ്റും വെളിച്ചം! വെളിച്ചം!' എന്ന്, ശിശുതുല്യമായ ഹര്‍ഷവായ്‌പോടെ, മതിമറന്നു പാടുകയാണ് പാലൂര്‍ ഈ കവിതയില്‍; പില്‍ക്കാലം, ഒ.എന്‍.വി,' എങ്ങും വെളിച്ചം! വെളിച്ചം!' എന്ന് സമാനശ്രുതിയില്‍ പറ കൊട്ടിയാര്‍ത്തതുപോലെ. ഇതിന്റെയെല്ലാം മഹാപിതൃത്വം, മഹാകവി ടാഗോറിനാണ്; ഗീതാഞ്ജലിയിലെ ,' പ്രകാശഗീതം' എന്നറിയപ്പെടുന്ന, 57-ാമതു ഗീതത്തിന്;'Light, my Light, the world-filling Light, the eye-kissing Light, the heart-sweetening Light! എന്നാരംഭിക്കുന്നത്.' 'തമസ്സോ മാ ജ്യോതിര്‍ഗ്ഗമയ' എന്ന പ്രാക്തനമായ ആ ഋഷിഗീതം ഏറ്റുപാടുകയായിരുന്നു ഈ കവികളെല്ലാവരും. നമുക്കും അങ്ങനെ തന്നെ ചെയ്യാം, ഓരോ ജീവിതപ്രഭാതത്തിലും.

Content Highlights: Mashipacha, Sajay K.V


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented