
വാക
ആശാന്‍കവിതയിലെ വാങ്മയങ്ങളുടെ കൂട്ടത്തില്‍ എന്തുകൊണ്ടും സവിശേഷശ്രദ്ധയര്‍ഹിക്കുന്ന ഒന്നാണ് ചണ്ഡാലഭിക്ഷുകിയിലെ, പൂത്ത വാകമരച്ചുവട്ടില്‍ പാരിലൊറ്റക്കാലൂന്നി,'മാരദൂതി പോല്‍' നില്ക്കുന്ന മാതംഗിയുടെ ചിത്രം. മാതംഗിയുടെ നില്‍പ്പും ചേഷ്ടയും മൂകമായ അനുരാഗവിനിമയത്തിനുള്ള ശ്രമവും അതിന്റെ പരാജയവും മാത്രമല്ല, ആ വാകമരവും കൂടി ചേര്‍ന്നു സൃഷ്ടിക്കുന്ന ഭാവശോഭയുണ്ട് ആ രംഗത്തിന്. കവിതയിലെ ആദ്യ ഈരടിയില്‍ തന്നെ ആശാന് വേനലിനോടൊപ്പം വാകമരങ്ങളെയും പരാമര്‍ശിക്കുന്നുണ്ട് 'വെയില് കൊണ്ടെങ്ങും വാകകകള്‍ പൂക്കും നാളില്‍ ...' അത്തരത്തിലൊരു വാകയുടെ ചുവട്ടിലാണ് അവള് നില്‍ക്കുന്നത്. അതും' വന്മരുവൊത്തൊരു വിച്ഛായമായ വെളിസ്ഥല'ത്തിനു നടുവില്‍. ആ തരിശുനിലത്തെ, അതിന്റെ വിജനതയെ നിറങ്ങള്‍ കൊണ്ടു വിതാനിക്കുകയാണ് ആ വാക. അതിന്റെ ജ്വലിക്കുന്ന ചുവപ്പുനിറത്തെ,' അന്തിവാനിന്നകന്നോരു കോണു പോല്‍' എന്നാണ് കവി വാങ്മയപ്പെടുത്തുന്നത്. ഈയൊരു കല്പന, 'പൂക്കാലം' എന്ന കവിതയിലും കാണാം;'ചോക്കുന്നു കാടന്തിമേഘങ്ങള്‍ പോലെ'. അന്തിമേഘങ്ങളുടെ ചുവപ്പ്, അവയാല്‍ തുടുത്ത ചെമ്മാനവും, ആശാനെ എന്നും ആകര്‍ഷിച്ചിരുന്നു. അതൊരു വിപ്ലവവര്ണ്ണമാണെന്ന് ഏതോ സഹജാവബോധത്താലെന്നോണം, അദ്ദേഹം കരുതി. '.... സമഗ്രമന്തി വര്ണ്ണമാക്കിടട്ടെ കുന്നുമാഴിയും' എന്നൊരാഹ്വാനം, 'പരിവര്‍ത്തനം' എന്ന കവിതയ്ക്കൊടുവില്ക്കാണാം. സമത്വത്തിലേയ്ക്കും സ്വാതന്ത്ര്യത്തിലേയ്ക്കും പരിവര്‍ത്തിക്കുന്ന ഒരു സമൂഹത്തിന്റെ ശോഭയാണ് ഈ അന്തിവര്ണ്ണം. അതിനെ വാകയില്‍ കുടിയിരുത്തി ഒരനുരാഗചിഹ്നവും പരിവര്ത്തനബിംബവുമാക്കുകയാണ് 'ചണ്ഡാലഭിക്ഷുകി'യില്‍ കുമാരനാശാന്. വാകയും മാതംഗിയും പരസ്പരം അഭേദമാകുന്ന ചിത്രമാണ് കവിതയില്‍ നമ്മള് കാണുന്നത്.
അതെ, പില്ക്കാലം ,' കായിക്കരയിലെ കടല്‍' എന്ന കവിതയില്‍ ഡി.വിനയചന്ദ്രന് എഴുതിയതു പോലെ,' വാകമരം പൂത്തു മാതംഗിയാകുന്നു'. പ്രണയത്താല്‍ പുഷ്പിച്ച ഒരു ചുവന്ന പൂമരത്തിന്റെ നിലയാണവളുടേത്. കൊടുംവേനലിന്റെ നടുവിലാണ് ഈ പുഷ്പിക്കല്‍; കീഴാളജീവിതമെന്ന വറുതിയിലും അവളില്‍ അനുരാഗത്തിന്റെ ചുവപ്പ് വന്യശോഭയോടെ ആര്‍ത്തു പൂവിടുന്നു. ചൂഴ്ന്നെരിയുന്ന വേനല്ത്തിയ്യുടെ നടുവില്‍ മറ്റൊരു ജ്വാലയായി, ഒരു പുഷ്പജ്വാലയും ചുവന്നു കത്തുന്ന പൂമരവുമായി അവള് നില്ക്കുന്നു (ലീലയില്‍'അതിമോഹലോഹിതാംഗി' എന്ന് നായികയെ വിവരിക്കുന്നുണ്ട് ഒരു സന്ദര്‍ഭത്തില്‍ ആശാന്; അതിനോട് ചേര്‍ത്തു നിര്‍ത്താവുന്ന ചിത്രമാണിത്). തൃഷ്ണയുടെയും കാമനയുടെയും മൂര്‍ത്തിയാണ് അവള് ഇപ്പോള്‍. ആ മൂര്‍ത്തിയെ കവിയായ ആശാന് ,' മാരദൂതി' എന്നു വിളിക്കുന്നു. അവളുടെ തന്നെ ദൂതിയാണ് അവള്. ലീലയ്ക്ക് മാധവിയും വാസവദത്തയ്ക്ക് അവളുടെ പേരില്ലാത്ത തോഴിയും ഉണ്ടായിരുന്നു ദൂതികളായി. അവരെപ്പോലെ സമ്പന്നയോ കുലീനയോ അല്ല, മാതംഗി. അവള് ഏകാകിയും ജാതിയാല്‍ ഭ്രഷ്ടയുമാണ്. അതിനാല്‍ അവളുടെ പ്രണയം മൂകവുമാണ്. ആ ഭ്രഷ്ടതയുടെയും മൂകതയുടെയും ഏകാകിതയുടെയും വേനല്ത്തരിശിനു നടുവില്‍ നിന്നു കൊണ്ടാണ് അവള് തെല്ലിട, ഒരു ശോണോജ്ജ്വലമായ (വാകയ്ക്ക് 'കാനനജ്വാല' flame of the forest- എന്നും പേരുണ്ട് !) പൂമരമായി പരിണമിച്ച്, തന്റെ പ്രണയത്തിന് താന്‍ തന്നെ ദൂതിയായി മാറുന്നത്. ആശാന് കവിതയിലെ ജീവിതരതിയുടെ ദമിതജ്വാലകളെക്കുറിച്ചെഴുതുമ്പോള് പ്രൊഫ.ബി. ഹൃദയകുമാരി ഇങ്ങനെയും ഒരു വാക്യം കുറിക്കുന്നുണ്ട് (ആശാന് കവിതയെക്കുറിച്ചെഴുതപ്പെട്ടിട്ടുള്ള അനവധിയായ ഗദ്യഖണ്ഡങ്ങളേക്കാള് വിലപിടിച്ചതാണത്)' ... ചണ്ഡാലഭിക്ഷുകിയിലെ നട്ടുച്ചവെയ്ലില് തിളങ്ങിനില്‍ക്കുന്ന വാകപ്പൂങ്കുലകളും ആ മരത്തണലില്‍ ഒരു വെയില് നാളം പോലെ കാണാകുന്ന സുന്ദരിയുമൊക്കെ ഈ അഗ്നിയുടെ കതിരുകളാണ്.'
Also Read
പൂത്ത വാകയുമായി ലയനം പ്രാപിച്ച മട്ടില്‍, പാരില്‍ ഒറ്റക്കാലൂന്നി നില്ക്കുന്ന ആ മാരദൂതി അവിടെ നിന്നു കൊണ്ട് ദൂരസ്ഥനായ ഭിക്ഷുവിനു വേണ്ടി കണ്ണുകള്‍ കൊണ്ട് ഒരു മാല കോര്‍ക്കുന്നുമുണ്ട് ('കരുംതാരണിമാല' എന്ന് കവി). അത് അകലെ പേരാല്‍ച്ചുവട്ടില്‍ ധ്യാനലീനനായിക്കുന്ന ആനന്ദന് കാണുകയോ കൈക്കൊള്ളുകയോ ചെയ്യുന്നില്ല. ഇവിടെ കവി നിപുണമായി സന്നിവേശിപ്പിച്ചിരിക്കുന്ന ഒരു ചെറുപദമുണ്ട് 'മോഘമായ്'. വിഫലമായ ഒരു പ്രേമാര്ച്ചനയായിരുന്നു മാതംഗിയുടേത്. അത് സ്വീകരിക്കേണ്ട ആള് കണ്ണടച്ച് ധ്യാനത്തില്‍ മുഴുകിയിരിക്കുന്നു. കണ്ണു തുറക്കാത്ത ഒരാളുടെ മുന്നിലാണ് കണ്ണു കൊണ്ടുള്ള ഈ പ്രേമ/മേഘദൂതുകള്‍. ആനന്ദനെയാകട്ടെ, 'മാരജിത്തെന്ന പോല്‍' എന്നാണ് കവി വിവരിക്കുന്നത്. മാരനെ ഈ മാരന് കാമദേവനല്ല, ബൗദ്ധപുരാവൃത്തങ്ങളിലെ കാമനകളുടെയും പ്രലോഭനങ്ങളുടെയും മൂര്‍ത്തി ജയിച്ചു കഴിഞ്ഞ ഒരാളും മാരദൂതിയെപ്പോലെ അയാളുടെ മുന്നില്‍, അനുരാഗവിവശം, നിലകൊള്ളുന്ന ഒരുവളും. അയാള്‍ പേരാല്‍ച്ചുവട്ടിലെ ധ്യാനസ്ഥന്, അവളോ തുടുത്ത വേനല്വാകയുടെ ചുവട്ടില്‍ പാതി പെണ്ണും പാതി പറവയുമെന്ന പോലെ നിലകൊള്ളുന്നവളും. നടുവില്‍ വിച്ഛായമായ വെളിസ്ഥലത്തിന്റെ ശൂന്യത. അയാളുടെ ദാഹം, നിര്‍ല്ലോഭമായി വാര്‍ത്തു കൊടുത്ത തണ്ണീരിനാല്‍, അവള് ശമിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ആ അപൂര്വ്വസുന്ദരമുഹൂര്ത്തത്തിനു ശേഷം, അവളിലുണര്ന്ന ആത്മാവിന്റെയും ഹൃദയത്തിന്റെയും ദാഹത്തെ അയാള്‍ കാണുകയോ പരിഗണിക്കുകയോ ഒരനുകൂലപ്രതികരണം കൊണ്ടു പോലും സല്ക്കരിക്കുകയോ ചെയ്യുന്നില്ല. ഇതാണ് വിജനതയില്‍ പൂത്തു നില്ക്കുന്ന വേനല്വാകയുടെ മറ്റൊരു രൂപകാര്‍ത്ഥം. മരുഭൂമിയിലെ വാക പോലെ അവള് പൂക്കുന്നു, കാണാനും ആസ്വദിക്കാനും അഭിനന്ദിക്കാനും ആരുമില്ലാതെ. മൂകജ്വാലകളുടെ ഏകാന്തജ്വലനമായിരുന്നു അത്; കാലത്തില്‍ ഘനീഭവിച്ചു പോയ മൂകാനുരാഗത്തിന്റെ, ശോകച്ഛവി പുരണ്ട, ഒരനശ്വരനിമിഷവും. കീറ്റ്സിന്റെ യവനകല ശത്തില് ചിത്രീകരിക്കപ്പെട്ട കമിതാക്കളുടെ തൃഷ്ണാഭരിതമായ ശാശ്വതചിത്രം പോലെ അത് നിലകൊള്ളുന്നു. ആശാന്റെ 'ചണ്ഡാലഭിക്ഷുകി' എന്ന കാവ്യം ശതാബ്ദിയിലെത്തി നില്ക്കുന്ന ഈ സന്ദര്‍ഭത്തില്‍ ആ ചിത്രം കൂടുതല്‍ മിഴിവോടു കൂടി നമ്മുടെ വായനയില്‍ തെളിയുന്നു. ഒരു ചിത്രകാരനായിരുന്നുവെങ്കില്‍ ഞാനാരംഗം നിശ്ചയമായും ചായപ്പെടുത്തുമായിരുന്നു. അങ്ങനെയല്ലാത്തതു കൊണ്ടു മാത്രം, ഇങ്ങനെയൊരു കുറിപ്പെഴുതി, ആ അനശ്വരവാങ്മയത്തോടു തോന്നുന്ന അദമ്യമായ ആകര്‍ഷണത്തിനു നിവൃത്തി കണ്ടെത്തുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..