ഐറണി: ഇരുണ്ട ഊര്‍ജ്ജത്തിന്റെ പാതാളതരംഗിണി! 


സജയ് കെ.വിപ്രതീകാത്മക ചിത്രം

റണിയാല്‍ പ്രവര്‍ത്തിക്കുന്നവയാണ് മികച്ച കാവ്യവരികള്‍ പലതും.' പട്ടുകിടക്കമേലേ കിടക്കുന്ന നീ/പട്ടു കിടക്കുമാറായിതോ ഭൂമിയില്‍!' എന്ന ഗാന്ധാരീവിലാപത്തില്‍ യമകം മാത്രമല്ല, വിരുദ്ധോക്തിയുമുണ്ട് (പട്ടില്‍പ്പൊതിഞ്ഞേ ജഡത്തെയും നാം/ പട്ടടത്തട്ടിലെടുത്തുവെയ്ക്കൂ' എന്ന്, പില്‍ക്കാലം, ബാലചന്ദ്രന്‍ ചുള്ളിക്കാട്). വിധിവൈപരീത്യങ്ങളാണ് പലപ്പോഴും' ട്രാജിക് ഐറണി'യുടെ അടിസ്ഥാനം.'After life's fitful fever ,he sleeps well!' എന്ന മാക്‌ബെത്തിന്റെ വാക്കുകളില്‍ ഈ ഇരുണ്ട, ദുരന്തോര്‍ജ്ജമാണ് ഇന്ധനമാകുന്നത്. 'ജീവിതത്തിന്റെ ജ്വരമൂര്‍ച്ഛയ്ക്കു ശേഷം അയാള്‍- ഡങ്കന്‍ രാജാവ് - ശാന്തമായുറങ്ങുന്നു' എന്നാണ് രാജഹന്താവായ മാക്‌ബെത്ത് പറയുന്നത്. ആ സൗഖ്യം തനിക്ക് എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് അപ്പറഞ്ഞതിനര്‍ത്ഥം ; താനൊരു ജീവിതരോഗിയാണ് എന്നും ! ധ്വനിയുടെ സൂക്ഷ്മരൂപങ്ങളിലൊന്നാണ് ഐറണി. സോഫക്ലിസിന്റെ' ഈഡിപ്പസ് രാജാവി'ല്‍ അനുനിമിഷം ഈ ദുരന്തധ്വനിയാണ് , ഏതോ രാപ്പക്ഷിയുടെ ഇരുണ്ട ചിറകടിപോലെ, ഗോചരമായും അഗോചരമായും മാറ്റൊലിക്കൊള്ളുന്നത്. അന്ധനായ പ്രവാചകന്റെ വാക്കുകള്‍ തിരസ്‌കരിച്ച ഈഡിപ്പസിനു തന്നെ പിന്നീട്, സ്വയം- ശാരീരികമായ- അന്ധത വരിക്കേണ്ടി വരുന്നു. കര്‍ണ്ണന്റെ കയ്യൂക്കു ഭയന്ന്, കുരുക്ഷേത്ര യുദ്ധത്തിനു മുന്‍പ്, ഉറക്കം നഷ്ടപ്പെട്ട യുധിഷ്ഠിരന്‍, പിന്നീട്, കൊല്ലപ്പെട്ടത്‌ തന്റെ ജ്യേഷ്ഠസഹോദരനാണെന്നറിഞ്ഞ് ഉറക്കം കിട്ടാതുഴലുന്നതു പോലെയാണിത്.

കുമാരനാശാന്റെ കരുണാകാവ്യം നോക്കൂ. ആദ്യഖണ്ഡത്തില്‍ നമ്മള്‍ കണ്ടതെല്ലാം, തൊട്ടടുത്തതില്‍, അതതിന്റെ വിപരീതമായി മാറുന്നു. രംഭോരുവും 'ക്ഷോണീരംഭ'യുമായിരുന്ന വാസവദത്ത, അരിഞ്ഞുമറിച്ചിട്ട മലവാഴത്തടയുടെ ഉപമേയമായി മാറുന്ന പരിണാമമാണത്-' അരറിവൂ നിയതി തന്‍ ത്രാസു പൊങ്ങുന്നതും താനേ താണുപോവതും!' നിയതിയുടെ അദൃശ്യമായ ത്രാസ്, അതിന്റെ നതവും ഉന്നതവുമായ നിലകള്‍, മനുഷ്യക്രിയകള്‍ക്ക് , അവരറിയാത്ത ദുരന്തഘനവും നിസ്സാരതയും നിസ്സഹായതയും സമ്മാനിക്കുന്നു. ആശാനില്‍ നിന്ന് നേരേ, കല്‍പ്പറ്റ നാരായണനിലേയ്ക്കു വന്നാല്‍, 'അധികച്ചുമതലകള്‍',' ആരോ പിന്നോട്ടെണ്ണുന്നു' എന്നീ കവിതകളില്‍ മരണത്തിന്റെ ഗുപ്തസാന്നിധ്യം മര്‍ത്ത്യന്റെ ചെയ്തികള്‍ക്ക് ഭീകരമായ അര്‍ത്ഥഭാരമോ നിരര്‍ത്ഥകതയുടെ ഭാരമില്ലായ്മയോ നല്‍കിക്കൊണ്ട് ഒരു വിചിത്രഘടികാരം പോലെ മറഞ്ഞിരുന്ന് വിലോമഗതിയില്‍ ചലിക്കുകയും ആയുസ്സിന്റെ മാത്രകള്‍ എണ്ണിക്കിഴിക്കുകയും ചെയ്യുന്നതു കേള്‍ക്കാം.

ഒരു പക്ഷേ, ചങ്ങമ്പുഴയും 'പാടുന്ന പിശാചു'മാണ് ഐറണിയെ മലയാളകവിതയുടെ മുഖ്യപാതകളിലൊന്നാക്കി മാറ്റിയത്. 'കമ്മ്യൂണിസത്തിനാണിപ്പോള്‍ വിലക്കേറ്റം / ചുമ്മാ പറഞ്ഞു നടന്നാല്‍ മതി!' എന്നും 'ഹസ്തമൊന്നില്‍ ഗീത, മറ്റൊന്നില്‍ കാമാഗ്‌നി -/ കത്തുന്ന പൂരപ്രബന്ധകാവ്യം !' എന്നും 'പാടും പിശാചിനെപ്പൂമാല ചാര്‍ത്തുന്നു
മൂഢപ്രപഞ്ചമേ, സാദരം നീ' എന്നും 'ദുര്‍ഗ്ഗന്ധപൂര്‍ണ്ണമേ, നിന്നില്‍ നിന്നോ ഹന്ത/നിര്‍ഗ്ഗളിപ്പൂ ഗാനത്തിന്‍ സുഗന്ധം! എന്നും 'ഇപ്പോഴും പൂങ്കുയില്‍ പാടുന്ന കേള്‍ക്കുമ്പോ -/ ഴിപ്പൂതിഗന്ധമൊന്നോര്‍ത്തുപോം ഞാന്‍' എന്നും' കാട്ടുമൃഗങ്ങളേ, നിങ്ങള്‍ക്കു കാറില്ല.....' എന്നും പലസ്ഥായിയില്‍ അതു നമ്മള്‍ കേള്‍ക്കുന്നു. അക്കിത്തത്തില്‍ അത് സൂക്ഷ്മതരമായി, വെളിച്ചം 'ദുഃഖമാണുണ്ണീ!/ തമസ്സല്ലോ സുഖപ്രദം !' എന്ന പോലെ നിശിതവും അഗാധവുമായി. മലയാളകവിത സ്പര്‍ശിച്ചിട്ടുള്ള ഐറണിയുടെ കൊടുമുടികളിലൊന്ന് ഈ അക്കിത്തം കവിതാവരിയായിരുന്നു. ഒ എന്‍ വിയെപ്പോലൊരു കവിയില്‍, 'ഭൂമിപുത്രിയെ വേള്‍ക്കാന്‍ വന്ന മോഹ മേ,യിന്ദ്ര -
ചാപം നീ കുലച്ചു തകര്‍ത്തല്ലോ!' എന്നിടത്തോളമേ ഐറണി പ്രവര്‍ത്തിക്കൂ. വൈലോപ്പിളളിയില്‍ , മറിച്ച്, സര്‍വത്ര കാണാം ഐറണിയുടെ കയ്പ്പും കറുപ്പും. 'കൊള്ളിവാക്കിലെ വാസ്തവനാളം' എന്നു പറയുന്നത് ഐറണി കൊളുത്തിയ നാളമാണല്ലോ, വാസ്തവത്തില്‍!

ആധുനികതയിലും ഐറണി വളര്‍ന്നു തിടംവച്ചു. അയ്യപ്പപ്പണിക്കരുടെ 'ഇണ്ടന്‍' പോലുള്ള കവിതകളും സച്ചിദാനന്ദന്റെ 'കോഴിപ്പങ്കും' കടമ്മനിട്ടയുടെ 'ചാക്കാല'യും പോലെ ഉദാഹരണങ്ങള്‍ ഒട്ടനവധി.' ഒട്ടുമരങ്ങള്‍ നിര്‍ത്തണമെങ്കില്‍/ ഒട്ടുമരങ്ങള്‍ മതി' എന്ന് ആറ്റൂര്‍. ഇപ്പോള്‍ കെ.ആര്‍.ടോണിയിലും വി.വി.ഷാജുവിലും എം.എസ്. ബനേഷിലുമൊക്കെയാണ്, ഈ ഇരുണ്ട ഊര്‍ജ്ജത്തിന്റെ പാതാളതരംഗിണി പതഞ്ഞുപാഞ്ഞൊഴുകുന്നത്.

Content Highlights: Mashipacha, Sajay K.V, World Literature


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented