എം.കൃഷ്ണന്‍ നായര്‍ നിര്‍ദാക്ഷിണ്യം വിമര്‍ശിച്ചു; എഴുത്തുകാര്‍ വെറുത്തു, പുച്ഛിച്ചു...


സജയ് കെ.വിഇന്നിപ്പോള്‍ വാരഫലക്കാരന്റെ ഉഗ്രശാസനത്വം അവസാനിച്ചിരിക്കുന്നു. മുള്ളുകളും പാഴ്‌ച്ചെടികളും അപ്രത്യക്ഷമായിരിക്കുന്നു. ആ എഴുത്തുകാരന്‍ തന്റെ നിസ്തന്ദ്രമായ കോളമെഴുത്തിലൂടെ ശാശ്വതീകരിച്ച വിശിഷ്ടാനുഭൂതികള്‍ മാത്രം ശേഷിക്കുന്നു. 'സ്പന്ദിക്കുന്ന കുറേ പരമാണുക്കളുടെ കൂട്ടം മാത്രമാണ് മനുഷ്യന്‍. അവനെ മരണം പൊതിഞ്ഞിരിക്കുന്നു.

പ്രൊഫ.എം. കൃഷ്ണൻ നായർ

വായനവാരത്തില്‍ ഞാന്‍ എം.കൃഷ്ണന്‍ നായരോടൊപ്പമായിരുന്നു. ഇപ്പോള്‍ ഓണ്‍ലൈനില്‍ സുലഭമായ എണ്‍പതുകളിലെ 'സാഹിത്യവാരഫല'ങ്ങളില്‍ ചിലത് വീണ്ടും വായിച്ചു. നേരിയ പനിത്തോര്‍ച്ചയുടെ ആലസ്യവും അനാരോഗ്യത്തിന്റെ കൂടെ 'ബോണസാ'യി കിട്ടിയ അവധി ദിവസങ്ങളുടെ സ്വച്ഛതയും കാലവര്‍ഷം തണുപ്പിച്ച അന്തരീക്ഷവും ഈ ഗൃഹാതുരയാത്രയ്ക്ക് കൂട്ടുവന്നു. നാലുപതിറ്റാണ്ടിനപ്പുറമുള്ള എന്റെ ഏകാന്തവിജനമായ കുട്ടിക്കാലത്തേയ്ക്കുള്ള മടക്കയാത്ര കൂടിയായിരുന്നു അത്. ഒരു പത്തു വയസ്സുകാരന്‍ അക്ഷരങ്ങളുമൊത്തുള്ള തന്റെ സഹവാസത്തിന്റെ ആദ്യനാളുകള്‍ പിന്നിടുകയായിരുന്നു, അക്കാലം.

'അത്താഴത്തിനു പിന്‍പെന്റെ
അറബിക്കഥ നീര്‍ത്തി ഞാന്‍,
ആയിരത്തൊന്നു രാവിന്റെ
ആനന്ദത്തിലലിഞ്ഞു ഞാന്‍
' എന്ന് വൈലോപ്പിള്ളി. എന്റെ കുട്ടിക്കാലത്തില്‍ അറബിക്കഥകളുണ്ടായിരുന്നില്ല. പുസ്തകങ്ങള്‍ തന്നെയുണ്ടായിരുന്നില്ല. എന്നിട്ടും അവിടേയ്ക്ക് എം. കൃഷ്ണന്‍ നായരുടെ 'സാഹിത്യവാരഫല'ങ്ങള്‍ മുറതെറ്റാതെ, വഴിതെറ്റി വന്നത് കേവലം യാദൃച്ഛികം മാത്രമായിരുന്നു. ബാലപ്രസിദ്ധീകരണങ്ങളുടെ ലളിതമാധുര്യം വറ്റിയിട്ടില്ലാത്ത എന്റെ നാവ്, മുതിര്‍ന്നവരോട് സാഹിത്യവര്‍ത്തമാനം പറയുന്ന ആ താളുകളില്‍ രുചി കണ്ടെത്തിയതും യാദൃച്ഛികം എന്നു തന്നെ കരുതാനാണ് ഇപ്പോള്‍ എനിക്കിഷ്ടം. വായിക്കുന്നത് 'ലിറ്റററി ജേണലിസ'മാണെന്നും അതില്‍ 'നിരൂപണ'മെന്നും 'വിമര്‍ശന'മെന്നുമൊക്കെ പറയാറുള്ള ഭാരിച്ച സാഹിത്യ/ സാംസ്‌കാരികപ്രവര്‍ത്തനത്തിന്റെ അംശങ്ങള്‍ കലര്‍ന്നിട്ടുണ്ടെന്നും ഗ്രഹിക്കാനുള്ള യാതൊരുവിധ ശേഷിയും അന്നെന്റെ ബാലമനസ്സിനുണ്ടായിരുന്നില്ല എന്നു പറയേണ്ടതില്ലല്ലോ. എന്നിട്ടും ഞാനതു വായിച്ചു. ചിലതൊക്കെ ദഹിച്ചു, ചിലതൊന്നും ദഹിച്ചില്ല. എങ്കിലും രസിച്ചു. വായന, ഏറ്റവും വിലപിടിച്ച സ്വകാര്യാനന്ദമാണെന്ന തിരിച്ചറിവിലേയ്ക്കുള്ള എന്റെ ഉന്മീലനമായിരുന്നു അത്. ഞാന്‍ പെട്ടെന്നു മുതിര്‍ന്നു. 'അത്ഭുതലോക'ത്തെത്തിയ ആലീസ് ഒരു കേക്കു തിന്നതേ നെടുങ്ങനേ വളര്‍ന്ന്, സ്വന്തം പാദങ്ങള്‍ക്കു കൂടി അപരിചിതയായി മാറിയെന്ന് പില്‍ക്കാലം ലൂയി കരോളിന്റെ നോവലില്‍ വായിച്ചപ്പോള്‍ എനിക്കത് തീരെ അവിശ്വാസ്യമായിത്തോന്നിയില്ല. കാരണം, ഒരു പത്തു വയസ്സുകാരന്റെ ശരീരത്തിനുള്ളിലിരുന്നു കൊണ്ട് എന്റെ ആത്മാവ് സാക്ഷാല്‍ക്കരിച്ചതിനെ വിചിത്രമായ ഒരത്ഭുതകഥയാക്കി പറയുക മാത്രമായിരുന്നല്ലോ അത്ഭുതലോകത്തിന്റെ കഥാകാരന്‍!

എന്റെ സാഹിത്യ കൗതുകത്തെ, ഈ വിധമെല്ലാം, ഒരാജീവനാന്തഅഭിനിവേശമാക്കി മാറ്റി എന്നതാണ് 'സാഹിത്യവാരഫല'ത്തോട് എനിക്കുള്ള തീര്‍ത്താലും തീരാത്ത കടപ്പാട്. അല്ലെങ്കില്‍ ഞാന്‍, ഒരു പക്ഷേ,' നിബദ്ധനിഹ ഞാന്‍ നിന്‍ ഗാനത്തില്‍/ നിരന്തമാകിയ വലയില്‍!' എന്നതുപോലെ, സാഹിത്യതാല്‍പ്പര്യത്തിന്റെ ആനന്ദകരമായ തടവില്‍ പെടില്ലായിരുന്നു. എന്റെ ഏകാന്തതയെ വായന കൊണ്ടു ചികിത്സിക്കാം എന്നു ഞാന്‍ തിരിച്ചറിഞ്ഞത് ആഴ്ച്ചതോറുമുള്ള 'വാരഫല'വായനയിലൂടെയായിരുന്നു. ലളിതവും സുതാര്യവുമായ മലയാളഗദ്യത്തിന്റെ സൗന്ദര്യമെന്തെന്ന് ഞാന്‍ ഗ്രഹിച്ചതും എം.കൃഷ്ണന്‍ നായരില്‍ നിന്നായിരുന്നു. മികച്ച ഗദ്യകാരനാണ് കൃഷ്ണന്‍ നായര്‍. രസകരമായ സംഭവവിവരണങ്ങളിലൂടെ വാരഫലക്കാരന്‍ തന്റെ മുന്നിലുള്ള കഥയുടെയോ കവിതയുടെയോ വിലയിരുത്തലിലേയ്‌ക്കെത്തിച്ചേരുന്ന രീതി, ഒരു ചിത്രശലഭത്തിന്റെ പറക്കല്‍ പോലെ അനായാസവും ചേതോഹരവുമാണ്. നാനാവിധമായ ജീവിതവ്യവഹാരങ്ങളില്‍ നിന്ന്, അതിന്റെ കലാപരമായ ആവിഷ്‌കാരം എന്ന നിലയില്‍, ഏറെയൊന്നും ദൂരെയല്ല സാഹിത്യം എന്ന തോന്നലാണിതുണ്ടാക്കുന്നത്.

മോതിരത്തില്‍ അതിന്റെ കല്ലുപോലെ മികച്ച സാഹിത്യം ജീവിതത്തിനു നടുവില്‍ അതിന്റെ സൗന്ദര്യകേന്ദ്രമായി വര്‍ത്തിക്കുന്നു. ഇത്തരം കാവ്യഭാഗങ്ങളും നോവല്‍/ നാടക/കഥാസന്ദര്‍ഭങ്ങളും എടുത്തു കാണിച്ച് വായനക്കാരെക്കൂടി ആ ലാവണ്യാനുഭവത്തില്‍ പങ്കാളികളാക്കുന്ന കാര്യത്തില്‍ ഒരു സവിശേഷനൈപുണി തന്നെയുണ്ടായിരുന്നു ഈ എഴുത്തുകാരന്.

'കുളി കഴിഞ്ഞീറനോടമ്പലത്തില്‍
അളിവേണി പോവുകയായിരുന്നൂ
പുറകില്‍ നിതംബം കവിഞ്ഞുലഞ്ഞ
പുരികുഴല്‍ക്കെട്ടിന്‍ നടുവിലായി
സുരഭിലസംഫുല്ലസുന്ദരമാ-
മൊരു ചെമ്പനീരലരുല്ലസിച്ചു
കവി തന്‍ കരളിലഴല്‍പ്പരപ്പില്‍
കതിരിടും കല്പനാശക്തി പോലെ!'-
ചങ്ങമ്പുഴക്കവിതയിലെ മനോഹരമായ ഈ ഈരടികള്‍ എനിക്ക് ഹൃദിസ്ഥമായത് അങ്ങനെയാണ്. മലയാളകവിതയില്‍ നിന്നു മാത്രമല്ല, ലോകസാഹിത്യത്തില്‍ നിന്നും ഇത്തരം അസാധാരണ മുഹൂര്‍ത്തങ്ങള്‍ എടുത്തുകാട്ടി വായനക്കാരെ വിസ്മയിപ്പിക്കാറുണ്ടായിരുന്നു കൃഷ്ണന്‍ നായര്‍. ഗെഥേയുടെ 'ഫൗസ്റ്റി'ലെ നായിക, ഡെയ്‌സിപ്പൂവിന്റെ ഇതളുകള്‍ ഓരോന്നായടര്‍ത്തുന്നതോടൊപ്പം,
'He loves me, he loves me not' എന്നുരുവിടുന്ന സന്ദര്‍ഭം അത്തരത്തിലൊന്നാണ്.

ലോകനോവലില്‍ മൂന്ന് ഉജ്ജ്വലദീപസ്തംഭങ്ങളാണുള്ളതെന്ന് ഈ വലിയ വായനക്കാരന്‍ കരുതി- ടോള്‍സ്റ്റോയ്‌യുടെ 'ഇവാന്‍ ഇല്ലിച്ചിന്റെ മരണം', തോമസ് മന്നിന്റെ' മാജിക് മൗണ്ടന്‍',' മാര്‍സല്‍ പ്രൂസ്റ്റിന്റെ' റിമെംബ്രന്‍സ് ഓഫ് തിങ്‌സ് പാസ്റ്റ്' എന്നിവ. തകഴിയുടെ' വെളളപ്പൊക്കത്തില്‍', കാരൂരിന്റെ 'മരപ്പാവകള്‍', ബഷീറിന്റെ' പൂവന്‍ പഴം' എന്നീ കഥകളേക്കുറിച്ചു പറയാനും അതേ ഉത്സാഹമായിരുന്നു വായനക്കാരനും വിമര്‍ശകനുമായ എം.കൃഷ്ണന്‍ നായര്‍ക്ക്. മോപ്പസാങ്ങിന്റെ' പൂനിലാവില്‍' എന്ന കഥയായിരുന്നു 'വാരഫല'ത്തില്‍ കൂടെക്കൂടെ പരാമര്‍ശിക്കപ്പെടാറുണ്ടായിരുന്ന മറ്റൊരു രചന. ജെറോം വെയ്ഡ്മാന്റെ' എന്റെ അച്ഛന്‍ ഇരുട്ടിലിരിക്കുന്നു'(My father sits in the dark) എന്ന കഥയുമായി ഞാന്‍ പരിചയപ്പെടുന്നതും ഈ പംക്തിയിലൂടെ.

'സാഹിത്യവാരഫലം' എന്ന പംക്തിയും പതിറ്റാണ്ടുകളോളം അത് മുടങ്ങാതെ, രസകരമായി കൈകാര്യം ചെയ്ത എം.കൃഷ്ണന്‍ നായര്‍ എന്ന എഴുത്തുകാരനും എന്റെ ആന്തരികതയില്‍ നിക്ഷേപിച്ച അമൂല്യാനുഭൂതികളെപ്പറ്റിയാണ് ഇതുവരെ പറഞ്ഞത്. കൃഷ്ണനായരെ വെറുക്കുന്നവരും പുച്ഛിക്കുന്നവരുമായിരുന്നു അക്കാലയളവില്‍ എഴുതിയിരുന്ന എഴുത്തുകാരില്‍ മുക്കാല്‍ പങ്കും. അതിന് കാരണങ്ങള്‍ പലതാണ്. തങ്ങളെ നിര്‍ദാക്ഷിണ്യമായി വിമര്‍ശിച്ചിരുന്ന ഈ എഴുത്തുകാരന്റെ മികവുകളും നന്മകളും അവര്‍ കണ്ടതേയില്ല. ഇന്നിപ്പോള്‍ വാരഫലക്കാരന്റെ ഉഗ്രശാസനത്വം അവസാനിച്ചിരിക്കുന്നു. മുള്ളുകളും പാഴ്‌ച്ചെടികളും അപ്രത്യക്ഷമായിരിക്കുന്നു. ആ എഴുത്തുകാരന്‍ തന്റെ നിസ്തന്ദ്രമായ കോളമെഴുത്തിലൂടെ ശാശ്വതീകരിച്ച വിശിഷ്ടാനുഭൂതികള്‍ മാത്രം ശേഷിക്കുന്നു. 'സ്പന്ദിക്കുന്ന കുറേ പരമാണുക്കളുടെ കൂട്ടം മാത്രമാണ് മനുഷ്യന്‍. അവനെ മരണം പൊതിഞ്ഞിരിക്കുന്നു. ക്ഷുദ്രത്വമാര്‍ന്ന ഈ മനുഷ്യന്‍ നക്ഷത്രസമലംകൃതമായ അന്തരീക്ഷത്തിലേയ്ക്ക് പറന്നുയരുന്നു. ആ പറന്നുയരലാണ് സാഹിത്യരചന' എന്ന് ഒരിക്കല്‍ തന്റെ കോളത്തില്‍ എഴുതിയിരുന്നു എം.കൃഷ്ണന്‍ നായര്‍. ആ ഗദ്യകാന്തിയുടെ മുന്നില്‍, അതു കാട്ടിത്തന്ന ഉദാത്തതയുടെ നക്ഷത്രനിബിഡമായ നീലവിസ്തൃതിക്കു മുന്നില്‍ ആദരവോടു കൂടി നില്‍ക്കുന്നു.

Content Highlights: Prof. M Krishnan Nair, Sajay K.V, Mashipacha

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented