മണ്ണിനു താഴേ വീടു പണിയുന്നവരുടെ മനസ്സിനകത്തെ മുഴക്കങ്ങള്‍...


സജയ്.കെ.വി

ഈ മുഖംതിരിക്കല്‍ നമ്മിലെല്ലാവരിലുമുണ്ട്. മരണമെന്ന സഹചാരിയെ നമ്മള്‍ കണ്ടുമുട്ടുന്നിടങ്ങളിലൊക്കെ വച്ച് അവഗണിക്കുന്നു. ഓരോ നിശ്വാസത്തോടൊപ്പവും നമ്മില്‍ത്തന്നെയുള്ള മൃത്യുഗന്ധത്തെ പുറംതള്ളി ഒരു തരം വ്യാജസംതൃപ്തിയോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു. പക്ഷേ ചില ആളുകള്‍, ചില വിചിത്രസന്ധികളില്‍ വച്ച്, നമ്മെ മരണാഭിമുഖമായി നിര്‍ത്തുന്നു.

വൈലോപ്പിള്ളി, ഹെമിങ് വേ, പി.എഫ് മാത്യൂസ്‌

'We dance round in a ring and suppose,
But the Secret sits in the middle and knows' -Robert Frost

രണവുമായി ഗാഢസൗഹൃദത്തിലായിക്കഴിഞ്ഞ ഒരാളെ, ജീവിച്ചിരിക്കുന്നവരുടെ ഗണത്തിലാണോ അതോ മരിച്ചവരുടെ കൂട്ടത്തിലാണോ പെടുത്തേണ്ടത്? ജീവിച്ചിരിക്കുന്നതായി കാണപ്പെടുന്ന ചിലര്‍ എന്നേ മരിച്ചവരാണോ? ഇങ്ങനെ, കൊടുംനടുക്കമുണര്‍ത്തുന്ന ചില ചോദ്യങ്ങളാണുന്നയിക്കുന്നത് പി.എഫ്. മാത്യൂസിന്റെ ' മുഴക്കം' എന്ന ചെറുകഥ. ആ നടുക്കത്തെ അയാള്‍ മുഴക്കം എന്നു വിളിക്കുകയും' വീടിനേയും ഉടലിനേയും വിറകൊള്ളിക്കുന്ന പൊള്ളയായ ഒരു മുഴക്കം' എന്ന്, കഥയിലെ അവസാനവാക്യത്തില്‍ സംഗ്രഹിക്കുകയും ചെയ്യുന്നു.

ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ പൊടുന്നനേ ഓര്‍മ്മവന്നത് 'ഇതുപോലെ' എന്ന വൈലോപ്പിള്ളിക്കവിതയിലെ ദാരുണമായ ഒരു സന്ദര്‍ഭമാണ്.
'ഇതു വാസ്തവ, മന്യദൃഷ്ടികള്‍ -
ക്കതിസാധാരണമായ മൃത്യുവും
ഹൃദയം സ്വയമന്തരിച്ചു പോ-
യതിനുള്ളോരനുബന്ധമായ് വരാം'
. പദ്യത്തില്‍ പറഞ്ഞതിനെ, അടിക്കുറിപ്പില്‍, കവി ഇങ്ങനെ തെളിച്ചെഴുതുന്നുമുണ്ട്-' പലരും എന്തെങ്കിലും ജീവിതാഘാതം കൊണ്ടു മരിച്ചു കൂറേക്കൂടി കാലം കഴിഞ്ഞിട്ടാവാം സാധാരണനിലയില്‍ മരിക്കുന്നത്'. പ്രത്യാശയുടെ കവിയായി നമ്മുടെ നിരൂപകര്‍ പലപാടു പുകഴ്ത്തിയിട്ടുള്ള വൈലോപ്പിള്ളിയാണ് ഇങ്ങനെ എഴുതിയതെന്നോര്‍ക്കണം. വാസ്തവത്തില്‍ അതായിരുന്നു വൈലോപ്പിള്ളി, മരണത്തിന്റെ ഇരുണ്ട മ്ലാനപ്രഭയില്‍ ജീവിതം വായിച്ച കവി. താന്‍ കണ്ട ദാരുണസത്യത്തില്‍ നിന്നു മുഖംതിരിക്കാന്‍ കവി നടത്തിയ ശ്രമങ്ങളെയാണു നമ്മള്‍' ജീവിതത്തിന്റെ കൊടിപ്പട'മായും വറ്റാത്ത പ്രത്യാശയുടെ പന്തങ്ങളായുമൊക്കെ തെറ്റിദ്ധരിച്ചത്. ഈ മുഖംതിരിക്കല്‍ നമ്മിലെല്ലാവരിലുമുണ്ട്. മരണമെന്ന സഹചാരിയെ നമ്മള്‍ കണ്ടുമുട്ടുന്നിടങ്ങളിലൊക്കെ വച്ച് അവഗണിക്കുന്നു. ഓരോ നിശ്വാസത്തോടൊപ്പവും നമ്മില്‍ത്തന്നെയുള്ള മൃത്യുഗന്ധത്തെ പുറംതള്ളി ഒരു തരം വ്യാജസംതൃപ്തിയോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു. പക്ഷേ ചില ആളുകള്‍, ചില വിചിത്രസന്ധികളില്‍ വച്ച്, നമ്മെ മരണാഭിമുഖമായി നിര്‍ത്തുന്നു. അവരെയോ അവരില്‍ നിന്നു പ്രസരിക്കുന്ന മരണത്തിന്റെ മാരകപ്രഭയേയോ നേരിടാനാവാതെ നമ്മള്‍ വിഹ്വലരാകുന്നു. അത്തരമൊരു വിഹ്വലതയെയാണ് പി. എഫ്. മാത്യൂസ് 'മുഴക്കം' എന്നു വിളിക്കുന്നത്. നമ്മുടെ വലിയ ഭദ്രതകളായ വീടിനേയും ഉടലിനേയും അത് അടിയോടെ പിടിച്ചുകുലുക്കുന്നു.

എട്ടു വര്‍ഷം മുന്‍പ് കാണാതായ ഷീലയുടെ അപ്പന്റെ മടങ്ങിവരവോടെയാണ് കഥയുടെ തുടക്കം. അയാള്‍ തീര്‍ത്തുമൊരപരിചിതനെപ്പോലെ കാണപ്പെടുന്നു. ഒന്നും തന്നെ സംസാരിക്കുന്നില്ല. ചെറിയ ഇടവേളകള്‍ക്കിടയിലുള്ള സമയമത്രയും ഉറങ്ങുന്നു. ഷീലയെക്കൂടാതെ അവളുടെ മമ്മയും അമ്മായിയുമാണ് അപ്പോള്‍ ആ വീട്ടില്‍ ഉണ്ടായിരുന്നത്. അവര്‍ ആ അപരിചിതത്വത്തിന്റെ, അപരിചിതന്റെ, പൊരുളഴിക്കാന്‍ ശ്രമിക്കുന്നു. അഴിക്കും തോറും അതിന്റെ കെട്ടുകള്‍ കൂടുതല്‍ മുറുകുന്നു. സ്വര്‍ണ്ണഖനനം പൊള്ളയാക്കിയ കോലാറില്‍ നിന്നുമാണ് അയാള്‍ വന്നത്. പാരീസില്‍ നിന്നു നാടുവിട്ടു വന്ന ഒരു സായ്പിനോടൊപ്പം അയാളുടെ ഐസ് കമ്പനിയില്‍ ജോലി ചെയ്തു. അക്കാലമത്രയും അയാള്‍- സായ്പ്- 'ആ ഐസുകമ്പനിയിലെ നിലവറമുറിയില്‍ തനിച്ചാണ് കഴിഞ്ഞിരുന്നത്' എന്നൊരു ഭാരിച്ച വാക്യമുണ്ട് കഥയില്‍. തുടര്‍ന്ന് ഇങ്ങനെയും-' ഇരുട്ടും യന്ത്രത്തിന്റെ മുഴക്കവുമുള്ള ആ സ്ഥാപനത്തില്‍ ഇരുപത്തിനാലു മണിക്കൂറും അവരെങ്ങനെ കഴിച്ചുകൂട്ടിയെന്ന് ഷീലയ്ക്ക് അതിശയമായിരുന്നു'. വാര്‍ധക്യത്തില്‍ സായ്പ്, ഷീലയുടെ പപ്പയേയും കൂട്ടി പാരീസിലേയ്ക്ക് മടങ്ങുന്നു('മരണത്തിനായി സ്വന്തം ജലത്തിലേയ്ക്കു മടങ്ങുന്ന മത്സ്യങ്ങളേപ്പോലെ' എന്നു കഥാകൃത്ത്). ഒന്നുരണ്ടു മാസങ്ങള്‍ക്കു ശേഷം പാരീസില്‍ നിന്നു മടങ്ങിയെത്തിയ അയാള്‍ക്ക്, താല്‍പ്പര്യപൂര്‍വ്വം, പറയാനുണ്ടായിരുന്നതത്രയും അവിടത്തെ 'കാറ്റകോ'മു(അനേകരെ അടക്കം ചെയ്ത ഭൂഗര്‍ഭശവക്കല്ലറകള്‍)കളെക്കുറിച്ചായിരുന്നു. അത്തരത്തിലൊരു മുറി, വീട്ടിനു താഴെ തനിക്കും വേണമെന്ന് അയാള്‍ വാശി പിടിക്കുന്നു. ആര്‍ക്കിടെക്റ്റായിരുന്ന മമ്മാ അയാളുടെ ആവശ്യം സാധിച്ചുകൊടുത്തു. എന്നാല്‍ അവിടത്തെ വെളിച്ചക്കൂടുതല്‍ അയാളെ വികര്‍ഷിച്ചു (പപ്പായക്ക് വേണ്ടത് ഇരുട്ടായിരുന്നു!).

തുടര്‍ന്ന് അയാളെ, എണ്‍പതാം വയസ്സില്‍, കാണാതാകുന്നുന്നതും എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ദിനം പൊടുന്നനേ കണ്ടു കിട്ടുന്നതുമൊക്കെയാണ്, ചുരുങ്ങിയ താളുകളില്‍, മാത്യൂസിന്റെ കഥയില്‍ ഉള്ളടക്കം ചെയ്യപ്പെട്ടിരിക്കുന്നത്. ഒരിക്കല്‍ കോലാറില്‍ നിന്ന് അയാളുടെ സഹോദരന്‍ എന്നു സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ ഷീലയുടെ പപ്പയെ കാണാന്‍ വന്നിരുന്നു. അവര്‍ മുറിയടച്ചിരുന്നു സംസാരിക്കുകയും കണ്ണീരോടെ പിരിയുകയും ചെയ്തു. ജ്യേഷ്ഠന്റെ മുടി വെട്ടിക്കൊടുത്തതിനു ശേഷമാണ് അയാള്‍ പോയത്. പപ്പായുടെ മടങ്ങിവരവിനു ശേഷം ഷീല നടത്തിയ അന്വേഷണത്തില്‍ അയാളെയും ഇപ്പോള്‍ കാണാനില്ല എന്നാണു വെളിവായത്. കോലാറിലെ പൊള്ളയായ ഭൂഗര്‍ഭത്തില്‍ എവിടെയോ അയാള്‍ തിരോഭവിച്ചു. ജ്യേഷ്ഠനെ സന്ദര്‍ശിച്ച ശേഷം മടങ്ങി നാട്ടിലെത്തിയ അയാള്‍, സഹോദരന്‍ മരിച്ചുപോയി എന്നാണത്രേ പറഞ്ഞത്! കൂടെക്കൊണ്ടുവന്ന സഹോദരന്റെ മുടി അവിടെ ഒരു നെല്ലിമരച്ചോട്ടില്‍, വിലാപപൂര്‍വ്വം, അയാള്‍ സംസ്‌കരിക്കുകയും ചെയ്തു.

ഒരു രാത്രി, തന്റെ മടങ്ങിവന്ന ഭര്‍ത്താവിനോടൊപ്പമുറങ്ങിയ ഷീലയുടെ മമ്മാ, അയാളെയൊരു മൃതമനുഷ്യനെയെന്നോണം തിരസ്‌കരിക്കുന്നിടത്താണ് കഥയുടെ പര്യവസാനം. അതോടെ കഥയില്‍ പലയിടത്തായി വിന്യസിക്കപ്പെട്ടിരിക്കുന്ന മരണത്തിന്റെ പൊള്ളയായ മുഴക്കം ഷീലയെ വന്നു മൂടുന്നു.

ഇതൊരു പരുക്കന്‍ സംഗ്രഹമാണ്. സൂക്ഷ്മവിശദാംശങ്ങളുടെ ലുബ്ധമായ നെയ്തിണക്കലാണ് മാത്യൂസിന്റെ കഥയുടെ ദുരൂഹതയെയും ഗാഢതയെയും നിര്‍ണ്ണയിക്കുന്നത്. തനിക്ക് എക്കാലവും, ഏറെക്കുറെ, ഒരപരിചിതനായിരുന്ന പപ്പയുടെ ബാല്യകൗമാരങ്ങളേക്കുറിച്ച് ഷീല സങ്കല്പിച്ചു നോക്കുന്ന ഭാഗം കഥയിലുണ്ട്. കുഴിയാനകളേപ്പോലെ, മണ്ണിനടിയിലെ കളിസ്ഥലം സങ്കല്പിച്ച കുട്ടി. പാതാളക്കിണറിന്റെ ആഴത്തില്‍ നിന്നു വരുന്ന മുഴക്കങ്ങളുടെ പേടിപ്പെടുത്തുന്ന ക്ഷണത്തിനായി കാതോര്‍ത്തിരുന്നവന്‍. കഥയില്‍ തുടര്‍ന്നു വരുന്ന ഏതാനും ചില വാക്യങ്ങള്‍, അതിന്റെ ദുരൂഹമായ അകപ്പൊരുളിലേയ്ക്കു നയിക്കുന്ന ഇരുണ്ട വെളിച്ചമെന്ന നിലയില്‍, ഇവിടെ എടുത്തെഴുതാം-

BOOK COVER
മുഴക്കം വാങ്ങാം
">
മുഴക്കം വാങ്ങാം

'...പിന്നെ ഒച്ചുകള്‍ സഞ്ചരിക്കുന്നതുപോലെ പതുക്കെപ്പതുക്കെ വയസ്സേറുന്നതിനിടയില്‍ ആ സ്വപ്നം അയാള്‍ മറന്നു പോകുന്നു. എന്താണ് വേണ്ടതെന്നറിയാതെ ആ കുട്ടി വളര്‍ന്നു വലുതാകുകയും നാടുവിട്ടു പോകുകയും എല്ലാവരേയും പോലെ മണ്ണിനു മേലെ വീടു വെയ്ക്കുകയും ഒരു പെണ്ണിനോടൊപ്പം ജീവിക്കുകയും ഒരു കുഞ്ഞു പിറക്കുകയും... പിന്നേയും പിന്നേയും എന്തിനെന്നറിയാതെ തുടരുമ്പോഴായിരിക്കും ശൂന്യമായ കിണറില്‍ നിന്നെന്ന പോലെ ഉടലിനെ ആകമാനം വിറകൊളളിക്കുന്ന ആഴമുള്ള ഒരു മുഴക്കം ഉണ്ടാകുന്നത്...' മണ്ണിനു മേലേ വീടു വയ്ക്കുന്നവരെ അതിനടിയിലെ വീട്, തിരികെ വിളിക്കുന്നു. ചിലര്‍ ആ വിളി കേള്‍ക്കുന്നതേയില്ല. ചിലര്‍ അതു മാത്രം കേള്‍ക്കുന്നു. ഇതില്‍ ആദ്യത്തെ കൂട്ടരുടെ കൂടെയാണ് 'മുഴക്കം' എന്ന കഥയിലെ വൃദ്ധന്റെ ഭാര്യ. അവര്‍ മൃത്യുതമസ്സിനെ സദാ ആട്ടിയകറ്റുന്ന ജീവിതത്തിന്റെ പ്രകാശത്തില്‍ അഭയം പ്രാപിച്ചിരിക്കുന്നു. വൃദ്ധനാകട്ടെ, കുട്ടിക്കാലത്തെ ഏകാന്തതയ്ക്കും വാര്‍ധക്യത്തിലെ ഏകാന്തതയ്ക്കുമിടയില്‍ മരണമെന്ന പാലം പണിയുന്നു. രണ്ടു പേര്‍ക്കുമിടയില്‍ അച്ഛനു ചിരപരിചിതമായിക്കഴിഞ്ഞ ആ പടുമുഴക്കം കേട്ട് വിഹ്വലയാകുന്ന മകള്‍. ഇരുട്ടുമായി പഴകിക്കഴിയുമ്പോള്‍ മാത്രം തെളിയുന്ന കാഴ്ച്ചകള്‍ പോലെ, അപൂര്‍വ്വജനുസ്സില്‍പ്പെട്ട ഈ മലയാള ചെറുകഥ; ജെറോം വെയ്ഡ്മാന്റെ' എന്റെ അച്ഛന്‍ ഇരുട്ടിലിരിക്കുന്നു' (My father sits in the dark), ഏണസ്റ്റ് ഹെമിങ് വേയുടെ' വെടിപ്പും വെളിച്ചവുമുള്ള ഒരിടം' (A clean, well- lit place) എന്നീ ലോകോത്തരകഥകളുടെ ഇരുണ്ട വെളിച്ചത്തില്‍ വായിച്ചാല്‍ കൂടുതല്‍ തെളിയുന്നത്.

Content Highlights :Mashipacha Sajay K V writes about creative power in Vyloppilli Robert Frost, Hemingway and P F Mathews

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 24, 2023

Most Commented