ആശാന്റെ ചണ്ഡാലഭിക്ഷുകിയും സച്ചിദാനന്ദന്റെ ബോധവതിയും


സജയ് കെ.വി1979- ലാണ് 'ബോധവതി' എഴുതപ്പെടുന്നത്. ആശാന്റെ ജന്മശതാബ്ദിക്കും(1973) ശേഷം. ആശാന്റെ 'ചണ്ഡാലഭിക്ഷുകി'യും ടാഗോറിന്റെ 'ചണ്ഡാലിക'(1938) എന്ന നാടകവും നാടകീയസ്വഗതാഖ്യാനരൂപത്തില്‍ പുനരവതരിക്കുകയാണ് ഈ കവിതയില്‍.

കുമാരനാശാൻ, സച്ചിദാനന്ദൻ

'ചണ്ഡാളബോധി തളിര്‍ത്താര്‍ത്തുണരട്ടെ
പന്തിര്‍കുലമൊന്നു വീണ്ടും!'

യ്യിടെ, കേരള സാഹിത്യ അക്കാദമി തൃശൂരില്‍ സംഘടിപ്പിച്ച ചണ്ഡാലഭിക്ഷുകിയുടെയും ദുരവസ്ഥയുടെയും ശതാബ്ദിയാഘോഷത്തിന്റെ ഉദ്ഘാടനത്തില്‍ അധ്യക്ഷനായിരുന്നത് കവി സച്ചിദാനന്ദനാണ്. ഉച്ചയ്ക്കു ശേഷം ആ ആശാന്‍കൃതികളെപ്പറ്റി ഇതെഴുതുന്നയാളും സംസാരിച്ചു. 'അചലമാം ബോധം മുമ്പപ്രഗല്ഭ -/ വിചികിത്സ പോലെ' എന്നു തോന്നിച്ചുകൊണ്ട് സദസ്സിന്റെ മുന്‍നിരയില്‍ത്തന്നെ, അക്കാദമിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍, സൗമ്യനും പ്രസന്നനുമായ ആ 'കവിബുദ്ധ' നുമുണ്ടായിരുന്നു. പലതും പറഞ്ഞ കൂട്ടത്തില്‍ ഞാന്‍ പ്രധാനമായി കരുതിയിരുന്ന ഒരു കാര്യം മാത്രം പറയാന്‍ വിട്ടുപോയി. സച്ചിദാനന്ദന്റെ, മുകളിലുദ്ധരിച്ച വരികളുള്‍ക്കൊള്ളുന്ന, 'ബോധവതി' എന്ന കവിതയുടെ ആശാന്‍കവിതാബന്ധമായിരുന്നു അത്.

1979- ലാണ് 'ബോധവതി' എഴുതപ്പെടുന്നത്. ആശാന്റെ ജന്മശതാബ്ദിക്കും(1973) ശേഷം. ആശാന്റെ 'ചണ്ഡാലഭിക്ഷുകി'യും ടാഗോറിന്റെ 'ചണ്ഡാലിക'(1938) എന്ന നാടകവും നാടകീയസ്വഗതാഖ്യാനരൂപത്തില്‍ പുനരവതരിക്കുകയാണ് ഈ കവിതയില്‍. ആശാന്റെ കൃതി, അപ്പോഴേയ്ക്ക് അതിന്റെ ആവിര്‍ഭാവത്തിനുശേഷം അരനൂറ്റാണ്ടു പിന്നിട്ടിരുന്നു. ആ അവസരത്തിലാണ് സച്ചിദാനന്ദന്‍ എന്ന കവി ആശാന്റെ ചണ്ഡാലികയെ തന്റെ കവിതയിലൂടെ പുനരാനയിക്കുന്നത്. എഴുപതുകളുടെ രാഷ്ട്രീയബോധം, സ്ത്രീ -ദളിത് -പരിസ്ഥിതിവാദങ്ങളായും ബോധങ്ങളായും പിരിഞ്ഞൊഴുകാന്‍ തുടങ്ങിയത് എണ്‍പതുകളിലാണ്. തൊട്ടടുത്ത ദശാബ്ദത്തില്‍ അത്, 'പുതുകവിത' എന്ന പേരില്‍ കൂടുതല്‍ സ്പഷ്ടരൂപവുമാര്‍ജ്ജിച്ചു. ആ ആധുനികോത്തരപ്രവണതയുടെ ആദ്യോദയമായും കണക്കാക്കാം, 'ബോധവതി' എന്ന കവിതയെ. ടാഗോര്‍ മുന്‍പു തന്നെ, ചണ്ഡാലികയെ 'പ്രകൃതി' എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. ഇവിടെ 'ബോധവതി' എന്ന, ഉജ്ജ്വലമായ മറ്റൊരു പേരുകൂടി അവള്‍ക്കു കൈവരുന്നു. ജാതിനാമമല്ലാതെ മറ്റൊരു പേരില്ലാതിരുന്നവള്‍ക്കു കൈവന്ന കാലാന്തരസാഫല്യമാണത്. ബുദ്ധദര്‍ശനത്തിലെ കേന്ദ്രാശയവും ബുദ്ധചര്യയിലെ കേന്ദ്രാനുഭൂതിയുമാണല്ലോ 'ബോധം'.'ബോധാചാര്യക്കഴല്‍ച്ചെങ്കമലമതിനടിക്കാണു നിര്‍വ്വാണലോകം!' എന്ന് നാരായണഗുരുവിനെ പ്രണമിച്ചുകൊണ്ടെഴുതിയ ശ്ലോകപാദത്തില്‍ ആശാന്‍. ബോധം, ഒരുവളെ/ ഒരുവനെ സ്വതന്ത്രയും സ്വതന്ത്രനുമാക്കും. അതൊരു ബുദ്ധാനുഭവമാണ്; സിദ്ധാര്‍ത്ഥതയെ ബുദ്ധതയാക്കിയ അതേ അനുഭവം. ഇതിനെയാണ് ചണ്ഡാലഭിക്ഷുകിയില്‍ ആശാന്‍, 'വിപുലമാം പുണ്യവികാസ'മായും നീര്‍ത്താര്‍മൊട്ടിന്റെ നിറുകയിലെ അരുണപദ്മരാഗം അര്‍ക്കദീപ്തിയില്‍ വിലയിക്കുന്ന പരിണാമമായും വിവരിച്ചത്. അതിനെ, 'മര്‍ത്ത്യചരിത്രോല്‍ബുദ്ധ'നായി കവിതയില്‍ വിവരിക്കപ്പെടുന്ന ബുദ്ധതയുമായിണക്കി, പതിതരുടെ മോചനത്തിന്റെ ചരിത്രഗാഥയാക്കി മാറ്റുകയാണ് സച്ചിദാനന്ദന്‍. ചണ്ഡാലിയില്‍ സംഭവിച്ചത്, അവളുടെ വര്‍ഗ്ഗത്തിനും വര്‍ണ്ണത്തിനും വംശത്തിനും ലിംഗത്തിനും മുഴുവന്‍ സംഭവിക്കുന്നു. ബോധവും അവബോധവും മാറുന്നതോടെ ചരിത്രവും ജീവിതവും ലോകവും മാറുന്നു. അതുവരെ വെള്ളം കോരിയിരുന്നവള്‍ അതോടെ തന്നിലെ വറ്റാത്ത ഉറവക്കണ്ണുകള്‍ (മുലക്കണ്ണുകള്‍ എന്ന പോലെ!) തിരിച്ചറിയുന്നു. സ്വയമൊരു കിണറായി അവള്‍ കവിയുന്നു. എല്ലാവരിലേയ്ക്കും, എല്ലാറ്റിലേയ്ക്കും ഉള്ള കവിയലാണത്. ആനന്ദനു മാത്രമായി ചുരന്ന തണ്ണീര്‍ അതോടെ, ദാഹിക്കുന്ന എല്ലാവര്‍ക്കുമുള്ള ആത്മപയസ്സായി മാറുന്നു. ഈ കവിയലിന്റെ മറ്റൊരു പേരാകുന്നു ബോധവതീത്വം എന്നത്. ബുദ്ധത്വത്തിന്റെ സ്ത്രീലിംഗമാണത്. എല്ലാവര്‍ക്കുമുളള കിണറായിരുന്നു ബുദ്ധന്‍. ആ കിണറാഴം സ്വയം സാക്ഷാല്‍ക്കരിച്ചു മാതംഗി. അതോടെ അവളും ദാഹമറ്റവളായി. വെറും വെള്ളത്താല്‍ മാത്രം ശമിക്കുന്ന ദാഹമേ ഉണ്ടായിരുള്ളു ആനന്ദന്. പെണ്ണിനെ ദാഹാര്‍ത്തമായി നോക്കുന്ന കണ്ണ് അയാളില്‍ ധ്യാനമീലിതമായിരുന്നു. നിസ്വതയായിരുന്നു അയാളുടെ ധനം. അധികാരത്യാഗമായിരുന്നു ബലം. ആനന്ദന്റെ നിസ്വഹസ്തത്തിലേയ്ക്കു പകര്‍ന്ന ആ ഒരു കുമ്പിള്‍ ജലമാണ് മാതംഗിയെ ആനന്ദിയാക്കിയതും അവളെ മുക്തിയുടെ ആനന്ദത്തിലണച്ചതും. മുക്തിബോധമാണ് പേരില്ലാത്തവളെ ബോധവതിയും വിമോചിതയുമാക്കുന്നത്.
'യതിവര്യന്‍ തണ്ണീരിനായ് തലേന്നാള്‍/
എതിരേ നീട്ടിക്കണ്ട കൈത്താര്‍ തന്റെ/
മൃദുപാടലാഭ തന്നോര്‍മ്മ നല്‍കും
പ്രതിനവാര്‍ക്കാംശുക്കള്‍' എന്നൊരു പ്രയോഗം കാണാം ചണ്ഡാലഭിക്ഷുകിയില്‍. ആ ഉദയരശ്മികള്‍ തട്ടിച്ചുവന്ന അയാളുടെ പാദമുദ്രകള്‍ നോക്കി നടന്നാണ് അവള്‍ ബുദ്ധനിലെത്തിയത്. വെളിച്ചത്തിലേയ്ക്കുള്ള ആദ്യക്ഷണമായിരുന്നു ആനന്ദനുമായുള്ള കണ്ടുമുട്ടല്‍ മാംതഗിക്ക്. അത് പ്രണയമാണെങ്കില്‍, വെളിച്ചത്തോടുള്ള ഇരുട്ടിന്റെ പ്രണയം പോലെ അതീവഗാഢമായ ഒരഭിനിവേശമായിരുന്നു അത്. ആ ഭ്രമം, ബുദ്ധപ്രഭയാല്‍ ബാഷ്പീഭവിച്ചുപോയി എന്ന സ്വാഭാവികയുക്തിയാണ് ചണ്ഡാലഭിക്ഷുകിയിലെ പ്രണയപരിണാമത്തിന്റേയും യുക്തി. കാരണം ബുദ്ധന്‍, 'യുക്തിദിവാകരന്‍' ആകുന്നു എന്ന് സച്ചിദാനന്ദന്‍.

ചണ്ഡാലികയുടെ ഈ പരിണാമത്തെ സമഷ്ടിയുടെ രാഷ്ട്രീയ/സാമൂഹ്യബോധോദയവുമായന്വയിച്ച് ഉണര്‍വ്വിന്റെ കവിത രചിക്കുകയാണ് സച്ചിദാനന്ദന്‍.
'ഇന്നു ഞാന്‍ കാത്തിരിക്കുന്നൂ കൊടുക്കുവാ-
നെല്ലാം കൊടുക്കാന്‍, കൊടുക്കാന്‍:
എന്‍ ഹൃദയത്തിന്നുറവകള്‍ മൂടിയ
കല്ലു പിഴുതവന്‍ മാറ്റീ
ആനന്ദമപ്പോള്‍ നുരഞ്ഞൊഴുകീ
ഉണര്‍ന്നാടി, ഞാന്‍ പാടി, കരഞ്ഞൂ'. ആനന്ദത്തിന്റെ ദമിത/ദളിതസ്രോതസ്സുകള്‍ ഉണര്‍ന്ന്/ഉറന്ന് ഒഴുകുകയായിരുന്നു അവളില്‍, അപ്പോള്‍. 'ആനന്ദന്‍' എന്ന പേരല്ലാതെ മറ്റൊന്ന് അത്രമേല്‍ ഉചിതമായിത്തോന്നാത്തവിധം, അടിമുടി, ആനന്ദനാകുന്നു 'ആനന്ദന്‍'. ആനന്ദവും ആനന്ദനും തന്നിലാണ്, താന്‍ തന്നെയാണ് എന്നറിഞ്ഞുണര്‍ന്നവളുടെ പേരാകുന്നു 'ബോധവതി' എന്നത്. അവളുണരുമ്പോള്‍ ബഹുവചനരൂപികളായ അവരുമുണരുന്നു. അപ്പോഴാണ്, 'മുഷ്ടികള്‍ ബോധിവൃക്ഷങ്ങളായ് മര്‍ത്ത്യനെ/ മുക്തിപഥത്തില്‍ നയി'ക്കുകയും' ഇത്രനാള്‍ താഴ്ന്ന ശിരസ്സുകള്‍ വിന്ധ്യനി-/ലര്‍ക്കനെപ്പോലുയര്‍ന്നെത്തുക' യും ചെയ്യുക. നിര്‍വ്വാണം, അഖിലരുടെയും ആത്മാനന്ദമായി, അപ്പോഴാണ് മാറുക. അപ്പോഴാണ് ബുദ്ധന്‍, മനുഷ്യരാശിയുടെ മുഴുവന്‍ ഉടലായും ബുദ്ധന്റെ പരിനിര്‍വ്വാണം മുഴുവന്‍ മനുഷ്യരാശിയുടെയും മോചനമായും മാറുക. ബുദ്ധന്‍ എന്ന സവര്‍ണ്ണ പുല്ലിംഗപദത്തിന് ഒരു കീഴാള/ അവര്‍ണ്ണസ്ത്രീലിംഗരൂപമുണ്ടെന്നു കണ്ടെത്തുകയായിരുന്നു 'ബോധവതി' എഴുതിയപ്പോള്‍ സച്ചിദാനന്ദന്‍. ആശാന്റെ ചണ്ഡാലഭിക്ഷുകിക്ക്, അരനൂറ്റാണ്ടിനു ശേഷം ലഭിച്ച, കാലാന്തരധന്യവാദമാകുന്നു അത്.

Content Highlights: Mashipacha, Sajay K.V, Kumaranasan, Satchidanandan, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented