ഉടല്‍ എന്ന പിയാനോ


സജയ്. കെ.വി

രണജിത്ത് ദാസ്

ഈയിടെയാണ് ബംഗാളി കവിയായ രണജിത്ത് ദാസിന്റെ ഏതാനും ചില കവിതകള്‍ കഥാകൃത്തായ എന്‍. പ്രഭാകരന്‍ മലയാളത്തില്‍ മൊഴിമാറ്റിയത്. ആ വിവര്‍ത്തന കവിതകള്‍ നല്‍കിയ ഉന്മേഷത്തില്‍ രണജിത്തിന്റെ കൂടുതല്‍ കവിതകള്‍ക്കായുള്ള പരതല്‍ എന്നെ കൊണ്ടു ചെന്നെത്തിച്ചത് രതിയുടെ നിഗൂഢതകള്‍ അതിശയകരമായി കാവ്യവല്‍ക്കരിക്കുന്ന 'പിയാനോ' എന്ന കവിതയിലായിരുന്നു. അനുഭവമുഹൂര്‍ത്തത്തിനു ശേഷം യാതൊരടയാളങ്ങളും ശേഷിപ്പിക്കാതെ മാഞ്ഞുപോകുന്ന വിസ്മയമാണ് രത്യനുഭവം എന്ന് കോളിന്‍ വിത്സണ്‍ നിരീക്ഷിച്ചിട്ടുണ്ട്. ഈ വിചിത്രസങ്കീര്‍ണ്ണതയെ പെണ്ണുടല്‍ എന്ന പിയാനോയും അതിനെ മീട്ടുന്നവനും ചേരുന്ന ബിംബഭാഷയില്‍ പകരുകയാണ് രണജിത്ത് ദാസ്. ഒരിക്കല്‍, ഒരിക്കല്‍ മാത്രം, അവളില്‍ നിന്നു പുറപ്പെട്ട ആ അതിഹൃദ്യമായ നാദശകലമേതെന്ന് ഓര്‍ത്തെടുക്കാന്‍ അയാള്‍ക്കാവുന്നില്ല. ഒരു ഭ്രാന്തഗായകനേപ്പോലെ അയാള്‍ വീണ്ടും വീണ്ടും അവളെ മീട്ടി നോക്കുന്നു. പക്ഷേ ആ മാന്ത്രികനാദമുഹൂര്‍ത്തം മാത്രം ആവര്‍ത്തിക്കുന്നില്ല. ആഴക്കടലില്‍ മുങ്ങുന്നവനേപ്പോലെ എന്ന കല്പനയും കാണാം കവിതയുടെ ഈ ഭാഗത്ത്. ഒടുവില്‍, അന്ധനായ വാച്ചു നിര്‍മ്മാതാവിന്റെ സഹോദരനാണു ഞാന്‍ എന്ന പുരുഷന്റെ ഏറ്റുപറച്ചിലില്‍ കവിത അവസാനിക്കുന്നു. രതി എന്ന സംഗീതത്തെക്കുറിച്ചും അതിന്റെ സൂക്ഷ്മമായ മീട്ടലിനെക്കുറിച്ചുമാണിക്കവിത; രതിയില്‍ സ്ത്രീയും പുരുഷനും പങ്കിടുന്ന ആനന്ദത്തിന്റെ വിതാനഭേദങ്ങളെക്കുറിച്ചും. ലൈംഗികതയെക്കുറിച്ചുള്ള ഇത്തരം കാവ്യാത്മകധ്യാനങ്ങള്‍ നമ്മുടെ ആണെഴുത്തില്‍ നന്നേ വിരളം. അതിനാല്‍ ആ അസാധാരണകവിതയെ, അതിന്റെ വിവര്‍ത്തനത്തോടൊപ്പം, ഇവിടെ പരിചയപ്പെടുത്തുന്നു.

പിയാനോ

എനിക്കറിയാം
നിന്റെ ഉടല്‍ ഒരു വമ്പിച്ച പിയാനോയാണെന്ന്.
ഒരു പാതിരാവില്‍ എന്റെ വിരലുകള്‍
നീര്‍ത്തി വിരിച്ചിട്ട ആ ഉടലിനെ ലാളിച്ചപ്പോള്‍
ഒരപൂര്‍വ്വരാഗം പുറപ്പെട്ടു.
നിലാവില്‍ രാപ്പറവകള്‍ പാടുന്നത്- മധുരവും വിഷാദമോഹനവും.

ആ മദകൂജനത്തില്‍ നിന്ന് ഒരു സംഗീതശകലം മാത്രം നഷ്ടപ്പെട്ടു,
ഉദാത്തമനോഹരമായ ഒന്ന്.
നേര്‍ത്തതെങ്കിലും ശ്രുതിശുദ്ധമായത്.
ആവിര്‍ഭവിച്ച മാത്രയിലേ അത്
അലിഞ്ഞു പോയി,
സാലവനങ്ങളെ സ്തബ്ധമൂകമാക്കിക്കൊണ്ട്.

അന്നുമുതല്‍ ഓരോ രാത്രിയിലും, ഒരു ഭ്രാന്തഗായകനെപ്പോലെ,
നിന്റെ കീഴ്താടിയിലും ചുണ്ടിലും തോളിലും മുലയിലും തുടകളിലും ഞാന്‍
ആ സ്വരത്തിനു വേണ്ടി പരതുന്നു;
ആ ലീനസംഗീതത്തിനു വേണ്ടി.
അപ്പോഴെല്ലാം
ഞാനൊരതികാമിയോ
ആഴക്കടലിലെ മുങ്ങല്‍വിദഗ്ദ്ധനോ എന്ന്
നീയമ്പരക്കുന്നു.

അറിയാമോ നിനക്ക്,
അന്ധനായ ആ വാച്ചു നിര്‍മ്മാതാവിന്റെ
സഹോദരനാണു ഞാന്‍!

Content Highlights: mashipacha sajay k v writes about bengali poet ranajith das

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented