എപ്പോഴും കൂടെയുള്ള ഒരാൾ...പിന്തുടരുന്ന പൂച്ചക്കണ്ണുകള്‍!


സജയ്.കെ.വി

3 min read
Read later
Print
Share

ദുർബ്ബലർക്ക് ബലവാനോടും കുറ്റവാളിക്ക് നിയമപാലകനോടുമുള്ള മനോഭാവമാണ് ഇപ്പോൾ അവർക്ക് അയാളോട്. എലികൾക്ക് പൂച്ചയോടുള്ള , ഇരയ്ക്ക് തന്നെ ഭക്ഷിക്കാനടുക്കുന്നതിനോടുള്ള ഭയം എന്നും പറയാം.' പൂച്ചക്കണ്ണ്' എന്ന രൂപകത്തിന് കഥയിൽ ലഭിക്കുന്ന ദാർശനികവിസ്താരമാണത്. തീർത്തും ജൈവികമായും കൃത്രിമത്വലേശമില്ലാതെയും അതു സംഭവിക്കുന്നു.

അക്ബർ കക്കട്ടിൽ| ഫോട്ടോ: ജയേഷ്. പി

ലിതമയമായ എഴുത്തും ജീവിതവുമായിരുന്നു അക്ബർ കക്കട്ടിലിന്റേത് എന്നാണ് പൊതുവേയുള്ള ധാരണ. ജീവിതത്തിൽ അദ്ദേഹം എടുത്തണിഞ്ഞിരുന്ന ബാഹ്യവ്യക്തിത്വവും ആ കഥകളിൽ ചിലതും അത്തരമൊരു ധാരണയെ ശരിവയ്ക്കുന്നുമുണ്ടാകാം. എന്നാൽ ദാരുണമായ യാഥാർത്ഥ്യബോധത്തോടെ ജീവിതത്തെയും മനുഷ്യാവസ്ഥയെയും അഭിമുഖീകരിക്കുന്ന ചില ഭാരിച്ച കഥകളും അദ്ദേഹത്തിന്റേതായുണ്ട്. അത്തരം കഥകളുടെ രചനാവേളയിലാണ് അദ്ദേഹം കൂടുതൽ ആഴവും സങ്കീർണ്ണതയുമുള്ള ഒരു സർഗ്ഗാത്മകവ്യക്തിത്വത്തിനുടമയായി സ്വയം പരിണമിച്ചതെന്നും ഞാൻ കരുതുന്നു. ഈ ഗണത്തിൽ നിസ്സംശയമായും ഉൾപ്പെടുന്ന ഒരു കഥയാണ്' പൂച്ചക്കണ്ണ്'.

ഒരു സ്വകാര്യബസ്സിലെ ഡ്രൈവറും കണ്ടക്ടറും അവരുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ട് എല്ലാ യാത്രയിലും ബസ്സിന്റെ പിൻസീറ്റിൽ ഇടം പിടിക്കുന്ന അപരിചിതനായ പൂച്ചക്കണ്ണനുമാണ് കഥയിൽ. ഡ്രൈവർ സദാനന്ദനും കണ്ടക്ടർ പ്രഭാകരനും അയാളുടെ തീക്ഷ്ണദൃഷ്ടികളെ അഭിമുഖീകരിക്കാനാവാതെ പതറുന്നു. ബസ്സിലെ അയാളുടെ സ്ഥിരസാന്നിധ്യമാണ് അവരെ അങ്കലാപ്പിലാഴ്ത്തുന്ന മറ്റൊരു വിചിത്രത. അയാൾ എവിടേയ്ക്കും യാത്ര ചെയ്യുകയല്ല, എപ്പോഴും അവരോടൊപ്പം യാത്ര ചെയ്യുകയാണ്. അയാളെക്കുറിച്ചുള്ള അവരുടെ കണക്കുകൂട്ടലുകളും ഊഹങ്ങളുമെല്ലാം തെറ്റുന്നു. ആ ദുരൂഹത അങ്ങനെ തന്നെ നിലനിർത്തിക്കൊണ്ടാണ് കഥയുടെ സന്ദിഗ്ദ്ധമായ പര്യവസാനം.

ഒരാൾക്കൂട്ടത്തെയപ്പടി കഥയിലേയ്ക്കാനയിക്കാനുതകുന്ന കഥനതന്ത്രമാണ് ബസ്സ് യാത്രയെ , അതിന്റെ മനുഷ്യസാന്നിധ്യനിബിഡതയോടെ, കഥനവൽക്കരിക്കുക എന്നത്. അക്ബർ കക്കട്ടിലിന്റെ ഒന്നിലധികം കഥകളിൽ ഈ രീതി കാണാം. യാത്ര എന്ന ചിരപുരാതനമായ ജീവിതരൂപകവും അതോടൊപ്പം സ്വയം സന്നിഹിതമാകുന്നു. കണ്ടക്ടറുടെയും ഡ്രൈവറുടെയും കൊച്ചുകൊച്ചു കള്ളത്തരങ്ങളിലേയ്ക്കും പൊങ്ങച്ചങ്ങളിലേയ്ക്കും സ്വാർത്ഥതകളിലേയ്ക്കുമാണ് വിചിത്രവും വിലക്ഷണവുമായ പൂച്ചക്കണ്ണുകളുടെ നോട്ടമയച്ച് അയാൾ അവരുടെ സ്വാസ്ഥ്യം കെടുത്തുന്നതെന്നാണ് ആദ്യവായനയിൽ തോന്നിയത്. പക്ഷേ കഥയുടെ അവസാനത്തോടടുക്കുമ്പോൾ ആഖ്യാനത്തിൽ ക്രമേണ, കനത്തു വരുന്ന ഭയം ആ വായനയെ അസാധുവാക്കുന്നുണ്ടെന്നു തോന്നി.' പുറത്ത് ഇരുട്ട് കട്ടപിടിച്ച് കറുത്ത രക്തം പോലെ തങ്ങിക്കിടപ്പാണ്' എന്നതു പോലെ ഭാരിച്ച വാക്യങ്ങൾ കടന്നുവരുന്നു. നാളത്തെ യാത്രയിലും അയാൾ ബസ്സിലുണ്ടാവും എന്ന ഭീഷണമായ മുന്നറിയിപ്പിലാണ് കഥയവസാനിക്കുന്നത്. പൂച്ചക്കണ്ണുകളുടെ മാരകപ്രഭ, അത് പ്രഭാകരനിലും സദാനന്ദ നിലുമുണർത്തിയ ആഴത്തിൽ വേരുകളുള്ള നടുക്കവും, പരാമർശിക്കപ്പെടുന്നു. ദുർബ്ബലർക്ക് ബലവാനോടും കുറ്റവാളിക്ക് നിയമപാലകനോടുമുള്ള മനോഭാവമാണ് ഇപ്പോൾ അവർക്ക് അയാളോട്. എലികൾക്ക് പൂച്ചയോടുള്ള , ഇരയ്ക്ക് തന്നെ ഭക്ഷിക്കാനടുക്കുന്നതിനോടുള്ള ഭയം എന്നും പറയാം.' പൂച്ചക്കണ്ണ്' എന്ന രൂപകത്തിന് കഥയിൽ ലഭിക്കുന്ന ദാർശനികവിസ്താരമാണത്. തീർത്തും ജൈവികമായും കൃത്രിമത്വലേശമില്ലാതെയും അതു സംഭവിക്കുന്നു.

കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരിക്കെ, കഥാന്തരീക്ഷത്തിന് അസാധാരണമായ ഗാഢതയും തീവ്രതയും പകരുന്ന ആ കഥാപാത്രസാന്നിധ്യം മറ്റു ചില വ്യാഖ്യാന/വായനാസാധ്യതകൾ കൂടി തുറന്നിടുന്നില്ലേ? എന്റെ ഈ തോന്നൽ ബലപ്പെടുത്തിയതും അതിന് ഒരു വെളിപാടുപോലെ രമ്യമായ പരിഹാരമുണ്ടാക്കിത്തന്നതും ഒരു വൈലോപ്പിള്ളിക്കവിതയാണ്.

കവിത വളരെ പ്രസിദ്ധമാണ് - ചേറ്റുപുഴ;1961 ലെ ഓണക്കാലത്ത് തൃശ്ശൂരിൽ നടന്ന ഒരു ബസ്സപകടത്തെ മുൻനിർത്തി, മഹാകവി എഴുതിയത്. അതിനു പിന്നാണ്ടിൽ അതേ വഴിയിലൂടെ, ആ കൊലപ്പാലത്തിലൂടെ ബസ്സിൽ സഞ്ചരിക്കുകയാണ് കവി. ഇന്നത്തേപ്പോലെ അന്നും ബസ്സിനുള്ളിൽ മനുഷ്യജീവിതം അതിന്റെ നാനാത്വമനോഹരമായ മനുഷ്യചിത്രങ്ങൾ വിടർത്തിക്കാട്ടി ഉല്ലാസം നിറച്ചിട്ടുണ്ടാവും. പക്ഷേ കഴിഞ്ഞ കൊല്ലത്തെ യാത്രയിൽ ആ ബസ്സിൽ സന്നിഹിതനായിരുന്ന ഒരാളെ സങ്കല്‌പിച്ചു നടുങ്ങുകയാണ് കവി -

'വണ്ടിയിലൊരാൾ കൂടിയുണ്ടൊരു പുരാതനൻ ,
മിണ്ടാതെ, യാത്രച്ചീട്ടും
വാങ്ങാതെ ചിന്താമഗ്നൻ .
കൈകളിൽ ചെതുമ്പലും
കൺകളിൽ ചെന്നായ്ക്കളും
വൈകൃതമേലും ചുണ്ടിൽ
ഗൂഢമാം സ്മിതവുമായ്
നെഞ്ചലിഞ്ഞീടും മാതൃത്വങ്ങളെ , യുണ്ണിപ്പിണ്ടി -
പ്പിഞ്ചുകൈശോരങ്ങളെ, വിരിപൗരുഷങ്ങളെ
ഉറ്റുനോക്കവേ, പൊറുക്കാതെ, കാറ്റേൽക്കും കനൽ -
ക്കട്ട പോലിടയ്ക്കിടയ്ക്കവന്റെ മിഴി മിന്നീ'
. ഈ യാത്രക്കാരൻ മരണമായിരുന്നു എന്നും അവന്റെ കനൽക്കണ്ണിലെ തിളക്കം കൂട്ടമരണമെന്ന ഓണവിരുന്നുണ്ണാനുള്ള പ്രാക്തനമായ ബുഭുക്ഷയായിരുന്നു എന്നും കവിതയിൽ തുടർന്നു നമ്മൾ വായിക്കുന്നുണ്ട്. കവി, വൈലോപ്പിളിയായതു കൊണ്ട് മരണമല്ല, ജീവിതമാണ് വിജിഗീഷു എന്ന പ്രത്യാശയുടെ തുറമുഖത്താണ് കവിത ഒടുവിൽ നങ്കൂരമിടുന്നത്. അപ്പോഴും ആ മരണചിത്രം ശേഷിക്കുന്നു. കൈകളിൽ ചെതുമ്പലും കണ്ണുകളിൽ ചെന്നായ്ക്കളുമുള്ള ആ ചിരപുരാതനനായ ചിന്താമഗ്നൻ. ജീവിതത്തിന്റെ മേദസ്സിനെ ഉറ്റുനോക്കുമ്പോൾ അവന്റെ കണ്ണുകളിൽത്തെളിയുന്ന ആ കനൽപ്പൊരിത്തിളക്കം.

ഈ വൈലോപ്പിള്ളിക്കവിതയെ 'പൂച്ചക്കണ്ണ്' എന്ന ചെറുകഥയുമായി ചേർത്തു വയ്ക്കുമ്പോൾ, ചേർത്തു വായിക്കുമ്പോൾ എന്നും പറയാം , ലഭിക്കുന്ന ചിത്രം വ്യത്യസ്തമാണ്. കഥയും കവിതയും പരസ്പരം പൂരിപ്പിക്കുന്നു. രണ്ടിലും ഒരേ യാത്രക്കാരനെ നമ്മൾ കാണുന്നു, മരണമെന്ന സന്തതസഹചാരിയായ കൂട്ടുയാത്രക്കാരനെ. ചേറ്റുപുഴയിൽ ബസ്സപകടം നടന്ന ആ ആ യാത്രയിൽ മാത്രം' യാത്രച്ചീട്ടും വാങ്ങാതെ' ആ ബസ്സിൽ കയറിപ്പറ്റുകയായിരുന്നു അയാൾ എന്ന് വൈലോപ്പിള്ളി. അയാൾ എപ്പോഴും, എല്ലാ യാത്രയിലും നമ്മോടൊപ്പമുണ്ട് എന്ന് അക്ബർ കക്കട്ടിൽ എന്ന കഥാകാരൻ. വൈലോപ്പിള്ളിയോളമൊന്നും പ്രത്യാശാഭരിതനായിരുന്നില്ല അക്ബർ; ജീവിതബോധത്തിന്റെ കാര്യത്തിൽ അദ്ദേഹത്തേക്കാൾ ഒട്ടും പിന്നിലും.

മഷിപ്പച്ചയുടെ മുന്‍ഭാഗങ്ങള്‍ വായിക്കാം

Content Highlights :Mashipacha Sajay K. V writes about Akbar Kakkattil

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
M.T Vasudevan Nair

2 min

കഞ്ഞി, കാശ്, കുപ്പായം, കാമം... അടിസ്ഥാന ജീവിതാവശ്യങ്ങളും എം.ടിയുടെ ഓര്‍മക്കുറിപ്പുകളും

Sep 13, 2023


Edassery

4 min

പാലവും പുഴയും മനുഷ്യനും ചേരുന്ന ബൃഹത്തായ ഒരു ഇന്‍സ്റ്റലേഷന്റെ പേരാകുന്നു ഇടശ്ശേരി!

Aug 19, 2023


kumaranasan, t padmanabhan

2 min

നളിനകാന്തിയിലെ ഏകാകിയുടെ ഗാനം; ആശാന്റെയും!

Jan 16, 2023


Most Commented