ഹീറോ പദവിയിലേക്ക് വെറുമൊരു സൈക്കിളില്‍ ഇടിച്ചുകയറിയ മോഹന്‍ലാല്‍ എന്ന പിസാഗോപുരം!


സജയ് കെ.വിപിന്നീടുള്ള എന്റെ ആത്മകഥയില്‍ അദ്ദേഹമായിരുന്നു നായകന്‍, ഞാന്‍ ആദ്യം പറഞ്ഞ, ഊരും പേരുമില്ലാത്ത ആ 'എക്‌സ്ട്രാ നട'നും!' 'വാസ്തുഹാര'യിലെ ആ സൗമ്യനായ ചെറുപ്പക്കാരനോടൊപ്പം ഞാനും ബംഗാളില്‍ പോയിട്ടുണ്ട്.

മോഹൻലാൽ/ ഫോട്ടോ: ജമേഷ് കോട്ടക്കൽ

ശാനും വൈലോപ്പിള്ളിയും കളം മാറിക്കളിക്കുന്ന ഈ മഷിപ്പച്ചയില്‍, ഇക്കുറി, കവിത പോലൊരോര്‍മ്മയുടെ തീരാത്ത ചുരുള്‍ നിവര്‍ത്താമെന്നു കരുതുന്നു. ഇത് എന്റെ മാത്രം ഓര്‍മയാവണമെന്നില്ല. സിനിമ പോലെ ഒരാള്‍ക്കൂട്ടം ഒരുമിച്ചിരുന്നോര്‍ക്കുന്ന ഒരേ ഓര്‍മ്മയുമാവാം അത്. ഈ ഓര്‍മ്മയ്ക്ക് അഥവാ ഓര്‍മ്മകള്‍ക്ക് ഞാന്‍ 'ലാലോര്‍മ്മ' എന്നു പേരിടുന്നു.

ലാലിനിപ്പുറം 'മോഹന്‍' എന്ന മോഹനനാണ്; മോഹിപ്പിക്കുന്നവന്‍. കൃഷ്ണനോടും ചന്ദ്രനോടുമെല്ലാം ഒരു ഉപസര്‍ഗ്ഗം പോലെ ഈ വാക്കു ചേരും. സമ്മോഹനമെന്നാല്‍ കാമന്റെ, മനുഷ്യനെ മയക്കുന്ന മലരമ്പ് എന്നും അര്‍ത്ഥം. ഇത്തരമൊരാവനാഴി പേരില്‍ത്തന്നെയുള്ളതുകൊണ്ടാണോ ആ പേരുള്ള നടനെക്കൂടി ചേര്‍ക്കാതെ എണ്‍പതുകളില്‍ ബാല്യ-കൗമാരങ്ങളും തൊണ്ണൂറുകളില്‍ യൗവ്വനവും പിന്നിട്ട ഒരു മലയാളിക്ക് അവന്റെ ആത്മകഥയെഴുതാനാവാത്തത്? അയാള്‍ നായകനാകുന്ന ജീവിത ചലച്ചിത്രത്തിലെ പേരോ മുഖമോ ഇല്ലാത്ത എക്‌സ്ട്രാ നടനാകുന്നു ഓരോ മലയാളിയും. അവനു വേണ്ടിയാണ് അയാള്‍ ദേവിയെ പ്രേമിച്ചതും ക്ലാരയെ പ്രേമിച്ചതും രാധയെ പ്രേമിച്ചതും മൂന്നു പെണ്‍കുട്ടികളെ കഴുത്തുഞെരിച്ചു കൊന്ന് തൂക്കിലേറാന്‍ പോയതും വാടകഗര്‍ഭത്തിനു നോറ്റിരുന്നതും ചങ്ങനാശ്ശേരി ചന്തയിലൂടെ തോമയായി കയ്യാമം വെച്ചുനടന്നതുമെല്ലാം. അയാളിലൂടെ അവനും നിറവേറി, ചിലപ്പോഴെല്ലാം കഴുവേറി! മോഹന്‍ലാലിന്റെ നിത്യകൈശോരം അവിടെ നിന്നെഴുന്നേറ്റു പോയതില്‍പ്പിന്നെയാണ്, പര്‍വ്വതസ്തനമണ്ഡിതയായ കവിയൂര്‍ പൊന്നമ്മയുടെ മടിത്തടം, സിനിമയിലെ അവസരങ്ങളൊഴിഞ്ഞ്, ശൂന്യമായതെന്നെഴുതിയാല്‍ അതില്‍ ക്രൂരത കാണില്ല എന്നു കരുതുന്നു.

കൗമാരാരംഭത്തില്‍, ഒരു താരമേയുണ്ടായിരുന്നുള്ളൂ എന്റെ ഇരുണ്ട ആകാശത്ത്; അത് മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയുടെ 'വടക്കന്‍ വീരഗാഥ'ക്കാലമായിരുന്നു അത്. കൂടാതെ, 'ഉത്തരം' പോലുളള ചിത്രങ്ങളുടെയും. 'കരിയിലക്കാറ്റു പോലെ' എന്ന പത്മരാജന്‍ ചിത്രത്തില്‍ ഇരുവരെയും ഒരുമിച്ചു കണ്ടു. ആ പതിഞ്ഞ മട്ടുകാരനായ പൊലീസ് ഓഫീസറെ അന്ന്, ഞാനത്ര കാര്യമാക്കിയില്ല; മമ്മൂട്ടിയെയാണ് കണ്ടത്, തിര നിറയെ. 'യാത്ര'യിലെയും 'നിറക്കൂട്ടി'ലെയും 'കോട്ടയം കുഞ്ഞച്ച'നിലെയും മമ്മൂട്ടിയായിരുന്നു ഹീറോ. ഇതാകെ തകിടം മറിച്ചുകൊണ്ട് തല്‍സ്ഥാനത്തേയ്ക്ക് മോഹന്‍ലാല്‍ എന്ന പിസാഗോപുരം ഇടിച്ചു കയറിയത്, ബുള്ളറ്റിലായിരുന്നില്ല, വെറുമൊരു സൈക്കിളിലായിരുന്നു! 'വിഷ്ണുലോകം' എന്ന ചിത്രത്തിലെ, 'കസ്തൂരി' എന്ന ഗാനരംഗം അന്നത്തെ 'ദൂരദര്‍ശന്‍' ആഴ്ച്ചതോറും പിശുക്കിവിളമ്പിയിരുന്ന 'ചിത്രഗീത'ത്തില്‍ കാണുകയായിരുന്നു ഞാന്‍; പൊടിമീശ കുരുത്തുതുടങ്ങിയ എന്റെ കൗമാരം എന്നും പറയാം. അത്തരം സൈക്കിളഭ്യാസപ്രകടനക്കാര്‍ എന്റെ നാട്ടിലും വന്ന് തമ്പടിക്കാറുണ്ടായിരുന്നു. സ്‌ക്കൂളിനു തൊട്ടടുത്ത വെളിംപറമ്പായിരുന്നു അവരുടെ കളിക്കളം. അവരിലൊരാളായി മോഹന്‍ലാല്‍ മാറുന്നത് ഞാന്‍ സ്‌ക്രീനില്‍ കണ്ടു. ടി.വി.യുടെ ചതുരം, വെളിംപറമ്പായി, അവിടെ ഞാനും ലാലേട്ടനും മാത്രം. സൈക്കിള്‍യജ്ഞക്കാര്‍ ദിവസങ്ങളോളം സൈക്കിള്‍ ചവിട്ടിക്കൊണ്ടേയിരിക്കും. ആട്ടവും പാട്ടും അഭ്യാസവുമെല്ലാം സൈക്കിളില്‍ത്തന്നെ. ഇതാ, ഇപ്പോഴും ലാലേട്ടന്‍ സൈക്കിള്‍ ചവിട്ടിക്കൊണ്ടേയിരിക്കുന്നു. ലോകത്തെ ഏറ്റവും ഏകാകിയും ഏറ്റവും ഏകാഗ്രനുമായ കാണിയായി ഞാനുമുണ്ട്, അരികില്‍ത്തന്നെ!

അന്നിമിഷത്തിലാണ് ഞാനൊരു മോഹന്‍ലാല്‍ 'ഫാനാ'യി മാറിയത്. പിന്നീടുള്ള എന്റെ ആത്മകഥയില്‍ അദ്ദേഹമായിരുന്നു നായകന്‍, ഞാന്‍ ആദ്യം പറഞ്ഞ, ഊരും പേരുമില്ലാത്ത ആ 'എക്‌സ്ട്രാ നട'നും!' 'വാസ്തുഹാര'യിലെ ആ സൗമ്യനായ ചെറുപ്പക്കാരനോടൊപ്പം ഞാനും ബംഗാളില്‍ പോയിട്ടുണ്ട്. 'ദേവാസുര'ത്തിലെ നീലകണ്ഠന്റെ ചട്ടമ്പിക്കൂട്ടത്തിലെ എന്നെ ഞാന്‍ മാത്രം കണ്ടു! 'വാനപ്രസ്ഥ'ത്തിലെ കഥകളി നടന്, മനയോല തേയ്ക്കാനും മദ്യം പകരാനും ഞാനുമുണ്ടായിരുന്നു, ഒപ്പം. എന്തിന്, 'ജില്ല'യിലെ ശിവന്റെ നരവീണ വൃദ്ധപൗരുഷത്തോടൊപ്പവും ഞാന്‍ ത്രസിച്ചു.

കൗമാരത്തിനും മുമ്പായിരുന്നു അത്. എണ്‍പതുകളുടെ തുടക്കം. പത്രത്തില്‍ ഒരു ദിവസം ഒരു മുഴുപ്പേജ് പരസ്യം,' മഞ്ഞില്‍ വിരിഞ്ഞ പൂക്ക'ളുടെ. സംവിധായകനുള്‍പ്പെടെ എല്ലാവരും പുതുമുഖങ്ങള്‍. പിന്നീടാ ചിത്രം, അച്ഛനമ്മമാരുടെ വിരലില്‍ തൂങ്ങി, തിയേറ്ററില്‍പ്പോയി കണ്ടു.'ഗുഡ് ഈവനിങ് മിസിസ്സ് പ്രഭാ നരേന്ദ്രന്‍!' എന്ന,'പഞ്ച് ഡയലോഗു'മായി തിരനോട്ടം നടത്തിയ ആ കത്തിവേഷം, പിന്നീട്, മലയാളിയുടെ പ്രിയനും പ്രിയമാനസനുമായി മാറുമെന്നാരു കണ്ടു?

Content Highlights: Mashipacha, Mohanlal, Sajay K.V


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented